Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പണ്ട് വാങ്ങിക്കൊടുത്ത ചായയുടെ കണക്കു പറഞ്ഞ് റിട്ടയർ ചെയ്ത പത്രപ്രവർത്തകരുടെ ഗ്രാറ്റുവിറ്റിയിൽ നിന്നും മാതൃഭൂമി പിടിച്ചു പറിക്കുന്നത് ലക്ഷങ്ങൾ; സുപ്രീംകോടതി വിധി ലംഘിച്ച് ശമ്പള കുടിശ്ശിക കൊടുക്കാതെ ഉള്ളതുകൂടി പിടിച്ചു പറിക്കുന്നതിനെതിരെ തൊഴിലാളികൾ

പണ്ട് വാങ്ങിക്കൊടുത്ത ചായയുടെ കണക്കു പറഞ്ഞ് റിട്ടയർ ചെയ്ത പത്രപ്രവർത്തകരുടെ ഗ്രാറ്റുവിറ്റിയിൽ നിന്നും മാതൃഭൂമി പിടിച്ചു പറിക്കുന്നത് ലക്ഷങ്ങൾ; സുപ്രീംകോടതി വിധി ലംഘിച്ച് ശമ്പള കുടിശ്ശിക കൊടുക്കാതെ ഉള്ളതുകൂടി പിടിച്ചു പറിക്കുന്നതിനെതിരെ തൊഴിലാളികൾ

എം എസ് സനിൽകുമാർ

 തിരുവനന്തപുരം: മുൻകാലങ്ങളിൽ പത്രപ്രവർത്തകർക്ക് ചായ കുടിക്കാൻ നൽകിയ പണം റിട്ടയർ ചെയ്യുന്ന സമയത്ത് കണക്കു പറഞ്ഞ് പിടിച്ചുപറിച്ച് മാതൃഭൂമി മാനേജ്‌മെന്റിന്റെ നടപടിക്കെതിരെ മാദ്ധ്യമപ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമായി. പത്ര ജീവനക്കാർക്കുള്ള വേജ് ബോർഡ് നടപ്പാക്കിയതുമായി ബന്ധപ്പെട്ടുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് പത്രപ്രവർത്തകരുടെ ഗ്രാറ്റുവിറ്റിയിൽ നിന്നും മാതൃഭൂമി മാനേജ്‌മെന്റ് ലക്ഷങ്ങൾ തിരിച്ചു പിടിച്ചത്. അടുത്തിടെ വിരമിച്ച മുതിർന്ന മാദ്ധ്യമപ്രവർത്തകരാണ് മാതൃഭൂമിയുടെ പ്രതികാര നടപടിക്ക് ഇരയായത്. വിരമിച്ച ജീവനക്കാർക്ക് നിയമപ്രകാരം ലഭിക്കേണ്ട ഗ്രാറ്റുവിറ്റി ഉൾപ്പെടെയുള്ള റിട്ടയർമെന്റ് ആനുകൂല്യങ്ങളിൽ നിന്നും നിയമ വിരുദ്ധമായി ലക്ഷക്കണക്കിന് രൂപയാണ് മാതൃഭൂമി പിടിച്ചെടുത്തത്. തലമുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ പി രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെയാണ് മാതൃഭൂമി മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിച്ചത്. സോഷ്യലിസത്തിന്റെ വക്താവായ എംപി വീരേന്ദ്രകുമാറിന്റെ പത്രത്തിലാണ് ഈ കാടത്തമെന്നതും ശ്രദ്ധേയമാണ്.

2008 മുതൽ 2011 വരെ മാതൃഭൂമിയിലെ പത്രപ്രവർത്തകർക്ക് പ്രത്യേക അലവൻസ് നൽകിയിരുന്നു. ഇപ്പോൾ വിരമിച്ചവരുടെ ശമ്പള കുടിശ്ശികയിൽ നിന്നും ഗ്രാറ്റുവിറ്റിയിൽ നിന്നും ഈ അലവൻസ് മുഴുവൻ തിരിച്ചു പിടിക്കുകയാണ് മാതൃഭൂമി മാനേജ്‌മെന്റ് ചെയ്തത്. കേന്ദ്ര നിയമമായ വർക്കിങ് ജേണലിസ്റ്റ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരം നിയോഗിക്കപ്പെട്ട വേജ് ബോർഡിന്റെ റിപ്പോർട്ട് പ്രകാരവും ഇത് സംബന്ധിച്ച് സുപ്രീംകോടതിയിലുണ്ടായ കേസിലെ വിധി പ്രകാരവും മാതൃഭൂമിയിലും ശമ്പള പരിഷ്‌കരണം ഭാഗീകമായി നടപ്പാക്കിയിട്ടുണ്ട്. ശമ്പള പരിഷ്‌കരണത്തിന് 2011 നവംബർ മുതൽ മുൻകാല പ്രാബല്യം നൽകണമെന്ന സുപ്രീംകോടതി വിധിപ്രകാരം പത്രപ്രവർത്തകർ ഉൾപ്പെടെ എല്ലാവിഭാഗം ജീവനക്കാർക്കും ശമ്പള കുടിശ്ശിക നൽകേണ്ടതുണ്ട്. എന്നാൽ ബഹുഭൂരിപക്ഷം ജീവനക്കാർക്കും ഇതുവരെയായി ശമ്പള കുടിശ്ശിക നൽകിയിട്ടില്ല.

കേന്ദ്ര സർക്കാർ ' മജീദിയാ വേജ് ബോർഡ് ശിപാർശ നോട്ടിഫൈ ചെയ്ത 2011 നവംബർ 11 മുതൽ ശമ്പള പരിഷ്‌കരണം നടപ്പാക്കേണ്ടതാണെന്നും 2014 മാർച്ച് വരെയുള്ള ശമ്പള കുടിശ്ശിക നാലുതുല്യഗഡുക്കളായി ഒരു വർഷത്തിനകം അർഹരായ എല്ലാ ജീവനക്കാർക്കും നൽകണമെന്നുമാണ് 2014 ഫെബ്രുവരി ഏഴിന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. 2015 മാർച്ചിനകം ഇങ്ങനെ പൂർണ്ണമായും നൽകേണ്ടിയിരുന്ന ശമ്പള കുടിശ്ശിക റിട്ടയർ ചെയ്ത പത്രപ്രവർത്തകർക്കോ ബഹുഭൂരിപക്ഷം ജീവനക്കാർക്കോ നൽകാൻ മാതൃഭൂമി തയ്യാറായില്ല. സംസ്‌കാരം പ്രചരിപ്പിക്കുന്ന പത്രം സുപ്രീംകോടതി വിധിയെത്തന്നെയാണ് ലംഘിച്ചത്. അതുകൂടാതെ ഈ ശമ്പള കുടിശ്ശികയാണ് അലവൻസ് മറയാക്കിക്കൊണ്ട് ജീവനക്കാർക്ക് നൽകാതെ തിരിച്ചുപിടിച്ചത്. 2008 ജനുവരി മുതൽ 2011 നവംബർ വരെ നൽകിയ അലവൻസ് ശമ്പള കുടിശ്ശികയ്ക്ക് പകരമായി കണക്കാക്കി തിരിച്ചുപിടിക്കുകയായിരുന്നു.

വിരമിച്ച പ്രമുഖ പത്രപ്രവർത്തകരിലൊരാളായ എൻ.പി. രാജേന്ദ്രനിൽ നിന്നും മാതൃഭൂമി കൈക്കലാക്കിയത് 2,28,335 രൂപയാണ്. ശമ്പള കുടിശ്ശിക കൊടുത്തില്ലെന്ന് മാത്രമല്ല ഗ്രാറ്റുവിറ്റിയിൽ നിന്നും ഒരുലക്ഷത്തോളം രൂപ കവരുകയും ചെയ്തു. കമ്പനിയുടെ ഫിനാൻസ് മാനേജർ നൽകിയ വിശദീകരണത്തിൽ പറഞ്ഞിരിക്കുന്നത് രാജേന്ദ്രന് 1,32,365 രൂപ ശമ്പള കുടിശ്ശിക നൽകേണ്ടതാണെന്നും എന്നാൽ 2008 മുതൽ 2011 വരെ നൽകിയ അലവൻസ് തിരിച്ചുപിടിക്കുന്നതിനാൽ കുടിശ്ശികയൊന്നും തരാനില്ലെന്നുമാണ്. ഇതുകൂടാതെ പിരിയുമ്പോൾ നൽകേണ്ട. ഗ്രാറ്റുവിറ്റിയിൽ നിന്നും 95,970 രൂപ പിടിക്കുകയും ചെയ്തിരിക്കുന്നു. അതായത് പണ്ട് നൽകിയ ചായക്കാശ് ഇപ്പോഴത്തെ കണക്കിൽ ഉൾപ്പെടുത്തി ഇനി നിങ്ങൾക്കൊന്നും ഇല്ലാ എന്ന് പറയുക മാത്രമല്ല ബാക്കി കാശ് കിട്ടാൻ മടിക്കുത്ത് തപ്പുകയും ചെയ്തു. ഇതേ ഗതികേട് തന്നെയായിരുന്നു പിന്നീട് വിരമിച്ച എല്ലാ പത്രപ്രവർത്തകർക്കും നേരിടേണ്ടി വന്നത്.

ടി. അരുൺകുമാർ എന്ന ഡെപ്യൂട്ടി എഡിറ്റർക്ക് ഗ്രാറ്റുവിറ്റിയിൽ നിന്ന് നഷ്ടമായത് രണ്ടരലക്ഷത്തോളം രൂപ, മറ്റൊരു ഡെപ്യൂട്ടി എഡിറ്ററായ ടി. സുരേഷ്ബാബുവിന് പോയത് ഒന്നേമുക്കാൽ ലക്ഷം, രാജിവച്ചുപോയ സീനിയർ റിപ്പോർട്ടർ കെ.ആർ. ബൈജുവിൽ നിന്നും തട്ടിയെടുത്തത് രണ്ടുലക്ഷം. ഇതേപോലെ രാജിവച്ചുപോയ സ്‌പെഷൽ കറസ്‌പോണ്ടന്റ് വി.എൻ. പ്രസന്നന് നൽകാതിരുന്നത് മുക്കാൽ ലക്ഷം. ഈ പട്ടിക നീളുകയാണ്.

ഗ്രാറ്റുവിറ്റി നിയമപ്രകാരമോ വർക്കിങ് ജേർണലിസ്റ്റ് ആക്ട് പ്രകാരമോ ഗ്രാറ്റുവിറ്റിയിൽ നിന്ന് ഇപ്രകാരം തുക തിരിച്ചുപിടിക്കാവുന്നതല്ല. വേജ് ബോർഡ് ശമ്പള വർദ്ധന പ്രഖ്യാപിച്ച കാലാവധിക്ക് പുറത്തുള്ള കാലത്ത് ജോലിയുടെ ഭാഗമായി നൽകിയിട്ടുള്ള ആനുകൂല്യമാണിത്. ഇത് അനുഭവിച്ച കഴിഞ്ഞ അലവൻസാണ്. പലജീവനക്കാരും ഇതിന് ആദായ നികുതിയും നൽകിയിട്ടുണ്ട്. ഭാവിയിൽ ഇത് തിരിച്ചുനൽകുന്നതിന് സമ്മതിക്കുന്ന ഒരു കരാറിലും ജീവനക്കാർ ഒപ്പുവച്ചിരുന്നില്ല. റിട്ടയർ ചെയ്ത പത്രപ്രവർത്തകരിൽ നിന്ന് മാത്രമാണ് ഇങ്ങനെ തുക ഗ്രാറ്റുവിറ്റിയിൽ നിന്ന് തിരിച്ചുപിടിച്ചിരിക്കുന്നത്. ഇതേ തത്വം അനുസരിച്ചാണെങ്കിൽ ജോലിയിലുള്ളവരിൽ നിന്നും തുക പിടിക്കേണ്ടതായി വരും. ശമ്പളത്തിൽ നിന്നോ മറ്റ് ആനുകൂല്യങ്ങളിൽ നിന്നോ അതൊന്നുമല്ലെങ്കിൽ പിരിയുന്ന മുറയ്ക്ക് ഗ്രാറ്റുവിറ്റിയിൽ നിന്ന് തന്നെയോ ഈ തുക തിരിച്ചുപിടിക്കാൻ കാത്തിരിക്കുകയാണ് മാനേജ്‌മെന്റ്.

ഗ്രാറ്റുവിറ്റി ഇനത്തിലുള്ള തുക റിട്ടയർമെന്റ് തീയതിക്കുശേഷം 30 ദിവസത്തിനകം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ മൂന്നും നാലും മാസം താമസിച്ചാണ് തുക നൽകിയത്. ഈ ഇനത്തിൽ പത്രപ്രവർത്തകർക്ക് വൻ നഷ്ടമുണ്ടായി. 2014 നവംബർ അഞ്ചിന് വിരമിച്ച എൻ.പി . രാജേന്ദ്രന് 2015 ഏപ്രിൽ 15നാണ് ഗ്രാറ്റുവിറ്റി തുക ലഭിച്ചത്. ഈ ഇനത്തിൽ അദ്ദേഹത്തിന് 55994 രൂപയുടെ നഷ്ടമുണ്ടായി. ടി. സുരേഷ്ബാബുവിന് 59279 രൂപയുടെയും പ്രസന്നകുമാറിന് 45000 രൂപയുടെയും നഷ്ടമുണ്ടായി. 2011 നവംബറിന് ശേഷം വിരമിക്കുകയോ രാജിവെയ്ക്കുകയോ ചെയ്ത പത്രപ്രവർത്തകർക്ക് പുതുക്കിയ ശമ്പള നിരക്കുകൾ പ്രകാരമല്ല ഗ്രാറ്റുവിറ്റി നൽകിയിരിക്കുന്നത്. ഇതുമൂലം പലർക്കും നാലും അഞ്ചും ലക്ഷം രൂപ ഗ്രാറ്റുവിറ്റി ഇനത്തിൽ നഷ്ടപ്പെട്ടിട്ടുണ്ട്.

ശമ്പള പരിഷ്‌കരണത്തിന്റെ മറവിൽ ജീവനക്കാർക്ക് ലഭിച്ചുകൊണ്ടിരുന്ന പല ആനുകൂല്യങ്ങളും മാതൃഭൂമി മാനേജ്‌മെന്റ് ഓരോന്നായി നിർത്തലാക്കുകയാണ് ചെയ്തത്. ഒരു സുപ്രഭാതത്തിൽ കാന്റീൻ നിർത്തി, ടി.എ നിർത്തി, ടെലിഫോൺ അലവൻസ് നിർത്തി. എന്തിനധികം പത്രപ്രവർത്തകർക്ക് സൗജന്യമായി നൽകിക്കൊണ്ടിരുന്ന മാതൃഭൂമി പത്രവും മറ്റ് പ്രസിദ്ധീകരണങ്ങളും നിർത്തി. ദശാബ്ദങ്ങൾ മാതൃഭൂമിയുടെ ആത്മാർത്ഥ സേവകരായി ജീവിച്ച പത്രപ്രവർത്തകരുടെ കഴുത്തിന് പിടിച്ച് പുറത്താക്കുന്ന നടപടിയാണ് മാതൃഭൂമി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഇപ്പോഴുണ്ടായിട്ടുള്ളത്. മാതൃഭൂമി മാനേജ്‌മെന്റിന്റെ ഈ നടപടിക്കെതിരെ കേരള പത്രപ്രവർത്തക യൂണിയൻ, സംസ്ഥാന ന്യൂസ് പേപ്പർ ഇൻസ്‌പെക്ടർക്ക് പരാതി നൽകി. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട പ്രമുഖ പത്രപ്രവർത്തകരുൾപ്പെടെയുള്ളവരുടെ താൽപര്യവും അഭ്യർത്ഥനയും പരിഗണിച്ചാണ് ഇത്. പ്രത്യക്ഷ സമരപരിപാടികൾക്കും യൂണിയൻ ഒരുങ്ങുകയാണ്.

വേജ്‌ബോർഡ് ശിപാർശ നടപ്പാക്കുന്നത് വിലയിരുത്താൻ തൊഴിൽവകുപ്പ് വിളിച്ചുചേർത്ത യൂണിയനുകളുടെയും മാനേജ്‌മെന്റുകളുടെയും യോഗത്തിൽ കെ യു ഡബ്ല്യൂ ജെ സെക്രട്ടറി സി.നാരായണൻ മാതൃഭൂമിയിലെ പ്രത്യേക അവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച് പരാതി നൽകിയ കാര്യവും ചൂണ്ടിക്കാട്ടി. അന്ന് തൊഴിൽസെക്രട്ടറി നിർദ്ദേശിച്ചതുപ്രകാരം ഈ പരാതി സംബന്ധിച്ച് ഇരുപക്ഷവുമായും ചർച്ച നടത്താൻ കോഴിക്കോട് ജില്ല ലേബർ ഓഫീസർ മെയ് ആദ്യവാരം യോഗം വിളിച്ചു ചേർത്തു.

കെയുഡബ്ല്യൂജെ പ്രസിഡന്റ് അബ്ദുൾ ഗഫൂർ, ജന.സെക്രട്ടറി സി.നാരായണൻ, മുൻ പ്രസിഡന്റ് എൻ.പി.രാജേന്ദ്രൻ എന്നിവർ ലേബർ ഓഫീസിൽ യോഗത്തിന് എത്തിയിരുന്നു. മാതൃഭൂമി മാനേജ്‌മെന്റ് പ്രതിനിധികൾ ആരും പങ്കെടുത്തില്ല, പകരം മൂന്ന് പേജുള്ള ഒരു വിശദീകരണം മാതൃഭൂമി ലേബർ ഓഫീസർക്ക് നൽകി. ഈ വിശദീകരണം മുഴുവൻ അസത്യങ്ങളും അർദ്ധസത്യങ്ങളുമായിരുന്നു. സത്യവും സമത്വവും സ്വാതന്ത്ര്യവും വിളംബരം ചെയ്യുന്ന മാതൃഭൂമി പത്രത്തിന് ജീവനക്കാരുടെ കാര്യത്തിൽ യാതൊരു മനസ്സാക്ഷിക്കുത്തുമില്ല എന്നാണ് വ്യക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP