Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടുകളിലെ വൈദ്യുതി വിളക്കുകൾ മാത്രം അണച്ചാൽ മതി; തെരുവു വിളക്കുകൾ, കമ്പ്യൂട്ടറുകൾ, ടിവി, ഫാൻ, എസി, റഫ്രിജറേറ്റർ തുടങ്ങിയവ നിർത്തേണ്ടതില്ല; എല്ലാ അവശ്യ സേവനങ്ങളും തുടരും; ലൈറ്റുകൾ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതോപകരണങ്ങൾക്ക് കേടാണെന്നതും ഗ്രിഡുകൾ തകരാറിലാവുമെന്നതും വ്യാജ പ്രചാരണം; കോവിഡ് ദീപം കൊളുത്തലിൽ വിശദീകരണവുമായി കേന്ദ്ര ഊർജ മന്ത്രാലയം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതൽ 9.09 വരെ ലൈറ്റണച്ച് ദീപം കൊളത്തുമ്പോൾ വീടുകളിലെ വൈദ്യുതി വിളക്കുകൾ മാത്രം അണച്ചാൽ മതിയെന്നു കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ വിശദീകരണം. ഈ സമയത്ത് തെരുവു വിളക്കുകൾ, കമ്പ്യൂട്ടറുകൾ, ടിവി, ഫാൻ, എസി, റഫ്രിജറേറ്റർ തുടങ്ങിയവ നിർത്തേണ്ടതില്ലെന്നു മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇതുസംബന്ധിച്ച ആശയക്കുഴപ്പം നിലനിന്നതിനാലാണ് വിശദീകരണം.

ആശുപത്രി വിളക്കുകൾ, പൊതുസ്ഥലങ്ങൾ, മുനിസിപ്പൽ സേവനങ്ങൾ, ഓഫിസുകൾ, പൊലീസ് സ്റ്റേഷനുകൾ തുടങ്ങി എല്ലാ അവശ്യ സേവനങ്ങളും തുടരും. വീടുകളിൽ ലൈറ്റുകൾ നിർത്താൻ മാത്രമാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.വെള്ളിയാഴ്ച രാവിലെ ഒൻപതിനു പുറത്തുവിട്ട 11 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ സന്ദേശത്തിലാണ് കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്റെ ശക്തികൊണ്ടു നേരിടാൻ എല്ലാവരും ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച്, മെഴുകുതിരിയോ ചെരാതോ ടോർച്ചോ മൊബൈൽ ഫ്ലാഷോ തെളിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്. ഞായറാഴ്ച വൈദ്യുതി വിളക്കുകൾ അണയ്ക്കുമ്പോൾ ഉണ്ടാകുന്ന വോൾട്ടേജ് വ്യതിയാനത്തെക്കുറിച്ച് ആളുകൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രാലയം അറിയിച്ചു.

വോൾട്ടേജ് വ്യതിയാനം ഗ്രിഡുകളിൽ അസ്ഥിരത ഉണ്ടാക്കുമെന്നും വൈദ്യുതി ഉപകരണങ്ങളെ ദോഷകരമായി ബാധിക്കുമെന്നും പ്രചാരണമുണ്ട്. ഇതു തെറ്റാണ്. ഇന്ത്യൻ വൈദ്യുതി ഗ്രിഡ് ശക്തവും സുസ്ഥിരവുമാണ്. വൈദ്യുതി ഉപയോഗത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കൈകാര്യം ചെയ്യുന്നതിന് മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഊർജ മന്ത്രാലയം അറിയിച്ചു.

വീട്ടിലെ വൈദ്യുതി വിളക്കുകൾ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അന്തർസംസ്ഥാന ലൈനുകളുടെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നു കെഎസ്ഇബി അധികൃതരും അറിയിച്ചു. ലൈറ്റുകൾ ഒരുമിച്ച് അണയ്ക്കുന്നത് വൈദ്യുതി ഉപയോഗം കുത്തനെ കുറയ്ക്കുമെന്നും, ഇതിലൂടെ ലൈനുകൾ തകരാറിലായി ജനങ്ങൾ ഇരുട്ടിലാകുമെന്നും വാട്സാപ്പ് സന്ദേശങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

ഞായറാഴ്ച രാത്രികളിൽ ശരാശരി വൈദ്യുതി ഉപയോഗം 3400-3500 മെഗാവാട്ടാണ്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ലൈറ്റുകൾ അണച്ചാൽ ശരാശരി 350 മെഗാവാട്ടിന്റെ കുറവേ ഉണ്ടാകൂ എന്ന് കെഎസ്ഇബി കണക്കുകൂട്ടുന്നു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി എർത്ത് അവർ സംഘടിപ്പിക്കുമ്പോൾ അരമണിക്കൂർ വൈദ്യുതി വിളക്കുകൾ അണയ്ക്കാറുണ്ട്. ശരാശരി 200 മുതൽ 300 മെഗാവാട്ട് വരെയാണ് കേരളത്തിലെ ഉപയോഗത്തിൽ കുറവുണ്ടായത്.

ഗ്രിഡുകൾക്ക് ഒന്നും സംഭവിച്ചില്ല. വേനൽമഴ ലഭിക്കുമ്പോൾ വൈദ്യുതി ഉപയോഗത്തിൽ 700 മെഗാവാട്ട് വരെ കുറവുണ്ടാകാറുണ്ടെന്ന് കെഎസ്ഇബി അധികൃതർ സൂചിപ്പിക്കുന്നു. 40,000 മെഗാവാട്ടോളം ഉൽപാദനശേഷിയുള്ളതാണ് ഇന്ത്യയുടെ സോളാർ പദ്ധതികൾ. മേഘങ്ങൾ മൂടികിടക്കുന്ന സീസണുകളിൽ ഉൽപാദനം പകുതിയാകും. ഇതൊന്നും ഗ്രിഡുകളുടെ പ്രവർത്തനത്തെ ബാധിക്കാറില്ല.

ഉപയോഗം കൂടിയാലും കുറഞ്ഞാലും താങ്ങാൻ ശേഷിയുള്ളതാണ് അന്തർ സംസ്ഥാന വൈദ്യുതി ലൈനുകൾ അടങ്ങിയ ഇന്ത്യയിലെ ഗ്രിഡ്. ഒരു മേഖലയിൽ വൈദ്യുതി കുറഞ്ഞാൽ മറ്റൊരു മേഖലയിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് ആ കുറവ് നികത്തും. ഇടുക്കിയിലെ ഉൽപാദനം മുഴുവൻ നിലച്ചാലും കേരളത്തെ ബാധിക്കാത്ത രീതിയിലാണ് ഗ്രിഡുകളുടെ പ്രവർത്തനമെന്നും അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP