Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202024Thursday

പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല.. ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ? ഓതിരം കടകം മറിഞ്ഞ് ഇടത്തോട്ടും വലത്തോട്ടും വെട്ടി എഴുപത്തിയഞ്ചാം വയസ്സിൽ നേടിയത് പത്മശീ തിളക്കം; കടത്തനാട്ടുകാരുടെ ഉണ്ണിയാർച്ചയായി മീനാക്ഷിയമ്മ മാറിയ കളരി ഗുരുക്കളുടെ കഥ ഇങ്ങനെ

പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല.. ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ? ഓതിരം കടകം മറിഞ്ഞ് ഇടത്തോട്ടും വലത്തോട്ടും വെട്ടി എഴുപത്തിയഞ്ചാം വയസ്സിൽ നേടിയത് പത്മശീ തിളക്കം; കടത്തനാട്ടുകാരുടെ ഉണ്ണിയാർച്ചയായി മീനാക്ഷിയമ്മ മാറിയ കളരി ഗുരുക്കളുടെ കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല.. ആണായ നിങ്ങൾ വിറയ്ക്കുന്നതെന്തേ?... ആയിരം വന്നാലും കാര്യമില്ല... വടക്കൻ പാട്ടുകളിലെ ഒരു ധീര വനിതയാണ് ഉണ്ണിയാർച്ച. അല്ലിമലർകാവിൽ കൂത്തുകാണാൻ പോയിരുന്ന ഉണ്ണിയാർച്ചയെ നാദാപുരത്തെ ജോനകർ അപഹരിക്കാൻ ശ്രമിച്ചു. അവരെ ആ ധീരവനിത പൊരുതിതോൽപ്പിച്ചുവെന്നാണ് വടക്കൻപാട്ടുകളിലെ കഥ. കളരിയുടെ കരുത്തിലായിരുന്നു ഈ വിജയം. ഉണ്ണിയാർച്ചയെന്ന ധീരതയെ അനുസമരിക്കുന്നതാണ് ഈ കളരി ഗുരുവിന്റേയും കഥ. കളരിയുടെ ഈറ്റില്ലമായ കടത്തനാട്ടിൽ കളരി അഭ്യാസത്തിന് പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഉണ്ണിയാർച്ചയുടെ ഈ പിന്മുറക്കാരി.

Stories you may Like

കളരിയുടെ ഈറ്റില്ലമായ പഴയ കടത്തനാടിന്റെ,കരുത്താണ് മീനാക്ഷിയമ്മ എന്ന കളരി ഗുരുക്കൾ. 75ാം വയസ്സിലും ചുവടുതെറ്റാതെ കളരിയുടെ വഴിയിൽ സഞ്ചരിക്കുന്ന ഈ അമ്മയിപ്പോൾ പത്മശ്രീ അംഗീകാരത്തിന്റെ നിറവിലാണ്. ഈ അംഗീകാരം കളരിയുടെ വഴിയിൽ തന്നെ നയിച്ച ഭർത്താവ് രാഘൂട്ടി ഗുരുക്കൾക്ക് സമ്മാനിക്കുകയാണെന്ന് മീനാക്ഷി അമ്മ പറയുന്നു. ഇത്, വലിയ അംഗീകാരമാണ്. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ദൈവാനുഗ്രഹം എന്നേ പറയാനുള്ളൂ. എല്ലാവരോടും നന്ദിയുണ്ട്. പഴയ പ്രതാപമില്ലെങ്കിലും ഇന്നും കളരികൾ ഇവിടെ സജീവമാണ്. ലോകത്തിന്റെ വിവിധ കോണിൽനിന്ന് കളരിയെ അറിയാനും പഠിക്കാനുമായി നിരവധിപേരത്തെുന്നുണ്ട്. ഈ മേഖലയുടെ ഉണർവിന് അംഗീകാരം ഇടയാവട്ടെയെന്നാണ് പ്രാർത്ഥനയെന്നും മീനാക്ഷി അമ്മ പറഞ്ഞു.

വടകര കരിമ്പനപ്പാലത്ത് കിഴക്ക് കായക്കയിൽ ഗോവിന്ദ് വിഹാറെന്ന തന്റെ വീട്ടുവളപ്പിലാണ് മീനാക്ഷിയമ്മയുടെ കളരി. കടത്തനാടൻ കളരിസംഘത്തിലെ നൂറുകണക്കിന് ശിഷ്യരുടെ ഗുരുവാണ് ഈ വീട്ടമ്മ. രാവിലെയും വൈകീട്ടും ശിഷ്യർക്ക് കളരിപ്പയറ്റിലെ വിവിധ മുറകൾ പകർന്നുനൽകുന്നു. ഇതിനുപുറമെ നാടുനീളെ കളരി പ്രദർശനവും നടത്തുന്നു. ഏഴാം വയസ്സിലാണ് കളരിയിലത്തെിയത്. ഇപ്പോൾ, ആറു മുതൽ 60 വയസ്സുവരെയുള്ളവർ ഇവരുടെ കീഴിൽ അഭ്യസിക്കുന്നു. ഭർത്താവ് വിടപറഞ്ഞതോടെയാണ് കടത്തനാട് കളരി സംഘത്തിന്റെ ചുമതല ഏറ്റെടുത്തത്. സഹായത്തിനായി ഭർത്താവിന്റെ ശിഷ്യന്മാരുണ്ട്. രാവിലെ ആറു മുതൽ എട്ടു വരെയുള്ള പരിശീലനത്തിനു മറ്റു ഗുരുക്കന്മാരോടൊപ്പം മീനാക്ഷിയമ്മയുണ്ടാകും. വൈകുന്നേരം അഞ്ചിനു തുടങ്ങുന്ന പരിശീലനം ചിലപ്പോൾ രാത്രി ഏറെ വൈകും. യുവാക്കളുമായി ഇവർ പയറ്റി ജയിക്കുന്നതിന്റെ വിഡിയോ ബി.ബി.സി അടക്കമുള്ള മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്തിരുന്നു.

കുടുംബത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനായി 45 വർഷത്തോളം കളരിയിൽനിന്ന് മാറിനിന്നു. ഒമ്പതു വർഷം മുമ്പാണ് വീണ്ടും കളരിയിലിറങ്ങിയത്. ഭർത്താവിനോടൊപ്പം നിഴൽപോലെയുണ്ടായിരുന്ന മീനാക്ഷിയമ്മ എല്ലാ കാര്യങ്ങളും യഥാസമയം ശ്രദ്ധിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ നിർദ്ദേശം മടി കൂടാതെ സ്വീകരിക്കുകയായിരുന്നു. മറ്റു കളരികളിലേതുപോലെ ഫീസ് വാങ്ങുന്ന രീതി കടത്തനാട് കളരി സംഘത്തിലില്ല. രാഘൂട്ടിഗുരുക്കളുടെ മേന്മയും നന്മയുമാണിത്. ഇത്, മുറുകെ പിടിച്ചു മീനാക്ഷിയമ്മയും ദക്ഷിണ മാത്രം വാങ്ങുന്നു. മക്കളായ സജീവ് കുമാർ, പ്രദീപ് കുമാർ, ചന്ദ്രപ്രഭ, റൂബി എന്നിവർ കളരിപ്പയറ്റ് പരിശീലിച്ചവരാണ്.

കടത്തനാടൻ കളരി സംഘത്തിൽ മീനാക്ഷിയമ്മ ചുവടുറപ്പിച്ച് തുടങ്ങിയത് ഏഴാമത്തെ വയസ്സമുതലാണ്. മക്കളും കൊച്ചുമക്കളുമായി ഇന്ന് വയസ്സ് എഴുപത്തി മൂന്ന് കഴിഞ്ഞിട്ടും ആ മെയ്വഴക്കത്തിനും ചുവടിനും ഇന്നും ഏഴാം വയസിന്റെ ആവേശവും ഊർജവുമുണ്ട്. 73 വയസ്സിന് ശേഷവും ഉയർന്ന് ചാടി വെട്ടുന്ന തന്റെ കളരി ജീവിതം തന്നെയാണ് ഇവർക്ക് പ്രധാനം. പുതുപ്പണം കരിമ്പനപ്പാലത്തെ കടത്തനാട് കളരി സംഘം സ്ഥാപകൻ വി.പി.രാഘവൻഗുരുക്കളുടെ ഭാര്യയാണ് കായക്കണ്ടിയിൽ മീനാക്ഷി. കുട്ടികളെ ഇവർ കളരി അഭ്യസിപ്പിക്കും. നിത്യവും പരിശീലനം നടത്തും. പ്രദർശനങ്ങളിൽ വാളും പരിചയും വടിയും ഉറുമിയുമായി ഇടറാതെ പോരാടും. ഏഴാം വയസ്സിൽ ഇതേ കളരിയിൽ പരിശീലനം തുടങ്ങിയതാണ് അവർ. അന്നും രാഘവൻ ഗുരുക്കളായിരുന്നു ഇവിടത്തെ ഗുരുക്കൾ.പതിനേഴാം വയസ്സിൽ വിവാഹം കഴിഞ്ഞ ശേഷം മീനാക്ഷിയമ്മ കളരി പരിശീലനം നിർത്തി. പിന്നീട് കുടുംബിനിയായി. പക്ഷേ, കളരി നടത്തിപ്പിൽ ഭർത്താവിന് പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

വടകരയ്ക്കടുത്ത് കോട്ടക്കടവിലാണ് മീനാക്ഷിയമ്മയുടെ വീട്. വീടിനടുത്താണ് കളരി. മൂന്ന് ബാച്ചുകളായി രാവിലെ ഏഴിനുതുടങ്ങി രാത്രി പതിനൊന്നുവരെ നീണ്ടു നിൽക്കാറുണ്ട് ക്ലാസുകൾ. വെയിൽ കനക്കുന്നതോടെ കളരിയൊഴിയും. ആ നേരമാണ് മീനാക്ഷിയമ്മയുടെ വിശ്രമസമയം. പിന്നീട് വൈകുന്നേരം വരെ കുടുംബത്തിലെ ഗൃഹനാഥയുടെ റോളിലാണ്. മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മഹാനഗരങ്ങളിലടക്കം ഒട്ടേറെ വേദികളിൽ ഇവർ പ്രകടനം നടത്തിയിട്ടുണ്ട്. കടത്തനാടൻ ചിട്ടപ്രകാരമാണ് ഇവിടത്തെ പരിശീലനം. ടൂറിസത്തിനായി കാണിച്ചു കൂട്ടുന്നത് ശാസ്ത്രീയമായ മുറകളല്ലെന്ന് മീനാക്ഷിയമ്മ പറയുന്നു. മെയ്‌പ്പയറ്റാണ് പഠനത്തിന്റെ ആദ്യ ഘട്ടം. മൂന്നുവർഷമാണ് ഇത് പഠിക്കാനെടുക്കുന്ന സമയം. പിന്നീട് കോൽത്താരിയും അങ്കത്താരിയുമാണ്. ഇത് കോൽ കൊണ്ടും ആയുധങ്ങളേന്തിയുമുള്ള അഭ്യാസങ്ങളാണ്. ഒടുവിൽ വെറുംകൈ.

ശരീരം മുഴുവൻ എണ്ണ തേച്ചാണ് പരിശീലനം. കഴിഞ്ഞാൽ കുരുമുളകുവെള്ളം കുടിക്കും. പ്രതിരോധശേഷി വർധിക്കാനാണ് കുരുമുളകിൽ മധുരമിട്ട ഈ പാനീയം. സുരക്ഷിതരായി നടക്കാനുള്ള ആത്മവിശ്വാസം കളരിപ്പയറ്റ് സ്ത്രീകൾക്ക് നൽകും. തന്റെ ശിഷ്യകൾ രാത്രി പരിശീലനം കഴിഞ്ഞ് ഒറ്റയ്ക്ക് നടന്നു പോകുന്നത് ഈ ആയോധനകല നൽകുന്ന ധൈര്യത്തിന് തെളിവാണെന്നു മീനാക്ഷിയമ്മ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP