Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബിടെക്കിന് മാത്രമല്ല നേഴ്‌സിംഗിനും എംജി യൂണിവേഴ്‌സിറ്റിയിൽ മാർക്ക് ദാനം നടന്നെന്ന് ആരോപണം; മാർക്ക് ആവശ്യമുള്ളവർ സമീപിച്ചാൽ 5 മാർക്ക് വീതം കൂട്ടിക്കൊടുക്കാൻ തീരുമാനിച്ചത് ഇഷ്ടക്കാർക്ക് ജയമൊരുക്കാൻ; സ്വന്തക്കാരെ ജയിപ്പിക്കാനും വൻ തുക കോഴവാങ്ങാനും ആയിരുന്നു മാർക്കുദാനമെന്നും ആക്ഷേപം; കാറ്റിൽ പറത്തുന്നത് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ മോഡറേഷൻ അനുവദിക്കരുതെന്ന ചട്ടം; എംജി സർവ്വകലാശാലയെ പ്രതിക്കൂട്ടിൽ നിർത്തി കൂടുതൽ സംശയങ്ങൾ

ബിടെക്കിന് മാത്രമല്ല നേഴ്‌സിംഗിനും എംജി യൂണിവേഴ്‌സിറ്റിയിൽ മാർക്ക് ദാനം നടന്നെന്ന് ആരോപണം; മാർക്ക് ആവശ്യമുള്ളവർ സമീപിച്ചാൽ 5 മാർക്ക് വീതം കൂട്ടിക്കൊടുക്കാൻ തീരുമാനിച്ചത് ഇഷ്ടക്കാർക്ക് ജയമൊരുക്കാൻ; സ്വന്തക്കാരെ ജയിപ്പിക്കാനും വൻ തുക കോഴവാങ്ങാനും ആയിരുന്നു മാർക്കുദാനമെന്നും ആക്ഷേപം; കാറ്റിൽ പറത്തുന്നത് ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാൽ മോഡറേഷൻ അനുവദിക്കരുതെന്ന ചട്ടം; എംജി സർവ്വകലാശാലയെ പ്രതിക്കൂട്ടിൽ നിർത്തി കൂടുതൽ സംശയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എംജി സർവ്വകലാശാലയിൽ നടത്തിയ അദാലത്തിൽ മന്ത്രി കെ ടി ജലീൽ ഇടപെട്ട് വൻ മാർക്ക് ദാനം നടത്തിയെന്ന പ്രതിപക്ഷ ആരോപണം പുകയവേ മാർക്ക്ദാന പ്രശ്‌നത്തിന്റെ വ്യാപ്തി വിപുലമാകുന്നതായി സൂചന. ബിടെക് വിദ്യാർത്ഥിക്ക് മാർക്ക് ദാനം നടത്തിയ പ്രശ്‌നം വിവാദമായിരിക്കെ ബിടെകിന് മാത്രമല്ല നഴ്‌സിംഗിനും മാർക്ക് ദാനം നടത്താൻ എംജി വാഴ്‌സിറ്റി സിൻഡിക്കേറ്റ് തീരുമാനിച്ച പുതിയ വിവരമാണ് വെളിയിൽ വരുന്നത്.

ബിടെക്കിന് നൽകിയ പോലെ നഴ്‌സിംഗിനും മാർക്ക് ദാനം നടത്താൻ എംജി വാഴ്‌സിറ്റിയുടെ കഴിഞ്ഞ സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. ബിടെക്കിനു മാർക്ക്ദാനം നടത്തിയത് മാത്രമാണ് ഇപ്പോൾ പുറത്തറിഞ്ഞത്. പക്ഷെ ബിടെക്കിന് മാത്രമല്ല നഴ്‌സിംഗിനും മാർക്ക് ദാനം നടത്താനാണ് സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. സ്വന്തക്കാരെ ജയിപ്പിക്കാനും വൻ തുക കോഴ വാങ്ങാനും ലക്ഷ്യമിട്ടു നടക്കുന്ന നീക്കം എന്നാണു എംജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് യോഗ തീരുമാനത്തെ വിലയിരുത്തപ്പെടുന്നത്. മാർക്ക് ആവശ്യമുള്ളവർ യൂണിവേഴ്‌സിറ്റിയെ സമീപിക്കട്ടെ എന്നാണ് സിൻഡിക്കേറ്റ് യോഗത്തിൽ വന്ന തീരുമാനം. തോറ്റ എല്ലാവർക്കും മാർക്ക് ലഭിക്കില്ല. തോറ്റവർ മാർക്ക് ആവശ്യവുമായി യൂണിവേഴ്‌സിറ്റിയെ സമീപിക്കണം. അവർക്ക് മാർക്ക് കൂട്ടി നൽകാം എന്നാണ് തീരുമാനം വന്നത്.

കോതമംഗലം കോളേജിലെ ബിടെക്ക് വിദ്യാർത്ഥിക്ക് വഴിവിട്ട സഹായം നൽകിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കോതമംഗലത്തെ ബിടെക്ക് വിദ്യാർത്ഥി ആറാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിൽ എൻഎസ്എസ് സ്‌കീമിന്റെ അധിക മാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരിക്കൽ എൻഎസ്എസ്സിന്റെ മാർക്ക് നൽകിയതിനാൽ ഇത് അനുവദിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ 2019 ഫെബ്രുവരിയിൽ നടന്ന അദാലത്തിൽ കെ ടി ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് പങ്കെടുത്തത്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം കുട്ടിക്ക് ഒരു മാർക്ക് കൂട്ടികൊടുക്കാൻ തീരുമാനിക്കുകയും ചെയ്തുവെന്നാണ് ചെന്നിത്തല പറഞ്ഞത്. അദാലത്തിൽ മാർക്ക് കൂട്ടി കൊടുക്കാനുള്ള അനുവാദമില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇത് സിൻഡിക്കേറ്റിൽ വയ്ക്കാൻ തീരുമാനിച്ചു. മാർക്കുദാനം നടത്താൻ സർവ്വകലാശാല നിയമം അനുവദിക്കുന്നില്ലെന്ന് സിൻഡിക്കേറ്റിൽ ചൂണ്ടികാണിച്ചപ്പോൾ റെഗുലർ സിൻഡിക്കേറ്റിന്റെ അജണ്ടയിൽ വെക്കാതെ ഔട്ട് ഓഫ് അജണ്ടയായിട്ട് ഈ വിഷയം വച്ച് ഒളിച്ചു കളിച്ചു.

സിൻഡിക്കേറ്റിലെ ഇടത് പക്ഷ അനുഭാവികൾ ഒരു കുട്ടിക്ക് മാത്രമായി മാർക്ക് കൂട്ടി നൽകരുതെന്ന് വാദിച്ചു. ഈ കുട്ടിക്ക് മാർക്ക് കൂട്ടിയിട്ടാൽ മറ്റ് പല വിദ്യാർത്ഥികൾക്കും മാർക്ക് കൂട്ടിയിടണമെന്നായിരുന്നു കോട്ടയം എജി യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റിലെ ഇടതുപക്ഷ അനുഭാവികൾ അന്ന് ഉന്നയിച്ച വാദം. തുടർന്ന് സർവ്വകലാശാല ഇതേവരെ നടത്തിയിട്ടുള്ള ബിടെക്ക് പരീക്ഷകളിൽ എല്ലാ സെമസ്റ്ററുകളിലുമായി ഒരു വിഷയത്തിൽ മാത്രം തോറ്റ കുട്ടികൾക്ക് നിലവിലുള്ള മോഡറേഷന് പുറമേ പരമാവധി അഞ്ച് മാർക്ക് കൂടി കൂട്ടി നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചെന്നാണ് ചെന്നിത്തലയുടെ ആരോപണം. ഇതിനായി ഇടപെട്ടത് കെ ടി ജലീലാണെന്നതിന് തെളിവുണ്ട്. ഫെബ്രുവരിയിലെ അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നേരിട്ട് പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും കൂടാതെ മന്ത്രി രാജി വെച്ച് മാറിനിൽക്കണമെന്നുമാണ് ചെന്നിത്തല ആവശ്യപ്പെട്ടത്.

ചെന്നിത്തലയുടെ ആരോപണം പുകയുമ്പോൾ തന്നെയാണ് കൂടുതൽ കോഴ്‌സുകൾക്ക് മാർക്ക്ദാനം നടത്താനുള്ള എംജി വാഴ്‌സിറ്റി സിൻഡിക്കേറ്റിന്റെ തീരുമാനവും ഇപ്പോൾ പുറത്തേക്ക് വരുന്നത്. അതിനിടെ മാർക്ക് ദാന വിവാദത്തിൽ എംജി യൂണിവേഴ്‌സിറ്റി പിവിസി അരവിന്ദ് കുമാറിനെ കെഎസ്‌യു പ്രവർത്തകർ തടഞ്ഞുവെച്ചു. പ്രവർത്തകർ ക്യാമ്പസിനകത്ത് കയറുകയും കവാടത്തിൽ കുത്തിയിരിക്കുകയും ചെയ്തതോടെ ഓഫീസിനുള്ളിൽ പിവിസിക്ക് കയറാൻ കഴിഞ്ഞില്ല. തുടർന്ന് മറ്റൊരു വഴിയിലൂടെ പിവിസിയെ ഓഫീസിനുള്ളിൽ കയറ്റുകയായിരുന്നു. പൊലീസ് കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയാണ്. എംജി സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോതമംഗലം എഞ്ചിനീയറിങ് കോളേജിലെ ഒരു വിദ്യാർത്ഥിക്ക് മന്ത്രി കെ ടി ജലീലും പ്രൈവറ്റ് സെക്രട്ടറിയും ചേർന്ന് മാർക്ക് കുട്ടി നൽകിയെന്നാണ് കെ എസ് യു ആരോപണം. സർവ്വകലാശാല അദാലത്തിൽ മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നാലെ വിഷയം സിൻഡിക്കേറ്റ് യോഗത്തിൽ വയ്ക്കാൻ തീരുമാനിച്ചു.

ഇത് ചട്ടവിരുദ്ധമാണെന്ന് വൈസ് ചാൻസിലർ ചൂണ്ടിക്കാട്ടിയപ്പോൾ സിൻഡിക്കേറ്റിലെ ഇടത് അംഗങ്ങൾ ഔട്ട് ഓഫ് അജണ്ടയായി ഇക്കാര്യം കൊണ്ടുവന്നു. മന്ത്രിക്ക് മുന്നിൽ പരാതി ഉന്നയിച്ച വിദ്യാർത്ഥിക്ക് ഒരു മാർക്ക് നൽകാൻ തീരുമാനിച്ചു. പിന്നാലെ ബിടെക് പരീക്ഷയിൽ ഏതെങ്കിലും സെമസ്റ്ററിനും ഏതെങ്കിലും ഒരു വിഷയം തോറ്റ കുട്ടികൾക്ക് പരമാവധി 5 മാർക്ക് വരെ നൽകാനും തീരുമാനിച്ചെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് പിന്നാലെ ബിടെക് കോഴ്‌സിൽ ഏതെങ്കിലും ഒരു വിഷയത്തിന് ഒന്ന് മുതൽ അഞ്ചുവരെ മാർക്ക് കുറവുണ്ടെങ്കിൽ മോഡറേഷൻ നൽകാമെന്ന് എം ജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ സാബു തോമസ് തന്നെ വ്യക്തമാക്കിയിരുന്നു. മോഡറേഷൻ നൽകാനുള്ള തീരുമാനം എടുത്തത് സിൻഡിക്കേറ്റാണ്. സർക്കാരിനോ മന്ത്രിക്കോ അതിൽ ഇടപെടാനാകില്ല. കേരളത്തിലെ എല്ലാ സർവ്വകലാശാലകളിലും ഇത് നടക്കുന്നുണ്ടെന്നും വിസി ഇന്നലെ വ്യക്തമാക്കിയിരുന്നു.

ബിടെക് വിദ്യാർത്ഥി ഗ്രേസ് മാർക്ക് ഇനത്തിൽ ഒരു മാർക്ക് മോഡറേഷൻ ആവശ്യപ്പെട്ടാണ് ആദ്യം സർവകലാശാലയ്ക്ക് അപേക്ഷ നൽകിയത്. നാഷനൽ സർവീസ് സ്‌കീമിൽ അംഗമായതിനുള്ള ഗ്രേസ് മാർക്ക് ഈ വിദ്യാർത്ഥിക്ക് ലഭിച്ചതിനാൽ വീണ്ടും ഗ്രേസ് മാർക്ക് അനുവദിക്കാൻ പറ്റില്ലെന്ന് പരീക്ഷാ ഭവനിലെ ഉദ്യോഗസ്ഥർ മറുപടി നൽകി. ഇതോടെ വിദ്യാർത്ഥിയുടെ അപേക്ഷ വൈസ് ചാൻസലറും തള്ളി. തുടർന്ന് വിദ്യാർത്ഥി പരീക്ഷാ അദാലത്തിൽ സ്പെഷൽ മോഡറേഷന് അപേക്ഷ നൽകി. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ മോഡറേഷൻ അനുവദിക്കാൻ കഴിയില്ല എന്ന കാരണത്താൽ ഈ അപേക്ഷയും പരിഗണിക്കാൻ കഴിയില്ലെന്ന് പരീക്ഷാ ഭവൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഇതോടെ ഈ വിഷയം വൈസ് ചാൻസലർ അക്കാദമിക് കൗൺസിലിന്റെ പരിഗണനയ്ക്കു വിട്ടു. പിന്നീട് അക്കാദമിക് കൗൺസിൽ യോഗം ചേർന്നിട്ടില്ല.

അക്കാദമിക് കൗൺസിൽ തീരുമാനം എടുക്കുന്നതിനു മുൻപ് പ്രത്യേക വിവേചനാധികാരം ഉപയോഗിച്ചു സിൻഡിക്കറ്റ് മാർക്ക് കൂടുതൽ കൊടുക്കാൻ തീരുമാനിച്ചു. സാധാരണ രീതിയിൽ അക്കാദമിക് കൗൺസിലിന്റെ നിർദ്ദേശപ്രകാരം പാസ് ബോർഡ് കൂടിയാണ് മോഡറേഷൻ നൽകേണ്ടത്. അതും പരീക്ഷാഫലം പ്രഖ്യാപിച്ചാൽ മോഡറേഷൻ നൽകാറുമില്ല. ഇവിടെ പാസ് ബോർഡ് കൂടിയിട്ടില്ല. പ്രീഡിഗ്രി വേർപെടുത്തിയപ്പോൾ തോറ്റവർക്ക് ഇതു പോലെ മാർക്ക് ദാനം നടത്തിയിട്ടുണ്ടെന്ന ന്യായീകരണത്തിന്റെ പേരിലായിണ് മാർക്ക് ദാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP