Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202329Sunday

മിന്നൽ മുരളി ഇന്ത്യയ്ക്ക് പുറത്തും വമ്പൻ ഹിറ്റ്; ആഗോള ലിസ്റ്റിൽ ഇംഗ്ലീഷിതര സിനിമകളിൽ നാലാം സ്ഥാനം; ഇതുവരെ കണ്ടത് 59 ലക്ഷം മണിക്കൂറെന്ന് നെറ്റ്ഫ്‌ളിക്‌സ്; കാവലും കുറുപ്പുമൊക്കെ നെറ്റ്ഫ്‌ളിക്‌സിൽ എത്തിയപ്പോൾ കോവിഡ് ഭീതിയിൽ വിദേശ മലയാളികൾ തിയറ്ററുകൾ ഉപേക്ഷിക്കുന്നു; പ്രവാസികളും വീടുകൾ തിയേറ്ററുകളാക്കുമ്പോൾ

മിന്നൽ മുരളി ഇന്ത്യയ്ക്ക് പുറത്തും വമ്പൻ ഹിറ്റ്; ആഗോള ലിസ്റ്റിൽ ഇംഗ്ലീഷിതര സിനിമകളിൽ നാലാം സ്ഥാനം; ഇതുവരെ കണ്ടത് 59 ലക്ഷം മണിക്കൂറെന്ന് നെറ്റ്ഫ്‌ളിക്‌സ്; കാവലും കുറുപ്പുമൊക്കെ നെറ്റ്ഫ്‌ളിക്‌സിൽ എത്തിയപ്പോൾ കോവിഡ് ഭീതിയിൽ വിദേശ മലയാളികൾ തിയറ്ററുകൾ ഉപേക്ഷിക്കുന്നു; പ്രവാസികളും വീടുകൾ തിയേറ്ററുകളാക്കുമ്പോൾ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ : ടോവിനോ നായകനായ മിന്നൽ മുരളി ആഗോള തലത്തിലും വമ്പൻ ഹിറ്റ്. കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇംഗ്ലീഷ് ഇതര സിനിമകളിൽ മിന്നൽ മുരളി നാലാം സ്ഥാനത്തു എത്തിയിരിക്കുകയാണ് . ഇതോടെ നെറ്റ്ഫ്‌ളിക്‌സ് തന്നെ സിനിമക്ക് വേണ്ടി വൻപ്രചാരണം ഏറ്റെടുത്തിരിക്കുകയാണ് . സോഷ്യൽ മീഡിയ ഫ്‌ളാറ്റുഫോമുകളിലും ഫിലിം റിവ്യൂ നെറ്റ്‌വർക്കിലും എല്ലാം മിന്നൽ മുരളിക്ക് വമ്പൻ പ്രചാരമാണ് ലഭിച്ചിരിക്കുന്നത് .

യുകെയിൽ സിനിമ ഇംഗ്ലീഷ് ഓഡിയോ വേർഷനിലും ലഭിക്കുമെന്നതിനാൽ മലയാളികൾ അല്ലാത്ത കാഴ്ചക്കാരെയും ലഭിക്കുന്നു എന്നാണ് സൂചനകൾ . ചിത്രം കുട്ടികൾ ഉൾപ്പെടെയുള്ള കാഴ്ചക്കാരെ ആകർഷിക്കുന്നു എന്നതോടെയാണ് ആഗോള ലിസ്റ്റിൽ കുതിച്ചു കയറ്റം നടത്തിയിരിക്കുന്നത് . നെറ്റ്ഫ്‌ളിക്‌സ് കണക്കുകൾ പ്രകാരം ഡിസംബർ 29 വരെ മിന്നൽ മുരളി 59 ലക്ഷം മണിക്കൂറാണ് പ്രേക്ഷകരിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത് . ഇത് ഓൺലൈൻ മലയാള സിനിമയെ സംബന്ധിച്ചിടത്തോളം പുത്തൻ ചരിത്രമാണ് .

മലയാളത്തിനൊപ്പം ഇംഗ്ലീഷ് , ഹിന്ദി , തമിഴ് , കന്നഡ , തെലുങ് ഭാഷകളിലും മിന്നൽ മുരളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയും എന്നതും ടോപ് ചാർട്ടിൽ മിന്നൽ പോലെ ഇടം പിടിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു .

കുടുംബങ്ങളുടെ സ്വീകരണം , കുട്ടികൾക്ക് വേണ്ടി

നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ റിലീസ് ചെയ്ത മലയാള സിനിമകളിൽ ടോപ് ലിസ്റ്റിൽ എത്താൻ നിമിഷ വേഗത്തിലാണ് ടോവിനോ ചിത്രത്തിന് സാധിച്ചത് . മികച്ച നിരൂപക ശ്രദ്ധ ലഭിച്ചതും സിനിമ കാണാൻ കാണികളെ ഏറെ പ്രേരിപ്പിച്ചു എന്നതും ഈ ടോപ് ലിസ്റ്റ് പദവിക്ക് കാരണമാണ്. ആഗോള ഇംഗ്ലിഷിതര ചിത്രങ്ങളിൽ മിന്നൽ മുരളിക്ക് നാലാം സ്ഥാനം ലഭിച്ചതോടെ നെറ്റ്ഫ്‌ളിക്‌സ് തന്നെ ചിത്രത്തിന്റെ പ്രചാരവും ഏറ്റെടുത്തു. പ്രധാന വാർത്ത മാധ്യമങ്ങളുടെ ഓൺലൈൻ സൈറ്റുകളിൽ വരെ ചിത്രത്തിന്റെ പ്രോമോ വിഡിയോകൾ കർട്ടൻ റൈസറുകളായി എത്തിയതും ശ്രദ്ധേയമായി . കുട്ടിച്ചാത്തനും അങ്കിൾ ബണും ഒക്കെ എങ്ങനെ കുടുംബങ്ങൾ കുട്ടികളും ഒത്തു ആസ്വദിച്ചു എന്നതിന് സമാനമായ തരത്തിലാണ് മിന്നൽ മുരളിക്ക് മലയാള സിനിമ പ്രേമികൾ സ്വീകരണം നൽകിയത് . ഏറെക്കാലത്തിനു ശേഷമാണു ഇത്തരം ഒരു സിനിമ മലയാളത്തിന് ആസ്വദിക്കാൻ ലഭിച്ചത് എന്നതും നിറമനസോടെ ആബാലവൃദ്ധം സിനിമ പ്രേമികൾ മിന്നൽ മുരളിയെ ഏറ്റെടുക്കാൻ കാരണമായി.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ താരചിത്രങ്ങളായ മരക്കാരും കുറുപ്പും ഒക്കെ തിയറ്റർ റിലീസ് ആയി യുകെയിൽ അടക്കം എത്തിയെങ്കിലും അതിനെയൊക്കെ കവച്ചു വയ്ക്കുന്ന സ്വീകരണമാണ് വിദേശത്തെ മലയാളി പ്രേക്ഷകർ മിന്നൽ മുരളിക്ക് സമ്മാനിച്ചിരിക്കുന്നത് . ഡിസംബർ 24 നു നെറ്റ്ഫ്‌ളിക്‌സ് റിലീസ് ചെയ്ത ചിത്രം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് ആഗോള മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്. കൂട്ടത്തോടെ മലയാളികൾ നെറ്റ് ഫ്‌ളിക്‌സ് വരിക്കാരായി.

തിയറ്റർ അനുഭവം വീടുകളിൽ തന്നെ

വിദേശത്തെ മിക്ക മലയാളി കുടുംബങ്ങളിലും വലിയ ടിവി സ്‌ക്രീനുകളും ഹോം തിയറ്റർ സംവിധാനവും ഒക്കെ ഉള്ളതിനാൽ മിനി തിയറ്റർ അനുഭവം ലഭിക്കും എന്നതും നെറ്റ്ഫ്‌ളിക്‌സ് സിനിമയിലേക്ക് അനേകം പേരെ ആകർഷിക്കാനും കാരണമായിട്ടുണ്ട് . പ്രത്യേകിച്ചും പുത്തൻ സിനിമകൾ കാണാൻ അവസരം ഉണ്ട് എന്നതിനാൽ മാസാവരി സംഖ്യ ആരും വലിയൊരു തുകയായി കാണുന്നുമില്ല . മാത്രമല്ല എപ്പോൾ വേണമെങ്കിലും നെറ്ഫ്‌ളിക്സുമായുള്ള കരാർ അവസാനിപ്പിക്കാം എന്നതും പ്രേക്ഷകർക്ക് നേട്ടമാണ് . ഒരു സിനിമ തിയറ്ററിൽ പോയി കാണാൻ ചുരുങ്ങിയത് കുടുംബം ഒന്നാകെ പോകുമ്പോൾ വലിയ തുക മുടക്കേണ്ടി വരുമ്പോൾ അതിന്റെ അഞ്ചിലൊന്ന് പണത്തിനു സിനിമ വീട്ടിലിരുന്നു കാണാം എന്നതും നേട്ടമായി കാണുകയാണ് സാധാരണ പ്രേക്ഷകർ .

ഓമിക്രോണിൽ കോവിഡ് തീക്കാറ്റായി പടരുമ്പോൾ എത്ര മോഹ സിനിമ ആയാലും തിയറ്ററിലേക്ക് ഇല്ലെന്ന തീരുമാനം എടുത്ത കുടുംബങ്ങളുടെ മുന്നിലേക്കാണ് ക്രിസ്മസ് സമ്മാനം എന്ന പോലെ മിന്നൽ മുരളി എത്തുന്നത് . ഒട്ടും വൈകിയില്ല പിന്നാലെ ദുൽഖർ ചരിത്രം സൃഷ്ടിച്ച കുറുപ്പും എത്തി . അവിടം കൊണ്ടും തീർന്നില്ല , സുരേഷ് ഗോപി നായകനായ കാവൽ കൂടി നെറ്ഫ്‌ളിക്‌സിൽ എത്തിയതോടെ മടിച്ചു നിന്നവർ പോലും നെറ്റ്ഫ്‌ളിക്‌സ് വരിക്കാരായി മാറിയിരിക്കുകയാണ് . ഇതോടെ ഇനി തിയറ്റർ റിലീസുകൾ കോവിഡ് കാലത്തെങ്കിലും പച്ച പിടിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട് .

വമ്പൻ ചിത്രങ്ങൾ ഒറ്റയടിക്ക് നെറ്റ്ഫ്‌ളിക്‌സിൽ എത്തിയതും ആവേശമായി

ഏതാനും ദിവസങ്ങൾക്കുള്ളിൽ തിയറ്റർ റിലീസുകൾ പോലും വീട്ടിലിരുന്നു മികച്ച തിയറ്റർ അനുഭവത്തോടെ കാണാമെങ്കിൽ എന്തിനു കോവിഡ് റിസ്‌ക് എടുത്തു തിയറ്ററിൽ പോകണം എന്ന ചിന്തയ്ക്കു കൂടിയാണ് മിന്നൽ മുരളിയും കുറുപ്പും കാവലും ചേർന്ന് കരുത്തു പകർന്നിരിക്കുന്നത് . നെറ്റ്ഫ്‌ളിക്‌സ് വരിക്കാരായതോടെ മികച്ച ഇംഗ്ലീഷ് , ഹോളിവുഡ് സിനിമകൾ കൂടി കാണാം എന്നതും നേട്ടമായി കരുതുകയാണ് സിനിമ പ്രേക്ഷകർ . പുതുവർഷത്തിൽ താരരാജാക്കന്മാരുടെ അടക്കം ഓ ടി ടി പ്ലാറ്റഫോമിലേക്കു എത്തുന്നു എന്നതും ഇനിയുള്ള കാലം വീടുകളിൽ ഇരുന്നു സിനിമ ആസ്വദിക്കാം എന്ന തീരുമാനത്തിലേക്ക് എത്തിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുകയാണ് .

മോഹൻലാൽ ചിത്രം ബ്രോ ഡാഡി ഡിസ്നി ഹോട്ട് സ്റ്റാറിൽ എത്തും എന്നുറപ്പായിരിക്കെ നെറ്റ്ഫ്‌ളിക്‌സിൽ അടക്കം വരും കാല മലയാള സിനിമകളെ കൂടുതലായി എത്തിക്കും എന്ന പ്രതീക്ഷയും പ്രേക്ഷകരിൽ എത്തിയിട്ടുണ്ട് . ഇതും മിന്നൽ മുരളി കാണുവാൻ ഉള്ള ആവേശത്തിനൊപ്പം നെറ്റ്ഫ്‌ളിക്‌സ് വരിക്കാരാകാൻ മലയാളികളെ പ്രേരിപ്പിച്ചു എന്ന വിലയിരുത്തലാണ് മലയാള സിനിമ നിർമ്മാതാക്കൾ അടക്കം പങ്കിടുന്നതും .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP