Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷംപോലും പറഞ്ഞു 'റൈറ്റ് മാൻ ഇൻ ദ റോങ്ങ് പാർട്ടി'; രാഷ്ട്രത്തേക്കാളും പാർട്ടിയേക്കാളും ഒരിക്കലും വളരാൻ ശ്രമിക്കാത്ത നേതാവ്; ബാബറി മസ്ജിദിന്റെ തകർച്ചയിലും ഗുജാറാത്ത് കലാപത്തിലും ഖിന്നനായ ഏക ബിജെപി നേതാവ്; പൊഖ്റാൻ സ്ഫോടനത്തിന്റെയും കാർഗിൽ യുദ്ധവിജയത്തിന്റെയും ക്രെഡിറ്റ് ഒരിക്കലും അവകാശപ്പടാത്ത നേതാവ്; വാജ്പേയിയുടെ കാലത്തുനിന്ന് മോദിയുടെ കാലത്തേക്കുള്ള ദൂരം എത്ര വലുതായിരുന്നു?

പ്രതിപക്ഷംപോലും പറഞ്ഞു 'റൈറ്റ് മാൻ ഇൻ ദ റോങ്ങ് പാർട്ടി'; രാഷ്ട്രത്തേക്കാളും പാർട്ടിയേക്കാളും ഒരിക്കലും വളരാൻ ശ്രമിക്കാത്ത നേതാവ്; ബാബറി മസ്ജിദിന്റെ തകർച്ചയിലും ഗുജാറാത്ത് കലാപത്തിലും ഖിന്നനായ ഏക ബിജെപി നേതാവ്; പൊഖ്റാൻ സ്ഫോടനത്തിന്റെയും കാർഗിൽ യുദ്ധവിജയത്തിന്റെയും ക്രെഡിറ്റ് ഒരിക്കലും അവകാശപ്പടാത്ത നേതാവ്; വാജ്പേയിയുടെ കാലത്തുനിന്ന്  മോദിയുടെ കാലത്തേക്കുള്ള  ദൂരം എത്ര വലുതായിരുന്നു?

കെ വി നിരഞ്ജൻ

ന്യൂഡൽഹി: ശരിയായ മനുഷ്യൻ ഒരു തെറ്റായ പാർട്ടിയിൽ! (ദ റൈറ്റ് മാൻ ഇൻ ദി റോങ്ങ് പാർട്ടി) വാജ്പേയ് പ്രധാനമന്ത്രിയായിരുന്ന 99 മുതൽ 2004 വരെയുള്ള കാലത്ത് പ്രതിപക്ഷത്തിനുപോലും സ്ഥിരമായ പറയാനുള്ളത് അതായിരുന്നു. വാജ്പേയ് അല്ല പ്രശ്നം അവരുടെ പാർട്ടിയാണെന്ന്.ഇന്ദ്രപ്രസ്ഥത്തിൽ താമരപ്പൂകൃഷിക്ക് ഇറങ്ങിയ ആർഎസ്എസിനും നന്നായി അറിയാവുന്നതായിരുന്നു ഇക്കാര്യം. വാജ്പേയിയുടെ ജനപ്രീതി അവരും നന്നായി ഉപയോഗപ്പെടുത്തി.

പക്ഷേ ഒന്നു ചിന്തിച്ചുനോക്കൂ. വാജ്പേയിയുടെ ഭരണത്തിലൂടെയും മോദിയുടെ ഭരണത്തിലൂടെയും കടന്നുപോയതാണ് ഈ രാജ്യം. പക്ഷേ അന്ന് ഉരുണ്ടുകൂടിക്കൊണ്ടിരുന്ന അസഹിഷ്ണുതയും തീവ്രഹിന്ദുത്വവും പശുരാഷ്ട്രീയവുമൊക്കെ ഇന്ന് എവിടെയത്തിയെന്ന് നോക്കുക. എങ്ങനെ അക്രമാസക്തമായി എന്ന് നോക്കുക. വാജ്പേയി സ്വാത്വികമായ ഹിന്ദുത്വത്തിന്റെ പ്രതിനിധിയായിരുന്നെങ്കിൽ മോദി അക്രമാസക്തമായ ഹിന്ദുത്വത്തിന്റെ പ്രായോഗിക രാഷ്ട്രീയ രൂപമാണെന്ന് പറയാതെ വയ്യ. അനുഭവം അതാണ് പഠിപ്പിക്കുന്നത്.ഒ രുപക്ഷേ, ബാബറി മസ്ജിദിന്റെ തകർച്ചയിലും ഗുജാറാത്ത് കലാപത്തിലും ഖിന്നനായ ഏക ബിജെപി നേതാവ് വാജ്പേയി ആയിരിക്കാം.

തന്റെ ഭരണകാലത്തുനടന്ന ഗുജറാത്ത് കലാപത്തിലെ ദുഃഖം വാജ്പേയി പിന്നീട് പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. പക്ഷേ അതേ ഗുജറാത്ത് കലാപം തന്നെ എങ്ങനെ അധികാരം പിടിക്കാമെന്നതിന് മോദിയടക്കമുള്ളവർക്ക് ടെസ്റ്റ് ഡോസായെന്നത് പിൽക്കാല ചരിത്രം.
അന്ന് മോദി ഒന്നുമായിരുന്നില്ലല്ലോ. ആർഎസഎസ് പ്രചാരകനായാണ് തുടങ്ങിയതെങ്കിലും വാജ്പേയിയുടെ സ്വാത്വിക ഹിന്ദുത്വം പിൽക്കാലത്ത് ആർഎസഎസിന് ദഹിച്ചിരുന്നില്ല.

പാർട്ടി താത്വികാചാര്യൻ ഗോവാന്ദാചാര്യ അക്കാര്യം തുറന്നു പറഞ്ഞത് വൻ വിവാദവുമായിരുന്നു. വാജ്പേയിയല്ല അദ്വാനിയാണ് സംഘത്തിന്റെ മുഖമെന്നതും വാജ്പേയി വെറുമൊരു മറയാണെന്നും ഗോവിന്ദാചാര്യ തുറന്നടിച്ചിരുന്നു. എന്നാൽ കാലം അദ്വാനിക്ക് എന്തായിരുന്നു കാത്തുവെച്ചിരുന്നതെന്നും പിൽക്കാല ചരിത്രം.

അദ്വാനി പതുക്കെ മോദിക്ക് വഴിമാറുന്നതും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രയോഗ ഗുണം കൊണ്ടാണ്. അദ്വാനി പറയുന്ന ആശയം അതിനേക്കാൾ ശക്തമായി ഒരാൾ പറയുകയും നടപ്പാക്കുകയും ചെയ്യുമ്പോൾ ആളുകൾ അയാൾക്കൊപ്പം നിൽക്കുമെന്ന ലളിതമായ ലോജിക്ക്.
പാർട്ടിക്കും രാഷ്ട്രത്തിനും അതീതനാണ് താൻ എന്ന ഇമേജ് ഒരിക്കലും കൊണ്ടുനടക്കാൻ വാജ്പേയി ഇഷ്ടപ്പെട്ടിട്ടില്ല. പൊഖ്‌റാൻ ആണവ പരീക്ഷണവും കാർഗിലിലെ തിരിച്ചടിയുമെല്ലാം ഇന്ത്യയുടെ വിജയത്തോടൊപ്പം വാജ്‌പേയിയുടെ കൂടി വിജയമായിരുന്നു.

ഇത്തരത്തിൽ ശക്തമായ രാജ്യമെന്ന നിലയിൽ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുക്കുന്ന തീരുമാനത്തിന് പുറകിൽ ദൃഢതയോടെ നിന്നത് വാജ്്‌പേയിയായിരുന്നു. ഇന്ത്യ എന്ന രീതിയിൽ പാക്കിസ്ഥാനെ തിരിച്ചടിച്ച് ദേശീയ വികാരം ആളിക്കത്തിക്കുന്നതിൽ വാജ്‌പേയി വഹിച്ച പങ്ക് വലുതാണ്. പക്ഷെ പ്രതിരോധത്തിൽ വീണ പിഴവും ജാഗ്രതയില്ലായ്മയുമാണ് 500ഓളം ഇന്ത്യൻ സൈനികരുടെ ജീവനെടുത്ത കാർഗിൽ യുദ്ധത്തിലേക്ക് നയിച്ചതെന്ന മറുവാദവുമുണ്ട്. യുദ്ധാനന്തരം പാക്കിസ്ഥാന് മേൽ വിജയക്കൊടി പാറിച്ച വ്യക്തമായ വിജയമായിരുന്നെങ്കിലും ആ നുഴഞ്ഞു കയറ്റം അന്ന് പ്രതിരോധിക്കാനായില്ലെന്നത് വാജ്‌പേയി സർക്കാരിന്റെ വീഴ്ചയായാണ് പിൽക്കാലത്ത് പല രാഷ്ട്രീയ നിരീക്ഷകരും വായിച്ചത്.

കാർഗിൽ യുദ്ധാനന്തരമാണ് വാജ്‌പേയി ശക്തനായതും ജനങ്ങൾക്കിടയിൽ അങ്ങേയറ്റം സ്വീകാര്യനായതും. പാക്കിസ്ഥാനെ ലോക രാജ്യങ്ങൾ ഒറ്റപ്പെടുത്തുന്ന തരത്തിലേക്ക് വരെ വാജ്‌പേയിയുടെ തീരുമാനം എത്തിച്ചു. ജനങ്ങൾക്കിടയിൽ വാജ്‌പേയി സ്വീകാര്യനാവുന്നത് ബിജെപിയെ സ്വീകരിക്കൽ കൂടിയാവും എന്ന അപകടം മണത്ത് റൈറ്റ് മാൻ ഇൻ ദി റോങ്ങ് പാർട്ടി എന്നാണ്് പ്രതിയോഗികൾ അദ്ദേഹത്തിനെ വിശേഷിപ്പിച്ചത്. എന്നാൽ പാർട്ടിയുടെ മേൽ അധീശത്വം സ്ഥാപിച്ച് പാർട്ടിയേക്കാൾ വളരാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. എന്നിലെന്തെങ്കിലും നന്മയുണ്ടെങ്കിൽ അത് എനിക്ക് ഈ പ്രസ്ഥാനത്തിൽ നിന്ന് ലഭിച്ചതാണെന്നും എന്നാൽ എന്നിലെ തിന്മയുടെ ഉത്തരവാദിത്വം എനിക്ക് മാത്രമാണെന്നുമായിരുന്നു ആ വിശേഷണത്തിന് വാജ്‌പേയി മറുപടി നൽകിയിരുന്നത്.

2004ലെ തിരഞ്ഞടെുപ്പിന് ശേഷം ബിജെപിയുടെ സ്വീകാര്യതയേക്കാൾ എത്രയോ മടങ്ങ് കൂടുതലായിരുന്നു വാജ്‌പേയിയുടെ സ്വീകാര്യത. 38 പോയിന്റായിരുന്നു അദ്ദേഹത്തിന്റെ റേറ്റിങ് പോയിന്റ്. ആ സമയം മോദിക്ക് ദേശീയതലത്തിൽ 3 പോയിന്റ് മാത്രമായിരുന്നു റേറ്റിങ്
ഒരുകാലത്തും പ്രതി്പക്ഷ ബഹുമാനം കൈവിടാത്ത നേതാവുകൂടിയായിരുന്നു അദ്ദേഹം. നെഹ്‌റുവും വാജ്‌പേയിയും പലപ്പോഴും പാർലമെന്റിൽ കൊമ്പുകോർത്തതെങ്കിലും ഇരുവരും കരുതലോടെ ആക്ഷേപ ശരമെയ്യാതെ പരസ്പരം ബഹുമാനിച്ചാണ് എന്നും സംസാരിച്ചത്. എത്രത്തോളം പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കാൻ ഒരു നേതാവിന് കഴിയമെന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഓരോ പ്രസംഗവും. ഈ പ്രതിപക്ഷ ബഹുമാനവും നയതന്ത്ര മികവുമാണ് ഇന്ത്യ പാക്കിസ്ഥാൻ സൗഹൃദത്തിലേക്ക് 1999ൽ തുടക്കമിട്ട ലാഹോർ ബസ് പദ്ധതി വിഭാവനം ചെയ്യുന്നതിൽ വാജ്‌പേയിയെ എത്തിച്ചതും.

ഉത്തരേന്ത്യയെ മാത്രം കേന്ദ്രബിന്ദുവാക്കിയും പ്രാധാന്യം നൽകിക്കൊണ്ടുമുള്ള രാഷ്ട്രീയ നിലപാടായിരുന്നില്ല വാജ്‌പേയിയുടേത്. ദക്ഷിണേന്ത്യയിൽ ദശാബ്ദങ്ങളായി കീറാമുട്ടിയായിരുന്ന നദീജലതർത്തെ പ്രാധാന്യത്തോടെയും വേഗതയോടെയുമായിരുന്നു വാജ്‌പേയി പരിഹരിച്ചത്. കാവേരി, മുല്ലപ്പെരിയാൽ പ്രശ്നങ്ങൾ ചൂടുപിടിച്ചപ്പോൾ പ്രധാനമന്ത്രി വാജ്പേയി മുൻകൈ എടുത്ത് തമിഴ്‌നാട്, കർണാടക, കേരളസർക്കാർ പ്രതിനിധികളെ വിളിച്ചു കൂട്ടി ചർച്ചയ്ക്ക് വേദിയൊരുക്കി ശത്രുക്കളുടെപോലും പ്രശംസപിടിച്ചുപറ്റി.

വാജ്പേയിയുടെ ഭരണകാലം ഇന്ത്യയുടെ രാമരാജ്യ കാലമൊന്നും ആയിരുന്നില്ല. പരാതികളും പരിമിതികളും അഴിമതികളും സ്വജനപക്ഷപാതിത്വങ്ങളുമെല്ലാം എല്ലാകാലത്തെയുംപോലെ അന്നും ഉണ്ടായിരുന്നു.പക്ഷേ അസഹിഷ്ണുത കുറവായിരുന്നു.അഭിപ്രായ സ്വാതന്ത്ര്യം കൂടുതലായിരുന്നു.ഇന്നത്തെ ഭീതിയുടെ അർധ ഫാസിസ്റ്റ് കാലഘട്ടത്തിൽനിന്ന് നാം തിരിഞ്ഞുനോക്കുമ്പോഴാണ് വാജ്പേയിയുടെ പ്രാധാന്യം അറിയുക. ആ തിരിച്ചറിവ് രാജ്യം നേരിടുന്ന അപായത്തിന്റെ സൂചനകളുമാണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP