Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്ഥാനത്ത് വില്ലനായി മഴ; ജലനിരപ്പ് ഉയർന്നതോടെ മലമ്പുഴ ഡാം നാളെ തുറക്കും; കക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു; ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.68 അടിയിലെത്തി; കുട്ടനാട് താലൂക്കിലും കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും നാളെ അവധി; അഞ്ചു ദിവസം കൂടി മഴ ശക്തമായി തുടരും; മത്സ്യത്തൊഴിലാളികൾക്കും മലയോരവാസികൾക്കും ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് വില്ലനായി മഴ; ജലനിരപ്പ് ഉയർന്നതോടെ മലമ്പുഴ ഡാം നാളെ തുറക്കും; കക്കി ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു;  ഇടുക്കി ഡാമിലെ ജലനിരപ്പ് 2395.68 അടിയിലെത്തി; കുട്ടനാട് താലൂക്കിലും കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും നാളെ അവധി; അഞ്ചു ദിവസം കൂടി മഴ ശക്തമായി തുടരും; മത്സ്യത്തൊഴിലാളികൾക്കും മലയോരവാസികൾക്കും ജാഗ്രതാ നിർദ്ദേശം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് തോരാമഴ തുടരുന്നു. കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാലയങ്ങൾക്കും, ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ കനത്ത മഴ തുടരുന്ന തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അവധി പ്രഖ്യാപിച്ചിട്ടില്ല. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മലയോര മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കനത്ത മഴയെതുടർന്ന് ശബരിഗിരി ജല വൈദ്യുതി പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ കക്കി ഡാമിന്റെ ജലനിരപ്പ് 980.00 മീറ്റർ കടന്നതിനാൽ രണ്ടാം ഘട്ട മുന്നറിയിപ്പ് (ഓറഞ്ച് അലർട്ട്) പുറപ്പെടുവിച്ചു. ജലനിരപ്പ് 980.50 ആകുമ്പോൾ റെഡ് അലർട്ട് നൽകും. ആനത്തോട് ഡാമിന്റെ ഷട്ടറുകൾ ഉയർത്തി അധിക ജലം പുറത്തേക്കുവിടുമെന്ന് കെഎസ്ഇബി അറിയിപ്പ് നൽകിയിണ്ടുണ്ട്. ആനത്തോട് ഡാമിന്റെ താഴെയുള്ള പ്രദേശങ്ങളിലും കക്കി- പമ്പ നദികളുടെ കരകളിൽ താമസിക്കുന്നവരും പമ്പ ത്രിവേണിയിലേക്കു വരുന്ന തീർത്ഥാടകരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 981.46 മീറ്ററാണ് കക്കി അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. പാലക്കാട് മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ ബുധനാഴ്ച തുറക്കും.

മഴ ശക്തിപ്രാപിച്ചതോടെ ജലനിരപ്പ് ഉയർന്നതിനാൽ മലമ്പുഴ ഡാം നാളെ രാവിലെ 11-നും 12 നും ഇടയിൽ തുറക്കുംമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനിടെ, തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകളും പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകളും തുറന്നു. അതേസമയം ഇടുക്കി- മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പുകളിൽ നേരിയ തോതിലുള്ള ഉയർച്ച മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. ഇടുക്കി ഡാമിൽ ട്രയൽ റൺ സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് ഡാം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഒരു മണിക്കൂറിൽ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. 17 മണിക്കൂറിനുള്ളിൽ ഉയർന്നത് 0.44 അടി മാത്രമാണ്. ജലനിരപ്പ് ഉയർന്നുകൊണ്ടിരുന്നാൽ മാത്രമേ ട്രയൽ റൺ നടത്തുവെന്നും മന്ത്രി പറഞ്ഞു.അതേസമയം രാത്രിയോടെ അണക്കെട്ടിലെ ജലനിരപ്പ് 2395.68 അടിയിലെത്തി. രാത്രി എട്ടു മണിക്കുള്ള റീഡിങ് അനുസരിച്ചാണിത്. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. വൃഷ്ടി പ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടിവിച്ചിട്ടുണ്ട്. ഏത് നിമിഷവും സന്നദ്ധമായി ദുരന്തനിവാരണ സേനയും കൺട്രോൾ റൂമുകളുമടക്കം ഇടുക്കി അണക്കെട്ടിനോട് ചേർന്ന് സജ്ജമാക്കിയിട്ടുണ്ട്. 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് (ട്രയൽ) തീരുമാനം. 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂർ കൂടി കഴിഞ്ഞേ ചെറുതോണിയിൽ ഷട്ടറുകൾ ഉയർത്തൂ. 2403 അടിയാണു പരമാവധി ശേഷി.

അതിരപ്പള്ളി വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രം അടച്ചു

വെള്ളത്തിന്റെ കുത്തൊഴുക്കു വർധിച്ചതോടെ അതിരപ്പിള്ളി, വാഴച്ചാൽ വിനോദസഞ്ചാര കേന്ദ്രം അടച്ചു. അതിരപ്പിള്ളി, മലക്കപ്പാറ വഴിയുള്ള വാഹന ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തി. മഴ കനത്തതോടെ കൊച്ചിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതിലൈനിൽ തട്ടി ഒരാൾ മരിച്ചു. രാവിലെ ആറുമണിക്ക് പാൽ വാങ്ങാൻ പോയ ജോർജ്കുട്ടി ജോണാണ് (74) മരിച്ചത്. നെയ്യാർ, പേപ്പാറ, അരുവിക്കര ഡാമുകൾ തുറന്നു. തമ്പാനൂർ സ്റ്റേഷനിൽ ട്രാക്കിൽ വെള്ളം കയറിയതിനെത്തുടർന്ന് പതിനൊന്നരയോടെ തകരാറിലായ സിഗ്‌നൽ സംവിധാനം നാലരയോടെയാണു പുനഃസ്ഥാപിക്കാനായത്. കൊല്ലത്തും കടലാക്രമണം രൂക്ഷമാണ്. കണ്ണൂർ ആറളം വനത്തിൽ ഉരുൾപൊട്ടിയതിനെ തുടർന്ന് അഞ്ചു മണിക്കൂറോളം വനപാലകർ കാടിനുള്ളിൽ കുടുങ്ങി. പുഴകൾ കര കവിഞ്ഞതോടെ കണ്ണൂരിലെ മലയോര ഹൈവേയിലും കോഴിക്കോട് വയനാട് ദേശീയപാതയിലും ഗതാഗതം തടസപെട്ടു.

അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരും

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ മൺസൂൺ ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തും മറ്റ് ജില്ലകളിലും ഇന്നുണ്ടായ ശക്തമായ മഴയെന്നും അധികൃതർ പറഞ്ഞു. അടുത്ത അഞ്ചു ദിവസം കൂടി ശക്തമായ മഴ തുടരും. ഒഡിഷ തീരത്ത് രൂപം കൊണ്ട അന്തരീക്ഷ ചുഴിയാണ് ശക്തമായ മഴയ്ക്ക് കാരണം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറൻ കാറ്റിന്റെ വേഗം മണിക്കൂറിൽ 25 മുതൽ 35 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 45 കി.മി വരെയുമാകാം. കേരള,? ലക്ഷദ്വീപ് തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ അടുത്ത 24 മണിക്കൂർ കടലിൽ പോകരുതെന്ന് അധികൃതർ നിർദ്ദേശിച്ചു.

അതേസമയം,രാവിലെ തിമിർത്തു പെയ്ത മഴയ്ക്ക് ഇപ്പോൾ നേരിയ ശമനം വന്നിട്ടുണ്ട്. തിരുവനന്തപുരത്ത് ശക്തമായ മഴയെ തുടർന്ന് റെയിൽവേ ട്രാക്കിൽ വെള്ളം കയറി. നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നതേയുള്ളൂ. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളം കയറി ഗതാഗതം താറുമാറായി. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കണ്ണൂരിൽ കാക്കയങ്ങാട് ടൗൺ പൂർണമായും വെള്ളത്തിലായി. പേരാവൂർ- ഇരിട്ടി റോഡിൽ കാക്കയങ്ങാട് പെട്രോൾ പമ്പ് മുതൽ ടൗൺ ഭാഗം വരെ പൂർണമായും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കുനിത്തല ചൗള നഗറിൽ വെള്ളം കയറിയതിനെത്തുടർന്ന് വീട്ടുകാരെ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP