Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാധ്യമപ്രവർത്തകരുടെ ജോലിസമയം വർധിപ്പിക്കാൻ സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തു മാതൃഭൂമി മാനേജ്‌മെന്റ്; ഡെസ്‌ക്സ് ജോലി രണ്ടു മണിക്കൂർ കൂട്ടിയാൽ കാന്റീൻ സൗജന്യമാക്കാമെന്നു വാഗ്ദാനം; വേജ്‌ബോർഡും വർക്കിങ് ജേർണലിസ്റ്റ് നിയമവും അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ എതിർപ്പുമായി പത്രപ്രവർത്തകർ; നിമയവിരുദ്ധമെന്നു മനസിലായിട്ടും എതിർക്കാതെ യൂണിയൻ നേതാക്കൾ

മാധ്യമപ്രവർത്തകരുടെ ജോലിസമയം വർധിപ്പിക്കാൻ സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്തു മാതൃഭൂമി മാനേജ്‌മെന്റ്; ഡെസ്‌ക്സ് ജോലി രണ്ടു മണിക്കൂർ കൂട്ടിയാൽ കാന്റീൻ സൗജന്യമാക്കാമെന്നു വാഗ്ദാനം; വേജ്‌ബോർഡും വർക്കിങ് ജേർണലിസ്റ്റ് നിയമവും അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ എതിർപ്പുമായി പത്രപ്രവർത്തകർ; നിമയവിരുദ്ധമെന്നു മനസിലായിട്ടും എതിർക്കാതെ യൂണിയൻ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വർക്കിങ് ജേർണലിസ്റ്റ് ആക്ടിൽ പറയുന്ന ജോലിസമയം വർധിപ്പിക്കാൻ സമ്മർദതന്ത്രവുമായി മാതൃഭൂമി മാനേജ്‌മെന്റ്. കാന്റീനിലൂടെ സൗജന്യമായി ഭക്ഷണം വാഗ്ദാനം ചെയ്ത് എഡിറ്റോറിയൽ ജീവനക്കാരുടെ ജോലിസമയം രണ്ടു മണിക്കൂർ വർധിപ്പിക്കാനാണ് നീക്കം. ഏപ്രിൽ ഒന്നിന് മാനേജ്‌മെന്റ് വിളിച്ചുചേർത്ത ജേർണലിസ്റ്റ്-നോൺ ജേർണലിസ്റ്റ് യൂണിയനുകളുടെ ഭാരവാഹിയോഗത്തിലാണ് തൊഴിലാളി വിരുദ്ധമായ ഈ നിർദ്ദേശം മുന്നോട്ടു വച്ചത്.

നിയമവിരുദ്ധമെന്ന് മനസ്സിലായിട്ടും മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻ ഭാരവാഹികൾ ഇതിനെ എതിർത്തിട്ടില്ല. പകരം മുഴുവൻ അംഗങ്ങളുടെയും അഭിപ്രായം അറിയുന്നതിന് ഏപ്രിൽ 11-നകം എല്ലാ യൂണിറ്റുകളിലും യോഗം ചേർന്ന് അഭിപ്രായങ്ങൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ പത്രപ്രവർത്തകർക്ക് പൊതുവായുള്ള വർക്കിങ് ജേർണലിസ്റ്റ് ആക്ടും വേജ് ബോർഡും ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് തൊഴിലാളി വിരുദ്ധമായ ഈ നിർദ്ദേശം കൊണ്ടുവന്നതെന്ന് പറയുന്നു. യൂണിയൻ നേതാക്കൾക്ക് വാക്കാലുള്ള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്്. കമ്പനി ഔദ്യോഗികമായി ഇതുസംബന്ധിച്ച്്് ഒരു അറിയിപ്പും പുറത്തുവിട്ടിട്ടില്ല.

ഏപ്രിൽ ഒന്നിന് കോഴിക്കോട്ട് വിളിച്ചുചേർത്ത യോഗത്തിൽ കമ്പനി ഡയറക്ടറും എച്ച്.ആർ.ജനറൽ മാനേജർ ജി.ആനന്ദുമാണ് പങ്കെടുത്തത്. ആദ്യം നോൺ ജേർണലിസ്റ്റ് യൂണിയന്റെ ഭാരവാഹികളാണ് യോഗത്തിനെത്തിയത്. ഇവർ സമർപ്പിച്ച നിവേദനങ്ങൾ അംഗീകരിച്ച് വിഷുവിന് 5000 രൂപ ബോണസ് നൽകാനും പത്തു വർഷം സർവീസ് പൂർത്തിയാക്കിയവർക്ക് സ്ഥാനക്കയറ്റം നൽകാനും മാനേജ്‌മെന്റ് സമ്മതം അറിയിച്ചു. ഇതോടൊപ്പം കാന്റീൻ വഴി സൗജന്യഭക്ഷണം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് നടന്ന ചർച്ചയിലാണ് എട്ടു മണിക്കൂർ ജോലിയെടുത്താൽ ഇക്കാര്യം പരിഗണിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചത്. നിലവിൽ നോൺ ജേർണലിസ്റ്റുകളുടെ ജോലി സമയം ഏഴുമണിക്കൂറാണ്. ജേർണലിസ്റ്റുകളുടേത് ആറ് മണിക്കൂറും.

രാജ്യത്തെ പത്രപ്രവർത്തകരുടെ ക്ഷേമത്തിനും തൊഴിൽ സുരക്ഷക്കും 1955-ൽ നിലവിൽവന്ന വർക്കിങ് ജേർണലിസ്റ്റ് ആക്ടിൽ എഡിറ്റോറിയൽ ജീവനക്കാരുടെ ജോലി സമയത്തെക്കുറിച്ചും ലീവിനെക്കുറിച്ചും കൃത്യമായി നിർവചിക്കുന്നുണ്ട്.

'No Working Journalist shall be required or allowed to work in any newspaper establishment for more than 144 hours during any period of four consecutive weeks, exclusive of the time for meals. Every working journalist shall be allowed during any period of seven consecutive days rest for a period of not less than 24 consecutive hours, the period between 10 p.m and 6 a.m being included therein'.

രാത്രിയും അസമയത്തും ജോലി ചെയ്യുന്ന തൊഴിൽ മേഖല എന്ന പരിഗണനയുടെ അടിസ്ഥാനത്തിലാണ് ജോലി സമയം നിശ്ചയിച്ചത്്. ഇതുപ്രകാരം ദിവസം 6 മണിക്കൂറാണ് ജോലി സമയം. ഡസ്‌ക് ഡ്യൂട്ടി മാത്രമാണ് ആറ് മണിക്കൂറായി നിജപ്പെടുത്തിയിട്ടുള്ളത്. ബ്യൂറോകളിൽ എട്ടുമണിക്കൂർ വരെ ജോലി ചെയ്യുന്നു.ഡസ്‌ക് ഡ്യൂട്ടി പലപ്പോഴും ഏഴും എട്ടും മണിക്കൂർ വരെ നീളാറുണ്ട്. ബ്യൂറോകളിൽ പത്ത് മണിക്കൂർവരെയും. ആവശ്യവും തിരക്കും പരിഗണിച്ച് ഇതെല്ലാം ജീവനക്കാർ സ്വാഭാവികമായി അംഗീകരിക്കുന്നുമുണ്ട്. ഇതിന്് ജേർണലിസ്റ്റുകൾ അധികവേതനം പറ്റുന്നുമില്ല. സേവന സന്നദ്ധമായി ചെയ്യുന്ന ഈ പ്രവൃത്തി തൊഴിലാളിയുടെ ബാധ്യതയും ഉത്തരാവാദിത്തവും ആക്കി മാറ്റാനാണ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നത്്് രാജ്യത്ത്്് നിലവിലുള്ള വർക്കിങ്് ജേർണലിസ്റ്റ് ആക്ടിന് വിരുദ്ധവുമാണ്.

കാന്റീൻ സൗകര്യം സൗജന്യമാക്കാമെന്നാണ് മാനേജ്‌മെന്റിന്റെ പ്രധാന വാഗ്ദാനം. വലിയ വ്യവസായശാലകളിൽ സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകണമെന്ന് തൊഴിൽ നിയമത്തിൽ പറയുന്നുണ്ട്്്. ഇതുപ്രകാരമുള്ള കാന്റീൻ സൗകര്യമാണ് മാതൃഭൂമിയിൽ ഉണ്ടായിരുന്നത്്.എന്നാൽ മാതൃഭൂമിയുടെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി 1997 മുതൽ ഇത്്്് സൗജന്യമാക്കിയിരുന്നു. അന്ന് മാനേജിങ് ഡയറക്ടർ എംപി.വീരേന്ദ്രകുമാർ കേന്ദ്രമന്ത്രിയുമായിരുന്നു. മാതൃഭൂമിയിൽ സൗജന്യഭക്ഷണം നൽകുന്നത്് വലിയൊരു മഹത്കർമ്മമായാണ് മാനേജ്‌മെന്റ് പറഞ്ഞിരുന്നത്്. എന്നാൽ 2014-ൽ വേജ് ബോർഡ് നടപ്പാക്കേണ്ടി വന്നപ്പോൾ പ്രതികാരമെന്ന നിലയ്ക്ക് കാന്റീൻ തന്നെ നിർത്തിയിരുന്നു. കുറച്ചുകാലം കാന്റീൻ സൗകര്യം പോലും ഉണ്ടായിരുന്നില്ല. പിന്നീട് തുറന്നപ്പോൾ സൗജന്യവും സബ്‌സിഡിയും എടുത്തു കളഞ്ഞ് നല്ല വിലയും ഈടാക്കി. ഈ പശ്ചാത്തലത്തിലാണ് വീണ്ടും സൗജന്യഭക്ഷണം എന്ന വാഗ്ദാനം ഉയർന്നിട്ടുള്ളത്. അതിനുവേണ്ടി രണ്ടു മണിക്കൂർ അധികജോലി ചെയ്യണമെന്ന വാദം തന്നെ തൊഴിൽ നിയമത്തിന് വിരുദ്ധമാണ്.

പത്തുവർഷം പൂർത്തിയായവർക്ക് സ്ഥാനക്കയറ്റം നൽകണമെന്ന് മജീദിയ വേജ് ബോർഡിൽ എടുത്തുപറയുന്നുണ്ട്.അത് ജീവനക്കാരുടെ അവകാശമാണ്. ഇതുപോലും നടത്താൻ കമ്പനി തയ്യാറായിട്ടില്ല. ഇതിൽ ആരുടെയും ഔദാര്യം ആവശ്യമില്ലെന്നിരിക്കെ വേജ്‌ബോർഡിൽ വെള്ളം ചേർക്കുന്ന പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. വേജ്‌ബോർഡ് സമരത്തെ തുടർന്ന് ഒരു വിഭാഗം പത്രപ്രവർത്തകരെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് വരെ നാടുകടത്തിയ പശ്ചാത്തലം നിലനിൽക്കുന്നതിനാൽ ആരും പ്രതികരിക്കില്ലെന്ന ധാരണയിലാണ് മാനേജ്‌മെന്റ്.

മാതൃഭൂമി ജേർണലിസ്റ്റ് യൂണിയനാവട്ടെ വർഷങ്ങളായി പ്രവർത്തിക്കുന്നുമില്ല.മാനേജ്‌മെന്റിന് താൽപ്പര്യമുള്ള ഒരു വിഭാഗമാണ് നേതൃത്വത്തിലുള്ളത്. ഇവരെ ഭൂരിഭാഗം അംഗീകരിക്കുന്നുമില്ല. കഴിഞ്ഞ രണ്ടുസംസ്ഥാന സമ്മേളനങ്ങളിലും 500 അംഗങ്ങളുള്ളതിൽ 50-ൽ താഴെ പേരാണ് പങ്കെടുത്തത്. മിക്ക യൂണിറ്റുകളിലും സെല്ലുകളില്ല. മെമ്പർഷിപ്പ് പുതുക്കിയിട്ട് വർഷങ്ങളായി. ഈ പശ്ചാത്തലത്തിൽ യൂണിറ്റുകളിൽ യോഗം വിളിച്ച് മുഴുവൻ അംഗങ്ങളുടെയും അഭിപ്രായം തേടുന്നത് സാധ്യമല്ല. ആരും പങ്കെടുക്കാനും സാധ്യതയില്ല. ഇത് മുന്നിൽകണ്ട് യൂണിയൻ നേതൃത്വത്തിലുള്ളവർ തന്നെ മാനേജ്‌മെന്റിന് അനുകൂലമായ തീരുമാനം നടപ്പാക്കാനുള്ള നീക്കം നടത്തുന്നുണ്ട്. വർക്കിങ് ജേർണലിസ്റ്റ് നിയമത്തിന് വിരുദ്ധമായുള്ള മാനേജ്‌മെന്റ് നീക്കത്തിൽ ഭൂരിഭാഗം പ്രവർത്തകർക്കും കടുത്ത അമർഷമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP