Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർക്കുവേണമെങ്കിലും റിമോട്ട് സ്വിച്ച് ഉയോഗിച്ച് ഷട്ടർ ഉയർത്താം; 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ച കാവൽക്കാരെ ഒഴിവാക്കിയതോടെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു; ചൊവ്വാഴ്ച രാത്രിയിലെ സംഭവം അധികൃതർ അറിഞ്ഞത് നാട്ടുകാർ വിളിച്ചുപറഞ്ഞതോടെ; വൻ ദുരന്തം ഒഴിവായത് ഡാമിൽ വെള്ളം കുറവായതുകൊണ്ട്

ആർക്കുവേണമെങ്കിലും റിമോട്ട് സ്വിച്ച് ഉയോഗിച്ച് ഷട്ടർ ഉയർത്താം; 24 മണിക്കൂർ ഡ്യൂട്ടിക്ക് നിയോഗിച്ച കാവൽക്കാരെ ഒഴിവാക്കിയതോടെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം; പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹിക വിരുദ്ധർ തുറന്നുവിട്ടു; ചൊവ്വാഴ്ച രാത്രിയിലെ സംഭവം അധികൃതർ അറിഞ്ഞത് നാട്ടുകാർ വിളിച്ചുപറഞ്ഞതോടെ; വൻ ദുരന്തം ഒഴിവായത് ഡാമിൽ വെള്ളം കുറവായതുകൊണ്ട്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പെരുന്തേനരുവി ഡാമിന്റെ ഷട്ടർ സാമൂഹിക വിരുദ്ധർ രാത്രി തുറന്നുവിട്ടു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. 20 മിനിറ്റോളമാണ് വെള്ളം അതിശക്തിയായി പുറത്തേക്ക് ഒഴുകിയത്. കെഎസ്ഇബി താത്ക്കാലിക ജീവനക്കാരെത്തിയാണ് ഷട്ടർ അടച്ചത്.

സമീപത്തുണ്ടായിരുന്ന കടത്തുവള്ളത്തിനും സാമൂഹിക വിരുദ്ധർ തീയിട്ടു. വെച്ചുച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. ഡാം സേഫ്റ്റി ചുമതലയുള്ള കെഎസ്ഇബി എക്‌സിക്യുട്ടീവ് എൻജിനിയറോടും റാന്നി തഹസിൽദാരോടുമാണ് റിപ്പോർട്ട് തേടിയത്. കെഎസ്ഇബി ജലവൈദ്യുത പദ്ധതിയുടെ ഡാമാണ് സാമൂഹിക വിരുദ്ധർ തുറന്നു വിട്ടത്. അധികൃതർ അറിഞ്ഞത് നാട്ടുകാർ വിളിച്ചു പറഞ്ഞപ്പോൾ മാത്രമാണ്. ഷട്ടർ അടയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടിട്ടും വൻ ദുരന്തം ഒഴിവായത് വെള്ളം കുറവായതുകൊണ്ട്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.

ആർക്കു വേണമെങ്കിലും ഡാമിന്റെ ഷട്ടർ റിമോട്ട് സ്വിച്ച് ഉപയോഗിച്ച് ഉയർത്താമെന്നതായിരുന്നു സ്ഥിതിയെന്ന് നാട്ടുകാർ ആരോപിക്കുന്നു. പത്തടിയിലേറെ ഉയരമുള്ള ഒരു ഷട്ടറാണ് സാമൂഹിക വിരുദ്ധർ പൂർണമായും തുറന്നത്. ഏതാനും ആഴ്ച മുമ്പു വരെ ഡാമിന് സുരക്ഷാ ചുമതലയിൽ 24 മണിക്കൂറും കാവൽക്കാർ ഉണ്ടായിരുന്നു. കെഎസ്ഇബി ഈ ജീവനക്കാരെ ഒഴിവാക്കിയതോടെ ഡാം അനാഥമായി. രണ്ടു വർഷം മുമ്പാണ് പെരുന്തേനരുവി ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്തത്.

നദിയിലേക്ക് രണ്ടു ഷട്ടറുകളാണ് ഡാമിനുള്ളത്. ഇതിൽ വൈദ്യുതി വകുപ്പിന്റെ സീതത്തോട് ജനറേഷൻ ഡിവിഷന്റെ നിയന്ത്രണത്തിലാണ് ഡാമും സമീപത്തായുള്ള പവർഹൗസും. ഡാമിൽ നിന്നും 300 മീറ്റർ അകലെയാണ് പവർ ഹൗസ്. കഴിഞ്ഞ രാത്രി പത്തോടെ ഡാമിനു സമീപം താമസിക്കുന്ന അത്തിക്കയം പതാക്കിൽ റോയിയാണ് വെള്ളം പുറത്തേക്ക് പ്രവഹിക്കുന്നത് കണ്ടത്. മഴ പെയ്യുന്നതാണെന്ന് ആദ്യം കരുതിയെങ്കിലും പെരുന്തേനരുവി കവിഞ്ഞ് വെള്ളം ഒഴുകുന്നതു കണ്ടതോടെ അപകടം മണത്തു. റോയി ഉടൻ തന്നെ പവർ ഹൗസിലെ ജീവനക്കാരെ വിവരം അറിയിച്ചു. അവർ ഓടിയെത്തിയെങ്കിലും ഷട്ടർ താഴ്‌ത്താൻ കഴിയുമായിരുന്നില്ല. ഷട്ടർ പ്രവർത്തിപ്പിക്കാൻ വൈദ്യുതി എത്തിച്ചിരുന്ന വയർ പൂർണമായും നശിപ്പിച്ചിരുന്നു. ഒരു മണിക്കൂർ പരിശ്രമിച്ചാണ് ഷട്ടർ പൂർണമായും അടച്ചത്. ഡാമിലെ വെള്ളം ഏറെക്കുറെ പൂർണമായും അരുവിയിലേക്ക് ഒഴുകി പോയിരുന്നു. ഇത് പിന്നീട് പമ്പാനദിയിൽ എത്തിച്ചേർന്നു. സംഭവം സംബന്ധിച്ച് പെരുനാട് പൊലീസ് കേസ് എടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP