Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിവിക്ക് ചന്ദ്രനെതിരെയും മീ ടൂ; വിശ്വാസം നേടി ലൈംഗികാതിക്രമത്തിന് ശ്രമമെന്ന് കവയിത്രി; സിവിക്ക് എഡിറ്റായ മാസികയുടെ റീഡേഴ്സ് എഡിറ്റർഷിപ്പും നിരസിച്ചു; വിഷയം അന്വേഷിക്കുന്നെന്ന് പാഠഭേദം മാസിക; വി ആർ സുധീഷിനും വി ടി ജയദേവനും പിന്നാലെ ഒരു സാംസ്കാരിക നായകൻ കൂടി പ്രതിക്കൂട്ടിൽ

സിവിക്ക് ചന്ദ്രനെതിരെയും മീ ടൂ; വിശ്വാസം നേടി ലൈംഗികാതിക്രമത്തിന് ശ്രമമെന്ന് കവയിത്രി; സിവിക്ക് എഡിറ്റായ മാസികയുടെ റീഡേഴ്സ് എഡിറ്റർഷിപ്പും നിരസിച്ചു; വിഷയം അന്വേഷിക്കുന്നെന്ന് പാഠഭേദം മാസിക; വി ആർ സുധീഷിനും വി ടി ജയദേവനും പിന്നാലെ ഒരു സാംസ്കാരിക നായകൻ കൂടി പ്രതിക്കൂട്ടിൽ

എം റിജു

കോഴിക്കോട്: കേരളത്തിലെ സാംസ്കാരിക നായകർ എന്ന് വിളിക്കുന്ന സാഹിത്യകാരന്മാരുടെ തനിനിറം പുറത്തുവരുന്ന വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് നിന്ന് ഉണ്ടാവുന്നത്. എഴുത്തുകാരൻ വി ആർ സുധീഷിനും, കവി വി ടി ജയദേവനും പിന്നാലെ, നാടകകൃത്തും കവിയും, സാമൂഹിക പ്രവർത്തകനുമായ സിവിക്ക് ചന്ദ്രനുനേരെയാണ് ലൈംഗികാതിക്രമ പരാതി ഉയർന്നിരിക്കുനന്നത്. സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൂടിയായ ഒരു യുവ കവയിത്രിയുടേതാണ് പരാതി. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയാണ് ഇത്തരക്കാരുടെ രീതി എന്നാണ് യുവതി വിമർശനം ഉന്നിയിക്കുന്നത്.

സിവിക്ക് എഡിറ്ററായ പാഠഭേദം മാസികയുടെ റീഡേഴസ് എഡിറ്റർ എന്ന സ്ഥാനവും തനിക്ക് വേണ്ടെന്ന് യുവതി അറിയിച്ചിട്ടുണ്ട്. സംഭവം വിവാദമായതോടെ പാഠഭേദം മറ്റൊരു റീഡേഴ്സ് എഡിറ്ററായി തെരഞ്ഞെടുത്ത, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ജമാൽ കൊച്ചങ്ങാടിയും ആ സ്ഥാനം വേണ്ടെന്ന് അറിയിച്ചുണ്ട്.

പരാതി അന്വേഷിക്കുന്നെന്ന് 'പാഠഭേദം'

കവിയും നാടകകൃത്തും മുൻ നക്സലൈറ്റുമായ സിവിക്ക് ചന്ദ്രൻ താൻ ഒരു തികഞ്ഞ സ്ത്രീപക്ഷ വാദിയാണെന്നാണ് അവകാശപ്പെടാറുള്ളത്. സിവിക്ക് എഡിറ്ററായ പാഠഭേദം മാസികയാവട്ടെ, ഇത്തരം വിഷയങ്ങൾ പ്രത്യേക ഫോക്കസ് കൊടുത്ത് അവതരിപ്പിക്കാറുണ്ട്. എന്നാൽ വേലി തന്നെ വിളവു തിന്നുന്നുവെന്ന രീതിയിൽ ഇപ്പോൾ ഇത്തരക്കാർക്കെതിരെ തന്നെ ലൈംഗികാതിക്രമ പരാതികൾ ഉയരുന്നുണ്ട്.

സംഭവം സോഷ്യൽ മീഡിയിൽ വൻ വിവാദമായതിനെ തുടർന്ന് പാഠഭേദത്തിനുവേണ്ടി അതിന്റെ അണിയറ പ്രവർത്തകരിൽ ഒരാളും ആക്റ്റിവിസ്റ്റുമായ മൃദുലാ ദേവി കാര്യങ്ങൾ വ്യക്തമാക്കി ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. 'പാഠഭേദം എഡിറ്റർ സിവിക് ചന്ദ്രൻ നടത്തിയ ചില ഇടപെടലുകളോട് വ്യക്തിപരമായ വിയോജിപ്പ് രേഖപ്പെടുത്തുന്ന കുറിപ്പ് ലഭിച്ചപ്പോൾ തന്നെ മാസിക സ്വമേധയാ അത് ഒരു പരാതിയായി മുഖവിലയ്‌ക്കെടുക്കുകയും, പൂർണ ഉത്തരവാദിത്തത്തോടെ പ്രസ്തുത വിഷയത്തിന്റെ കാരണങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നു. തുടർന്ന് അന്വേഷണ കമ്മറ്റി രൂപീകരിച്ച് അനുസൃതമായ ഡ്യൂ പ്രോസസ് തുടങ്ങിവെയ്ക്കുകയും ചെയ്തിട്ടുണ്ട്. കുറ്റാരോപിതനെ മാറ്റിനിർത്തിക്കൊണ്ട് പരാതികൾ കൈകാര്യം ചെയ്യേണ്ട മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്, പരാതി ഉന്നയിച്ച ആളുടെ പൂർണ്ണ തൃപ്തിയിലും സഹകരണത്തിലും അന്വേഷണ കമ്മറ്റി മുന്നോട്ടു പോവുന്നു. പ്രസ്തുത പ്രക്രിയ പൂർത്തിയായ ശേഷം പാഠഭേദം ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിക്കുന്നതായിരിക്കും.''

നേരത്തെ നടൻ വിനായകനെതെിരെ പരാതി നൽകിയ വ്യക്തിയാണ് എഴുത്തുകാരിയും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ മൃദുലാ ദേവി. അതുകൊണ്ട് തന്നെ മൃദുലയുടെ പോസ്റ്റിന് കീഴെ ഈ വിഷയവും പലരും എടുത്തിട്ടിട്ടുണ്ട്. വിനായകനെ എതിരെ പരാതി നൽകിയ നിങ്ങൾ എന്തുകൊണ്ട് ഇപ്പോൾ പരാതി നൽകുന്നില്ല എന്ന ചോദ്യത്തിന് 'സിവിക് എന്നോട് കൂടെ കിടക്കാമോ എന്ന് ചോദിച്ചിരുന്നെങ്കിൽ ഞാൻ കേസ് കൊടുത്തേനെ. എന്നോട് ചോദിച്ചില്ല. അതുകൊണ്ട് കേസ് കൊടുത്തില്ല. നടൻ എന്നോട് ചോദിച്ചു. ഞാൻ കേസ് കൊടുത്തു.'' എന്നാണ് മൃദുലാ ദേവിയുടെ മുറുപടി.

'ലൈംഗിക ബന്ധത്തിനായി നിർബന്ധിച്ചു'

സിവിക്ക് ചന്ദ്രൻ അഡ്‌മിനായ 'നിലാനടത്തം' വാട്ട്സ്ആപ്പ് ഗൂപ്പിൽ അംഗമായിരുന്ന യുവതിയാണ് അതേ ഗ്രൂപ്പിൽ ലൈംഗിക ആരോപണം ഉന്നയിക്കുന്നത്. സിവിക്ക് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും ലൈംഗികബന്ധത്തിനായി പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

'നിലാനടത്തം' വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ തന്നെയാണ്, ഇതു സംബന്ധിച്ച് യുവതി കുറിപ്പിട്ടത്. ഇതോടെ ഈ ഗ്രൂപ്പ് പിരിച്ചുവിടുകയാണ് അഡ്‌മിന്മാർ ചെയ്തത്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്‌ത്തിയെന്നും യുവതി പറയുന്നു. പരസ്പര സമ്മതമില്ലാതെ താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും പ്രലോഭിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്ന് യുവതി കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച് കാര്യം നേടുക, ആവശ്യപ്പെടാതെ തന്നെ സ്ഥാനമാനങ്ങളും സഹായങ്ങളും ചെയ്തു വില പേശുക, മറ്റെന്തൊക്കെയാണെങ്കിലും ഒരു സ്ത്രീയെ അവളുടെ ശരീരം എന്ന സാധ്യതയായി മാത്രം കാണുക, തനിക്ക് അനുകൂലമാകുന്ന സാഹചര്യത്തിൽ കൂട്ടത്തിൽ ഏറ്റവും ദുർബലരെന്ന് തോന്നുന്നവരോട് എന്ത് തോന്ന്യാസവും കാണിക്കുക, അനുഭവസ്ഥർ അവരുടെ സങ്കടങ്ങൾ വളരെ പ്രയാസത്തോടെ പറയാൻ ശ്രമിക്കുമ്പോൾ മറ്റ് ഉന്നത കുടുംബങ്ങളിൽ നിന്നും ഇത്തരം പരിപാടികൾക്ക് വന്ന സ്ത്രീകൾക്കുണ്ടാവുന്ന അപമാനത്തെക്കുറിച്ച് യാതൊരുവിധ ഔചിത്യവുമില്ലാതെ സവർണ ബോധത്തോടെ സംസാരിക്കാൻ കഴിയുക ഇങ്ങനെയുള്ളവരോടുള്ള, ഇത്തരം ഏർപ്പാടുകളോടും നിലപാടുകളോടുമുള്ള തന്റെ വിയോജിപ്പുകൾ അറിയിക്കുന്നതായും യുവതി കുറിപ്പിൽ പറയുന്നു.

സ്ത്രീയുടെ ശരീരത്തിൽ ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുന്ന പുരുഷന്മാരോട്, സ്വതന്ത്ര ചിന്തയുള്ള സ്തീകളെ മോശമായ രീതിയിൽ സമീപിക്കുന്ന പുരുഷന്മാരോട് യാതൊരു പ്രിവിലേജുമില്ലാത്ത ഒരു സ്ത്രീ നടത്തുന്ന കലഹമാണിത്. ഒരു പുരുഷന് ഒരു സ്ത്രീയെ ഏതു സാഹചര്യത്തിലും 'ട്രൈ' ചെയ്യാമത്രെ. സ്വന്തം കുടുംബത്തിലെ അമ്മയെയും മകളെയും പെങ്ങളെയുമൊക്കെ നിങ്ങൾ ചെയ്യുമോ എന്നും യുവതി ചോദിക്കുന്നു. നിലാനടത്തത്തിലെ പൂങ്കോഴി അമ്മാവന്മാരായ കവികളേ, താൻ കൃഷ്ണപക്ഷക്കാരായ ആണുങ്ങളുടെ കൈകളിലേക്ക് കുഴഞ്ഞു വീഴുന്ന രാധികയല്ല- എന്നും യുവതി വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP