Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാധ്യമ പ്രവർത്തകനെ സാദചാര പൊലീസ് ചമഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ; കള്ളന്മാരുടെ ശല്യമുള്ള സ്ഥലത്ത് കണ്ടപ്പോൾ പേര് ചോദിക്കുകയാണുണ്ടായതെന്ന് നാട്ടുകാർ; അതിനു തയ്യാറാകാതെ തട്ടിക്കയറിയതാണ് പ്രശ്നത്തിന് കാരണമെന്ന് പഞ്ചായത്തംഗം; മാധ്യമം ദിനപത്രം കത്തിച്ച് നാട്ടുകാരുടെ പ്രതിഷേധം; പരാതി നൽകിയതിന് ശേഷം നിരന്തര ഭീഷണികൾ വരുന്നതായും അക്രമത്തിനിരയായ മാധ്യമപ്രവർത്തകൻ; നരിക്കുനിയിലെ ആൾക്കൂട്ട വിചാരണയിൽ വിവാദം തുടരുന്നു

മാധ്യമ പ്രവർത്തകനെ സാദചാര പൊലീസ് ചമഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ; കള്ളന്മാരുടെ ശല്യമുള്ള സ്ഥലത്ത് കണ്ടപ്പോൾ പേര് ചോദിക്കുകയാണുണ്ടായതെന്ന് നാട്ടുകാർ; അതിനു തയ്യാറാകാതെ തട്ടിക്കയറിയതാണ് പ്രശ്നത്തിന് കാരണമെന്ന് പഞ്ചായത്തംഗം; മാധ്യമം ദിനപത്രം കത്തിച്ച് നാട്ടുകാരുടെ പ്രതിഷേധം; പരാതി നൽകിയതിന് ശേഷം നിരന്തര ഭീഷണികൾ വരുന്നതായും അക്രമത്തിനിരയായ മാധ്യമപ്രവർത്തകൻ; നരിക്കുനിയിലെ ആൾക്കൂട്ട വിചാരണയിൽ വിവാദം തുടരുന്നു

ജാസിം മൊയ്തീൻ

കോഴിക്കോട്: നരിക്കുനിയിൽ മാധ്യമ പ്രവർത്തകനെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചെന്ന സംഭവത്തിൽ വിവാദം തുടരുന്നു. വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് നാട്ടുകാരിൽ ഒരു വിഭാഗം പറയുമ്പോൾ, പരാതിയിൽ ഉറച്ചനിൽക്കയാണ് മാധ്യമം ദിനപ്പത്രത്തിലെ സീനിയർ റിപ്പോർട്ടറായ സി പി ബിനീഷ്. ഇക്കഴിഞ്ഞ ബുധനാഴാച്ച രാത്രിയിൽ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ നരിക്കുനി കാവുപൊയിൽ ഭാഗത്ത് നിന്നും സദാചാര പൊലീസുകാരുടെ അക്രമത്തിനിരയായെന്ന് കാണിച്ചാണ് ബിനീഷ് പരാതി നൽകിയത്. സംഭവത്തെ തുടർന്ന് അഞ്ച് യുവാക്കളെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

രാത്രി 10 മണിയോടെയാണ് ഫോൺവിളിക്കാൻ വേണ്ടി വാഹനം നിർത്തിയ ബിനീഷിനോട് പേരും വിവരങ്ങളും ചോദിച്ച് നാട്ടുകാരെത്തിയത്. പ്രദേശത്ത് കുറെ ദിവസങ്ങളായി കള്ളന്മാരുടെ ശല്യമുണ്ടാകാറുണ്ടായിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ കാവലേർപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രാത്രിയിൽ ബിനീഷ് അവിടെ ചെന്നുപെട്ടത്. തുടർന്ന് അവർ ബിനീഷിനെ ആൾക്കൂട്ട ആക്രമണത്തിന് വിധേയമാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

എന്നാൽ മാധ്യമപ്രവർത്തകനെ മർദ്ദിച്ചിട്ടില്ലെന്നും രാത്രിയിൽ അപരിചിതനായ വ്യക്തിയെ കണ്ടപ്പോൾ അതുവഴി വന്ന നാട്ടുകാരിലൊരാൾ പേരു വിവരങ്ങൾ ചോദിക്കുക മാത്രമാണുണ്ടായതെന്നും നരിക്കുനി ഗ്രാമപഞ്ചായത്ത് അംഗം വേണുഗോപാൽ പറഞ്ഞു. എന്നാൽ പേരോ മറ്റ് വിവരങ്ങളോ പറയാൻ തയ്യാറാകാതെ മാധ്യമപ്രവർത്തകൻ നാട്ടുകാരോട് തട്ടിക്കയറുകയാണുണ്ടായത്. സ്ഥിരമായി കള്ളന്മാരുടെ ശല്യമുള്ള പ്രദേശത്ത് അപരിചിതനായ ആളെ കണ്ടപ്പോൾ സ്വാഭാവികമായുണ്ടാകുന്ന സംശയം കാരണമാണ് പേര് ചോദിച്ചത്. ഇത് പറയാൻ തയ്യറാകാതെ നാട്ടുകാരോട് തട്ടിക്കയറുന്ന സമീപനമാണ് മാധ്യമപ്രവർത്തകനിൽ നിന്നുണ്ടായത്. അതിനെ തുടർന്ന് വാക്കുതർക്കമുണ്ടായെന്നെല്ലാതെ അദ്ദേഹത്തെ മർദ്ദിച്ചിട്ടില്ല. പ്രശ്നം നടക്കുമ്പോൾ സ്ഥലത്തെത്തിയ പൊതുപ്രവർത്തകനെന്ന നിലയിൽ പ്രശ്നം പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നും, ബിനീഷ് പറയുന്നതുപോലെ പ്രശ്നം വഷളാക്കാൻ ശ്രമിച്ചിട്ടില്ലെന്നും വേണുഗോപാൽ പറയുന്നു.

നരിക്കുനി സ്വദേശികളായ ചെറുകണ്ടിയിൽ അതുൽ (22), കാരുകുളങ്ങര അഖിൽ (26), കാരുകുളങ്ങര അനുരാജ് (24), കണ്ണിപ്പൊയിൽ പ്രശോഭ് (24), കാവുമ്പൊയിൽ ഗോകുൽദാസ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 143 (അന്യായമായി സംഘം ചേരൽ), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കൽ), 323 (ആയുധമില്ലാതെ പരിക്കേൽപ്പിക്കൽ) 506 (ഭീഷണിപ്പെടുത്തൽ), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങൾക്ക് കണ്ടാലറിയാവുന്ന 15 പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്

എന്നാൽ ഈ പ്രശ്‌നത്തിന്റെ പേരിൽ നരിക്കുനി കാവുംപൊയിൽ പ്രദേശത്തെ യുവാക്കളെ വ്യാജകേസിൽ പെടുത്തുകയും അവർക്കെതിരെ വാർത്തകൾ നൽകി അപമാനിക്കുകയും ചെയ്തിരിക്കുകയാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. പ്രതിഷേധത്തെ തുടർന്ന് നാട്ടുകാർ ബിനീഷ് ജോലി ചെയ്യുന്ന മാധ്യമം ദിനപ്പത്രത്തിന്റെ കോപ്പികൾ കത്തിച്ചു. നരിക്കുനി പഞ്ചായത്തിൽ മാധ്യമം ദിനപ്പത്രം ബഹിഷ്‌കരിക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നും നാട്ടുകാർ പറഞ്ഞു.

അതേ സമയം സംഭവത്തിന് ശേഷം തനിക്കെതിരെ നിരന്തരം ഭീഷണികൾ വരുന്നതായി സിപി ബിനീഷ് വ്യക്തമാക്കി. സുഹൃത്തുക്കളുടെ ഫോണിലേക്ക് വിളിച്ചാണ് ഭീഷണിപ്പെടുത്തുന്നത്. സംഭവം നടന്ന കാവുംപൊയിൽ പ്രദേശത്ത് കൂടി യാത്രചെയ്താൽ കാണിച്ചതരാമെന്നാണ് ഭീഷണിപ്പെടുത്തുന്നവർ പറയുന്നത്. നാട്ടുകാരിൽ ചിലർ പറയുന്നതുപോലെ പത്രക്കാരന്റെ ഇല്ലാത്ത അഹങ്കാരം കാണിക്കുകയോ മറുപടി പറയാതിരിക്കുകയോ ചെയ്തിട്ടില്ല. ആൾക്കൂട്ട ആക്രമണങ്ങൾ ഉത്തരേന്ത്യയിലാണെങ്കിലും ഇവിടെയാണെങ്കിലും എതിർക്കപ്പെടേണ്ടതുണ്ട്. അതിനാലാണ് നെഞ്ചുറപ്പോടെ അന്ന് പ്രശ്നങ്ങളെ നേരിട്ടത്. നാടിനെ അപമാനിച്ചെന്ന് പറഞ്ഞ് ആളുകൾക്കിടയിൽ പ്രാദേശിക വികാരമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. പരാതിയിൽ പറഞ്ഞ പഞ്ചായത്ത് അംഗം പ്രസ്‌ക്ലബ് പ്രസിഡണ്ടിനോട് സംസാരിച്ച് ഞാൻ മാധ്യമപ്രവർത്തകനാണെന്ന് ഉറപ്പിച്ചതാണ്. ഇപ്പോൾ മാധ്യമം ദിനപ്പത്രം കത്തിച്ച് പ്രതിഷേധിക്കുന്നതിന് പിന്നിൽ സംഘടിത താത്പര്യങ്ങളുണ്ട്. തന്നെ മർദ്ദിച്ച സംഭവം വാർത്തയാക്കിയതിനാണ് മാധ്യമം ദിനപ്പത്രം കത്തിക്കുന്നതെങ്കിൽ ഇതേ വാർത്ത പ്രസിദ്ധീകരിച്ച മറ്റുപത്രങ്ങൾ കത്തിക്കരുത്. അവർ സത്യത്തിനൊപ്പം നിന്നവരാണ്. ഭീഷണികൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സിപി ബിനീഷ് പറഞ്ഞു.

സിപി ബിനീഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

ആൾക്കൂട്ട ആക്രമണത്തിൽ ആശ്വാസവാക്കുകൾക്കൊപ്പം ഭീഷണി സ്വരങ്ങളും കുറവല്ല. ഐക്യദാർഡ്യവും ആശ്വാസവാക്കുകളും നേരിട്ടാണ് കിട്ടുന്നതെങ്കിൽ ഭീഷണികൾ സുഹൃത്തുക്കളുടെ ഫോണിലേക്കാണ്. എല്ലാം ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഒരു വിഭാഗം ആൾക്കൂട്ടം അഴിഞ്ഞാടിയ കാവുംപൊയിൽ പ്രദേശത്ത് കൂടി ഇനി പോയാൽ കാണിച്ചു തരാം എന്നാണ് ഭീഷണി. ഇത് ഏതെങ്കിലും വ്യക്തിയുടെ ഒറ്റപ്പെട്ട പ്രതികരണമല്ല. ചിലർ ചേർന്നിരുന്ന് തീരുമാനിച്ചതാണ്. വേണ്ടപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. എന്റെ ജാതകവും ജാതിയും നിലപാടുകളും തിരയുന്ന തിരക്കിലാണ് ചിലർ. നിലപാട് ഒന്നേയുള്ളൂ , നേരിന്റെ പക്ഷത്ത് നിൽക്കൽ . ചെയ്തത് തെറ്റായിപ്പോയെന്നായിരുന്നു ഈ സംഭവത്തിൽ നരിക്കുനിയിലെ ചില പ്രമുഖർ എന്നോട് പ്രതികരിച്ചത്. എന്നാൽ, ഞാൻ പത്രക്കാരന്റെ അഹങ്കാരം കാണിച്ചെന്നും കാര്യങ്ങൾക്ക് മറുപടി പറഞ്ഞില്ലെന്നുമാണ് പ്രാദേശികമായി ഒരു വിഭാഗത്തിന്റെ പ്രചാരണം. സുഹൃത്തേ പത്രക്കാരന് എന്തിന് അഹങ്കരിക്കണം? ഒരു കിലോ അരിക്ക് നിങ്ങൾ കൊടുക്കുന്ന അതേ പൈസ ഞാനും കൊടുക്കണം. നിങ്ങൾ സിനിമകളിൽ കണ്ടവരല്ല ഞങ്ങൾ. റിപ്പോർട്ടർക്കെന്താ കൊമ്പുണ്ടോ എന്ന് ആ രാത്രിയിൽ സംഭവത്തിന്റെ തുടക്കം മുതൽ ചിലർ ആക്രോശിക്കുന്നത് കേട്ടിരുന്നു. അഹങ്കാരമല്ല തല്ലിക്കൊന്നാലും നാളെ മറ്റൊരാൾക്ക് ഇത് സംഭവിക്കരുതെന്ന ആഗ്രഹം മാത്രമായിരുന്നു. അതാണ് നെഞ്ചുറപ്പോടെ നിന്നത്. ആൾക്കൂട്ട മനഃശാസ്ത്രം ശരിക്കും പഠിച്ചിട്ടുണ്ട്. വണ്ടിയുടെ താക്കോൽ ആരോ ഊരിക്കൊണ്ടുപോയിരുന്നു. ( സ്‌കൂട്ടറിന്റെ സൈഡിലും ഫ്രന്റിലും കല്ല് കൊണ്ട് വരച്ച് വൃത്തികേടാക്കിയത് ഇന്നലെ രാവിലെയാണ് കണ്ടത്). പൊലീസ് വന്നതിന് ശേഷം മാത്രമാണ് ഞാൻ മാധ്യമം റിപ്പോർട്ടറാണെന്ന് വെളിപ്പെടുത്തിയതെന്ന പച്ചക്കള്ളവും ചിലർ പ്രചരിക്കുന്നു. ഒന്നാം പ്രതിയോട് തുടക്കത്തിൽ തന്നെ ഇക്കാര്യങ്ങളെല്ലാം 'ഉണർത്തിച്ച'താണ്. 10.25 ന് പഞ്ചായത്തംഗം വേണുഗോപാൽ പ്രസ് ക്ലബ് പ്രസിഡണ്ടിനോട് സംസാരിച്ചതുമാണ്. ഒത്തുതീർപ്പിനായി വിളിക്കുമ്പോൾ ഞാൻ മുത്തായിരുന്നു. ഇപ്പോൾ ഭീകരനായി. ഏതോ ഓവർകോട്ടിട്ട ഒരാൾ വണ്ടിയിൽ പോകുന്നതും അയാൾ കള്ളനാണെന്നും എന്നെപ്പോലെയാണെന്നുമുള്ള പ്രചാരണവുമുണ്ട്. നാടിനെ അപമാനിച്ചെന്നും പറയുന്നു. എളുപ്പം ചെലവാകുന്ന വികാരമാണല്ലോ അത്. നിങ്ങളോട് ഇതുപോലെ കാണിച്ച് അവർ നാടിനെ അപമാനിച്ചെന്നാണ് നാട്ടുകാരിൽ ചിലർ അറിയിക്കുന്നത്. ഇതേ സംഭവം മറ്റൊരാൾക്ക് എന്റെ നാട്ടിൽ നേരിട്ടാൽ ഞാൻ അയാൾക്കൊപ്പം നിൽക്കും. ആൾക്കൂട്ട വിചാരണകളുടെ ഉത്തരേന്ത്യൻ ഹാങ്ങ് ഓവർ നമ്മുടെ നാട്ടിലും ആവർത്തിക്കാൻ പാടില്ല. നാളെ ആർക്കും ഇത് സംഭവിക്കാതിരിക്കട്ടെ. ഭീഷണിയെ ഗൗരവത്തിലെടുത്തിട്ടുണ്ട്. പഞ്ചായത്ത് അംഗത്തിന്റെ പേര് പരാതിയിലുണ്ടായിരുന്നു. പ്രത്യേകം പരാതി നൽകിയാൽ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ പ്രതീക്ഷാനിർഭരമാണ്. കേസും കോടതിയുമായതിനാൽ കൂടുതലൊന്നും പറയുന്നില്ല. അതിനിടയ്ക്ക് 'മാധ്യമം' പത്രം കത്തിക്കുന്നതിനും തുടക്കം കുറിച്ചിട്ടുണ്ട്. നാട്ടുകാർ എന്ന് പറയുന്ന ഒരു വിഭാഗത്തിന്റെ രാഷ്ട്രീയം തെളിഞ്ഞു വരുന്നതിന്റെ ലക്ഷണമാണിത്. കള്ള വാർത്ത കൊടുത്തു എന്നാരോപിച്ചാണ് പഴയ മാധ്യമം അടക്കം എടുത്ത് കത്തിക്കുന്നത്. മാധ്യമത്തിലുള്ളതിനേക്കാൾ മറ്റ് പത്രങ്ങൾ വാർത്ത കൊടുത്തിട്ടുണ്ട്. അവരൊന്നും കള്ള വാർത്ത കൊടുക്കുന്നവരല്ല. ദേശാഭിമാനി, മനോരമ, മാതൃഭൂമി, കൗമുദി, ജനയുഗം, ചന്ദ്രിക, ദീപിക, മംഗളം, സുപ്രഭാതം, സിറാജ്, ജന്മഭൂമി, വീക്ഷണം, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദു തുടങ്ങിയ പ്രമുഖ പത്രങ്ങളും കത്തിക്കരുതെന്ന് ഒരപേക്ഷയുണ്ട്. സത്യത്തിന്റെയും നീതിയുടെയും ഭാഗത്ത് ഉറച്ചു നിന്നവരാണീ മാധ്യങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP