Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മസ്റ്റർ റോളിൽ വ്യാജ എൻട്രികൾ; സർക്കാർ ജീവനക്കാരുടെയും വിദേശത്തുള്ളവരുടെയും അക്കൗണ്ടിലേക്ക് വരെ അനധികൃത പണമിടപാട്; ഡിസംബർ മുതൽ മാർച്ച് വരെ നടത്തിയ സോഷ്യൽ ഓഡിറ്റിങ്ങിൽ കണ്ടെത്തിയത് 22.39 കോടി രൂപയുടെ ക്രമക്കേട്; തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര ഫണ്ട് കൊള്ളയടിക്കുന്നതിന്റെ വ്യാപ്തി വെളിപ്പെടുത്തി റിപ്പോർട്ട്

മസ്റ്റർ റോളിൽ വ്യാജ എൻട്രികൾ; സർക്കാർ ജീവനക്കാരുടെയും വിദേശത്തുള്ളവരുടെയും അക്കൗണ്ടിലേക്ക് വരെ അനധികൃത പണമിടപാട്; ഡിസംബർ മുതൽ മാർച്ച് വരെ നടത്തിയ സോഷ്യൽ ഓഡിറ്റിങ്ങിൽ കണ്ടെത്തിയത് 22.39 കോടി രൂപയുടെ ക്രമക്കേട്; തൊഴിലുറപ്പ് പദ്ധതിയുടെ കേന്ദ്ര ഫണ്ട് കൊള്ളയടിക്കുന്നതിന്റെ വ്യാപ്തി വെളിപ്പെടുത്തി റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഫണ്ട് തൊഴിലുറപ്പ് തൊഴിലാളികളിലേക്ക് എത്താതെ കൊള്ളയടിക്കപ്പെടുന്നതിന്റെ വ്യാപ്തി വെളിപ്പെടുത്തി സോഷ്യൽ ഓഡിറ്റിങ് റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന നാല് മാസത്തിനിടെ ഒരു വിഭാഗം ഗ്രാമപഞ്ചായത്തുകളിൽ നടത്തിയ സോഷ്യൽ ഓഡിറ്റിങ്ങിൽ എംജിഎൻആർഇജിഎസ് ഫണ്ടിൽ 22.39 കോടി രൂപയുടെ സാമ്പത്തിക തിരിമറിയും ദുർവിനിയോഗവുമാണ് കണ്ടെത്തിയത്.

941 ഗ്രാമപഞ്ചായത്തുകളിൽ 296 എണ്ണത്തിലും കേരള സോഷ്യൽ ഓഡിറ്റ് സൊസൈറ്റിയാണ് ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഈ വർഷം മാർച്ച് വരെയാണ് ഓഡിറ്റ് നടത്തിയത്. ഇത്രയും പഞ്ചായത്തുകളിൽ നടത്തിയ ഓഡിറ്റിങ്ങിലാണ് 22.39 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. സോഷ്യൽ ഓഡിറ്റിലെ കണ്ടെത്തലുകൾ എല്ലാ ജില്ലകളിലെയും അതത് കളക്ടർമാരെ അറിയിച്ചിട്ടുണ്ടെന്ന് കേരള സോഷ്യൽ ഓഡിറ്റ് യൂണിറ്റ് ഡയറക്ടർ എൻ രമാകാന്തൻ പറഞ്ഞു. പലതരത്തിൽ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കേണ്ടത് കളക്ടർമാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങളിൽ മാത്രമേ വില്ലേജ് റിസോഴ്സ് പേഴ്സൺമാരെ നിയമിക്കാനാകൂ എന്നതിനാൽ എല്ലാ പഞ്ചായത്തുകളിലും സോഷ്യൽ ഓഡിറ്റ് നടത്താനാകില്ലെന്ന് രമാകാന്തൻ പറഞ്ഞു.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് സോഷ്യൽ ഓഡിറ്റ് സൊസൈറ്റിക്കുള്ള ഫണ്ട് അനുവദിക്കേണ്ടത്. കഴിഞ്ഞ സാമ്പത്തിക വർഷം 22 കോടി ലഭിക്കാൻ അർഹതയുണ്ടായിരുന്നെങ്കിലും ലഭിച്ചത് 4 കോടി രൂപ മാത്രം. കേന്ദ്ര മന്ത്രാലയത്തിൽ നിന്നുള്ള ഫണ്ട് വൈകുന്നതിനാൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് റിസോഴ്സ് പേഴ്സൺമാരെ നിയമിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

''പഞ്ചായത്തുകളിലെ ഒരു വിഭാഗത്തിൽ മാത്രം ഓഡിറ്റ് നടന്നതിനാൽ കേന്ദ്രത്തിന്റെ ഫണ്ട് കൊള്ളയടിക്കുന്നതിന്റെ യഥാർത്ഥ വ്യാപ്തി വളരെ കൂടുതലായിരിക്കും, അതും നാല് മാസത്തേക്ക് മാത്രം,'' കേരള സോഷ്യൽ ഓഡിറ്റ് സൊസൈറ്റി വൃത്തങ്ങൾ വ്യക്തമാക്കി.

എംജിഎൻആർഇജിഎസിന്റെ നിർബന്ധിത ഘടകമായ സോഷ്യൽ ഓഡിറ്റ് ഭൂരിഭാഗം പഞ്ചായത്തുകളിലും ഗ്രാമ റിസോഴ്സ് പേഴ്സണുകളുടെ കുറവുമൂലം നടത്താറില്ല. ഇതിനെ തുടർന്നാണ് സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കിയത്. തുടർന്നാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്.

ഫണ്ടുകൾ പല തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പ്രധാനമായും മസ്റ്റർ റോളിലെ വ്യാജ എൻട്രികൾ വഴിയാണ്. ജോലി ചെയ്യാത്തവരുടെ അക്കൗണ്ടുകളിലേക്കും വിദേശത്തുള്ളവരുടെ അക്കൗണ്ടുകളിലേക്കും സർക്കാർ ജീവനക്കാരുടെ പേരിലുള്ളറ സ്ഥാപനങ്ങളിലെ അക്കൗണ്ടുകളിലേക്കും അനധികൃതമായി പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തൽ.

ധനസമ്പാദനം ലക്ഷ്യമിട്ട് ചെയ്യാത്ത ജോലികളുടെ പേരിൽ വ്യാജ ബില്ലുകൾ സമർപ്പിച്ച് ഫണ്ട് തട്ടിയെടുത്തിട്ടുണ്ട്. പഞ്ചായത്തുകൾ ഭരിക്കുന്ന പാർട്ടികളിൽപ്പെട്ട പ്രാദേശിക രാഷ്ട്രീയക്കാർ ധനസമ്പാദനം ലക്ഷ്യമിട്ട് സിവിൽ വർക്കുകൾ നടത്തിയെന്ന പേരിൽ വ്യാജ മസ്റ്റർ റോളുകൾ ഉണ്ടാക്കിയാണ് ഫണ്ട് തട്ടിയെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു.

പദ്ധതി പ്രകാരം അനുവദിക്കാത്ത പല പ്രവൃത്തികളും നടപ്പാക്കിയെന്ന് കാണിച്ചാണ് തട്ടിപ്പ്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് പകരം, പ്രാദേശിക രാഷ്ട്രീയക്കാരുടെ ഒത്താശയോടെ പല പഞ്ചായത്തുകളും കരാറുകാരെ അവതരിപ്പിച്ചു, വ്യാജ മസ്റ്റർ റോളുകൾ ഉപയോഗിച്ച് പണം തട്ടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

90 ശതമാനത്തിലധികം തദ്ദേശസ്ഥാപനങ്ങൾ ഭരിക്കുന്ന കക്ഷികളായ സിപിഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും സോഷ്യൽ ഓഡിറ്റിന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP