Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാതൃഭൂമി പറഞ്ഞത് പച്ചക്കള്ളം തന്നെ; പ്രതിഷേധത്തിനെ തുടർന്ന് പിൻവലിച്ച നോവൽ അതേ പടി പുസ്തകമാക്കുമെന്ന് എസ് ഹരീഷ്; വെളിപ്പെടുന്നത് എഴുത്തുകാരന്റെ തലയിൽ കെട്ടി വച്ച മാതൃഭൂമിയുടെ കാപട്യം

മാതൃഭൂമി പറഞ്ഞത് പച്ചക്കള്ളം തന്നെ; പ്രതിഷേധത്തിനെ തുടർന്ന് പിൻവലിച്ച നോവൽ അതേ പടി പുസ്തകമാക്കുമെന്ന് എസ് ഹരീഷ്; വെളിപ്പെടുന്നത് എഴുത്തുകാരന്റെ തലയിൽ കെട്ടി വച്ച മാതൃഭൂമിയുടെ കാപട്യം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ച മീശ എന്ന നോവൽ പുസ്തകമാക്കി പ്രസിദ്ധീകരിക്കുമെന്ന് നോവലിസ്റ്റ് എസ്. ഹരീഷ് പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം സാംസ്‌കാരിക പ്രവർത്തകരുടെ പ്രതിഷേധ കൂട്ടായ്മയിലാണ് ഹരീഷ് തീരുമാനം വെളിപ്പെടുത്തിയത്. ഇതോടെ മാതൃഭൂമി ആഴ്ചപതിപ്പിലെ നോവൽ പിൻവലിച്ചത് എഴുത്തുകാരൻ അല്ലെന്നും വ്യക്തമാവുകായണ്. മാതൃഭൂമിയുടെ നിർബന്ധപ്രകാരമാണ് ഹരീഷ് നോവൽ പിൻവലിച്ചതെന്നാണ് വ്യക്തമാകുന്നത്.

പ്രതിഷേധത്തെ തുടർന്ന് ഹരീഷ് സ്വയം നോവൽ പിൻവലിക്കുകയായിരുന്നുവെന്നാണ് മാതൃഭൂമി പ്രഖ്യാപനം നടത്തിയത്. സംഘപരിവാർ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരെ നടത്തിയ കടന്നാക്രമണത്തിൽ ചർച്ചയും നടത്തി. എന്നാൽ മീശയിലെ പരമാർശത്തെ തുടർന്ന് മാതൃഭൂമി പത്രത്തിന്റെ സർക്കുലേഷൻ കുറഞ്ഞു. ഈ സാഹചര്യത്തിൽ മാതൃഭൂമി ഇടപെട്ട് നോവൽ പ്രസിദ്ധീകരിക്കുന്നത് നിർത്തുകയായിരുന്നു. എഴുത്തുകാരൻ പിന്മാറിയില്ലെങ്കിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ മാനക്കേട് ഭയന്ന് എഴുത്തുകാരൻ പിന്മാറുകയായിരുന്നു. നോവൽ ഉടൻ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുമെന്ന് വന്നതോടെ എഴുത്തുകാരൻ സംഘപരിവാറുകാരെ ഭയക്കുന്നില്ലെന്നും വ്യക്തമായി.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള സംഘപരിവാർ അണികളുടെ സംഘടിതാക്രമണം സഹിക്കവയ്യാതെ എഴുത്തുകാരൻ തന്റെ നോവൽ പിൻവലിച്ചുവെന്നത് തെറ്റ്. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മീശ എന്ന നോവൽ എസ് ഹരീഷ് പിൻവലിച്ചത് മാധ്യമ സ്ഥാപനത്തിന്റെ സമ്മർദ്ദം മൂലമെന്ന് റിപ്പോർട്ട് മറുനാടൻ പുറത്തു വിട്ടിരുന്നു. എഴുത്തുകാരന്റെയും കുടുംബത്തിന്റെയും ജീവന് ഭീഷണിയാകും വിധം എതിർപ്പുകളും ഭീഷണികളും അതിരൂക്ഷമായതോടെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന മീശ എന്ന നോവൽ എസ് ഹരീഷ് പിൻവലിച്ചതെന്നാണ് വാർത്ത മാതൃഭൂമി പുറത്തുവിട്ടത്. എന്നാൽ എതിർപ്പുകൾ രൂക്ഷമായതോടെ മാതൃഭൂമി തന്നെ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. നോവൽ പിൻവലിച്ചേ മതിയാകൂവെന്ന് നിലപാട് എടുത്തു. അല്ലെങ്കിൽ പ്രസിദ്ധീകരിക്കുന്നത് നിർത്തുമെന്നും വ്യക്തമാക്കി.

അങ്ങനെ നിർത്തുന്നത് എഴുത്തുകാരന് കൂടുതൽ ചീത്തപേരുണ്ടാക്കുമെന്നും പറഞ്ഞു. അതിനാൽ മാതൃഭൂമിക്ക് പേരു ദോഷം ഉണ്ടാകാതിരിക്കാൻ നോവൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങിയാണ് ഹരീഷ് നോവൽ പിൻവലിച്ചത്. മീശയെന്ന നോവൽ പിൻവലിച്ചിട്ടും അതിനെതിരെ ശബ്ദിക്കാൻ സാംസ്‌കാരിക നായകർ പോലും രംഗത്ത് വന്നില്ല. എസ് ഹരീഷിന്റെ നോവലിന്റെ മൂന്ന് ഭാഗങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. വായനക്കാരുടെ സവിശേഷമായ ശ്രദ്ധ ഇതിനകം പിടിച്ചുപറ്റിയ നോവലിന്റെ രണ്ടാം ഭാഗത്താണ് എതിർപ്പുകൾക്ക് കാരണമായ പരാമർശങ്ങൾ ഉണ്ടായത്. നോവലിലെ കഥാപാത്രങ്ങളുടെ സംഭാഷണത്തിനിടെ സ്ത്രീകൾ ക്ഷേത്രത്തിൽ പോകുന്നതുമായി ബന്ധപ്പെട്ട പരാമർശമാണ് സംഘപരിവാർ അണികളെ പ്രകോപിപ്പിച്ചത്.

കഥാപാത്രത്തിന്റെ സംഭാഷണം ഏറ്റുപിടിച്ച് കഴിഞ്ഞ ഒരാഴ്ചയായി സാമൂഹികമാധ്യമങ്ങളിലും മറ്റും ഹരീഷിനെതിരെ നിലയ്ക്കാത്ത അസഭ്യങ്ങളും ഭീഷണികളും വർഷിക്കുകയായിരുന്നു. സ്ത്രീകളെയും വ്യാപകമായി രംഗത്തിറക്കി. പത്രത്തിന്റെ സർക്കുലേഷനെ ബാധിക്കുന്ന തരത്തിലേക്ക് സംഘപരിവാർ ചർച്ചകൾ കൊണ്ടു പോയി. സ്ത്രീകളുടെ നേതൃത്വത്തിൽ പലയിടത്തും മാതൃഭൂമി ബഹിഷ്‌കരിക്കാൻ പരിവാറുകാർ ആഹ്വാനം നടത്തി. ഇതോടെ മാതൃഭൂമിയുടെ സർക്കുലേഷൻ കുറഞ്ഞു. ഇത് നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ഇതോടെ വിഷയത്തിൽ മാനേജിങ് എഡിറ്റർ പിവി ചന്ദ്രനും എം വിശ്രേയംസ് കുമാറും ഇടപെട്ടു. ഇതോടെ ഹരീഷിന് മേൽ സമ്മർദ്ദമായി.

ആവിഷ്‌കാര സ്വാതന്ത്ര്യാമാണ് ഹരീഷിന്റെ നോവലെന്ന വാദം ആഴ്ചപതിപ്പിന്റെ ചുമതലയുള്ള കമൽറാം സജീവ് മുന്നോട്ട് വച്ചു. എംപി വീരേന്ദ്രകുമാർ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്നതും ഓർമിപ്പിച്ചു. എന്നാൽ പരിവാറുകാരെ പിണക്കി പത്രത്തെ പിന്നോട്ട് കൊണ്ടു പോകാനില്ലെന്ന നിലപാട് ശ്രേയംസ്‌കുമാറെടുത്തു. അതൃപ്തിയുണ്ടെങ്കിൽ രാജി വയ്ക്കാനും കമൽറാമിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് ഹരീഷിന് മേൽ സമ്മർദ്ദം ശക്തമാക്കിയതും. നാണക്കേട് ഒഴിവാക്കാൻ മനസ്സില്ലാ മനസോടെ ഹരീഷ് തീരുമാനിക്കുകയും ചെയ്തു. മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം ചില കേന്ദ്രങ്ങൾ സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത് ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ചാണ് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകൾ രംഗത്ത് വന്നത്. ഹിന്ദു സംഘടനകളുടെ ആക്രമണ ഭീഷണിയെയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തെയും തുടർന്നാണ് ഹരീഷ് സമ്മർദ്ദത്തിലായത്.

വിവാദമാക്കപ്പെട്ട പരാമർശം

പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെ കുളിച്ച് സുന്ദരിമാരായ അമ്പലത്തിൽ പോകുന്നന്നത്? ആറു മാസം മുൻപ് വരെ കൂടെ നടക്കാനുണ്ടായിരുന്ന സുഹൃത്ത് ഒരിക്കൽ ചോദിച്ചു. 'പ്രാർത്ഥിക്കാൻ' ഞാൻ പറഞ്ഞു. 'അല്ല, നീ ഒന്നുകൂടെ സൂക്ഷിച്ച് നോക്ക്, ഏറ്റവും നല്ല വസ്ത്രങ്ങൾ ഏറ്റവും ഭംഗിയായി അണിഞ്ഞു ഏറ്റവും ഒരുങ്ങി എന്തിനാണ് പ്രാർത്ഥിക്കുന്നത്? തങ്ങൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാറാണെന്ന് അബോധപൂർവമായി പ്രഖ്യാപിക്കുകയാണവർ'. ഞാൻ ചിരിച്ചു. 'അല്ലെങ്കിൽ അവരെന്താണ് മാസത്തിൽ നാലോ അഞ്ചോ ദിവസം അമ്പലത്തിൽ വരാത്തത്? തങ്ങൾ അതിന് തയ്യാറല്ലെന്ന് അറിയിക്കുകയാണ്. പ്രത്യകിച്ചും അമ്പലത്തിലെ തിരുമേനിമാരെ. അവരായിരുന്നല്ലോ പണ്ട് ഈ കാര്യത്തിന്റെ ആശാന്മാർ.'- യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ എസ്. ഹരീഷിന്റെ മീശ എന്ന നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിലെ സംഭാഷണം ഇങ്ങനെയായിരുന്നു. ഇതിനെതിരെ സൈബർ ആക്രമണം ശക്തമായതോടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉപേക്ഷിച്ചിരുന്നു ഹരീഷ്.

മനപ്പൂർവ്വം ഹിന്ദുത്വത്തെ അവഹേളിക്കാൻ ഹരീഷ് ശ്രമിച്ചുവെന്നാണ് സംഘ പരിവാർ അനുകൂലികൾ ആരോപിച്ചത്. പരസ്യമായി കുരീപ്പുഴ ശ്രീകുമാറിനെ മർദ്ദിച്ച പോലെ ഹരീഷിനെയും മർദ്ദിക്കുമെന്നും എസ്. ഹരീഷിന്റെ കൈ വെട്ടണമെന്നും സംഘപരിവാർ അനുയായികൾ പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്തു. കൂടാതെ ഹരീഷിന്റെ അമ്മയെ ഉൾപ്പടെ ഉള്ള ആളുകളെ സംഘം ചേർന്ന് സൈബർ ആക്രമണത്തിന് വിധേയമാക്കുകയും ചെയ്തു. എല്ലാം അതിരുവിട്ടപ്പോഴാണ് ഹരീഷ് ഫെയ്സ് ബുക്ക് പേജ് തന്നെ പൂട്ടിയത്. അപ്പർ കുട്ടനാടിനെ തന്നെ പ്രധാന കഥാപാത്രമാക്കി ഹരീഷ് എഴുതിയ നോവലാണ് മീശ. മീശ എന്ന കഥാപാത്രമാണ് നോവലിലെ കേന്ദ്രബിന്ദു. അയാളിലൂടെയാണ് കഥാകാരൻ കഥ പറയുന്നത്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെ സംഘപരിവാർ കൊലവിളി കേരളത്തിലും സജീവമാക്കുന്നതിന്റെ സൂചനയായി ഇതിനെ സോഷ്യൽ മീഡിയയിലുൾപ്പെടെ ഇത് വിലയിരുത്തപ്പെട്ടു. കലാകാരന്മാർക്ക് പ്രതികരിക്കാനാവാത്ത സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്ന വിലയിരുത്തലും സജീവമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP