Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ക്ലാസിഫെഡ് അല്ലാതെ ഒരു പരസ്യം പോലും ഇല്ലാതെ മാതൃഭൂമി; നേരത്തെ എടുത്ത ഒന്നോ രണ്ടോ പരസ്യവുമായി മനോരമ; പരസ്യം കൊടുക്കാനായി രണ്ട് പത്രങ്ങൾ വരെ ദിവസവും ഇറക്കിയ പത്രമുത്തശ്ശിമാർ മെലിഞ്ഞു 12 പേജായി; ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചതു പോലെ കൊറോണ ഭീതിയിൽ സർക്കുലേഷൻ കുറയുന്നത് കൂടി ഉയർന്നതോടെ ഒന്നാം പേജിൽ പരസ്യം കൊടുത്ത് പ്രതിസന്ധി നേരിട്ട് അച്ചടി മാധ്യമങ്ങൾ

ക്ലാസിഫെഡ് അല്ലാതെ ഒരു പരസ്യം പോലും ഇല്ലാതെ മാതൃഭൂമി; നേരത്തെ എടുത്ത ഒന്നോ രണ്ടോ പരസ്യവുമായി മനോരമ; പരസ്യം കൊടുക്കാനായി രണ്ട് പത്രങ്ങൾ വരെ ദിവസവും ഇറക്കിയ പത്രമുത്തശ്ശിമാർ മെലിഞ്ഞു 12 പേജായി; ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചതു പോലെ കൊറോണ ഭീതിയിൽ സർക്കുലേഷൻ കുറയുന്നത് കൂടി ഉയർന്നതോടെ ഒന്നാം പേജിൽ പരസ്യം കൊടുത്ത് പ്രതിസന്ധി നേരിട്ട് അച്ചടി മാധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്രത്തിലൂടെ കോവിഡ് പടരുമെന്ന വ്യാജ പ്രചരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്നു. ഇതോടെ പല ആശങ്കകളും എത്തി. എന്നാൽ സർക്കാരും ശാസ്ത്രജ്ഞരും ഇത് തള്ളിക്കളഞ്ഞു. എങ്കിലും സർക്കുലേഷനിൽ പത്രങ്ങൾക്ക് വലിയ കുറവ് വരും. ട്രയിൻ, ബസ് യാത്രക്കാരെല്ലാം കടകളിൽ നിന്ന് പത്രം വാങ്ങി യാത്രകളിൽ നേരംമ്പോക്ക് ഉറപ്പാക്കും. ഇത്തരം വിൽപ്പന പൂർണ്ണമായും ഇടിഞ്ഞു. ഇതോടെ പത്രങ്ങളുടെ സർക്കുലേഷൻ കുറയുകയും ചെയ്തു. മാതൃഭൂമിയും മനോരമയുമാണ് സ്റ്റാൻഡുകളിൽ ചൂടപ്പം പോലെ വിൽക്കുന്ന പത്രങ്ങൾ. അതുകൊണ്ട് കർഫ്യൂവിൽ പ്രതിസന്ധിയിലാകുന്നത് പത്ര സമൂഹം കൂടിയാണ്. പരസ്യവും തീരെ ഇല്ലാതെയായി. അടുത്ത 21 ദിവസവും കാര്യങ്ങൾ ഇങ്ങനെയാകുമെന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു.

വലിയ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനുള്ള കരുത്ത് മാതൃഭൂമിക്കും മനോരമയ്ക്കും ഉണ്ട്. സിപിഎമ്മിന്റെ കരുത്തുള്ളതിനാൽ ദേശാഭിമാനിക്കും പിടിച്ചു നിൽക്കാനാകും. എന്നാൽ ബാക്കി പത്രങ്ങളെല്ലാം വലിയ പ്രതിസന്ധിയിലാകും. ക്ലാസിഫെഡ് അല്ലാതെ ഒരു പരസ്യം പോലും ഇല്ലാതെയാണ് മാതൃഭൂമി എന്ന് പുറത്തിറങ്ങിയത്. നേരത്തെ എടുത്ത ഒന്നോ രണ്ടോ പരസ്യവുമായി മനോരമയും പരസ്യം കൊടുക്കാനായി രണ്ട് പത്രങ്ങൾ വരെ ദിവസവും ഇറക്കിയ പത്രമുത്തശ്ശിമാർ മെലിഞ്ഞു തുടങ്ങുന്നതിന്റെ സൂചനയായി 12 പേജായി ചുരുങ്ങുകയും ചെയ്തു. 18ഉം 20ഉം പേജായിരുന്നു മുമ്പ് ഉണ്ടായിരുന്നത്. ഇതിനൊപ്പമാണ് ഇടിവെട്ടേറ്റവന് പാമ്പ് കടിച്ചതോടെ കൊറോണ ഭീതിയിൽ പത്രത്തിന്റെ വിൽപ്പന കടകളിൽ കുറഞ്ഞതോടെ പ്രതിസന്ധി കൂടുകയാണ്. ഒന്നാം പേജിൽ പത്ര സംഘടനകളുടെ കോവിഡ് പരസ്യം കൊടുത്ത് പ്രതിസന്ധി നേരിട്ട് അച്ചടി മാധ്യമങ്ങൾ മുമ്പോട്ട് പോകുന്നു.

ടെലിവിഷൻ ചാനലുകളുടെ പരസ്യവും പ്രതിസന്ധി നേരിടാൻ സാധ്യതയുണ്ട്. കേരളത്തിലെ പത്ര വ്യവസായത്തിന്റെ അടിത്തറ ഇളക്കുന്ന ഒരു പ്രചാരണമാണ് ഇപ്പോൾ വാട്‌സാപ്പിലും ഫേസ്‌ബുക്കിലുമായി കഴിഞ്ഞ മൂന്നുദിവസങ്ങളായി പ്രചരിക്കുന്നത്. നാം രാവിലെ വായിക്കുന്ന ദിനപ്പത്രങ്ങളിലൂടെ കോവിഡ് 19 പകരാൻ നല്ല സാധ്യതയുണ്ടെന്നും ഇതിന്റെ ഭാഗമായി ഒമാനിൽ അടക്കം ദിനപ്പത്രങ്ങളുടെ വിതരണം നിർത്തിവെച്ചിരിക്കയാണെന്നുമുള്ള ഭീതിദമായ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. എന്നാൽ 'ന്യൂസ്പേപ്പറുകൾ കോവിഡ് വാഹകരാണെന്നതിനുള്ള യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഡോക്ടർമാരും പറയുന്നുണ്ട്.ന്യൂസ്പ്പേപ്പറുകളിൽ വൈറസുകൾക്ക് നിലനിൽക്കാനാവുമെന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്തുവന്നിട്ടില്ല എന്നാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ സുജീത് സിങ് പറയുന്നത്.'- മാതൃഭൂമി വാർത്ത ഇങ്ങനെ പറയുന്നു.

'ന്യൂസ്പേപ്പറുകൾ സുരക്ഷിതമല്ലെന്ന് പറയുന്നതിൽ യാതൊരു യുക്തിയുമില്ല. ആളുകൾ തിങ്ങി നിറഞ്ഞ മുറിയിൽ നിന്ന് നിങ്ങൾ പത്രം വായിക്കുകയാണെങ്കിൽ രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതിന് കാരണം പത്രമല്ല പകരം ഇത്രയധികം ആളുകൾ തിങ്ങിനിൽക്കുന്നതിനാലാണത്. മാത്രവുമല്ല നിങ്ങൾ സാമൂഹിക അകലം പാലിക്കുന്നുമില്ല', നിപയെ തുരത്തുന്ന പോരാട്ടത്തിൽ സർക്കാരിന്റെ അംഗീകാരം ലഭിച്ച കോഴിക്കോട് ബേബി മെമോറിയൽ ഡോക്ടർ അനൂപ് കുമാർ പറയുന്നു.കോവിഡ് രോഗികൾ പത്രങ്ങൾ വിതരണം ചെയ്യുന്നില്ല എന്നതു കൊണ്ടും പത്രത്തിൽ വൈറസിന് അധിക കാലം നിലനിൽക്കാൻ സാധിക്കാത്തു കൊണ്ടും ഭയത്തിന്റെ ആവശ്യമില്ലെന്നാണ് എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേരിയ പറഞ്ഞത്.

ദിനപത്രങ്ങൾ അച്ചടിക്കുന്നതും വിതരണം ചെയ്യുന്നതും സുരക്ഷിതമായല്ലെന്ന പ്രചാരണം തെറ്റാണെന്ന് ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയും പറഞ്ഞു. ദിനപത്രങ്ങൾ സുരക്ഷിതമല്ലെന്ന പ്രചാരണം വ്യാജമാണ്. പൂർണ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് ഓരോ പത്രവും വായനക്കാരന്റെ കൈകളിലെത്തുന്നതെന്ന് ഐഎൻഎസ് കേരള റീജ്യണൽ കമ്മിറ്റി ചെയർമാൻ എം വി ശ്രേയാംസ് കുമാർ അറിയിച്ചു.പൂർണമായും യന്ത്രവത്കൃത മാർഗത്തിലൂടെയാണ് അച്ചടിക്കുന്നത്. പത്രക്കെട്ടുകളും വിതരണത്തിന് എത്തിക്കുന്ന വാഹനങ്ങളും അണുവിമുക്തമാക്കിയാണ് വായനക്കാരനിലേക്ക് എത്തിക്കുന്നത്.. കോവിഡ് 19 പ്രതിരോധിക്കുന്നതിനായി പല നടപടികളും പല പത്രസ്ഥാപനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ആവശ്യം വേണ്ട ജീവനക്കാർ മാത്രമാണ് ഓഫീസിലെത്തുന്നത്. ജീവനക്കാർ അധികവും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നതെന്നും, കോറോണ പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് തുടർന്നും പ്രവർത്തിക്കുമെന്നും എം വി ശ്രേയംസ് കുമാർ പറഞ്ഞു.- സമാനമായ വിശദീകരണം ഒരു വീഡിയോയിലൂടെ മലയാള മനോരമയും പുറത്തുവിട്ടിരുന്നു.

പത്രങ്ങൾ അപകടകാരികളാകുമെന്ന് കാട്ടി വാട്‌സാപ്പിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ:

ദിനപത്രത്തിലൂടെ കൊറോണ എത്താം! കാര്യം നിസാരമല്ല, പ്രശ്‌നം ഗുരുതരം. ലോകമെങ്ങും വ്യാപിച്ച കൊറോണ വൈറസ് കേരളത്തെയും ഭീതിയിലാഴ്‌ത്തിയിട്ടുണ്ട്.. കൊറോണ പടരാതിരിക്കാൻ പല മുൻകരുതലുകളാണ് നാം സ്വീകരിക്കുന്നത്. ദിനം പ്രതി രാവിലെ വീടുകളിലെത്തുന്ന പത്രങ്ങളിലൂടെ കൊറോണ പകരുമോ എന്നുള്ള ചോദ്യം ജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പേപ്പറിൽ കൂടി കൊറോണ വൈറസ് പകർന്ന് കിട്ടാം എന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടനയാണ് നല്കിയത്. ലോകത്ത് പലയിടത്തും അച്ചടി പത്രങ്ങൾക്ക് നിയന്ത്രണമോ, ജനങ്ങൾ ഉപേക്ഷിക്കുകയോ ചെയ്തു. കോവിഡ് വൈറസ് മാറിയിട്ട് മതി പത്രമെന്ന് പാശ്ചാത്യരാജ്യങ്ങളിലുള്ളവർ ഓഫിസിൽ വിളിച്ചറിയിച്ചു.

അച്ചടി പത്രങ്ങളുടെ വിള നിലമാണ് കേരളം. ലോകത്ത് ഒരു ചുരുങ്ങിയ സ്ഥലത്ത് ഇത്ര മാത്രം പത്ര കടലാസുകൾ വിതരണം ചെയ്യുന്ന മറ്റൊരു സ്ഥലം ഉണ്ടാകില്ല. ആ നിലക്ക് തന്നെ കേരളത്തിൽ ഈ ചോദ്യം വളരെ പ്രസക്തവും ജനങ്ങൾ നന്നായി ചിന്തിക്കേണ്ടതും ആണ്. ഈ ചർച്ച നടത്താൽ അച്ചടി പത്രങ്ങൾക്കും അവർ നടത്തുന്ന ചാനലുകൾക്കും ഒന്നും സാധിച്ചു എന്നു വരില്ല. എന്തായാലും രാവിലെ വീട്ടിൽ എത്തുന്ന അച്ചടി പത്രത്തിൽ കൊറോണ ഉണ്ടാകുമോ. കൊറോണ വരുവാൻ സാധ്യത ഉണ്ടോ. ഇതുമായി ബന്ധപ്പെട്ട് പ്രമുഖ കോസ്മെറ്റിക് കൺസൾട്ടന്റും ഐ.എം.എ എക്സിക്യുട്ടീവ് മെമ്പറുമായ ഡോ ജയശേഖർ ആണ്. വീടുകളിൽ രാവിലെ എത്തുന്ന അച്ചടി പേപ്പറിലൂടെ കൊറോണ വൈറസ് വരാനുള്ള സാധ്യതയാണ് അദ്ദേഹം വിവരിക്കുന്നത്.

എന്തായാലും ഇത് അച്ചടി പത്ര മാധ്യമ ഭീമന്മാർ പറയില്ല. നാളെ അവർ ഇതിന്റെ ന്യായീകരണവുമായി വന്നേക്കാം. മറ്റൊരു ഡോക്ടറേ വയ്ച്ച് മറ്റൊരു തരത്തിൽ പറഞ്ഞേക്കാം. എന്നാൽ ഇത് തന്നെയാണ് സത്യം. ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശവും നിലവിൽ ഉള്ളത് മറക്കരുത്. പത്രത്തിലൂടെ കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ എത്താം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിലവിൽ ഉള്ളതും ആരും മറക്കരുത്. ഓസ്ട്രേലിയയിൽ കറൻസി നോട്ടുകൾ ദയവായി സാധനം വാങ്ങുവാൻ വരുമ്പോൾ കൊണ്ടുവരരുത് എന്നും കറൻസി നോട്ടുകൾ കൗണ്ടറിൽ സ്വീകരിക്കില്ല എന്നും ഷോപ്പിങ്ങ് ഭീമന്മാരായ വൂൾ വർത്ത അടക്കം ഉള്ളവർ അറിയിപ്പിറക്കിയ കാര്യവും മലയാളികൾ മറക്കരുത്. കാര്യങ്ങൾ നിസാരമല്ല, പ്രശ്നം ഗുരുതരം തന്നെയാണ്.

കൊറോണക്കെതിരെ പല പ്രതിരോധം നാം തീർക്കുമ്പോൾ കറൻസിയിൽ തൊട്ട ശേഷം കൈ കഴുകണം എന്നു വരെ ബോധവത്ക്കരണം നടക്കുമ്പോൾ രാവിലെ എത്തുന്ന ദിനപത്രങ്ങളേ എങ്ങിനെ ഒഴിവാക്കാൻ ആകും. ചെറിയ സാധ്യതയേ ഉള്ളു എങ്കിലും ചെറിയ സാധ്യതയും ഒരു മനുഷ്യനിൽ വന്ന രോഗവും തന്നെയാണ് ഇന്ന് ലോകം മുഴുവൻ ആയത് എന്നതും ആരും മറക്കരുത്. എല്ലാ ചെറിയ സാധ്യതകളും പാളിയാൽ ഗുരുതരമായ വിഷയമാകും. അച്ചടി പത്രങ്ങൾ പ്രിന്റ് ചെയ്ത് കെട്ടുകളാക്കി ആയത് വാഹനത്തിൽ കയറ്റുന്നിടത്ത് പല കൈകളും സ്പർശിക്കുന്നു. തുടർന്ന് അത് കട വരാന്തയിലും ഫുഡ്പാത്തിലും കൊണ്ടുവന്ന പുലർച്ചെ കെട്ടുകൾ ഇറക്കുന്നു. അവിടെ നിന്നും ഏജന്റുമാർ ഇരുന്ന് തിരഞ്ഞ് അത് തരം തിരിക്കുന്നു. തുടർന്ന് ബൈക്കിലും സൈക്കിളിലും കയറ്റി വീടുകളിലേക്ക്. ഇപ്പോഴും തുപ്പൽ തൊട്ട് പത്രം തിരഞ്ഞെടുക്കുന്ന ഏജന്റുമാർ വരെയുണ്ട്. ഇത്തരത്തിൽ ദിനപത്രം കൈകാര്യം ചെയ്യുന്ന ആരെങ്കിലും ഒരാൾക്ക് കൊറോണ ഉണ്ടേൽ ആയത് അത് വായിക്കുവാൻ കൈകളിൽ എടുക്കുന്ന വായനക്കാരനിലേക്കും എത്താം.

ഓർക്കുക..പേപ്പറിലും തടിയിലും, പ്ളാസ്റ്റിക്കിലും 3 മുതൽ 4 ദിവസം വരെ കൊറോണ വൈറസ് ജീവിക്കും. ഈ സമയ പരിധിക്ക് ഉള്ളിൽ നമ്മൾ സ്പർശിച്ചാൽ വൈറസ് നമ്മുടെ ശരീരത്തിലും എത്തുകയും ചെയ്യും. ഏതായാലും ദിനപത്രം ഉപേക്ഷിക്കണം എന്ന് പറയുന്നില്ല. എന്നാൽ വൈറസ് ബാധക്ക് സാധ്യത ഉണ്ട്. എല്ലാ വഴികളിലും നമ്മൾ കൊറോണയുടെ ചെയിൽ മുറിക്കുമ്പോൾ അറിയാതെ പോലും ഒരു വഴിയും തുറന്നിരിക്കരുത്. രാവിലെ എത്തുന്ന പത്രം മലയാളിക്ക് ഏറ്റവും വിലപ്പെട്ടതു തന്നെയാണ്. എന്നാൽ ആ പത്രം ആരൊക്കെ സ്പർശിച്ച് എങ്ങിനെ ഒക്കെ ആരുടെ കൈകളിലൂടെ ഒക്കെ വരുന്നു എന്നും അവർക്ക് അസുഖം ഉണ്ടോ എന്നൊന്നും നമുക്ക് അറിയില്ല. അത് തന്നെയാണ് റിസ്‌ക്. പേപ്പറിൽ കൊറോണ വൈറസ് 4 ദിവസം വരെ ജീവിക്കും എന്നതിനാൽ തന്നെ വിഷയം ചെറുതല്ല.

ഇതുസംബന്ധിച്ച് ജനകീയരോഗ്യ പ്രവർത്തകർ ഡോ ജിനേഷ് പി എസിന്റെ പോസറ്റ് ഇങ്ങനെയാണ്:

പത്രത്തിലൂടെ കോവിഡ് 19 പകരുമോ?

സാധ്യത വളരെ കുറവാണ്.

ഈ വൈറസ് പകരുന്നത് Droplet infection രീതിയിലാണ്,

രോഗികൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തെത്തുന്ന ചെറു കണങ്ങൾ നേരിട്ട് മൂക്കിലോ കണ്ണിലോ വായിലോ എത്തുമ്പോഴാണ് രോഗം പകരുന്നത്. ഈ ചെറു കണങ്ങൾ വായുവിൽ അധിക സമയം തങ്ങി നിൽക്കില്ല. എന്നാൽ തെറിച്ച് പല പ്രതലങ്ങളിൽ വീണ് പറ്റി കിടക്കാൻ സാധ്യതയുണ്ട്.

രോഗികൾ മുഖേന പ്രതലങ്ങളിൽ എത്തപ്പെടുന്ന കണങ്ങൾ, മറ്റുള്ളവർ സ്പർശിച്ച ശേഷം അവരുടെ കണ്ണ് മൂക്ക്, വായ എന്നിവയിൽ തൊടുമ്പോൾ നേരിട്ടല്ലാത്ത പകർച്ച സാധ്യമാണ്.

ഇങ്ങനെ തെറിച്ചു വീഴുന്ന കണങ്ങളിലടങ്ങിയിട്ടുള്ള കൊറോണ വൈറസുകൾ, ഏതാനും മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ പ്രതലങ്ങളിൽ അതിജീവിച്ചേക്കാം.

ഈയടുത്ത് പുറത്തു വന്ന ഒരു പഠനത്തിന്റെ ആദ്യ ഫലങ്ങളിൽ, ചെമ്പ് പ്രതലങ്ങളിൽ നാല് മണിക്കൂറും, കാർഡ് ബോർഡിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്ക് സ്റ്റീൽ പ്രതലങ്ങളിൽ 3 ദിവസത്തോളവും കോവിഡ് 19 വൈറസ് അതിജീവിക്കാൻ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് ബാധിതനായ ഒരാൾ ചുമച്ചോ തുമ്മിയോ തെറിക്കുന്ന കണങ്ങൾ പത്രത്തിൽ പറ്റി പിടിച്ചിരുന്നാൽ, അതിൽ സ്പർശിച്ച ശേഷം, ആ കൈ വായിലോ മൂക്കിലോ കണ്ണിലോ സ്പർശിച്ചാൽ തിയററ്റിക്കലി ഈ രോഗം പകരാൻ സാധ്യതയുണ്ട് എന്ന് പറയാം. പ്രായോഗികമായി സാധ്യത വളരെ കുറവാണ് താനും.

ഇങ്ങനെയുള്ള സാഹചര്യത്തിൽ എന്താണ് നമ്മൾ ചെയ്യേണ്ടത് ?

കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് എങ്കിലും കഴുകുക. സോപ്പിനു പകരം 70% ആൽക്കഹോൾ ഉള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കാവുന്നതാണ്.

കൈ കൊണ്ട് മുഖത്ത് സ്പർശിക്കാതിരിക്കുക.

അത്രയും ചെയ്താൽ മതി.

പത്രം വായിക്കാതിരിക്കേണ്ട കാര്യമില്ല.

ഒരു കാര്യം കൂടി. നാക്കിൽ നിന്നും വിരലിൽ കൊണ്ട് തുപ്പൽ തൊട്ട് പത്ര മറിക്കുന്ന ചിലരില്ലേ ? അത് നല്ലതല്ല. നിങ്ങൾക്ക് വൈറസ് ബാധ ഉണ്ടെങ്കിൽ തുപ്പൽ വഴി രോഗം മറ്റൊരാളിൽ എത്താൻ സാധ്യതയുണ്ട്. അതുകൊണ്ട് ആ ശീലം ഒഴിവാക്കണം.

എഴുതിയത്: Dr. Jinesh P S
@info clinic

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP