Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കടകംപള്ളി ബാങ്കിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് എന്നെ തേജോവധം ചെയ്യാൻ; ഒരു ഏജൻസിയും അവിടെ പരിശോധന നടത്തിയിട്ടില്ല; കള്ളപ്പണ കേന്ദ്രങ്ങളെന്ന് പ്രചരണം നടത്തുന്നത് സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമം; നോട്ടുനിരോധനത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്കും ബിജെപി നേതാക്കളുടെ പ്രചരണങ്ങൾക്കും രേഖകൾ സഹിതം മറുപടി നൽകി മന്ത്രി കടകംപള്ളി

കടകംപള്ളി ബാങ്കിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത് എന്നെ തേജോവധം ചെയ്യാൻ; ഒരു ഏജൻസിയും അവിടെ പരിശോധന നടത്തിയിട്ടില്ല; കള്ളപ്പണ കേന്ദ്രങ്ങളെന്ന് പ്രചരണം നടത്തുന്നത് സഹകരണ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമം; നോട്ടുനിരോധനത്തിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്കും ബിജെപി നേതാക്കളുടെ പ്രചരണങ്ങൾക്കും രേഖകൾ സഹിതം മറുപടി നൽകി മന്ത്രി കടകംപള്ളി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കടകംപള്ളി ബാങ്കിനെതിരെ സമീപകാലത്ത് ഉയർത്തിക്കാട്ടിയ ആരോപണങ്ങൾ തന്നെ കരിവാരിത്തേക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നെന്നും സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢശ്രമം നടത്തുന്നവരാണ് അത്തരം പ്രചരണങ്ങൾക്കു പിന്നിലെന്നും വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.

കറൻസി നിരോധനത്തിനെ തുടർന്ന് റിസർവ് ബാങ്ക് സഹകരണ ബാങ്കുകളോട് സ്വീകരിച്ച വിരുദ്ധ സമീപനത്തെ ചെറുത്ത് സഹകരണ മേഖലാ സംരക്ഷണ ക്യാമ്പെയ്ൻ വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുകയാണെന്നും എന്നാൽ ചില പത്ര ദൃശ്യ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് വസ്തുതാവിരുദ്ധമായ പ്രചരണമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലാണ് വ്യക്തമാക്കുന്നത്.

കടകംപള്ളി-പേരൂർക്കട-കരകുളം ബാങ്കുകളിൽ വൻതോതിൽ കള്ളപ്പണനിക്ഷേപം നടന്നതായും ഇതിൽ ഒരു മന്ത്രിയുടേയും പത്‌നിയുടേയും പേരിൽ കോടികളുടെ നിക്ഷേപം കണ്ടെത്തിയതായും വാർത്തകൾ വന്നിരുന്നു. ബാങ്കിലെ ഒരു സ്റ്റാഫിന്റെ മരണത്തെ തുടർന്നും ഇത്തരത്തിൽ പ്രചരണമുണ്ടാവുകയും ബിജെപി നേതാവ് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ദുരൂഹത നീക്കാൻ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് തന്നെ തേജോവധം ചെയ്യാൻ ശ്രമം നടക്കുന്നതായി വ്യക്തമാക്കി മന്ത്രി തന്നെ രംഗത്തെത്തിയിരിക്കുന്നത്.

കള്ളപ്പണം സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണ് സഹകരണ ബാങ്കുകളെന്ന് പ്രചരിപ്പിക്കുന്നതിൽ ഒരു യാഥാർത്ഥ്യവുമില്ലെന്നും മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ നടത്തിയ പരിശോധനയിൽ യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു. കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിൽ ഇൻകംടാക്‌സ്, സിബിഐ, എൻഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ ഏത് രീതിയിലുമുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുള്ളതാണ് എന്നാൽ നാളിതുവരെ യാതൊരുവിധ പരിശോധനയും നടന്നിട്ടില്ല.

ഈ ബാങ്കിനെതിരെ നടത്തിയ ആരോപണം മന്ത്രി എന്ന നിലയിൽ എന്നെ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തെ മുൻനിർത്തി മാത്രമാണ് നടന്നത്. മേൽപ്രസ്താവിച്ച രണ്ടു കള്ളപ്രചാരണങ്ങളും വസ്തുതകളെ അടിസ്ഥാനമാക്കി പരിശോധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിക്കുന്നു.

സഹകരണ ബാങ്കുകൾ വാണിജ്യ-ന്യൂജനറേഷൻ ബാങ്കുകളിൽ അസാധു നോട്ടുകൾ നിക്ഷേപിച്ചു എന്നുള്ളതാണ് മറ്റൊരു ആക്ഷേപമായി പറഞ്ഞത്്. ഇതിനു കാരണമായത് നവംബർ 17നു റിസർവ്വ് ബാങ്ക് ഇറക്കിയ സർക്കുലർ തന്നെയാണ്. സഹകരണ ബാങ്കുകളിലെ അസാധു നോട്ടുകൾ ഏറ്റെടുക്കരുതെന്നു ഈ സർക്കുലർ മറ്റ് ബാങ്കുകളോട് നിർദ്ദേശിക്കുന്നു.

എന്നാൽ, ഈ അവസരത്തിൽ സർക്കുലർ നിർദ്ദേശങ്ങൾ അവഗണിച്ച് വാണിജ്യ-ന്യൂജനറേഷൻ ബാങ്കുകൾ സഹകരണ ബാങ്കുകളെ സമീപിച്ച് അസാധു നോട്ടുകൾ ഏറ്റെടുക്കാൻ സന്നദ്ധമാവുകയാണ് ഉണ്ടായത്. മറ്റു ബാങ്കുകളുടെ ഇത്തരമൊരു നടപടിക്ക് പിന്നിൽ റിസർവ്വ് ബാങ്കിന്റെ മൗനാനുവാദം ഉണ്ടായതായാണ് സംശയിക്കുന്നത്. - മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ വിഷയങ്ങൾ വ്യക്തമാക്കാൻ അനുബന്ധ രേഖകൾ സഹിതമാണ് മന്ത്രി ഫേസ് ബുക്കിലൂടെ പ്രതികരിക്കുന്നത്.

മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേന്ദ്ര സർക്കാർ 500, 1000 രൂപാ നോട്ടുകൾ അസാധുവാക്കുകയും, അതേത്തുടർന്ന് റിസർവ്വ് ബാങ്ക് സഹകരണ ബാങ്കുകളോട് സ്വീകരിച്ച വിരുദ്ധ സമീപനവും നമ്മുടെ സംസ്ഥാനത്ത് സഹകരണ മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കുന്നതിന് സംഘടിപ്പിച്ചിട്ടുള്ള സഹകരണ മേഖല സംരക്ഷണ ക്യാംപയിൻ വളരെ ഊർജ്വസ്വലമായി മുന്നോട്ട് പോവുകയാണ്. എന്നാൽ, ഈ മേഖലയെ ഏതു വിധേനയും ദുർബലപ്പെടുത്തണമെന്ന വാശിയോടെ ഒരു ചെറു വിഭാഗം നിക്ഷിപ്ത താൽപര്യക്കാർ ഇപ്പോഴും കുപ്രചാരണങ്ങളുമായി രംഗത്ത് തുടരുകയാണ്. ഇത്തരക്കാർ ചുരുക്കം ചില പത്ര ദൃശ്യ മാദ്ധ്യമങ്ങളെ ഉപയോഗിച്ച് നിരന്തരം തുടർന്ന് വരുന്ന വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളിൽ നിന്നും വ്യക്തിഹത്യകളിൽ നിന്നും പിന്തിരിയണമെന്നാണ് ആദ്യമായി അഭ്യർത്ഥിക്കാനുള്ളത്.

ഇന്നു കാണുന്ന വികസിത കേരളം കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച പ്രസ്ഥാനമാണ് സഹകരണ പ്രസ്ഥാനം. ജനതയുടെ ഉന്നതി ലക്ഷ്യമാക്കി ഓരോ കാലഘട്ടത്തിലും ഈ പ്രസ്ഥാനം ഏറ്റെടുത്ത് നിർവഹിച്ച കടമകൾ ഇന്ന് ഈ സംസ്ഥാനത്തെ നിരവധി കാര്യങ്ങളിൽ മാതൃകാ സ്ഥാനത്ത് എത്തിച്ചു എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ മൂല്യം. പ്രാരംഭം മുതൽ സ്വാതന്ത്രാനന്തര കാലഘട്ടം വരെ ഈ പ്രസ്ഥാനം പാവപ്പെട്ടവനെ, സാധാരണക്കാരനെ, കർഷകനെ ചൂഷണവിമുക്തമാക്കാനാണ് പ്രവർത്തിച്ചത്. ആസൂത്രിത വികസന കാലയളവിൽ ഈ പ്രസ്ഥാനം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സാമൂഹികമായ അവസരങ്ങളും, സാമ്പത്തികമായ സുരക്ഷിതത്വവും നൽകാനായി നിലകൊണ്ടു. ഇപ്പോൾ ഈ പ്രസ്ഥാനം നാടിന്റെ സുസ്ഥിര വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ്. ഇത്തരത്തിൽ ഈ പ്രസ്ഥാനത്തിന്റെ ചരിത്രപരമായ മൂല്യം, ആന്തരികസത്ത ഉൾക്കൊള്ളാതെ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളുടെ പുകമറ സൃഷ്ടിച്ച് ചിലനിക്ഷിപ്ത താൽപര്യക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ഈ പ്രസ്ഥാനത്തെ മാത്രമസല്ല നാടിനെ തന്നെ പാരാജയപ്പെടുത്തുന്നതിനു വേണ്ടിയാണ്. അത് നാം നമ്മളെ തന്നെ പരാജയപ്പെടുത്തുന്നതിനു തുല്യമായിരിക്കും.

ഒരു നൂറ്റാണ്ട് കൊണ്ട് കേരളത്തിലെ സഹകരണ പ്രസ്ഥാനം ആർജ്ജിച്ചത് അത്ഭുതാവഹമായ വളർച്ചയാണ്. സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ 11908 സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്.ഇതിൽ ത്രിതല സഹകരണ ബാങ്കിങ് മേഖല (സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ) രാജ്യത്തിനു തന്നെ മാതൃകയാണ്. ഈ മേഖലയിൽ നമുക്ക് 1.50 ലക്ഷം കോടി രൂപയുടെ നിക്ഷേപവും 1 ലക്ഷം കോടി രൂപയുടെ വായ്പയുമുണ്ട്. രാജ്യത്തെ മൊത്തം സഹകരണ നിക്ഷേപത്തിൽ 60% നമ്മുടെ കൊച്ചു കേരളത്തിലാണ്.

ബാങ്കിങ് പ്രവർത്തനത്തിൽ മാത്രമല്ല നമ്മുടെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ മുൻപന്തിയിൽ നിൽക്കുന്നത്. ബാങ്കിങ് ഇതര പ്രവർത്തനത്തിലും ഈ സംഘങ്ങൾ രാജ്യത്തിന് മാതൃകയാണ്. സാധാരണ ജനങ്ങളുടെ ദൈനദിന ആവശ്യങ്ങൾ നിർവഹിക്കുന്നതിനുള്ള ബഹുമുഖമായ സേവനങ്ങളാണ് പ്രാഥമിക സംഘങ്ങൾ കേരളത്തിൽ നടത്തുന്നത്. നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്ന 675 നീതി സ്റ്റോറുകൾ, 600 നീതി മെഡിക്കൽ സ്റ്റോറുകൾ, 60 കർഷക സേവന കേന്ദ്രങ്ങൾ, ജൈവ കാർഷിക ഉത്പന്നങ്ങളുടെ വിപണനത്തിനായുള്ള സുവർണ്ണം ഷോപ്പുകൾ, മെഡിക്കൽലാബുകൾ, പാലിയേറ്റീവ് കെയർ യൂണിറ്റുകൾ, ഓഡിറ്റോറിയങ്ങൾ, ആംബുലൻസ്‌മെഡിക്കൽ സർവീസുകൾ, ലൈബ്രറികൾ, കൃഷിഡയറി ഫാമുകൾ തുടങ്ങി നിരവധി കാര്യങ്ങളിൽ അർത്ഥപൂർണ്ണമായ ഇടപെടലുകൾ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല നടത്തി വരുന്നു. കേരളം ജനത സഹകരണ പ്രസ്ഥാനത്തിൽ അർപ്പിച്ച വിശ്വാസമാണ് ഇതിനു പ്രധാന കാരണമായിട്ടുള്ളത്.

അതുകൊണ്ട് തന്നെ, നിക്ഷിപ്ത താൽപര്യക്കാർ നിന്ദ്യമായ ആക്രമണത്തിന് വിധേയമാക്കുന്നത് കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെയാണ്. സഹകരണ ബാങ്കുകൾ കള്ളപ്പണം സൂക്ഷിക്കുന്ന കേന്ദ്രങ്ങളാണെന്ന പ്രചരിപ്പിക്കുന്നു. ഇതിൽ എത്ര മാത്രം യാഥാർഥ്യമുണ്ട്? മലപ്പുറം ജില്ലാ സഹകരണ ബാങ്കിൽ നടത്തിയ പരിശോധനയിൽ യാതൊരു ക്രമക്കേടും കണ്ടെത്തിയിട്ടില്ല. കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിൽ ഇൻകംടാക്‌സ്, സിബിഐ, എൻഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ ഏത് രീതിയിലുമുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്തിട്ടുള്ളതാണ് എന്നാൽ നാളിതുവരെ യാതൊരുവിധ പരിശോധനയും നടന്നിട്ടില്ല. ഈ ബാങ്കിനെതിരെ നടത്തിയ ആരോപണം മന്ത്രി എന്ന നിലയിൽ എന്നെ തേജോവധം ചെയ്യുക എന്ന ലക്ഷ്യത്തെ മുൻനിർത്തി മാത്രമാണ് നടന്നത്. മേൽപ്രസ്താവിച്ച രണ്ടു കള്ളപ്രചാരണങ്ങളും വസ്തുതകളെ അടിസ്ഥാനമാക്കി നിങ്ങൾ വീണ്ടും പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നോട്ട് അസാധുവാക്കൽ തീരുമാനത്തിന് ശേഷം റിസർവ്വ് ബാങ്ക് നിർദ്ദേശം പാലിച്ചാണ് കേരളത്തിലെ സഹകരണ ബാങ്കുകൾ പ്രവർത്തിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ ഏജൻസിയായ നബാർഡ് കേരളത്തിലെ സഹകരണ ബാങ്കുകൾ കെ.വൈ.സി മാനദണ്ഡം പാലിക്കുന്നുണ്ട് എന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 11, 12, 13 തീയതികൾ നബാർഡ് എല്ലാ ജില്ലാ സഹകരണ ബാങ്കുകളും പരിശോധിക്കുകയുണ്ടായി. യാതൊരുവിധ ക്രമക്കേടുകളും കണ്ടെത്തിയിട്ടില്ല. ഇപ്പോൾ സിബിഐ, എൻഫോഴ്‌സ്‌മെന്റ് എന്നിവർ ചേർന്ന് നടത്തുന്ന പരിശോധനയിലും ക്രമക്കേടുകൾ കണ്ടെത്തിയിട്ടില്ല എന്ന് തന്നെയാണ് ലഭ്യമായ വിവരം. ക്രമവിരുദ്ധ പ്രവർത്തനങ്ങളെ ഒരിക്കലും ന്യായികരിക്കില്ല. എന്നാൽ, തെളിവുകൾ ലഭിക്കും മുൻപ് വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത് ഒട്ടും ഭൂഷണമല്ല.

സഹകരണ ബാങ്കുകൾ വാണിജ്യ-ന്യൂജനറേഷൻ ബാങ്കുകളിൽ അസാധു നോട്ടുകൾ നിക്ഷേപിച്ചു എന്നുള്ളതാണ് മറ്റൊരു ആക്ഷേപമായി കണ്ടത്. ഇതിനു കാരണമായത് നവംബർ 17നു റിസർവ്വ് ബാങ്ക് ഇറക്കിയ സർക്കുലർ തന്നെയാണ്. സഹകരണ ബാങ്കുകളിലെ അസാധു നോട്ടുകൾ ഏറ്റെടുക്കരുതെന്നു ഈ സർക്കുലർ മറ്റ് ബാങ്കുകളോട് നിർദ്ദേശിക്കുന്നു. എന്നാൽ, ഈ അവസരത്തിൽ സർക്കുലർ നിർദ്ദേശങ്ങൾ അവഗണിച്ച് വാണിജ്യ-ന്യൂജനറേഷൻ ബാങ്കുകൾ സഹകരണ ബാങ്കുകളെ സമീപിച്ച് അസാധു നോട്ടുകൾ ഏറ്റെടുക്കാൻ സന്നദ്ധമാവുകയാണ് ഉണ്ടായത്. മറ്റു ബാങ്കുകളുടെ ഇത്തരമൊരു നടപടിക്ക് പിന്നിൽ റിസർവ്വ് ബാങ്കിന്റെ മൗനാനുവാദം ഉണ്ടായതായാണ് സംശയിക്കുന്നത്. ബഹു: ധനകാര്യമന്ത്രിയും ഞാനും ചേർന്ന് 02.12.2016നു കേന്ദ്ര ധനമന്ത്രിയെ നേരിൽ കണ്ട് സഹകരണ ബാങ്കുകളുടെ കൈവശമുള്ള അസാധു നോട്ടുകൾ സ്വീകരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചു എങ്കിലും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ല. ഇത്തരമൊരു സാഹചര്യത്തിൽ സുപ്രീംകോടതി വിധി വരുംവരെ സഹകരണ ബാങ്കുകൾ അവരുടെ കൈവശമുള്ള അസാധു നോട്ടുകൾ സൂക്ഷിച്ചു വച്ചില്ല എന്നുള്ളത് ഒരു കുറ്റമായി പറയാൻ കഴിയുന്നതാണോ?

കേരളസർക്കാർ ഇവിടുത്തെ ജനങ്ങൾ ഈ പ്രസ്ഥാനത്തെ കാത്ത് സംരക്ഷിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. അതിന് മാദ്ധ്യമങ്ങളുടെ കൂടെ അകൈതവമായ പിന്തുണ ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു. (അനുബന്ധ രേഖകൾ ഉള്ളടക്കം ചെയ്യുന്നു)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP