Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സോഫി എന്തൊക്കെയോ മറച്ചുവയ്ക്കുന്നു; അവളെ നിരീക്ഷിച്ചാൽ സാമിന്റെ മരണത്തിന് ഉത്തരം കിട്ടും'; ഓസ്‌ട്രേലിയൻ പൊലീസിനെ ഫോൺ വിളിച്ച് കാര്യങ്ങൾ അറിയിച്ചത് അരുൺ കമലാസനന്റെ ചതിയിൽ വീണ മറ്റൊരു കാമുകി; സാം എബ്രഹാമിന്റെ കൊലപാതകത്തിൽ ഭാര്യയേയും കാമുകനേയും അകത്താക്കിയത് മലയാളി യുവതിയുടെ ഇടപെടൽ; മെൽബൺ കൊലയിൽ സോഫിയും അരുണും ഇരുമ്പഴിയിക്കുള്ളിലായത്‌ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: ഓസ്ട്രേലിയയിലെ മെൽബണിൽ മലയാളിയായ സാം എബ്രഹാമിനെ കാമുകനും ഭാര്യ സോഫിയയും ചേർന്നു കൊലപ്പെടുത്തിയത് പൊലീസിനെ അറിയിച്ചതിന് പ്രണയിനി തന്നെ. സാം വധക്കേസിലെ പ്രതിയായ ഭാര്യ സോഫിയുടെ കാമുകൻ അരുൺ കമലാസനന്റെ മറ്റൊരു കാമുകിയാണ് സാം വധത്തിലെ നിർണായക വെളിപ്പെടുത്തൽ നടത്തി കേസിൽ വഴിത്തിരിവായത്. അരുൺ എബ്രഹാമിന്റെ ചതിയിലകപ്പെട്ട മറ്റൊരു പെൺകുട്ടി സാം വധത്തിലെ സത്യാവസ്ഥ അജ്ഞാത ഫോൺ സന്ദേശത്തിലൂടെ പൊലീസിനെ അറിയിക്കുയായിരുന്നു. തനിക്ക് അരുണിനെ നഷ്ടപ്പെടുമെന്ന പെൺകുട്ടിയുടെ ഭയമായിരുന്നു കേസിൽ പൊലീസിനെ സഹായിക്കാൻ നിർണായക വഴിത്തിരിവായത്.

അരുണിനെ ചോദ്യം ചെയ്തപ്പോഴാണ് അജ്ഞാത ഫോൺ കോളിന്റെ ഉറവിടം 
തന്റെ മറ്റൊരു കാമുകി തന്നെയായിരുന്നെന്ന് പൊലീസ് തിരിച്ചറിയുന്നത്. അരുണിനെ നഷ്ടപ്പെടുമെന്ന ഭയം മൂലമായിരുന്നു ഇവർ അജ്ഞാത ഫോൺകോൾ ചെയ്തതെന്നും അന്വേഷണസംഘത്തിന് അരുൺ മൊഴി നൽകി.

മെൽബണിലെ യുഎഇ എക്സ്ചേഞ്ച് ജീവനക്കാരനായ സാം മാത്യൂസ് കൊല്ലപ്പെടുന്നത് 2016 ഒക്ടോബറിലാണ്. ഹൃദയാഘാതമയിരുന്നു മരണ കാരണം എന്നു ഭാര്യ സേഫിയ എല്ലാവരേയും വിശ്വസിപ്പിച്ചു. എന്നാൽ തന്റെ കാമുകൻ അരുൺ കമലാസനൊപ്പം ജീവിക്കാൻ ഇരുവരും ചേർന്നു സാമിനെ കൊലപ്പെടുത്തുകയായിരുന്നു. അപ്പോഴാണ് പൊലീസിന് അജ്ഞാത ഫോൺ വിളി എത്തിയത്. ഇതോടെ കള്ളി പൊളിഞ്ഞു. സാമിന്റെ ഭാര്യയും കാമുകനും പിടിക്കപ്പെട്ടു. . ഓസ്‌ട്രേലയയിലെ മെൽബണിൽ മലയാളിയായ സാം ഏബ്രഹാമിനെ ഭാര്യയും കാമുകനും സയനൈഡ് നല്കി കൊലപ്പെടുത്തിയത് രണ്ടുവർഷം മുമ്പാണ്. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഓസ്‌ട്രേലിയൻ പൊലീസിന് അജ്ഞാത ഫോൺസന്ദേശം ലഭിക്കുന്നത്. സോഫിയയുടെ ചെയ്തികൾ നിരീക്ഷിച്ചാൽ കൊലയ്ക്ക് ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം.

വിദേശമലയാളിയായ ഈ യുവതിയെ വിവാഹം കഴിക്കാം എന്ന് അരുൺ വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ചതിക്കപ്പെടുകയാണ് എന്നു മനസിലാക്കിയ യുവതി സാമിന്റെ കൊലപാതികികളെ പറ്റി പൊലീസിൽ വിവരം നൽകുകയായിരുന്നെന്നാണു സൂചന. ജയിലിൽ കിടക്കുന്ന സോഫിയ ഇക്കാര്യം ചോദ്യം ചെയ്യലിനിടയിലാണ് അറിഞ്ഞത്. ഇതോടെ തകർന്നു പോയ ഇവർ അരുണിനെതിരെ മൊഴി നൽകിട്ടുണ്ട് എന്നു സൂചനയുണ്ട്. യുവതിയുടെ ഫോൺ വിളിയാണ് കേസിൽ നിർണ്ണായകമായത്. അജ്ഞാത ഫോൺ സംഭാഷണം വന്നതോടെ ഇടയ്ക്കു മരണത്തെക്കുറിച്ചു അറിയാൻ സോഫിയയെ പൊലീസ് വിളിച്ചു വരുത്തിരുന്നു. ഈ കേസിൽ ഇവരെ സംശയിക്കുന്നതിന്റെ ഒരു ലക്ഷണവും പൊലീസ് കാണിച്ചിരുന്നില്ല.

ഇതിനിടയിൽ സാമുമൊത്തു താമസിച്ചിരുന്ന വീട്ടിൽ നിന്നു സോഫിയ മാറിയതായി പൊലീസിനു വിവരം ലഭിച്ചു. ഈ സമയം അരുണിനൊപ്പം ഇവരെ കണ്ടതും സംശയം ബലപ്പെട്ടു. സോഫിയയുടെയും അരുണിന്റെയയും ഫോൺ സന്ദേശങ്ങൾ പരിശോധിച്ചതു കാര്യങ്ങൾ എളുപ്പമാക്കി. ഇതിനിടയിൽ സാമിന്റെ പേരിൽ ബാങ്കിൽ ഉണ്ടായിരുന്ന പണം സോഫിയ പിൻവലിച്ചിരുന്നു. സാം സോഫിയ ബന്ധത്തെക്കുറിച്ച് അറിയാൻ ബന്ധുക്കൾക്കിടയിൽ അന്വേഷണം നടത്തി. കഴിഞ്ഞ അവധിക്കാലത്തു നാട്ടിലെത്തിയ സാം സോഫിയയുടെ വഴിവിട്ട പോക്കിനെ കുറിച്ചു ബന്ധുക്കളോടു സൂചിപ്പിച്ചിരുന്നു. മാത്രമല്ല താൻ കൊല്ലപ്പെട്ടേക്കാം എന്നും മുന്നറിയിപ്പും നൽകിരുന്നു. ഇതോടെ പൊലീസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാകുകയായിരുന്നു. ഇതോടെ അന്വേഷണം അരുണിലും സോഫിയയിലും എത്തി.

സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം. പിജിയും എംബിഎയും കഴിഞ്ഞ് കുറച്ചുകാലം ബംഗളൂരുവിൽ ജോലി ചെയ്ത സാം തിരികെ ബാങ്കിങ് മേഖലയിൽ പ്രവേശിച്ചു. ഇതേസമയം സോഫിയ ഇലക്ട്രോണിക് ബിരുദം നേടിയശേഷം ടെക്നോപാർക്കിൽ ജോലി നേടി. പിന്നീട് സാം ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി നോക്കി. ഓസ്ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. സഹോദരിക്കും ഭർത്താവിനുമൊപ്പമായിരുന്നു കഴിഞ്ഞത്.

പിന്നീട് സാം ദുബായിൽ നല്ല ജോലിയിൽ പ്രവേശിച്ചതോടെ സോഫിയയെ ക്ഷണിച്ചു. എന്നാൽ സോഫിയക്ക് ആസ്ട്രേലിയയിലായിരുന്നു താൽപര്യം. ഇതിനെ തുടർന്ന് 2013ൽ സാം ആസ്ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി. സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതി. കോളജിലെ സഹപാഠി അരുണുമായി അടുക്കാനും ഇത് അവസരമൊരുക്കി. പ്രണയത്തിലായി. സാമിന്റെയും കുടുംബത്തിന്റെയും വില്ലനായി അരുൺ.

സോഫിയയുമായി ചേർന്ന് സാമിനെ വകവരുത്താൻ പല വട്ടം ശ്രമിച്ചു. മുഖംമൂടി ആക്രമണത്തിൽ സാമിന് കഴുത്തിനും കൈകൾക്കും മുറിവേറ്റു. ഇത് സാം അവിടത്തെ പൊലീസിൽ അറിയിച്ചിരുന്നു. ഇതും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സഹായകമായി. സാമിന് ഭീഷണികളുണ്ടായിരുന്നുവെന്ന തിരിച്ചറിവ് മെൽബൺ പൊലീസിന് വന്നത് ഇങ്ങനെയാണ്. സാം എബ്രഹാം കൊല്ലപ്പെട്ട് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഓസ്ട്രേലിയൻ പൊലീസിന് അജ്ഞാത ഫോൺസന്ദേശം ലഭിക്കുന്നത്. ' സോഫി എന്തൊക്കെയോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു.

സോഫിയെ നിരീക്ഷിച്ചാൽ സാം എബ്രഹാം എന്ന മലയാളി യുവാവിന്റെ മരണത്തിനു ഉത്തരം കണ്ടെത്താമെന്നായിരുന്നു സന്ദേശം. സാമിന്റെ സംസ്‌കാരം കഴിഞ്ഞു മടങ്ങിയെത്തിയ സോഫിയെ സാമിന്റെ സുഹൃത്തുക്കളും സോഫിയുടെ പരിചയക്കാരും ഉൾപ്പെടെ പലരും നിരീക്ഷിക്കാൻ തുടങ്ങി. ഭർത്താവ് മരിച്ചു ദിവസങ്ങൾ കഴിയും മുൻപേ കാമുകനുമൊത്തുള്ള കറക്കവും മറ്റും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഭർത്താവ് മരിച്ച ഒരു യുവതിയുടെ ശരീരഭാഷയും മാനസിക ഭാഷയും ആയിരുന്നില്ല സോഫിയിൽ കണ്ടത്. ഈ സാഹചര്യത്തിലായിരുന്നു അജ്ഞാത യുവതിയുടെ ഫോൺ സംഭാഷണമെത്തിയത്. സാമിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും ചില സൂചനകൾ ലഭിച്ചിരുന്ന പൊലീസ് ഈ സന്ദേശത്തെ ഗൗരവമായെടുത്തു.

ഭർത്താവിനെ കൊലപ്പെടുത്തിയശേഷം സുഖംജീവിതം നയിക്കാമെന്ന സോഫിയയുടെയും കാമുകൻ അരുൺ കമലാസനന്റെയും പദ്ധതി അതോടെ തകർന്നു. ഭാര്യയുടെ വഴിവിട്ട പോക്കിനെപറ്റി സാം മെൽബണിലുള്ള സോഫിയുടെ ബന്ധുക്കളെയും നാട്ടിലെ സ്വന്തം ബന്ധുക്കളെയും അറിയിച്ചിരുന്നു. ചില അടുത്ത സുഹൃത്തുക്കൾക്കും ഇതിൽ സംശയം ഉണ്ടായിരുന്നു ഓസ്ട്രേലിയയിലെ മെൽബണിൽ യു.എ.ഇ എക്സ്ചേഞ്ച് സെന്ററിലെ ജോലിക്കാരനായിരുന്ന സാം എബ്രഹാം കഴിഞ്ഞ ഒക്ടോബർ 14 നാണ് മരിച്ചത്.

മെൽബണിലെ താമസസ്ഥലത്തുവച്ച് ഭാര്യ സോഫി കാമുകനായ പാലക്കാട് സ്വദേശി അരുൺ കമലാസനുമായി ചേർന്ന് സയനൈഡ് ചേർത്ത ആഹാരം നൽകി സാമിനെ കൊല്ലുകയായിരുന്നു. ഭർത്താവ് ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് വീട്ടുകാരെയും പൊലീസിനെയും തെറ്റിദ്ധരിപ്പിച്ചത്. ഒരു ഭാവഭേദവുമില്ലാതെ ഭർത്താവിന്റെ മൃതദേഹം നാട്ടിലത്തെിച്ച് ഒക്ടോബർ 23ന് സംസ്‌കരിക്കാനും സോഫി മുന്നിലുണ്ടായിരുന്നു. ഇനിടെയാണ് അജ്ഞാത യുവതിയുടെ സന്ദേശം എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP