Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

ഇറാഖിലെ ഐസിസ് തീവ്രവാദികളിൽ നിന്നും മലയാളി നഴ്സുമാരെ രക്ഷിച്ച മാലാഖ; ലിബിയയിൽ നിന്നും യെമനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാൻ സർവ്വ സന്നാഹങ്ങൾ ഒരുക്കിയ ഇച്ഛാശക്തിയുള്ള ഭരണാധികാരി; പ്രവാസികളുടെ എന്തു പ്രശ്നവും ഒരു ട്വീറ്റിൽ പരിഹരിക്കാൻ സന്നദ്ധയായ വിദേശകാര്യമന്ത്രി; ജാതിമത വ്യത്യാസമില്ലാതെ ഇന്ത്യക്കാരെ ഒരുമിപ്പിച്ച മാതൃവാത്സല്യത്തിന് ഉടമ; രണ്ടാം മോദി മന്ത്രിസഭയിൽ നിന്നും അനാരോഗ്യത്താൽ സുഷമ സ്വരാജ് പിന്മാറുമ്പോൾ മിസ് യു.. സുഷമാജീ.. എന്നു വിളിച്ച് വികാരഭരിതരായി പ്രവാസികൾ

ഇറാഖിലെ ഐസിസ് തീവ്രവാദികളിൽ നിന്നും മലയാളി നഴ്സുമാരെ രക്ഷിച്ച മാലാഖ; ലിബിയയിൽ നിന്നും യെമനിൽ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാൻ സർവ്വ സന്നാഹങ്ങൾ ഒരുക്കിയ ഇച്ഛാശക്തിയുള്ള ഭരണാധികാരി; പ്രവാസികളുടെ എന്തു പ്രശ്നവും ഒരു ട്വീറ്റിൽ പരിഹരിക്കാൻ സന്നദ്ധയായ വിദേശകാര്യമന്ത്രി; ജാതിമത വ്യത്യാസമില്ലാതെ ഇന്ത്യക്കാരെ ഒരുമിപ്പിച്ച മാതൃവാത്സല്യത്തിന് ഉടമ; രണ്ടാം മോദി മന്ത്രിസഭയിൽ നിന്നും അനാരോഗ്യത്താൽ സുഷമ സ്വരാജ് പിന്മാറുമ്പോൾ മിസ് യു.. സുഷമാജീ.. എന്നു വിളിച്ച് വികാരഭരിതരായി പ്രവാസികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഒന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രഗത്ഭയായ മന്ത്രി ആരാണ് എന്നു ചോദിച്ചാൽ സംശയത്തിന് ഇടനൽകാതെ എല്ലാവരും പറയുന്ന പേരുണ്ട്.. അത് സുഷമ സ്വരാജ് എന്ന വിദേശകാര്യ മന്ത്രിയുടേത് ആയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി പദത്തിന് യോഗ്യതയുള്ള രാഷ്ട്രീയ വ്യക്തിത്വത്തിന് ഉടമയായിരുന്നു സുഷമ. രണ്ടാം മന്ത്രിസഭയിലെ സുഷമ സ്വരാജ് ഇല്ലെന്നത് രാജ്യത്തിന് ആകെയുള്ള നഷ്ടമാകുകയാണ്. മോദി പ്രഭാവ ആഞ്ഞു വീശിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ബിജെപിയിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകേണ്ടിയിരുന്ന വ്യക്തി. ഇതുവരെ കൈകാര്യം ചെയ്ത വകുപ്പുകളിൽ എല്ലാം ശോഭിച്ച സുഷമ സ്വരാജ് രാഷ്ട്രീയ എതിരാളികളുടെ പോലും അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുണ്ട്.

Stories you may Like

വിദേശത്തുള്ള ഇന്ത്യക്കാർക്ക് അഭിമാനത്തോടെ ചൂണ്ടിക്കാട്ടാൻ പറ്റിയ വ്യക്തിത്വമായിരുന്നു സുഷമയുടേത്. മലയാളികൾ അടക്കമുള്ള പ്രവാസി ഇന്ത്യക്കാർ ഇത്രയേറെ ഇഷ്ടപ്പെട്ട മറ്റൊരു വിദേശകാര്യ മന്ത്രി ഉണ്ടോ എന്ന് സംശയമാണ്. വിദേശകാര്യ മന്ത്രിയാണെങ്കിലും പ്രവാസികൾക്ക് വേണ്ടി ഇത്രയേറെ പരിശ്രമിച്ച മറ്റൊരു മന്ത്രി ഉണ്ടായിരുന്നി. പ്രവാസി കാര്യ വകുപ്പു ഭരിച്ചിരുന്ന വയലാർ രവിയെ പോലും നാണിപ്പിക്കുന്ന പ്രവർത്തനമായിരുന്ന സുഷമയുടേത്. പിടിപ്പതു പണികൾ മറ്റുമുണ്ടായിരുന്നു അവർ പ്രവാസികൾക്ക് വേണ്ടി പ്രയത്‌നിച്ചു. സുഷമയുടെ ആത്മാർത്ഥയുടെ ഗുണഫലം ഏറ്റവും അനുഭവിച്ചവരുടെ കൂട്ടത്തിൽ മുമ്പിലുണ്ടായിരുന്നത് മലയാളികളാണ് എന്നതും ശ്രദ്ധേയമാണ്.

ജോലിയോട് കൂറുപുലർത്തുന്നതിൽ മിടുക്കിയായ സുഷമയെ തന്റെ സഹോദരി എന്നാണ് മോദി വിശേഷിപ്പിച്ചത്. അത്രയ്ക്ക് അത്യധ്വാനി ആയിരുന്നു സുഷമ എന്ന മന്ത്രി. എല്ലായെപ്പോഴു പ്രസരിപ്പോടെ ചിരിക്കുന്ന വ്യക്തിത്വമാണ് സുഷമ സ്വരാജിന്റേത്. ബിജെപിയുടെ രാഷ്ട്രീയ ഐഡിയോളജിയെ എതിർക്കുന്നവർ പോലും സുഷമ സ്വരാജിന്റെ വ്യക്തിത്വത്തെ അഭിനന്ദിക്കും. കേന്ദ്രത്തിൽ മലയാളികളായ മന്ത്രിമാർ ഉണ്ടായിരുന്നിട്ടും ലഭിക്കാത്ത അത്ര സഹായം സുഷമ സ്വരാജിൽ നിന്നും പ്രവാസി മലയാളികൾക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാം മന്ത്രിസഭയിൽ ആരോഗ്യകാരണങ്ങളാൽ സുഷമ സ്വരാജ് വിട്ടു നിൽക്കുമ്പോൾ ഏറ്റവും അധികം നഷ്ടം മലയാളികൾ അടക്കമുള്ള പ്രവാസികൾക്കാണ്.

കഴിഞ്ഞ മന്ത്രിസഭയിൽ മികച്ച മന്ത്രിയെന്ന് പേരുകേട്ടയാളാണ് സുഷമാ സ്വരാജ്. മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ സദസ്യർക്കൊപ്പമാണ് ഇന്നലെ ഇരുന്നത്. ജനപ്രീതിയുള്ള മന്ത്രിമാരിൽ ഒരാളായിരുന്നു അറുപത്തിയേഴുകാരിയായ സുഷമ. ഒമ്പതു തവണ പാർലമെന്റേറിയൻ ആയിട്ടുള്ള സുഷമ ഇക്കുറി ആരോഗ്യകാരണങ്ങളാൽ മത്സരിച്ചിരുന്നില്ല. ഇത് പടിയിറക്കമായി നേരത്തെ വ്യാഖ്യാനിച്ചിരുന്നു. എങ്കിലും രാജ്യസഭയിലൂടെ എംപിയാക്കി സുഷമ തന്നെ വിദേശകാര്യ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിച്ചവർ ഏറെയാണ്. ആ പ്രതീക്ഷ അസ്ഥാനത്തായി, ആരോഗ്യ പ്രശ്‌നങ്ങൾ മൂലം മാറിനിൽക്കാൻ അവർ സന്നദ്ധത അറിയിക്കുകയായിരുന്നു.

നേരത്തെ വാജ്പേയി മന്ത്രിസഭയിൽ സുഷമ മന്ത്രിയായിരുന്നിട്ടുണ്ട്. പ്രതിപക്ഷ നേതാവായും തിളങ്ങിയ വ്യക്തിത്വമാണ് സുഷമയുടേത്. കഴിഞ്ഞ മന്ത്രിസഭയിലെ ഏറ്റവും മിടുക്കിയായിട്ടും ആരോഗ്യപരമായ കാരണങ്ങളെ തുടർന്നാണ് സുഷമ രാഷ്ട്രീയ വിരാമം ഇടുന്നത്. വൃക്ക രോഗത്തെ തുടർന്ന് അടുത്തിടെ ഇവർ വൃക്ക് മാറ്റിവെച്ചിരുന്നു. ബിജെപിയുടെ നാലു കേന്ദ്രസർക്കാരുകളിലും മന്ത്രിയായിരുന്ന ഏക ബിജെപി നേതാവു കൂടിയാണ് സുഷമ. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം സജീവ രാഷ്ട്രീയത്തിൽ നിന്ന് കുറച്ച് അകലം പാലിച്ചിരുന്ന ഇവർ ഇനി പാർട്ടി തീരുമാനിക്കുന്നതു പോലെ പ്രവർത്തിക്കാനാണ് ഇഷ്ടമെന്ന് നരത്തെ വ്യക്തമാക്കിയിരുന്നു.

സുഷമയ്ക്ക് 2016-ലാണ് വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. ഇതാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്നും പിന്മാറാൻ കാരണം. വിദേശകാര്യമന്ത്രിയെന്ന നിലയിൽ പ്രവാസികൾക്കായി സുഷമ നടത്തി ഇടപെടലുകൾ ഏറെ ശ്രദ്ധയായിരുന്നു. മോദി സർക്കാരിലെ ഏറ്റവും ജനകീയയായ മന്ത്രിയാണ് സുഷമ. എല്ലാ മതവിഭാഗങ്ങളേയും തന്നിലേക്ക് അടുപ്പിക്കാൻ കഴിഞ്ഞ ബിജെപി മുഖം. ഇരുപത്തഞ്ചാം വയസിൽ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിവിജയത്തോടെയാണ് സുഷമയുടെ രാഷ്ട്രീയ പ്രയാണം തുടങ്ങുന്നത്. ചടുലമായ പ്രസംഗത്തിലൂടെ തീപ്പൊരി സൃഷ്ടിക്കുന്ന സുഷമക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഹരിയാന അംബാല കന്റോൺമെന്റിൽ കോൺഗ്രസിലെ ദേവ് രാജ് ആനന്ദിനെ 9,824 വോട്ടുകൾക്ക് തോൽപ്പിച്ചാണ് നിയമസഭയിലേക്ക് എത്തിയത്. അന്ന് തൊഴിൽ മന്ത്രിയുമായി. രണ്ടു വട്ടം ഹരിയാന നിയമസഭയിലും ഒരു വട്ടം ഡൽഹി നിയമസഭയിലും അംഗമായി. അത്തവണ ഡൽഹി മുഖ്യമന്ത്രിയുമായി തലസ്ഥാനം ഭരിച്ചു.

ഡൽഹിയിൽ എടുത്തുപറയാൻ പാർട്ടിക്ക് നേതാക്കൾ ഇല്ലാതിരുന്നപ്പോഴാണ് ബിജെപി നേതൃത്വം സുഷമയെ തലസ്ഥാനത്തേക്ക് വിളിക്കുന്നത്. നാലുതവണ ലോക്‌സഭയിലേക്ക് ജയിച്ചു. മൂന്നുതവണ രാജ്യസഭാംഗമാകുകയും ചെയ്തു. 1999-ൽ കർണാടകയിലെ ബള്ളാരിയിൽ സോണിയാ ഗാന്ധിക്കെതിരേ പൊരുതി വീണതാണ് സുഷമയുടെ രാഷ്ട്രീയചരിത്രത്തിലെ നിറംമങ്ങാത്ത ഏട്. അന്ന് കന്നട പഠിച്ച്, കന്നടയിൽ പ്രസംഗിച്ച് സുഷമ ബള്ളാരിയിലെ ജനതയുടെ മനസിൽ ഇടംനേടി. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രി സഭയിലെമന്ത്രിമാർക്കിടയിൽ രാഷ്ട്രീയത്തിന് അതീതമായി എല്ലാ ജനങ്ങളുടേയും മുക്തകണ്ഠ പ്രശംസ നേടിയ മന്ത്രിയാണ് സുഷമാസ്വരാജ്. പ്രവാസികളായ ഇന്ത്യക്കാരുടെ ഏത് ആവശ്യങ്ങൾക്കും ആശ്രയിക്കാവുന്ന മന്ത്രിയാണ് സുഷമയെന്നതാണ് ഇവരെ വ്യത്യസ്തയാക്കുന്നത്. പ്രവാസിക്കോ സ്വദേശിക്കോ ഒരു കാര്യം നടക്കണമെങ്കിൽ ഒരു ട്വീറ്റ് മതി. ഞൊടിയിടയിൽ കാര്യം നടക്കുന്ന അവസ്ഥയുണ്ടായിരുന്നു.

പ്രവാസികളായ സാധാരണക്കാരുടെ ചെറിയ ആവശ്യങ്ങൾ പോലും നടത്തിക്കൊടുക്കാൻ സുഷമ സന്നദ്ധത പ്രകടിപ്പിക്കാറുണ്ട് എന്നതായിരുന്നു സുഷമയെ വ്യത്യസ്തയാക്കിയത്. വിദേശത്തു കുടുങ്ങിപ്പോയ ഇന്ത്യക്കാരെ സ്വദേശത്തേക്ക് എത്തിക്കുന്നതിനും എംബസികളുടെ അനാസ്ഥ മൂലം നാട്ടിലേക്ക് സമയത്ത് എത്തിച്ചേരാൻ സാധിക്കാത്ത പ്രവാസികളുടെ പ്രശ്‌നങ്ങളുമെല്ലാം നേരിട്ട് ഇടപെട്ട് സുഷമ പരിഹരിച്ചു കൊടുത്തിരുന്നു. സമൂഹ മാധ്യമങ്ങൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയാണ് സുഷമ വിദേശകാര്യ മന്ത്രിയെന്ന നിലയിൽ സോഷ്യൽ മീഡിയയുടെ കൈയടി നേടിയത്. പ്രവാസികൾ നേരിട്ട് പ്രശ്‌നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണാമെന്ന അവസ്ഥ ഒരു കാലത്ത് വിദേശ ഇന്ത്യക്കാർക്കു പോലും സ്വപ്നം കാണാൻ കഴിയാത്ത കാര്യമായിരുന്നു. എന്നാൽ ഇതിനു മാറ്റം വരുത്തി ജനകീയ മന്ത്രിയെന്ന പേരു നേടി അവർ.

റിക്രൂട്ട്‌മെന്റ് മാഫിയെ ഇല്ലാതാക്കിയും ഐസിസ് തടവിലാക്കിയ മലയാളികളായ 41 നഴ്‌സുമാർക്കും ജീവൻ തിരിച്ചു നൽകിയതും പാക്കിസ്ഥാനിൽ കുൽഭൂഷൺ യാദവിന്റെ വിഷയത്തിലും സൗദിയിൽ ഇന്ത്യൻ യുവതിയെ ഏജന്റുമാർ വിറ്റ സംഭവത്തിലും നേരിട്ട് ഇടപെട്ടാണ് സുഷമ ജനങ്ങളുടെ ഹൃദയത്തിൽ ഇടംപിടിച്ചത്. പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കെത്താൻ വിസ ലഭിക്കാതിരുന്ന യുവാവിനും ഹണിമൂൺ യാത്രക്കൊരുങ്ങവേ ഭാര്യയുടെ പാസ്‌പോർട്ട് കളഞ്ഞുപോയ സംഭവം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത യുവാവിനും അവസാനം തുണയായത് സുഷമാ സ്വരാജ് തന്നെ. ട്വിറ്ററിൽ തന്നെ ഇവർക്ക് നേരിട്ട് മറുപടി നൽകി ഇവരുടെ വിഷമങ്ങൾ തുടച്ചുനീക്കാൻ തക്ക പ്രതിബദ്ധതയാണ് സുഷമ കാട്ടിയത്. തെരഞ്ഞെടുപ്പു പ്രചരണം ശക്തമായ വേളയിലും സുഷമ സ്വരാജ് പ്രവാസികൾക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. ലിബിയയിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് സുഷമ മുന്നിട്ടു നിന്നത്. ലിബിയയിൽനിന്ന് ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തുകയും ചെയ്തു അവർ.

ഹരിയാനയിലുള്ള പാൽവാൽ എന്ന സ്ഥലത്താണ് സുഷമാ സ്വരാജ് ജനിച്ചത്. അച്ഛൻ ഹർദേവ് ശർമ്മ അറിയപ്പെടുന്ന ഒരു ആർഎസ്എസ് പ്രവർത്തകനായിരുന്നു. കുട്ടിക്കാലത്തു തന്നെ അസാമാന്യ ഓർമ്മശക്തി പ്രകടിപ്പിച്ചിരുന്നു സുഷമ. സംസ്‌കൃതവും, രാഷ്ട്രശാസ്ത്രവും ഐഛിക വിഷയമായെടുത്ത് അവർ ബിരുദം കരസ്ഥമാക്കി. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും നിയബിരുദം നേടിയശേഷം സുപ്രീംകോടതിയിൽ വക്കീൽ ആയി ജോലി നോക്കാൻ തുടങ്ങി 1970 ൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്ന വിദ്യാർത്ഥി സംഘടനയിലൂടെയാണ് സുഷമ രാഷ്ട്രീയത്തിലേക്ക് കാൽവെക്കുന്നത്.

1975 ലെ അടിയന്തരാവസ്ഥക്കെതിരേ ശക്തമായ പ്രചാരണം നടത്തി. 1977 മുതൽ 1982 വരേയും, 1987 മുതൽ 90 വരേയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബിജെപി-ലോക്ദൾ സഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ത്രിസഭയിൽ സുഷമാസ്വരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. പിന്നീട് വാജ്‌പേജ് സർക്കാരിൽ കേന്ദ്ര മന്ത്രിയായി. മോദി സർക്കാരിൽ വിദേശകാര്യവും. ഏറെ സക്രിയമായ ഇടപെടലാണ് സുഷമാ നടത്തിയത്. ലോകരാജ്യങ്ങളെ ഇന്ത്യയുമായി അടുപ്പിച്ചു. എൽ കെ അദ്വാനിയുടെ ഗ്രൂപ്പിലെ പ്രധാനിയായിട്ടും മോദിയുമായി ഭരണവിഷയങ്ങളിൽ സുഷമ ഏറ്റുമുട്ടലിന് പോയതുമില്ല.

വൃക്കരോഗം വന്നതും രാഷ്ട്രീയമായി മുന്നേറ്റത്തി തടസ്സമായി നിന്നു. ഇതെല്ലാം അതിജീവിച്ചാണ് സുഷമാ വീണ്ടും പൊതുരംഗത്ത് സജീവമായത്. വിദേശകാര്യ മന്ത്രി എന്ന നിലയിൽ സുഷമ സ്വരാജ് നടത്തിട ഇടപെടുകൾ വളരെ നിർണായകമാണ്. സുഷമ നടത്തിയ മാനുഷിക ഇടപെടലുകളുടെ ലിസ്റ്റിന് നീളം ഏറെയാണ്. മന്ത്രിയായിരിക്കേ ജനങ്ങളുടെ മനസിൽ അവർ നേടിയെടുത്ത സ്ഥാനം പെട്ടെന്നൊന്നും മാഞ്ഞുപോകില്ലെന്ന് ഉറപ്പാണ്. ഇങ്ങനെ മിടുക്കിയായ ഒരു വിദേശകാര്യമന്ത്രി ഉണ്ട് എന്ന് ഇന്ത്യക്കാർ അഭിമാനത്തോടെ പറഞ്ഞ നാളുകളാണ് കടുന്നു പോയത്. സുഷമയ്ക്ക് പകരമായി മുൻ വിദേശകാര്യ സെക്രട്ടറി ജയശങ്കർ വിദേശകാര്യ മന്ത്രിയാകുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സുഷമയുടെ അഭാവം ഏറ്റവും തിരിച്ചടിയാകുന്നത് പ്രവാസി ഇന്ത്യക്കാർക്കാണ്. അവർ മിസ് യു സുഷമജീ.. എന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടു തുടങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP