Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തിരിച്ചടി; മെയ് 21 കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല; ഫലം വരുന്നതിന് മുമ്പ് യാതൊരു വിധ സഖ്യങ്ങൾക്കും ഇല്ലെന്ന നിലപാടിൽ എസ്‌പിയും ബിഎസ്‌പിയും തൃണമൂലും; 140 കടക്കുമെന്ന് പ്രതീക്ഷയില്ലാതായതോടെ കർണാടകാ മോഡലിനും കോൺഗ്രസിൽ ചർച്ച; മമത, മായാവതി, അഖിലേഷ്...തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ എല്ലാ കണ്ണുകളും ഈ ത്രിമൂർത്തികളിൽ

വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് തിരിച്ചടി; മെയ് 21 കോൺഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കില്ല; ഫലം വരുന്നതിന് മുമ്പ് യാതൊരു വിധ സഖ്യങ്ങൾക്കും ഇല്ലെന്ന നിലപാടിൽ എസ്‌പിയും ബിഎസ്‌പിയും തൃണമൂലും; 140 കടക്കുമെന്ന് പ്രതീക്ഷയില്ലാതായതോടെ കർണാടകാ മോഡലിനും കോൺഗ്രസിൽ ചർച്ച; മമത, മായാവതി, അഖിലേഷ്...തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ എല്ലാ കണ്ണുകളും ഈ ത്രിമൂർത്തികളിൽ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: വിശാല പ്രതിപക്ഷ സഖ്യം രൂപീകരിക്കാനുള്ള കോൺഗ്രസ് ശ്രമങ്ങൾക്ക് വൻ തിരിച്ചടി. മെയ് 21 ന് കോൺഗ്രസ് വിളിച്ചുചേർത്ത പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമതാ ബാനർജി,അഖിലേഷ് യാദവ്, മായാവതി തുടങ്ങിയ നേതാക്കൾ അറിയിച്ചതോടെയാണ് വിശാല പ്രതിപക്ഷ സഖ്യ സാധ്യതകൾ മങ്ങുന്നു. നേതാക്കളെ ചർച്ചയ്ക്ക് എത്തിക്കാനുള്ള ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സമവായ ശ്രമങ്ങളും പാളുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് യാതൊരു വിധ സഖ്യങ്ങൾക്കും ഇല്ലെന്ന മുൻ നിലപാടിൽ തന്നെയാണ് നേതാക്കൾ ഇപ്പോഴും. ത്രിശങ്കു സഭയാണ് വരുന്നതെങ്കിൽ തങ്ങളുടെ പ്രധാനമന്ത്രിപദമെന്ന സ്വപ്നം പൂവണിയുമെന്നാണ് നേതാക്കൾ കരുതുന്നത്.

ബിജെപിയോടുള്ള രാഷ്ട്രീയമായ എതിർപ്പിനെ പോലെ തന്നെ കോൺഗ്രസിനോട് ആശയപരമായ വിയോജിപ്പും പുലർത്തുന്നവരാണ് പ്രതിപക്ഷ നിരയിലെ പ്രധാന പാർട്ടികൾ എല്ലാം തന്നെ. എഎപിയും തൃണമൂലും തുടങ്ങി ഇടതുപക്ഷം വരെ ഈ വിയോജിപ്പ് കാത്തുസൂക്ഷിക്കുന്നുണ്ട്. ഇത്തരം വിയോജിപ്പിനെക്കാളേറെയാണ് പ്രാദേശിക നേതാക്കളുടെ അധികാര മോഹം. ആർക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥ വന്നാൽ ആ അവസരം ഉപയോഗിച്ച് പ്രധാനമന്ത്രി പദം ആവശ്യപ്പെടാൻ മമത ബാനർജിയും മായാവതിയും അഖിലേഷ് യാദവും മടിക്കില്ല. അടുത്ത  പ്രധാനമന്ത്രി ആരാകുമെന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ ത്രിമൂർത്തികൾ തീരുമാനിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഈയിടെ എഴുതിയത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടിക്കൊണ്ടുള്ള പ്രതിപക്ഷ ഐക്യത്തിന് മായാവതിക്കും മമതാ ബാനർജിക്കും താത്പര്യമില്ല. ഇത് പല അവസരങ്ങളിൽ ഇവർ സൂചിപ്പിച്ചിട്ടുമുണ്ട്. അതേസമയം സമവായത്തിന് മറ്റ് വഴികൾ കോൺഗ്രസ് തേടുന്നുണ്ട്.

അധികാരമോഹികൾ ഒട്ടേറെ

പ്രധാനമന്ത്രിയാകാൻ പ്രതീക്ഷവെക്കുന്ന ഒന്നിലധികം ആളുകളാണ് പ്രതിപക്ഷ നിരയിലുള്ളത്. മായവതി, മമത, അഖിലേഷ, ടിആർഎസ് നേതാവ് ചന്ദ്രശേഖര റാവു എന്നിവരാണ് പ്രധാനമായും പ്രധാനമന്ത്രി സ്ഥാനം മോഹിക്കുന്നവർ. ഇവരെക്കൂടാതെ നിർണായക എണ്ണം സീറ്റുകളുമായി എത്തുന്ന എൻസിപിയും ബിജു ജനതാ ദളും ഉൾപ്പെടെയുള്ള മറ്റ് പ്രാദേശിക കക്ഷികളും ഉണ്ട്.

ഇതിനിടയിൽ രാഹുലിനെ പ്രധാനമന്ത്രിയായി പ്രതിപക്ഷ ഐക്യനിര അംഗീകരിക്കില്ലെങ്കിൽ പാർട്ടിയിൽ നിന്നു തന്നെ മറ്റാരെയെങ്കിലും നിർദ്ദേശിക്കണം എന്ന അഭിപ്രായവും കോൺഗ്രസിനുള്ളിലുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അങ്ങനെ വന്നാൽ പാർട്ടി ആദ്യം മുന്നോട്ടു വെക്കുക കഴിഞ്ഞ അഞ്ചു കൊല്ലം പാർലമെന്റിൽ പാർട്ടി നേതാവായിരുന്ന മല്ലികാർജ്ജുൻ ഖാർഗെയുടെ പേരാകും. കേന്ദ്രത്തിൽ റെയിൽവെ മന്ത്രിയും തൊഴിൽ മന്ത്രിയുമൊക്കെയായി ഭരണപരിചയവും മല്ലികാർജുനുണ്ട്. കർണ്ണാടകത്തിൽ നിന്നുള്ള ദളിത് നേതാവാണ് എന്നതും മല്ലികാർജുന് തുണയാകുന്നു. അഞ്ചു പതിറ്റാണ്ടിലേറെ ദൈർഘ്യമുള്ള രാഷ്ട്രീയ ജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പിലും ഖാർഗെ പരാജയപ്പെട്ടിട്ടില്ല. നിയമസഭയിലേക്ക് ഒമ്പത് തവണയും ലോക്സഭയിലേക്ക് രണ്ടു തവണയും വിജയിച്ച ചരിത്രമാണ് ഖാർഗെയ്ക്കുള്ളത്. 

ബിജെപി നേരിടുന്നത് വെല്ലുവിളികൾ മാത്രം

ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോൾ ആദ്യ ഘട്ടത്തിൽ പ്രകടിപ്പിച്ചിരുന്ന അധികാര സ്വപ്നവും ആത്മവിശ്വാസവും നഷ്ടപ്പെട്ട് കോൺഗ്രസും ബിജെപിയും. ബാലാക്കോട്ട് ആക്രമണത്തിന്റെ നേട്ടം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ബിജെപിക്ക് മുഖ്യമായും വെല്ലുവിളി ഉയർത്തുന്നത് പ്രാദേശിക പാർട്ടികളുടെ മുന്നേറ്റമാണ്. അതേ സമയം പ്രതിപക്ഷ ഐക്യനിരയുടെ കരുത്തിൽ പ്രതീക്ഷയർപ്പിച്ച കോൺഗ്രസിന് വെല്ലുവിളിയാകുന്നതും പ്രതിപക്ഷ ചേരിയിലെ ഭിന്നത തന്നെയാണ്. എന്നാൽ, പ്രധാനമന്ത്രി പദം മോഹിക്കുന്ന ഒരുപാട് പ്രാദേശിക പാർട്ടി നേതാക്കളുടെ മനസ്സ് ഇനിയും തുറന്നിട്ടില്ല എന്നതിലാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും പ്രതീക്ഷ. ഇരുപാർട്ടികളുടെയും ആശങ്കയും ഇതു തന്നെയാണ്.

ഫിർ ഏക്‌ബാർ മോദി എന്ന ഒറ്റ വാചകം കൊണ്ട് അധികാരത്തുടർച്ച ലക്ഷ്യമിട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയത്. മോദി പ്രഭാവത്തിൽ ഒരു തവണകൂടി രാജ്യത്തിന്റെ അധികാരം കയ്യാളാനാകും എന്നായിരുന്നു ബിജെപി ലക്ഷ്യമിട്ടത്. എന്നാൽ തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതോടെ ചിത്രം ആകെ മാറുകയായിരുന്നു. രാഹുലും പ്രിയങ്കയും ചേർന്നു നയിച്ച കോൺഗ്രസ് പ്രചരണത്തെ നേരിടാൻ മോദിയുടെ പ്രതിച്ഛായ കൊണ്ടു മാത്രം കഴിഞ്ഞില്ല. ഒരിക്കൽ തങ്ങൾ പപ്പുമോൻ എന്നു വിളിച്ചു കളിയാക്കിയ രാഹുൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒറ്റയ്ക്കു നിന്നു പടനയിക്കാനെത്തിയപ്പോൾ തന്ത്രവും തന്റേടവും നൽകി പ്രിയങ്കയും ഒപ്പം കൂടി. ഇവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകാനാകാതെ കുഴങ്ങിയ മോദി രാഹുലിന്റെ അച്ഛനെയും അപ്പൂപ്പനെയും കള്ളനെന്നു വിളിച്ചാണ് പിടിച്ചു നിൽക്കാൻ ശ്രമിച്ചത്. അതിനിടെ ചില അഭിമുഖങ്ങളിൽ പ്രധാനമന്ത്രി നടത്തിയ യുക്തിക്കു നിരക്കാത്ത പ്രസ്താവനകളും മോദിയുടെ പ്രതിച്ഛായയെ പിന്നോട്ടിച്ചു.

2014 ൽ 282 സീറ്റ് നേടിയ ബിജെപി ഇക്കുറി 170 കടക്കുമോ എന്ന കാര്യത്തിൽ ബിജെപി നേതൃത്വത്തിന് പോലും ഉറപ്പില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ 80 സീറ്റിൽ 71 ഉം ബിജെപി പിടിച്ചിരുന്നു. ഇത്തവണ എസ്‌പി - ബിഎസ്‌പി സഖ്യത്തിനു മുന്നിൽ ബിജെപിക്ക് എത്രസീറ്റ് നേടാനാകും എന്നതാണ് പാർട്ടി നേരിടുന്ന വെല്ലുവിളി. പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസും ചെറുതല്ലാത്ത ഭീഷണിയാണ് ബിജെപിക്ക് ഉയർത്തുന്നത്. രാജസ്ഥാനിൽ 25 ൽ 25 ഉം ഗുജറാത്തിൽ 26ൽ 26 ഉം മദ്ധ്യപ്രദേശിൽ 29 ൽ 27 ഉം ചത്തിസ്ഗഡിൽ 11 ൽ പത്തും ഡെൽഹിയിൽ ഏഴിൽ ഏഴും നേടിയ ആ പ്രകടനം ഇക്കുറി ബിജെപി ആവർത്തിക്കുമെന്ന് സാക്ഷാൽ നരേന്ദ്ര മോദിയും അമിത്ഷായും പോലും കരുതുന്നുണ്ടാവില്ല. ഉത്തരേന്ത്യയിൽ സീറ്റ് കുറയുകയും ദക്ഷിണേന്ത്യയിൽ കാര്യമായ മുന്നേറ്റമൊന്നും നടത്താനാവാതെ വരികയും ചെയ്യുമ്പോഴുണ്ടാവുന്ന നഷ്ടം നികത്താൻ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു കിട്ടിയേക്കാവുന്ന സീറ്റുകൾ കൊണ്ടാവില്ലെന്നും ബിജെപിക്കറിയാം.

ഉത്തരേന്ത്യയിൽ കോൺഗ്രസും ദക്ഷിണേന്ത്യയിൽ ഡിഎംകെയും ജനതാ ദളും ചന്ദ്രബാബു നായിഡുവും ഉൾപ്പെടെയുള്ള പ്രാദേശിക കക്ഷികളും മോദിക്ക് ഉയർത്തുന്നത് വലിയ വെല്ലുവിളി തന്നെയാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ശക്തരായ എതിരാളികളുണ്ട് എന്നതാണ് ബിജെപി നേരിടുന്ന പ്രതിസന്ധി. തകർന്നടിഞ്ഞു പോകുന്ന ഇടതു പക്ഷത്തു നിന്നും ഒരു'ചെറുക്കൻ' വരെ- കനയ്യകുമാർ- എഴുന്നേറ്റു നിന്നു ബിജെപിയെ ബീഹാറിൽ വിറപ്പിച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നേട്ടമുണ്ടാക്കാനാകും എന്നാണ് പ്രതീക്ഷ എങ്കിലും അത് അധികാരം നിലനിർത്താൻ പര്യാപ്തമാകില്ല. പശ്ചിമ ബംഗാളിൽ കാലുകുത്താൻ പോലും അനുവദിക്കാതെ തങ്ങൾക്കെതിരെ കലി തുള്ളുന്ന മമതയെ എങ്ങനെ മെരുക്കണം എന്നുപോലും ബിജെപിക്ക് തീരുനമാനിക്കാനാകുന്നില്ല.

കർണാടക മോഡലിനും കോൺഗ്രസിൽ ചർച്ച

വോട്ടെടുപ്പ് പൂർത്തിയില്ലെങ്കിലും നിലവിലെ കണക്കുകൂട്ടലിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാൻ സാധിച്ചേക്കില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. പരമാവധി 120 മുതൽ 140 സീറ്റുവരെയെ കോൺഗ്രസിന് ലഭിക്കൂ എന്നാണ് ആഭ്യന്തര സർവേയിൽ പറയുന്നത്. ബൂത്ത്തലത്തിലുള്ള കണക്കുകൾ അവലോകനം ചെയ്താണ് കണ്ടെത്തൽ. 140 സീറ്റിൽ കൂടുതൽ നേടിയാൽ മാത്രം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയാൽ മതിയെന്ന തീരുമാനത്തിലായിരുന്നുപാർട്ടി. എന്നാൽ പ്രധാനമന്ത്രി പദ മോഹികളായ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുക അത്ര എളുപ്പവുമാകില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കാതെ വന്നാൽ പ്രധാനമന്ത്രി പദം അടക്കം മറ്റ് പാർട്ടികൾക്ക് വിട്ടുനൽകി സർക്കാർ രൂപീകരിക്കാനുള്ള ശ്രമം കോൺഗ്രസ് നടത്തിയേക്കുമെന്നും സൂചനകളുണ്ട്. പുറത്തുനിന്ന് പിന്തുണയ്ക്കാതെ കർണാടക മോഡലിൽ സർക്കാരിൽ പങ്കാളിയാകുന്ന സഖ്യത്തിനാണ് കോൺഗ്രസ് ശ്രമിക്കുക. എന്നാൽ ആഭ്യന്തര സർവേയിൽ പിന്നോക്കം പോയ സാഹചര്യത്തിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രതിപക്ഷ പാർട്ടികളുടെ സർക്കാരിൽ പങ്കാളിയാകും. 1996 ൽ മൂന്നാം മുന്നണിയെ പുറത്തുനിന്ന് പിന്തുണച്ചതിന്റെ ദുരനുഭവം മുൻനിർത്തി പുറമേ നിന്ന് പിന്തുണയ്ക്കാതെ സർക്കാർ പങ്കാളിയാകും.

ഇടമില്ലാതെ ഇടതുപക്ഷം

രാജ്യത്ത് നടക്കുന്ന അധികാര ചർച്ചകളിലൊന്നും ഇടതുപക്ഷത്തിന് ഇക്കുറി കാര്യമായ ഒരു റോളും ഉണ്ടാകാനിടയില്ല. യെച്ചൂരിക്കും കാരാട്ടിനും വല്ല ദൂതന്റെയോ മധ്യസഥന്റെയോ റോൾ കോൺഗ്രസ് നൽകിയാൽ മാത്രമാകും ഇടതുനേതാക്കൾ ചർച്ചകളിൽ പോലും ഉണ്ടാകുക. കഴിഞ്ഞ തവണത്തേതിനേക്കാൾ ദുർബലമായിരിക്കും ഇത്തവണ പാർലമെന്റിൽ ഇടതു അംഗബലം എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാൽ, കനയ്യ കുമാർ ബീഹാറിൽ നിന്നും വിജയിച്ചു വരികയും ബിജെപി അധികാരം നിലനിർത്തുകയും ചെയ്താൽ പാർലമെന്റിനകത്തും പുറത്തും നടക്കുക കനയ്യ-മോദി പോരാകും എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്തും പിന്നീട് കുറച്ചു കാലത്തും തരംഗം സൃഷ്ടിച്ച ആം ആദ്മി പാർട്ടിയും ഇത്തവണയോടെ അപ്രസക്തമായേക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP