Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വായ്പ തിരിച്ചടച്ചില്ലെങ്കിൽ വിവരം അറിയും': മീശയും പിരിച്ച് ഗൂണ്ടാപ്പിരിവിന് പകലും രാത്രിയും എന്നില്ലാതെ ഗൂണ്ടാസംഘങ്ങൾ; വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ട് സ്ത്രീകൾ; വാതിൽ അടച്ചതോടെ ഫോണിൽ കൂടി നിരന്തരം ഭീഷണി; വായ്പാ തിരിച്ചടവ് മുടങ്ങിയതു കൊറോണ കാലത്ത് പണി മുടക്കവും നഷ്ടവും വന്നതോടെ; മൊറട്ടോറിയത്തിനായി മുറവിളി; ഭീഷണി തുടർന്ന് മൈക്രോ ഫിനാൻസ് കമ്പനികൾ

'വായ്പ തിരിച്ചടച്ചില്ലെങ്കിൽ വിവരം അറിയും': മീശയും പിരിച്ച് ഗൂണ്ടാപ്പിരിവിന് പകലും രാത്രിയും എന്നില്ലാതെ ഗൂണ്ടാസംഘങ്ങൾ; വീടിന് പുറത്തിറങ്ങാൻ ഭയപ്പെട്ട് സ്ത്രീകൾ; വാതിൽ അടച്ചതോടെ ഫോണിൽ കൂടി നിരന്തരം ഭീഷണി; വായ്പാ തിരിച്ചടവ് മുടങ്ങിയതു കൊറോണ കാലത്ത് പണി മുടക്കവും നഷ്ടവും വന്നതോടെ; മൊറട്ടോറിയത്തിനായി മുറവിളി; ഭീഷണി തുടർന്ന് മൈക്രോ ഫിനാൻസ് കമ്പനികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് മൈക്രോ ഫിനാൻസ് കമ്പനികളുടെതെന്ന് ആക്ഷേപമുയരുന്നു. കൊറോണ കാരണം കേരളം നിശ്ചലമായിരിക്കെ ഇതൊന്നും കണക്കിലെടുക്കാതെ വായ്പ തിരിച്ചടവ് മുടങ്ങിയവരെ ഭീഷണിപ്പെടുത്തുകയാണ് മൈക്രോ ഫിനാൻസ് കമ്പനികൾ. നിരന്തര ഭീഷണികൾ കാരണം മൈക്രോ ഫിനാൻസ് കമ്പനികളിൽ നിന്നും വായ്പയെടുത്ത സ്ത്രീകളുടെ ചെറു സംഘങ്ങളിൽപ്പെട്ട പലർക്കും വീടിനു പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. നിരന്തര ഭീഷണികളാണ് വായ്പാ തിരിച്ചടവിന്റെ പേരിൽ നേരിടേണ്ടി വരുന്നത്. കൊറോണ കാരണം കുടുംബശ്രീകളിൽ ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് ജോലി നഷ്ടവും വന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് മൈക്രോ ഫിനാൻസ് കമ്പനികളിൽ നിന്നും ഭീഷണികൾ വരുന്നത്.

കൊറോണ കാരണം സമ്പദ് രംഗം നിശ്ചലമായിരിക്കെ അതൊന്നും കണക്കിലെടുക്കാതെ ഭീഷണികളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്ന മൈക്രോ ഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്. നിരവധി പരാതികളാണ് വിവിധ സർക്കാർ വകുപ്പുകൾക്ക് സ്ത്രീകൾ ഉൾപ്പെടെയുള്ളവരും സഹകരണ സംഘങ്ങളും നൽകിയിരിക്കുന്നത്. കൊറോണ കാരണം വായ്പകൾക്ക് മോറട്ടോറിയം വേണമെന്നാണ് ആവശ്യം ഉയരുന്നത്. കൊറോണ കാരണമുള്ള മാന്ദ്യം അകന്നു വിപണി തലപൊക്കുന്നത് വരെ മോറട്ടോറിയം വേണമെന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആവശ്യം ഉയരുന്നത്. സർക്കാരിന്റെ ശക്തമായ ഇടപെടൽ തന്നെയാണ് വനിതകൾ അടങ്ങുന്ന ചെറു സഹായ സഹകരണ സംഘങ്ങൾ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ മഹാപ്രളയകാലത്ത് കേരളം നിശ്ചലമായതുപോലെയുള്ള അവസ്ഥയാണ് കൊറോണ പടർന്നിരിക്കെ കേരളവും അഭിമുഖീകരിക്കുന്നത്. ലോക സമ്പദ് രംഗം തന്നെ കൊറോണ കാരണം നിശ്ചലമാണ്. കൊറോണ കാരണമുള്ള അനിശ്ചിതാവസ്ഥ കേരളത്തെ മുഴുവൻ വിഴുങ്ങിയിരിക്കുകയാണ്. കടകമ്പോളങ്ങൾ പലതും അടഞ്ഞു കിടക്കുകയാണ്. പലർക്കും ജോലി നഷ്ടമായിരിക്കുന്നു. വായ്പ എടുത്തവർക്ക് തിരിച്ചടക്കാനും കഴിയുന്നില്ല. പക്ഷെ മൈക്രോ ഫിനാൻസ് കമ്പനികൾ ഈ സാഹചര്യം കണക്കിലെടുക്കുന്നില്ലെന്നാണ് മൈക്രോ ഫിനാൻസ് വഴി വായ്പ എടുത്ത സ്ത്രീകളുടെ പരാതി. പരസ്പരം ജാമ്യം നിന്ന് ചെറു സംഘങ്ങൾ രൂപീകരിച്ചാണ് സ്ത്രീകൾ അടക്കമുള്ളവർ മൈക്രോ ഫിനാൻസ് സംഘങ്ങളിൽ നിന്നും വായ്പ എടുത്തിരിക്കുന്നത്. കൊറോണ കാരണമുള്ള പ്രത്യേക അവസ്ഥയിൽ പലർക്കും വീടിൽ നിന്നും പുറത്തിറങ്ങാൻ തന്നെ കഴിയുന്നില്ല. ജോലിയും നഷ്ടമാണ്. ഈ ഘട്ടത്തിൽ ഇവർ മൈക്രോ ഫിനാൻസ് തിരിച്ചടവിനു ബുദ്ധിമുട്ടുകയാണ്.

പല വീടുകളിലും വന്നു മൈക്രോ ഫിനാൻസ് കമ്പനികൾ ഭീഷണി മുഴക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. ഭീഷണി ഭയന്ന് പലർക്കും വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയും. സ്ത്രീകളെ പുറത്ത് കാണാത്ത അവസ്ഥയിൽ ഫോൺ വഴിയുള്ള ഭീഷണികളും വരുന്നുണ്ട്. വായ്പ തിരിച്ചടിച്ചില്ലെങ്കിൽ വിവരമറിയുമെന്നാണ് ഫോൺ വഴിയുള്ള ഭീഷണികളിൽ മുഴങ്ങുന്നത്. പിരിവിനു ഇറങ്ങുന്ന പലർക്കും ഗുണ്ടാ പശ്ചാത്തലമുള്ളതിനാൽ സ്ത്രീകൾ പലരും വീടുകളിൽ പേടിച്ചിരിക്കുകയുമാണ്. കോറോണ വൈറസിന്റെ പശ്ചാത്തലത്തിൽ കാർഷിക, കാർഷികേതര ബാങ്കുകളിൽനിന്നും മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽനിന്നുമെടുത്ത വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് വി ആർ സുനിൽകുമാർ എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കോറോണ വൈറസിന്റെ ഭീതിയിൽ സാധാരണ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ കുറയുകയും ജോലിക്ക് പോവാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യം നിലവിലുണ്ട്. കാർഷിക, കാർഷികേതര ബാങ്കുകളിൽനിന്നും മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽനിന്നും വായ്പകൾ എടുത്തിരിക്കുന്ന സാധാരണ ജനങ്ങൾക്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ല. വായ്പകൾ മുടങ്ങുന്നതുമൂലം ബാങ്കുകളിൽനിന്നും പ്രത്യേകിച്ച് മൈക്രോഫിനാൻസ് സ്ഥാപനങ്ങളിൽനിന്നും വായ്പക്കാരുടെ മേൽ തിരിച്ചടവിനായി സമ്മർദമേറുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ബാങ്കുകളിൽനിന്ന് തിരിച്ചടവിനുള്ള സമ്മർദം മൂലം കൊള്ളപ്പലിശയ്ക്ക് കടമെടുത്ത് അടയ്ക്കേണ്ട സാഹചര്യം വരാനുള്ള സാധ്യതയുമുണ്ട്. ഇത് സാധാരണക്കാരെ വലിയ കടക്കെണിയിലെത്തിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. ജനങ്ങളിൽ നിന്നും ഉയരുന്ന പരാതിയുടെ പ്രതിഫലനം തന്നെയാണ് സുനിൽകുമാർ എംഎൽഎയുടെ കത്തിൽ നിന്നും തെളിയുന്നത്. അടിയന്തിര സർക്കാർ നടപടികളാണ് ഈ കാര്യത്തിൽ ഫലപ്രദം. വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചാൽ മാത്രമേ ഈ കാര്യത്തിലുള്ള ഭീതി ഒഴിയുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP