Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

ഇത് സോഷ്യൽ ക്രിമിനലിസമാണ്, ദയവു ചെയ്ത് വിഷാദ രോഗികൾ ഇവരെയൊന്നും കേൾക്കരുത്; വിഷാദ രോഗത്തെക്കുറിച്ചുള്ള കാരശ്ശേരിമാഷുടെ വീഡിയോക്കെതിരെ വ്യാപക വിമർശനം; വീഡിയോ പിൻവലിച്ച് മാപ്പ് പറയണമെന്ന് സോഷ്യൽ മീഡിയ; സത്യാവസ്ഥ പറഞ്ഞ് ഡോക്ടറുടെ കുറിപ്പ്

ഇത് സോഷ്യൽ ക്രിമിനലിസമാണ്, ദയവു ചെയ്ത് വിഷാദ രോഗികൾ ഇവരെയൊന്നും കേൾക്കരുത്; വിഷാദ രോഗത്തെക്കുറിച്ചുള്ള കാരശ്ശേരിമാഷുടെ വീഡിയോക്കെതിരെ വ്യാപക വിമർശനം; വീഡിയോ  പിൻവലിച്ച് മാപ്പ് പറയണമെന്ന് സോഷ്യൽ മീഡിയ;  സത്യാവസ്ഥ പറഞ്ഞ് ഡോക്ടറുടെ കുറിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വിഷാദ രോഗത്തെക്കുറിച്ചും അവ എങ്ങിനെ പരിഹരിക്കാമെന്നതിനെക്കുറിച്ചും എഴുത്തുകാരൻ എംഎൻ കാരശ്ശേരിയുടെ വീഡിയോക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം.വിഷാദ രോഗികളേയും പൊതുസമൂഹത്തെയും കൂടുതൽ തെറ്റിദ്ധരിപ്പിക്കുകയും മാനസിക രോഗികളെ കൂടുതൽ നിരാശയിലാഴ്‌ത്തുകയും ചെയ്യുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിക്കുന്നതെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.

വിഷാദത്തിന് മരുന്നുകളുടെ ആവശ്യമില്ല എന്നതുൾപ്പെടെയുള്ള പരാമർശങ്ങൾ ചൂണ്ടിയാണ് വിമർശനങ്ങൾ. നല്ല സംഗീതം കേൾക്കുക, വായിക്കുക മുതലായ കാര്യങ്ങളിലൂടെ മാറ്റിയെടുക്കാനാകാത്ത സങ്കീർണ്ണമായ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും വിശദീകരണങ്ങൾ പുറത്തുവരുനനുണ്ട്. എന്നാൽ കാരശ്ശേരി മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായം പറയരുത് എന്ന് ശഠിക്കുന്നത് ശരിയല്ലെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

ആധികാരികമല്ലാത്ത വീഡിയോ പിൻവലിച്ച് കാരശ്ശേരി മാപ്പ് പറയണമെന്നാണ് മനഃശസ്ത്രജ്ഞർ ഉൾപ്പടെ ആവശ്യപ്പെടുന്നത്.

വിഷാദ രോഗത്തെക്കുറിച്ചും അതിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ചും ഡോ ജിതിൻ ടി തോമസ് എഴുതിയ കുറിപ്പ്:

''വിഷാദം കൈകാര്യം ചെയ്യേണ്ടത് എങ്ങനെ?'' എന്ന എം എൻ കാരശ്ശേരിയുടെ വീഡിയോ കാണുകയുണ്ടായി. എല്ലാവർക്കും ദുഃഖമുണ്ടെന്നും, ചിലർ അതിനെതിരെ പോരാടാതെ, ദുഃഖം കൊണ്ടുനടന്നു വിഷാദമാക്കി മാറ്റുകയാണെന്നുമാണ് അദ്ദേഹം വീഡിയോയിൽ പറഞ്ഞു വെക്കുന്നത്. ഒപ്പം വിഷാദത്തിൽ നിന്ന് രക്ഷപെടാൻ ചില നിർദേശങ്ങളും അദ്ദേഹം മുൻപോട്ട് വെക്കുന്നു. സ്വയം രക്ഷപെടണം എന്ന ആഗ്രഹം വേണം, മനോബലം വേണം, പാട്ട് കേൾക്കുക, സിനിമ കാണുക, കൂട്ടുകാരോട് സംസാരിക്കുക തുടങ്ങിയ കാര്യങ്ങളാണ് വിഷാദം മാറ്റാൻ അദ്ദേഹം നിർദ്ദേശിക്കുന്നത്. വളരെയധികം തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു വീഡിയോ ആണിത്. മാനസിക രോഗാവസ്ഥകളെ കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടും, ഈ രോഗാവസ്ഥ ഉള്ളവരോട് സമൂഹം കാണിക്കുന്ന വേർതിരിവുകൾ കൊണ്ടും പലരും സഹായം തേടാൻ മുൻപോട്ട് വരാത്ത ഒരു അവസ്ഥയാണ് നമുക്കുള്ളത്. അങ്ങനെ ഈ അവസ്ഥയിൽ വേദനയും ദുഃഖവും സഹിച്ചു തുടരുകയും, ജീവിതം ദുരിത പൂർണമാവുകയും ചെയ്ത പലേരെയും വ്യക്തിപരമായും പ്രൊഫഷണലായും അറിയാം. ഇങ്ങനെയുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഈ ആളുകൾ സഹായം തേടുന്നതിന് കൂടുതൽ തടസമാകും. നമുക്ക് വീഡിയോയിൽ പറയുന്ന വിഷയങ്ങൾ ഒന്ന് പരിശോധിക്കാം. അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമുക്കൊന്ന് വിലയിരുത്തി നോക്കാം.

''എല്ലാവർക്കും ദുഃഖമുണ്ട്, ചിലർ അതുകൊണ്ടുനടന്നു വിഷാദമാക്കുന്നൂ''

:?? എല്ലാവർക്കും ദുഃഖമുണ്ട് എന്നുള്ളത് സത്യമാണ്. എന്നാൽ വിഷാദം എന്നത് കേവലം ദുഃഖാവസ്ഥയല്ല. നമ്മൾ ആഗ്രഹിച്ച കാര്യം നടക്കാതെ വരുമ്പോഴോ, വേണ്ടപെട്ടവർക്ക് അപകടം/മരണം ഉണ്ടാകുമ്പോഴോ വിഷമം തോന്നുക സ്വാഭാവികമാണ്. കുറച്ചുകാലം കൊണ്ട് ഈ അവസ്ഥയിൽ നിന്ന് കരകയറാൻ നല്ലൊരു ശതമാനം ആളുകൾക്കും സാധിക്കും. അതിനു നമ്മുടെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹായിക്കാൻ സാധിക്കും. വിഷാദം എന്നത് ജൈവികവും, മനഃശാസ്ത്രപരവും, സമൂഹികവുമായ ഘടകങ്ങളുടെ പ്രവർത്തന ഫലമായി തലച്ചോറിലെ നാഡീ രസങ്ങളുടെ പ്രവർത്തനത്തിലും, തലച്ചോറിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. അതായത് വിഷാദം തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് എന്ന് തന്നെ പറയാം. ലോകത്ത് ഏകദേശം 10 മുതൽ 20 ശതമാനം വരെ ആളുകളെ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണിത്. സ്ഥായിയായ ദുഃഖം, ഒരിക്കൽ സന്തോഷം നൽകിയിരുന്ന കാര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ സാധിക്കാതെ പോവുക, ജീവിതത്തിലെ ഒരു കാര്യങ്ങളിലും താല്പര്യം ഇല്ലാതാവുക, തുടങ്ങിയവയാണ് വിഷാദത്തിന് പ്രധാന ലക്ഷണങ്ങൾ. ഇത് കൂടാതെ ശ്രദ്ധക്കുറവ്, ധാരണാശേഷിക്കുറവ്, ഉറക്കക്കുറവ്/കൂടുതൽ, വിശപ്പ് കുറവോ/കൂടുതലോ, പ്രതീക്ഷ നഷ്ടപ്പെട്ട അവസ്ഥ, ആരും സഹായിക്കാനില്ല എന്നുള്ള തോന്നൽ, ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചിന്തകൾ തുടങ്ങിയവയും വിഷാദം ഉള്ളവരിൽ കാണാം. ഈ ബുദ്ധിമുട്ടുകൾ മൂലം അവരുടെ വ്യക്തി-കുടുംബ സാമൂഹിക ജീവിതം താറുമാറാകുന്ന അവസ്ഥ വരെ ഉണ്ടാകും. പറഞ്ഞുവരുന്നത് വിഷാദം കേവലം ദുഃഖമല്ല എന്നുള്ളതാണ്. ഈ അവസ്ഥ മനഃപൂർവം ആരെങ്കിലും സൃഷ്ടിക്കുന്നതല്ല. അല്ലേലും ആരാണ് സ്ഥിരമായി ദുഃഖത്തിൽ കഴിയാൻ ആഗ്രഹിക്കുക?

''വിഷാദം മാറ്റാൻ ആളുകൾ സ്വയം തീരുമാനിക്കണം/മനോബലം വേണം'':

മുകളിൽ പറഞ്ഞതുപോലെ, ജീവിതത്തിലെ എല്ലാം തന്നെ നിരർത്ഥകമാണെന്ന് തോന്നുന്ന അവസ്ഥയിൽ അതിൽനിന്നും രക്ഷനേടാൻ ആളുകൾ സ്വയം ശ്രമിക്കുന്നത് എങ്ങനെയാണ്? ഇതിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ കഴിയുമെന്ന ചിന്തയോ, അതിനായി ഞാൻ എന്തേലും ചെയ്യണമെന്ന് ആഗ്രഹമോ ഇവരിൽ ഉണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് ഇവർ സഹായം തേടാൻ മുന്നോട്ടു വരാത്തത്. അവരെ സംബന്ധിച്ചിടത്തോളം ജീവിതം അവസാനത്തിൽ എത്തിയത് പോലെയാണ്. മുന്നോട്ട് നോക്കുമ്പോൾ ഒരു ചെറുതരി വെട്ടം പോലും കാണാനില്ല. പ്രതീക്ഷകൾ നഷ്ടപ്പെട്ട അവസ്ഥയിൽ, സ്വയം കിടക്കയിൽ നിന്നും എണീക്കുക പോലും വളരെ ബുദ്ധിമുട്ടേറിയ ജോലിയായി ഇവർക്ക് തോന്നാം. അതുകൊണ്ട് തന്നെ ഇവർക്ക് കടുത്ത ക്ഷീണവും കാണാം. വളരെ മൈൽഡ് ആയിട്ടുള്ള വിഷാദാവസ്ഥയിൽ ചിലർക്ക് ഇതിൽ നിന്ന് രക്ഷ നേടാനുള്ള ആഗ്രഹം തോന്നാം. എന്നാൽ ഭൂരിഭാഗം ആളുകൾക്കും അങ്ങനെയല്ല. എന്തെങ്കിലും ചെയ്യാനുള്ള ഉത്സാഹമോ, ഊർജമോ, താൽപര്യമോ വിഷാദമുള്ള വ്യക്തികളിൽ കാണില്ല. അങ്ങനെയുള്ള ഒരാൾക്ക് സ്വയം വിഷാദത്തിൽ നിന്ന് പുറത്ത് വരാനായി എന്തെങ്കിലും ചെയ്യുക പലപ്പോഴും സാധ്യമാകണം എന്നില്ല.

''ചെയ്യാൻ ആഗ്രഹം ഇല്ലെങ്കിലും എല്ലാം ചെയ്യണം?''

?? എന്നും രാവിലെ എണീറ്റ്, താടി വടിക്കാൻ തോന്നുന്നില്ല എങ്കിലും അത് ചെയ്യണം, ഭക്ഷണം കഴിക്കാൻ തോന്നുന്നില്ല എങ്കിലും കഴിക്കണം എന്നൊക്കെ അദ്ദേഹം പറയുന്നു. ഇതൊക്കെ വിഷാദത്തിൽ നിന്നും കര കയറാൻ സഹായിക്കും എന്നാണ് അദ്ദേഹം പറയുന്നത്. കഴിക്കാൻ തോന്നാത്ത ഒരു വ്യക്തിയുടെ വായിലേക്ക് ഭക്ഷണം കുത്തി കയറ്റിയാൽ അത് സുഖകരമായ ഒരവസ്ഥ ആയിരിക്കുമോ? താടി വടിക്കുക എന്നത് ഒരു ആവശ്യമായി തോന്നാത്ത, ഭക്ഷണം കഴിക്കുക എന്നത് ഒട്ടും ആസ്വദിക്കാൻ കഴിയാത്ത ഒരു വ്യക്തിയോടാണ് നമ്മൾ ഇത് പറയുന്നത് എന്ന് കരുതണം. ജീവിതം തന്നെ അവസാനിച്ചു എന്ന് കരുതുന്ന ഒരു വ്യക്തിക്ക് എന്ത് ഭക്ഷണം, എന്ത് വസ്ത്രം, എന്ത് താടി!

''വിഷാദം മാറാൻ സംഗീതം കേൾക്കുക, വായിക്കുക,കൂട്ടുകാരോട് സംസാരിക്കുക''

?? ഇത് പണ്ടുമുതലേ പറഞ്ഞു കേൾക്കുന്ന ചില നിർദ്ദേശങ്ങളാണ്. വിഷാദമുള്ള വ്യക്തിയോട് ഒരു യാത്ര പോയിട്ട് വന്നാൽ എല്ലാം ശരിയാകും, നല്ലൊരു സിനിമ കണ്ടാൽ എല്ലാം മാറും എന്ന് പറയുന്നത് പൊതുവിൽ കണ്ടുവരുന്ന ഒരു രീതിയാണ്. ഒരു പാട്ട്, സിനിമ, അല്ലെങ്കിൽ യാത്ര നമ്മൾക്ക് ആസ്വദിക്കാൻ സാധിക്കുന്നത്, അല്ലെങ്കിൽ സന്തോഷം നൽകുന്നത് ഇവ ചെയ്യുമ്പോൾ നമ്മുടെ തലച്ചോറിലെ ചില ഭാഗങ്ങളിൽ (ൃലംമൃറ രശൃരൗശ)േ നാഡീ രസങ്ങൾ കൂടുതലായി ഉണ്ടാവുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് നമുക്ക് വീണ്ടും അത് ചെയ്യാൻ തോന്നുന്നത്. വിഷാദം ഉള്ളവരിലെ തലച്ചോറിലെ മാറ്റങ്ങൾ മൂലം ഈ കാര്യങ്ങൾ ചെയ്യുമ്പോൾ സാധാരണ അവസ്ഥയിലെ പോലെ നാഡീ രസങ്ങൾ ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഇവയൊന്നും സന്തോഷകരമായി തോന്നില്ല. അപ്പോ പിന്നെ ഇവർ ഇതെങ്ങനെ ചെയ്യും? അതുപോലെ തന്നെ നമ്മളെ ഇവയൊക്കെ ചെയ്യാൻ മോട്ടിവേഷൻ നൽകുന്ന തലച്ചോറിലെ ഭാഗങ്ങളുടെ മാറ്റങ്ങൾ മൂലം, എന്തെങ്കിലുമൊക്കെ ചെയ്യാൻ പ്രേരണയും തോന്നില്ല.

വിഷാദത്തിന് മരുന്നുകളുടെ ആവശ്യമില്ല?''

ഈ വീഡിയോയിൽ ഏറ്റവും കൂടുതൽ ദോഷം ചെയ്യാൻ പോകുന്ന നിർദ്ദേശം ഇതാണ്. 10 മുതൽ 20 ശതമാനം വരെ ആളുകളെ വിഷാദം ബാധിക്കുന്നുണ്ട് എങ്കിലും അതിൽ വെറും 50 ശതമാനത്തിൽ താഴെ മാത്രം ആളുകളേ മെഡിക്കൽ സഹായം തേടാൻ മുന്നോട്ടു വരാറുള്ളൂ. വിഷാദത്തിൽ ചികിത്സ അന്തരം 50 ശതമാനത്തിന് മുകളിലാണ്. ചികിത്സ എടുക്കുന്നവരിൽ നല്ലൊരു ശതമാനവും അത് പൂർത്തിയാകാത്ത അവസ്ഥയുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നിർദ്ദേശങ്ങൾ ആളുകളെ ശരിയായ ചികിത്സ തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കാരണമാകും. വിഷാദത്തിന് ചികിത്സകൾ പലതരത്തിലുണ്ട്. വളരെ മൈൽഡ് ആയിട്ടുള്ള വിഷാദ അവസ്ഥയിൽ മനഃശാസ്ത്ര ചികിത്സകൾ മാത്രം മതിയാകും. എന്നാൽ വിഷാദം ഗുരുതരമാകുന്ന സാഹചര്യത്തിൽ മനഃശാസ്ത്ര ചികിത്സയും, അതോടൊപ്പം തന്നെ പ്രാധാന്യത്തോടെ മരുന്നുകളും ഉപയോഗിക്കേണ്ടിവരും. തലച്ചോറിലെ നാഡീ രസങ്ങൾക്ക് ഉണ്ടായിട്ടുള്ള മാറ്റങ്ങളെ ശരിയാക്കി എടുക്കുകയാണ് മരുന്നുകളുടെ ധർമ്മം. കൃത്യമായ മരുന്ന് ചികിത്സ വിഷാദ ലക്ഷണങ്ങൾ പെട്ടെന്ന് കുറയുന്നതിനും അതോടൊപ്പം തന്നെ ആത്മഹത്യകൾ അടക്കം തടയുന്നതിനും സഹായിക്കും. വിഷാദത്തിന്റെ ലക്ഷണങ്ങളായ ഉറക്കക്കുറവ്, വിശപ്പ്കുറവ്, ഉന്മേഷമില്ലായ്മ ഇവയൊക്കെ മാറാൻ മരുന്നുകൾ സഹായിക്കും. ഇതോടൊപ്പംതന്നെ കോഗ്‌നിറ്റീവ് ബിഹേവിയർ തെറാപ്പി, ഇന്റർ പേഴ്‌സണൽ തെറാപ്പി തുടങ്ങി വിവിധ തരത്തിലുള്ള മനഃശാസ്ത്ര ചികിൽസകൾ എടുക്കുന്നത് വിഷാദരോഗികളിൽ കാണുന്ന ചില തെറ്റായ ചിന്താരീതികൾ തിരുത്തുന്നതിനും, വികാര നിയന്ത്രണത്തിനും ഭാവിയിൽ വിഷാദം വീണ്ടും ഉണ്ടാവാതിരിക്കാൻ സഹായിക്കുകയും ചെയ്യും. കടുത്ത വിഷാദമുള്ളവർ മനഃശാസ്ത്ര ചികിത്സയോടു സഹകരിക്കാൻ തന്നെ ചിലപ്പോൾ മാസങ്ങൾ നീണ്ട മരുന്നു ചികിത്സ ആവശ്യമായി വരാം. വിദഗ്ധരുടെ കൃത്യമായ പരിശോധനയും നിർദ്ദേശവും വഴിയായി ഏതുതരത്തിലുള്ള ചികിത്സ വേണം എന്നുള്ളത് ഒരു വ്യക്തിക്ക് തീരുമാനിക്കാവുന്നതാണ്.

അപ്പോ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഇവർക്കായി ഒന്നും ചെയ്യാൻ പറ്റില്ലേ?

ഉറപ്പായും പറ്റും. പലപ്പോഴും വ്യക്തികളുടെ പെരുമാറ്റത്തിലുള്ള മാറ്റം ആദ്യമായി ശ്രദ്ധിക്കുന്നത് സുഹൃത്തുക്കളോ ബന്ധുക്കളോ ആയിരിക്കും. അവർക്ക് ആവശ്യമായ മാനസിക പിന്തുണ കൊടുക്കാനും, കൃത്യമായ ചികിത്സ തേടാനുള്ള നിർദ്ദേശങ്ങൾ നൽകാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സാധിക്കും. തനിക്കൊപ്പം പിന്തുണയുമായി ആളുകൾ ഉണ്ടെന്നുള്ള അറിവ് അവർക്ക് വളരെ ആശ്വാസം നൽകും. \

ചികിത്സ എടുക്കുന്ന കാലയളവിൽ ബന്ധുക്കളും സുഹൃത്തുക്കളും നൽകുന്ന പിന്തുണ വളരെ പ്രാധാന്യമുള്ളതാണ്. ഈ പോരാട്ടത്തിൽ താൻ തനിച്ചല്ല എന്ന അറിവ് കൂടുതൽ കരുത്തോടെ വിഷാദത്തിൻ എതിരെ പോരാടാൻ വ്യക്തികളെ സഹായിക്കും. അതുകൊണ്ട് തന്നെ അവർക്ക് പിന്തുണയുമായി നമ്മൾ എപ്പോഴും ഉണ്ടാവണം. ഏതൊരു വ്യക്തിക്കും ചുറ്റും നടക്കുന്ന വിഷയങ്ങളെ കുറിച്ച് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട് എന്നാണ് ഞാൻ കരുതുന്നത്.

രോഗത്തെ കുറിച്ച് ഡോക്ടർമാർക്കോ ആരോഗ്യ പ്രവർത്തകർക്കോ മാത്രമേ സംസാരിക്കാൻ പറ്റൂ എന്നൊന്നും കരുതുന്നില്ല. വിവിധ തലങ്ങളിൽ ഉള്ളവർ വിഷയങ്ങൾ ചർച്ച ചെയ്യുന്നത് വഴി അതിന്റെ വിവിധ മാനങ്ങൾ മനസിലാക്കാൻ സാധിക്കും. പക്ഷേ പറയുന്ന വിഷയത്തെ സംബന്ധിച്ച് ശാസ്ത്രീയ വിവരങ്ങൾ പങ്ക് വെക്കാൻ ശ്രമിക്കണം എന്ന് മാത്രം. പ്രത്യേകിച്ച് സമൂഹത്തിൽ നിരവധി ആളുകളെ സ്വാധീനിക്കാൻ സാധിക്കുന്ന വ്യക്തികൾ. അല്ലെങ്കിൽ അത് ഗുണത്തേക്കാൾ ദോഷം ചെയ്യാൻ സാധ്യതയുണ്ട്.

നിരവധി ആളുകളുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയും, പലരുടേയും ജീവിതം നേരത്തെ അവസാനിക്കാൻ കാരണമാവുകയും ചെയ്തിട്ടുള്ള ഒരു മാനസിക രോഗാവസ്ഥയാണ് വിഷാദം. എന്നാൽ കൃത്യമായ ചികിത്സയും പരിചരണവും വഴി അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും. ആ ഒരു സന്ദേശമാണ് നമ്മൾ മുന്നോട്ടു വെക്കാൻ ശ്രമിക്കേണ്ടത്. വിഷാദത്തിന് എതിരെയുള്ള പോരാട്ടത്തിൽ നമുക്കും ഒപ്പം ചേരാം.

വിഷയത്തിൽ ശ്രീചിത്രൻ എംജെയുടെ പ്രതികരണം.

കാരശ്ശേരി മാഷ് സാഹിത്യം പറയുന്നു. ഞാൻ ശ്രദ്ധയോടെ കേട്ടിരിക്കും. കാരണം അദ്ദേഹം ഭാഷാദ്ധ്യാപകനും സാഹിത്യകാരനുമാണ്, അതിലദ്ദേഹത്തിന് അറിവുണ്ട്. ഗാന്ധിയെപ്പറ്റി പറയുന്നു. ഞാനൽപ്പം അലസമായാണെങ്കിലും കേട്ടിരിക്കും. ലളിതമായ ഗാന്ധിയൻ മൂല്യബോധങ്ങളാണ് പറയുന്നതെങ്കിലും അതിനൊരു ചാരുതയുണ്ട്. പിന്നെയദ്ദേഹം രാഷ്ട്രീയം പറയുന്നു. അൽപ്പം കൂടി ലാഘവത്തോടെ സമയമുണ്ടെങ്കിൽ കേൾക്കും. ഒരു രസം.പക്ഷേ ഇത്തരം കാര്യങ്ങൾ കാരശ്ശേരി മാഷ് പറയുന്നത് കേൾക്കില്ല എന്നു മാത്രമല്ല മാഷിത് പറഞ്ഞു കൂടാ എന്നഭിപ്രായമുണ്ട് എന്നുകൂടി പറയാതെ വയ്യ.

വിഷാദം, വിഷാദരോഗം ഇതൊക്കെ എളുപ്പം പരിഹരിക്കാവുന്ന വിഷയമാണ് എന്ന ധാരണ പലർക്കുമുണ്ട്. പ്രായം, ജീവിതാനുഭവം, വായന ഇതൊക്കെ മതി ഇത്തരം കാര്യങ്ങൾ സംസാരിക്കാൻ എന്നാണ് പൊതുബോധം . പൊതുബോധങ്ങൾ വലിയ അപകടമാണ്. മറ്റൊരാളെ സാന്ത്വനിപ്പിക്കാൻ മനഃശാസ്ത്രപഠനം നിർബന്ധമൊന്നുമല്ല. പക്ഷേ ഡിപ്രഷൻ എന്ന മാനസികാവസ്ഥയെ വിശകലനം ചെയ്യാനും അതിനെക്കുറിച്ച് സംസാരിക്കാനും പഠനം അനിവാര്യമാണ്. പലരും കരുതുന്ന പോലെ ലളിതമായ ഒന്നല്ല വിഷാദ രോഗം. അതിന് പല ലെയറുകളുണ്ട് , കാരണങ്ങളുണ്ട് , സവിശേഷതകളുണ്ട്. അവയുടെ ശാസ്ത്രീയ വിശകലനവും പരിഹാര നിർദ്ദേശവും വിദഗ്ധരുടെ ജോലിയാണ്. അല്ലാത്തവർ അതിനിറങ്ങിപ്പുറപ്പെടുന്നത് പ്രതികൂലമായ ഫലമുണ്ടാക്കും.

കാരശ്ശേരി മാഷ് സാഹിത്യതത്വവേദിയാകുന്നു , സമ്മതം . ചരിത്രവിജ്ഞാനിയാകുന്നു , ആയിരിക്കും. പക്ഷേ അതുകൊണ്ട് ഇറങ്ങാവുന്ന പുഴയല്ല മനഃശാസ്ത്രം . അതൊക്കെ പറയാനറിവുള്ളവർ നാട്ടിലുണ്ട്. അവർ പറയുന്നത് കേൾക്കാം. ഇത് സോഷ്യൽ ക്രിമിനലിസമാണ്. ദയവു ചെയ്ത് വിഷാദ രോഗികൾ ഇവരെയൊന്നും കേൾക്കരുത്. ആവശ്യമെങ്കിൽ നിങ്ങൾ വിദഗ്ധസഹായം തേടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP