Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202025Friday

പ്രേംനസീറും സത്യൻ മാഷും വെള്ളിത്തിരയിൽ നിറഞ്ഞ് നിന്ന കാലത്ത് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് സിനിമ പഠിച്ചെത്തിയ മലയാളത്തിലെ ഏക നടൻ മധുവായിരുന്നു; താരരാജാവായി വാഴാമായിരുന്നിട്ടും ഫാൻസ് അസോസിയേഷനുകളോട് അദ്ദേഹം മുഖം തിരിച്ചതാണ് സവിശേഷതയെന്ന് അടൂർഗോപാലകൃഷ്ണൻ; മധു ജീവിതത്തിൽ നിറങ്ങൾ നൽകിയ വ്യക്തിയെന്ന് ശ്രീകുമാരൻ തമ്പിയും; 86ന്റെ നിറവിലെത്തിയ നടനെ ആദരിച്ച് തലസ്ഥാനത്തെ മാധ്യമകൂട്ടായ്മ

പ്രേംനസീറും സത്യൻ മാഷും വെള്ളിത്തിരയിൽ നിറഞ്ഞ് നിന്ന കാലത്ത് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് സിനിമ പഠിച്ചെത്തിയ മലയാളത്തിലെ ഏക നടൻ മധുവായിരുന്നു; താരരാജാവായി വാഴാമായിരുന്നിട്ടും ഫാൻസ് അസോസിയേഷനുകളോട് അദ്ദേഹം മുഖം തിരിച്ചതാണ് സവിശേഷതയെന്ന് അടൂർഗോപാലകൃഷ്ണൻ; മധു ജീവിതത്തിൽ നിറങ്ങൾ നൽകിയ വ്യക്തിയെന്ന് ശ്രീകുമാരൻ തമ്പിയും; 86ന്റെ നിറവിലെത്തിയ നടനെ ആദരിച്ച് തലസ്ഥാനത്തെ മാധ്യമകൂട്ടായ്മ

എം എസ് ശംഭു

തിരുവനന്തപുരം: മലയാളത്തിന്റെ ഭാവചക്രവർത്തി മുതിർന്നനടൻ മധുവിന്റെ 86ാം ജന്മദിനത്തിൽ സ്ഹോദരവുമായി തിരുവനന്തപുരത്തെ മാധ്യമ കൂട്ടായ്മ. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മധുരം തിരുമധുരം'എന്ന പരിപാടിയിലൂടെയാണ് സിനിമാപ്രവർത്തകരുടേയും തലസ്ഥാനത്തെ മാധ്യമപ്രവർത്തകരുടേയും സ്നേഹ വായ്‌പ്പ് അദ്ദേഹം ഏറ്റുവാങ്ങിയത്. പ്രസ്‌ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തു. മധുവിനെ നായകനാക്കി മലയാള സിനിമയിലേക്ക് സംവിധായകനായി അരങ്ങേറ്റം കുറിച്ച അടൂർഗോപാലകൃഷ്ണൻ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ പട്ടികയിൽ ഇടം നേടേണ്ട അഭിനയ ചക്രവർത്തിയായിരുന്നു മധുവെന്നാണ് മന്ത്രി എ.കെ ബാലൻ പ്രതികരിച്ചത്.

Stories you may Like

മധുവിന്റെ അഭിനയ ശൈലിക്ക് പകരക്കാരെ നിർവചിക്കാൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി എ.കെ.ബാലൻ പറഞ്ഞു. സംവിധാന ജീവിതത്തിലേക്ക് കാൽവയ്ക്കുന്നത് മധുവിനെ നായകനാക്കിയിട്ടാണെന്നാണ് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത്. മലയാളത്തിലെ ഫാൻസ് അസോസിയേഷനുകളിൽ ഇടം പിടിക്കാത്ത നടനാണ് അദ്ദേഹം. മധുവിനെ ആരാധിക്കുന്ന ആരാധകവൃന്ദം ചുറ്റിനുമുള്ളപ്പോൾ പോലും അദ്ദേഹം പ്രശസ്തി ആഗ്രഹിച്ചിട്ടില്ല. പ്രേം നസീറും സത്യൻ മാഷുമടക്കം മലയാളത്തിൽ രണ്ട് സൂപ്പർ താരങ്ങൾ നിലനിൽക്കുമ്പോഴാണ് നിണമണിഞ്ഞ കാൽപാടുകൾ എന്ന ചിത്രത്തിലൂടെ മധു മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കാൽവച്ചത്. പിന്നീടിങ്ങോട്ട് പല പുതുമുഖ സംവിധായകരും അദ്ദേഹത്തെ നായകനാക്കി സിനിമകൾ എടുത്തു. നടൻ എന്നതിലുപരി നിർമ്മാതാവ് എന്ന രീതിയിലും ഈ കലാകാരന്റെ സംഭാവനകൾ മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.

മധുചേട്ടൻ തന്റെ മൂത്ത ജേഷ്ടനാണെന്നാണ് സംവിധായകനും ഗാനരചയിതാവുമായിട്ടുള്ള ശ്രീകുമാരൻ തമ്പി പ്രതികരിച്ചത്. 'ഞാൻ മുപ്പത് സിനിമകൾ സംവിധാനം ചെയ്തതിൽ 12 ലധികം സിനിമകളിലും മധുചേട്ടനാണ് നായകനായത്. നിർമ്മാതാവ് എന്നതിലുപരി ഉമാ സ്റ്റുഡിയോയുടെ വളർച്ചയും ഉമ സ്റ്റുഡിയോ മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ള സംഭാവനയും മികച്ചതായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു. മാധ്യമപ്രവർത്തകരുടെ സ്ഹേവായ്‌പ്പിനൊപ്പം നടന്ന ചടങ്ങിൽ മധുവിന്റെ പേരിൽ പുറത്തിറങ്ങുന്ന ഒഫീഷ്യൽ വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ കർമം സുഹൃത്തും സംവിധായകനും ഗാനരചയിതാവുമായി ശ്രീകുമാരൻ തമ്പി നിർവഹിച്ചു.

മധു സാറും ഉമാ സ്റ്റുഡിയോയും മലയാളികൾക്ക് എന്നും വിസ്മയമാണെന്നായിരുന്നു നടൻ മുകേഷിന്റെ പ്രതികരണം. പരിപാടിയിലേക്ക് ക്ഷണം നൽകാനായി വിളിച്ച സ്ത്രീ ശബ്ദം അദ്ദേഹത്തിന്റെ മകൾ ഉമയുടേത് ആണെന്ന് അറിഞ്ഞപ്പോൾ ഉമാ സ്റ്റുഡിയോ എന്ന പേരാണ് ആദ്യം മനസിലേക്ക് ഓടിയെത്തിയെതെന്ന് മുകേഷ് പ്രതികരിച്ചത്. എംഎ‍ൽഎ വി എസ് ശിവകുമാർ നടൻ ഇന്ദ്രൻസ്, നിർമ്മാതാവ് സുരേഷ് കുമാർ, മേനകാ സുരേഷ്, സുധീർ കരമന, സംവിധായകൻ ഷാജി.എൻ കരുൺ എന്നിവരുടെ സാന്നിധ്യത്തിന് പുറമേ, സിനിമാ, ടെലിവിഷൻ താരങ്ങളും ചടങ്ങിൽ ശ്രദ്ധേയസാന്നിധ്യം വഹിച്ചു. ഒ. രാജഗോപാൽ, ടി.കെ. രാജീവ് കുമാർ, അമ്പിളി, കെ. മധു, സുരേഷ് ഉണ്ണിത്താൻ, സുരേഷ് ബാബു, ജി.എസ്. വിജയൻ, പി. ചന്ദ്രകുമാർ, മജിഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവവർ സന്നിഹിതരായിരുന്നു.

എൺപത്തിയാറിന്റെ നിറവിലെ മധുരം നന്ദി അറിയിച്ച് ഭാവചക്രവർത്തി

തലസ്ഥാനത്ത് മാധ്യമപ്രവർത്തകർ സംഘടിപ്പിച്ച ജന്മദിന ആദരവിൽ ഒറ്റവാക്കിൽ നന്ദി അറിയിച്ചാണ് അദ്ദേഹം വാക്കുകൾ ചുരുക്കിയത്. മലയാളത്തിൽ സിനിമകൾ ചെയ്യാൻ അവസരം ഇനിയും ലഭിച്ചാൽ താൻ ചെയ്യുമെന്നും അദ്ദേഹം മറുനാടനോട് പ്രതികരിച്ചു. ലൂസിഫറിലടക്കം തനിക്ക് റോളുകൾ എത്തിയപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പിന്മാറുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തിൽ വീണ്ടും സിനിമ നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്നും, നിർമ്മാതാവായും നടനായും തനിക്ക് മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പ്രതികരിച്ചു.

തിരുവനന്തപുരം മേയറായിരുന്ന ആർ. പരമേശ്വരൻ പിള്ളയുടേയും തങ്കമ്മ (കമലമ്മ)യുടെയും മൂത്തമകനായി 1933 സെപ്റ്റംബർ 23 നാണ് മധു ജനിച്ചത്.ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിന്ദിയിൽ ബിരുദം നേടി. നാഗർകോവിലിലെ ഹിന്ദു കോളേജിലും അവിടുത്തെ തന്നെ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലും ലക്ചറായി ജോലി ചെയ്തു.അഭിനയമോഹം കാരണം ആ ജോലി രാജിവച്ച് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അഭിനയം സാങ്കേതികമായും അക്കാദമികമായും അഭ്യസിച്ച ആദ്യത്തെ മലയാള നടനെന്നും മധുവിനെ വിശേഷിപ്പിക്കാം. രാമു കാര്യാട്ടിന്റെ 'മൂടുപടം' എന്ന ചിത്രത്തിലൂടെയാണ് മധു മലയാള സിനിമയിലെത്തിയെങ്കിലും 1963-ൽ കെ.എൻ.പിഷാരടി സംവിധാനം ചെയ്ത 'നിണമണിഞ്ഞ കാൽപ്പാടുകളാണ് 'ആദ്യം പ്രദർശനത്തിനെത്തിയത്.മാധവൻനായർക്ക് 'മധു' എന്ന പേര് നൽകിയത് തിക്കുറിശ്ശി സുകുമാരൻ നായരാണ്.

ഭാവസൗന്ദര്യവും കരുത്തും സമന്വയിപ്പിച്ച നടന നിറവാണ് മധു എന്ന നടനെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തുന്നത്.തകഴിയുടെ ചെമ്മീനിലെ പരീക്കുട്ടിയെ അനശ്വരമാക്കിയതോടെയാണ് മധു എന്ന മാധവൻനായർ മലയാളസിനിമയിലെ അനിഷേധ്യ സാന്നിധ്യമായത്. ചെമ്മീനിലൂടെയാണ് ഏതു വേഷവും കൈകാര്യം ചെയ്യാൻ കഴിവുള്ള സമർത്ഥനായ അഭിനേതാവ് എന്ന അംഗീകാരം മധു കരസ്ഥമാക്കിയത്.സ്വയംവരം, ഭാർഗ്ഗവീ നിലയം, മുറപ്പെണ്ണ്, അശ്വമേധം, തുലാഭാരം, അദ്ധ്യാപിക, ജന്മഭൂമി, ഓളവും തീരവും, തുറക്കാത്ത വാതിൽ, പ്രിയ, ഉമ്മാച്ചു,ആഭിജാത്യം തുടങ്ങിയവയുൾപ്പെടെ ഇരുന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.കെ.എ.അബ്ബാസ് ഒരുക്കിയ 'സാഥ് ഹിന്ദുസ്ഥാനി'എന്ന ഹിന്ദിചിത്രത്തിലും അഭിനയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP