Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുലർച്ചെ ഞാൻ കണ്ണ് തുറന്നപ്പോൾ അവൻ എന്റെ ശരീരത്തിനു മുകളിലായിരുന്നു; 'പടവെട്ട് സിനിമയുടെ' എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി; നിർമ്മാതാക്കൾക്ക് എതിരെ നിയമനടപടി വേണമെന്ന് ഡബ്ല്യുസിസി

പുലർച്ചെ ഞാൻ കണ്ണ് തുറന്നപ്പോൾ അവൻ എന്റെ ശരീരത്തിനു മുകളിലായിരുന്നു; 'പടവെട്ട് സിനിമയുടെ' എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി; നിർമ്മാതാക്കൾക്ക് എതിരെ നിയമനടപടി വേണമെന്ന് ഡബ്ല്യുസിസി

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: നിവിൻ പോളി നായകനാകുന്ന 'പടവെട്ട്' ചിത്രത്തിന്റെ സംവിധായകന് നേരെ ഉണ്ടായ പീഡന പരാതിക്ക് ശേഷം വീണ്ടും മീ ടൂ ആരോപണം. ഉയർന്നിരുന്നു. പടവെട്ട് സിനിമയുടെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവം വിമൻ എഗിനിസ്റ്റ് സെക്ഷ്വൽ ഹറാസ്‌മെന്റ് എന്ന ഫേസ്‌ബുക് പേജിലൂടെയാണ് നടിയായ അതിജീവിത പങ്കുവച്ചത്.

പടവെട്ടിലെ നായികാവേഷത്തിനായി ഓഡിഷന് വേണ്ടി കണ്ണൂരിലുള്ള അരോമ റിസോർട്ടിൽ വരാൻ ആവശ്യപ്പെട്ടെന്നും എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറായ ബിബിൻ പോളിനൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയും ഉണ്ടായിരുന്നു എന്നും അതിജീവിത പോസ്റ്റിൽ പറഞ്ഞിരുന്നു.

ഈ സംഭവത്തിന് ശേഷം താൻ മലയാള സിനിമകളിലെ വേഷങ്ങൾക്കായുള്ള ശ്രമം നിർത്തി എന്നും, മറ്റ് കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും ഉള്ളതിനാൽ ഈ ഇൻഡസ്ട്രിയിൽ തനിക്ക് പ്രതീക്ഷയില്ലായിരുന്നു എന്നും അതിജീവിത കുറിച്ചു. 'ബിപിൻ പോളിനെ ഒരിക്കൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. സംവിധായകൻ ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാർത്താ ലേഖനം എന്റെ സുഹൃത്ത് അയച്ചുതന്നപ്പോൾ ,എന്താണ് ഇവരിൽ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് എനിക്ക് തോന്നി. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ വാർത്തകൾ ഇല്ലാതായി. ഇന്ന് ലിജു കൃഷ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അതിജീവിതയുടെ ദുരന്തങ്ങളും ജീവിതത്തിനേറ്റ ആഘാതവും വോയ്സ് ക്ലിപ്പ് ലൂടെ കേട്ടതിന് ശേഷം എന്റെ അനുഭവം പങ്കിടണമെന്ന് ഞാൻ തീരുമാനിച്ചു. പല പെൺകുട്ടികളും പടവെട്ട് സിനിമയുടെ ഓഡിഷനു പോയിട്ടുണ്ട് എന്ന് എനിക്കറിയാം, അതിനാൽ എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കൂടുതൽ പെൺകുട്ടികൾക്ക് അവരുടെ മോശം അനുഭവങ്ങൾ പുറത്തു പറയാൻ ധൈര്യം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'' അതിജീവിത പോസ്റ്റിൽ വ്യക്തമാക്കുന്നു

ഈ പശ്ചാത്തലത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി ഇല്ലാതെ ചിത്രീകരിച്ച സിനിമയാണ് പടവെട്ട് എന്നും നിർമ്മാതാക്കൾക്ക് എതിരെ നിയമനടപടി സ്വീകരിക്കണമെന്നും സിനിമാ രംഗത്തെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് ആവശ്യപ്പെട്ടു. അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണം എന്നാണ് ഞങ്ങൾ കരുതുന്നത്. കേരള ഹൈക്കോടതിയിൽ ഡബ്ല്യുസിസി നൽകിയ റിട്ട് ഹർജിക്ക് മറുപടിയായി, ഓരോ ഫിലിം യൂണിറ്റിനും അവരുടേതായ ഐസി ഉണ്ടായിരിക്കണമെന്നും പോഷ് നിയമങ്ങൾ പാലിക്കണമെന്നും കോടതി ഉത്തരവ് ഈ വർഷമാണ് നിലവിൽ വന്നത്. എന്നിട്ടും പല നിർമ്മാതാക്കളും നഗ്നമായ നിയമവിരുദ്ധ നടപടികൾ തുടരുകയാണെന്നും ഡബ്ല്യുസിസി കുറ്റപ്പെടുത്തി. നിയമം പാലിക്കാത്ത നിർമ്മാതാക്കൾക്കെതിരെ നിയമപരമായ നടപടികൾ എടുക്കുന്നതും ചലച്ചിത്ര സംഘടനകളുടെ അംഗങ്ങൾ ചേർന്ന മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയിൽ പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കുറിപ്പിൽ പറഞ്ഞു.

ഡബ്ല്യൂ.സി.സിയുടെ കുറിപ്പ്

വീണ്ടും മലയാളസിനിമയിലെ ഒരതിജീവിതമാർ മൗനം വെടിഞ്ഞ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. കേസു കൊടുത്ത പെൺകുട്ടികൾ കടന്നു പോകുന്ന അവസ്ഥ ഭീകരമാണ്. നീതിയിലുള്ള വിശ്വാസം തന്നെ ഇവിടെ ജീവിക്കുന്നവരിൽ നഷ്ടപ്പെട്ടു പോകുന്ന നിലയിലേക്കാണ് കാര്യങ്ങൾ ചെന്നെത്തി നിൽക്കുന്നത്.

'പടവെട്ട് ' എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണക്കെതിരെ, ഒരു പെൺകുട്ടി. പോഷ് ആക്ട് (2018 ) അനുസരിച്ച് ഐ.സി. ഇല്ലാത്ത യൂണിറ്റ് ആയിരുന്നു. പരാതി കേൾക്കാൻ ബാധ്യസ്ഥരായവരെല്ലാം മുഖം തിരിച്ചു. ഒടുവിൽ അവൾക്ക് പൊലീസിനെ സമീപിക്കേണ്ടി വന്നു. തുടർന്ന് പൊലീസ് ഇടപെടലിൽ സംവിധായകൻ അറസ്റ്റിലാവുകയും ചെയ്തു.

എന്നാൽ ജാമ്യത്തിലിറങ്ങിയ അയാൾ ഇപ്പോൾ തന്റെ സിനിമ റിലീസുമായി ബന്ധപ്പെട്ട ആഘോഷത്തിലാണ്. അതിജീവിതയാകട്ടെ ആശുപത്രിയിൽ ജീവൻ നിലനിർത്താനായി കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതുകയുമാണ്. കഴിഞ്ഞ ദിവസം അവളുടെ ദയനീയാവസ്ഥ മാതൃഭൂമി ഓൺലൈൻ വഴി പുറത്തുവന്നതിനെ തുടർന്ന് മറെറാരു പെൺകുട്ടി കൂടി പരാതിയുമായി രംഗത്ത് വന്നിരിക്കുന്നു. അതേ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർക്കെതിരെ 'ഓഡിഷന് ' പങ്കെടുത്ത പെൺകുട്ടിയാണ് പരാതി പരസ്യമാക്കിയത്. സംവിധായകന്റെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അവസ്ഥ കേട്ട് സഹിക്ക വയ്യാതെയാണ് ഈ പുതിയ വെളിപ്പെടുത്തലുണ്ടായത് എന്നത് ശ്രദ്ധേയമാണ്. സിനിമകളുടെ ഓഡിഷന്റെ പേരിൽ വീണ്ടും പല പെൺകുട്ടികളും ഇതുപോലെ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന സൂചന ഇത് കൃത്യമായി നൽകുന്നുണ്ട്.

ഗുരുതരമായ പരാതികൾ ഉണ്ടായിരുന്നിട്ടും പടവെട്ടിന്റെ നിർമ്മാതാക്കൾ ഈ സിനിമയുടെ നിർമ്മാണത്തിലൂടെ പീഡനത്തിനിരയായ യുവതികളോടുള്ള അവരുടെ ധാർമികവും നിയമപരവുമായ ഉത്തരവാദിത്തം നഗ്നമായി ലംഘിക്കുകയാണ്. വിഷയത്തെ അഭിസംബോധന ചെയ്യുന്നതിനുപകരം അവർ അത് അവഗണിക്കുകയും സിനിമയുടെ വാണിജ്യ ചൂഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു.

ഒരു പരാതി ഉണ്ടായാൽ നിയമപരമായി അത് ഉന്നയിക്കാൻ ആവശ്യമായ ഒരു അഭ്യന്തര പരാതി പരിഹാരസമിതി ഇല്ലാതെ നടത്തിയെടുത്ത സിനിമയാണ് 'പടവെട്ട്'. പക്ഷി മൃഗാധികൾ സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിൽ അവയെ ഷൂട്ടിങ്ങ് വേളയിൽ ദ്രോഹിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം സെൻസർ സർട്ടിഫിക്കറ്റ് കിട്ടുന്ന സംവിധാനമാണ് ഇവിടെയുള്ളത്. എന്നാൽ സിനിമയിൽ ഒരു സ്ത്രീ പീഡിപ്പിക്കപ്പെട്ടാൽ ആർക്കും ഒന്നുമില്ലെന്ന നില മനുഷ്യത്വഹീനവും നിയമ വിരുദ്ധവുമാണ്. തങ്ങൾ അനുഭവിച്ച പീഡനങ്ങൾക്ക് ഉത്തരവാദികളായ പടവെട്ട് സിനിമയുടെ സംവിധായകന്റെയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെയും പേരുകൾ സിനിമയുടെ ക്രെഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ഈ പെൺകുട്ടികൾ ആവശ്യപ്പെടുന്നത്. അതിജീവിതമാർക്ക് നീതി ലഭിക്കാനായി വനിതാ കമ്മീഷൻ മുൻകൈ എടുക്കണം എന്നാണ് ഞങ്ങൾ കരുതുന്നത്.

നിയമങ്ങൾ നിലവിലുണ്ടെങ്കിലും പല ഒഴികഴിവുകളുടെ മറവിൽ അത് നടപ്പിലാക്കാതിരിക്കാനായിരുന്നു ഇത്രകാലവും സിനിമാരംഗം ശ്രമിച്ചിരുന്നത്. കേരള ഹൈക്കോടതിയിൽ ഡബ്ല്യുസിസി നൽകിയ റിട്ട് ഹർജിക്ക് മറുപടിയായി, ഓരോ ഫിലിം യൂണിറ്റിനും അവരുടേതായ ഐസി ഉണ്ടായിരിക്കണമെന്നും പോഷ് നിയമങ്ങൾ പാലിക്കണമെന്നും കോടതി ഉത്തരവ് ഈ വർഷമാണ് നിലവിൽ വന്നത്. എന്നിട്ടും പല നിർമ്മാതാക്കളും നഗ്നമായ നിയമവിരുദ്ധ നടപടികൾ തുടരുകയാണ്.

സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾക്ക് അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ മേൽ നടപടികളാണ് അടിയന്തരമായി ആവശ്യമുള്ളത്. അതിനാവശ്യമായ ശക്തമായ പ്രായോഗിക പ്രവർത്തനങ്ങൾ മുന്നോട്ട് വെക്കുമെന്ന് പ്രതീക്ഷിച്ച ഹേമ കമ്മിറ്റി നിർദ്ദേശങ്ങൾ ഇപ്പോഴും കാണാമറയത്താണ്. മലയാള സിനിമാ പ്രൊഡക്ഷനിൽ ഐ.സി. രൂപീകരിക്കാൻ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ എല്ലാ ചലച്ചിത്ര സംഘടനകളുടെയും അംഗങ്ങൾ ചേർന്ന് മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ശരിയായ രീതിയിൽ ഐ സി പ്രവൃത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി ഒരു നല്ല മാതൃക കാണിക്കാൻ ഈ കമ്മിറ്റിക്ക് സാധ്യമാകുന്ന നിയമക്രമങ്ങൾ എത്രയും പെട്ടെന്നു ഉണ്ടാക്കേണ്ടതുണ്ട്. നിയമം പാലിക്കാത്ത നിർമ്മാതാക്കൾക്കെതിരെ നിയമപരമായ നടപടികൾ എടുക്കുന്നതും മോണിറ്ററിങ്ങ് കമ്മിറ്റിയുടെ പരിധിയിൽ പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു .ഗവൺമെന്റിന്റെ ഗൗരവപ്പെട്ട ഇടപെടൽ ഈ സാഹചര്യത്തിൽ വീണ്ടും ഡബ്ലു.സി.സി. ആവശ്യപ്പെടുന്നു.

അതിജീവിതയുടെ കുറിപ്പ്:

ഹായ്. ഞാനൊരു നടിയാണ്, ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളിൽ പ്രവർത്തിക്കുന്നു. പടവെട്ട് എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ബിബിൻ പോളുമായി എനിക്കുണ്ടായ ഏറെ മോശപ്പെട്ട അനുഭവം പങ്കുവെക്കാനാണ് ഞാൻ ഇത് എഴുതുന്നത്.
എന്റെ സുഹൃത്ത് ഗോഡ്സൺ ക്ലിക്കുചെയ്ത എന്റെ ചിത്രങ്ങൾ കണ്ടിട്ടാണ് കണ്ണൂരിലെ മട്ടന്നൂരിലേക്ക് നായികവേഷത്തിനായി ഓഡിഷന് വരാൻ എന്നോട് ബിബിൻ പോൾ ആവശ്യപ്പെടുന്നത്.

അരോമ റിസോർട്ടിൽ നടന്ന ഈ ഓഡിഷനു മാത്രമായാണ് ഞാൻ കണ്ണൂരിലേക്ക് വിമാനയാത്ര ചെയ്ത് എത്തിയത്. അവിടെ ബിബിനോടൊപ്പം ചിത്രത്തിന്റെ സംവിധായകൻ ലിജു കൃഷ്ണയും ഉണ്ടായിരുന്നു. സിനിമയുടെ നിർമ്മാതാവ് സണ്ണി വെയ്നും അവിടെ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും, അദ്ദേഹത്തിന് ഒരു ജന്മദിന പാർട്ടിക്ക് അടിയന്തരമായി പോകേണ്ടതിനാൽ ഞാൻ എത്തും മുമ്പ് പോയി എന്നാണ് അവർ എന്നോട് പറഞ്ഞത്. ആയതിനാൽ ഞങ്ങൾ മൂവരും സിനിമയെ കുറിച്ച് സംസാരിക്കുകയും എന്റെ ഓഡിഷൻ കൊടുക്കുകയും ചെയ്തു. ശേഷം ഡയറക്ടറും യാത്ര പറഞ്ഞിറങ്ങി. ഉച്ചക്ക് രണ്ടു മണി മുതൽ ഞാൻ ബിബിനുമായി സംസാരിച്ചിരിക്കയായിരുന്നു.

എന്റെ ബസ്സ് രാത്രി 9:30 ആയതിനാൽ, ഏകദേശം 9 മണിയോടെ ഞാൻ ബിബിനിനോട് പലതവണ എന്നെ ഡ്രോപ്പ് ചെയ്യാൻ ആവശ്യപ്പെട്ടു, പക്ഷേ കനത്ത മഴയും, ഡ്രൈവർ കോൾ എടുക്കുന്നില്ല എന്നീ കാരണങ്ങൾ പറഞ്ഞ് അയാൾ എന്നെ വിട്ടില്ല. എനിക്ക് ആ ബസ്സ് മിസ്സായി. പകരം അയാൾ രാവിലെ 7 മണിക്ക് ഫ്‌ളൈറ്റ് ബുക്ക് ചെയ്തു, എന്ത് വിലകൊടുത്തും എന്നെ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനവും ചെയ്തു. അയാൾ സത്യസന്ധമായാണ് കാര്യങ്ങൾ പറയുന്നതെന്നാണ് എനിക്ക് അപ്പോൾ തോന്നിയത്.

അത്താഴം കഴിഞ്ഞ് കുറച്ചു നേരം കൂടി അയാളോട് സംസാരിച്ച ശേഷം ഞാൻ ഉറങ്ങാൻ പോയി. ഒരു മുറി മാത്രമുള്ളതിനാലും, അധിക വാഷ്റൂം ഇല്ലാത്തതിനാലും ഞാൻ കിടക്കുന്ന മുറിയുടെ വാതിൽ തുറന്നിടാൻ അയാൾ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് അതിലൊന്നും സംശയം തോന്നിയതുമില്ല. ഞാൻ ഗാഢനിദ്രയിലായിരുന്നു. ഏകദേശം പുലർച്ചെ മൂന്നിനും, മൂന്നേ മുപ്പതിനുമിടക്ക് എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടു

ഞാൻ കണ്ണ് തുറന്നപ്പോൾ അവൻ എന്റെ ശരീരത്തിനു മുകളിലായിരുന്നു. ഞാൻ പേടിച്ച് നിലവിളിച്ചു കൊണ്ട് കോട്ടേജിന്റെ പുറത്തേക്ക് ഓടി. അയാൾ പുറകെ വന്ന് എന്നോട് ബഹളം വെക്കുന്നത് നിർത്താൻ അപേക്ഷിച്ചു, അവൻ ഇനി ഇത് ആവർത്തിക്കില്ലെന്ന് പറഞ്ഞു, അബദ്ധത്തിൽ സംഭവിച്ചു പോയതാണെന്നും. അതിനുശേഷം ഞങ്ങൾ രണ്ടുപേരും ഉറങ്ങിയില്ല, രാവിലെ വീണ്ടും എന്നെ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞപ്പോൾ 11:00 മണിക്കുള്ള ഫ്‌ളൈറ്റ് ബുക്ക് ചെയ്യാമെന്ന് പറഞ്ഞു. അയാളുടെ ഉദ്ദേശം ശരിയല്ലെന്ന് അപ്പോളെനിക്ക് കൂടുതൽ മനസ്സിലായി.

ഞാൻ അവിടെ നിന്ന് പുറത്തുപോകണമെന്ന് ശാഠ്യം പിടിച്ചു, എന്റെ വഴക്കിനൊടുവിൽ അയാൾക്ക് മറ്റൊരു മാർഗവുമില്ലാതെ എന്നെ എയർപ്പോർട്ടിൽ വിട്ടു. അയാൾ എന്തെങ്കിലും മോശമായി ശ്രമിക്കുന്നതിന് മുമ്പ് ഞാൻ ഉണർന്നതിനാൽ ആ സംഭവത്തെ ഒരു പേടിസ്വപ്നമായി മനസ്സിൽ നിന്ന് ഉപേക്ഷിച്ചു. പിന്നീട് അയാൾ എന്തെങ്കിലും മെസേജ് ചെയ്താൽ മാത്രം ഞാൻ മറുപടി കൊടുക്കുന്ന ബന്ധമായത് മാറി.എന്നാൽ ഒരു മാസത്തിന് ശേഷം ഞാൻ മലയാളം ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ഒരു എഴുത്തുകാരനുമായി ഇതിനെക്കുറിച്ച് ചർച്ച ചെയ്തു, അപ്പോഴാണ് അദ്ദേഹം പറഞ്ഞത്, ചുരുങ്ങിയത് 6 മാസം മുമ്പെങ്കിലും ഈ പ്രോജക്റ്റിനായി അദിതി ബാലൻ കരാറിൽ ഒപ്പിട്ടിട്ടുണ്ടെന്ന്.

മാത്രവുമല്ല എന്റെ പ്രൊഫൈൽ തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലെന്നും അതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നുമാണ് പ്രൊഡ്യൂസറായ സണ്ണി വെയ്ൻ ആ എഴുത്തുകാരനോട് പറഞ്ഞത്. യഥാർഥത്തിൽ ബിബിൻ പോളും ലിജു കൃഷ്ണയും പങ്കു ചേർന്ന് പെൺകുട്ടികളെ സിനിമ എന്ന പേരിൽ കബളിപ്പിക്കുകയാണെന്ന് എനിക്ക് കൂടുതൽ ബോധ്യമായി. കാരണം ശേഷം ഇരുവരും ബാംഗ്ലൂരിൽ വന്നപ്പോൾ പലതവണ എന്നെ പാർട്ടിക്കായി ക്ഷണിച്ചിരുന്നു. ഞാനതിൽ നിന്ന് ഒഴിഞ്ഞുമാറി.

പടവെട്ട് സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി എനിക്ക് കൂടെ നിൽക്കാൻ താൽപര്യമുണ്ടോ എന്നും അയാൾ അന്വേഷിച്ചു. അപ്പോൾ അയാളുടെ അൺപ്രൊഫഷണലിസത്തെക്കുറിച്ചും പെൺകുട്ടികളെ ഈ രീതിയിൽ വഞ്ചിക്കുന്നതിനെക്കുറിച്ചും ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചും ഞാൻ ബിബിന് ശക്തമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ സംഭവത്തിന് ശേഷം ഞാൻ മലയാളം സിനിമകളിലെ വേഷങ്ങൾക്കായുള്ള ശ്രമം നിർത്തി, മറ്റ് കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും ഉള്ളതിനാൽ ഈ ഇൻഡസ്ട്രിയിൽ എനിക്ക് പ്രതീക്ഷയില്ലായിരുന്നു.

ബിപിൻ പോളിനെ ഒരിക്കൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. സംവിധായകൻ ലിജു കൃഷ്ണയുടെ ബലാത്സംഗ കേസിന്റെ വാർത്താ ലേഖനം എന്റെ സുഹൃത്ത് അയച്ചുതന്നപ്പോൾ, എന്താണ് ഇവരിൽ നിന്നുണ്ടായ അനുഭവമെന്ന് സമൂഹത്തോട് പങ്കിടണമെന്ന് എനിക്ക് തോന്നി. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ആ വാർത്തകൾ ഇല്ലാതായി. ഇന്ന് ലിജു കൃഷ്ണയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ അതിജീവിച്ചവളുടെ ദുരന്തങ്ങളും ജീവിതത്തിനേറ്റ ആഘാതവും വോയ്സ് ക്ലിപ്പ് ലൂടെ കേട്ടതിന് ശേഷം എന്റെ അനുഭവം പങ്കിടണമെന്ന് ഞാൻ തീരുമാനിച്ചു. പല പെൺകുട്ടികളും പടവെട്ട് സിനിമയുടെ ഓഡിഷനു പോയിട്ടുണ്ട് എന്ന് എനിക്കറിയാം, അതിനാൽ എന്റെ അനുഭവം പങ്കുവയ്ക്കുന്നതിലൂടെ കൂടുതൽ പെൺകുട്ടികൾക്ക് അവരുടെ മോശം അനുഭവങ്ങൾ പുറത്തു പറയാൻ ധൈര്യം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP