Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

സാറോ.. സ്റ്റാറോ? വെളിവില്ലാത്ത കാഴ്ച; ആദം: എന്തൊരു പുതുമ! ഇളവേളയുടെ വിജയം: സിനിമാ പരസ്യം പോയപ്പോൾ സത്യമെഴുതി മാതൃഭൂമി; ദിലീപിനെ അഴിക്കുള്ളിലാക്കിയെന്ന് ആരോപിച്ച് വിലക്കേർപ്പെടുത്തിയ വെള്ളിത്തിരയിലെ സൂപ്പർതാരങ്ങൾക്ക് പത്രം പണി നൽകിയത് ഇങ്ങനെ: എങ്ങനേയും ഒത്തുതീർപ്പിന് സൂപ്പർതാരങ്ങൾ

സാറോ.. സ്റ്റാറോ? വെളിവില്ലാത്ത കാഴ്ച; ആദം: എന്തൊരു പുതുമ! ഇളവേളയുടെ വിജയം: സിനിമാ പരസ്യം പോയപ്പോൾ സത്യമെഴുതി മാതൃഭൂമി; ദിലീപിനെ അഴിക്കുള്ളിലാക്കിയെന്ന് ആരോപിച്ച് വിലക്കേർപ്പെടുത്തിയ വെള്ളിത്തിരയിലെ സൂപ്പർതാരങ്ങൾക്ക് പത്രം പണി നൽകിയത് ഇങ്ങനെ: എങ്ങനേയും ഒത്തുതീർപ്പിന് സൂപ്പർതാരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാതൃഭൂമിക്ക് ഇത്തവണ സൂപ്പർതാര ഓണചിത്രങ്ങളുടെ പരസ്യം കൊടുത്തില്ല. ദിലീപിനെ അഴിക്കുള്ളിലാക്കിയത് മാതൃഭൂമിയാണെന്ന്  ആരോപിച്ചാണ്‌ സിനിമാക്കാർ മാതൃഭൂമിയെ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. പരസ്യം പോയപ്പോൾ പത്രം സത്യമെഴുതി. അത് പ്രതിസന്ധിയിൽ ഉഴലുന്ന മലയാള സിനിമയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. നാല് ഓണചിത്രങ്ങളാണ് ഇത്തവണ എത്തിയത്. ഇതിൽ മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകവും മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറായും മോശം ചിത്രമാണെന്ന് ആദ്യ ആഴ്ച തന്നെ മാതൃഭൂമി റിവ്യൂ നൽകി. പൃഥ്വി രാജിന്റെ ആദം ജോണിനേയും വിമർശിച്ചു. നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഇടവേളയിലെ വിജയമെന്നും വിശേഷിപ്പിക്കുന്നു. അങ്ങനെ ആദ്യമായി മാതൃഭൂമി സത്യസന്ധമായ സിനിമാ റിവ്യൂ എഴുതിയെന്നാണ് സോഷ്യൽ മീഡിയയിലെ വിലയിരുത്തൽ.

പുള്ളക്കാൻ സ്റ്റാറോ..., വെളിപാടിന്റെ പുസ്തകം, ആദം ജോൺ എന്നിവ പ്രേക്ഷകരെ കൊല്ലുന്ന സിനിമായണെന്നാണ് മാതൃഭൂമിയുടെ നിരീക്ഷണം. പത്രത്തോടൊപ്പമുള്ള ചിത്രഭൂമി പ്രത്യേക പതിപ്പിന്റെ ആദ്യ പേജ് നാല് ചിത്രങ്ങൾക്കായി മാതൃഭൂമി മാറ്റി വച്ചു. എല്ലാ സൂപ്പർതാര സിനിമകളേയും പുകഴ്‌ത്തുന്ന പതിവ് വിട്ട് സത്യസന്ധമായ റിവ്യൂ. ഇതോടെ മാതൃഭൂമി വായനക്കാർ ആരും ഈ സിനിമകൾ കാശു മടുക്കി കാണാൻ തിയേറ്ററിൽ എത്തില്ലെന്നും ഉറപ്പായി. നിവിൻ പോളി ചിത്രത്തെ പുകഴ്‌ത്തി വിശ്വാസ്യത പത്രം നിലനിർത്തുകയും ചെയ്തു. നാല് സിനിമകളിൽ നിന്നും മാതൃഭൂമിക്ക് പത്ത് ലക്ഷത്തിൽ താഴെ മാത്രമേ പരസ്യ വരുമാനം നഷ്ടമായിട്ടുള്ളൂ. എന്നാൽ ശരിയെഴുതുമ്പോൾ തിയേറ്ററിലേക്ക് ആളൊഴുക്ക് കുറയും. ഇത് മൂന്ന് സിനിമയ്ക്കും വലിയ തിരിച്ചടിയുമാകുമെന്ന് സിനിമാലോകം തന്നെ വിലയിരുത്തുന്നു. ഇതോടെ ഓണചിത്രങ്ങളിൽ നിവിൻ പോളിക്ക് കോളടിക്കുകയാണ്.

Stories you may Like

പ്രശ്‌നത്തിന്റെ ഗൗരവം മമ്മൂട്ടിക്കും മോഹൻലാലിനും മനസ്സിലായി കഴിഞ്ഞു. ദിലീപിന്റെ അറസ്റ്റ് സിനിമയെ വലിയ പ്രതിസന്ധിയലാക്കി. ഇത് മറികടക്കാൻ എല്ലാവരേയും ഒപ്പം കൂട്ടണം. അതിനിടയ്ക്ക് ഏഷ്യാനെറ്റ് ന്യൂസിനേയും മാതൃഭൂമിയേയും ബഹിഷ്‌കരിക്കാനുള്ള തീരുമാനം ചിലർ എടുത്തു. ഇത് വമ്പൻ തിരിച്ചടിയായി മാറുകയാണ്. ഓണക്കാലത്ത് സിനിമയുടെ നഷ്ടം അമ്പത് കോടിയിൽ എത്തിക്കുന്നതിലേക്ക് ഈ തീരുമാനം എത്തി. എങ്ങനേയും മാതൃഭൂമിയുമായി ഒത്തുതീർപ്പിനുള്ള ശ്രമത്തിലാണ് സിനിമാക്കാർ. തിയേറ്ററിൽ ചിത്രമെത്തി അടുത്ത ദിവസം തന്നെ സത്യസന്ധമായ വിലയിരുത്തലുകൾ മാതൃഭൂമിയിൽ എത്തിയാൽ പൊട്ട പടങ്ങളുടെ ഇനിഷ്യൽ കുറയും. ഇത് സിനിമയെ വലിയ പ്രതിസന്ധയിലെത്തിക്കും. പരസ്യ ഇല്ലെങ്കിൽ പത്രങ്ങൾക്ക് സത്യമെഴുതാനാകുമെന്നതിന് തെളിവാണ് ഇന്നത്തെ മാതൃഭൂമിയിലെ സിനിമാ നിരീക്ഷണങ്ങൾ എന്നാണ് പ്രമുഖ സിനിമാ നിരൂപകൻ മറുനാടനോട് പ്രതികരിച്ചത്.

മാതൃഭൂമിയുമായി മോഹൻലാലിന് അടുത്ത ബന്ധമുണ്ട്. 1971 ബിയോണ്ട് ഡേയ്‌സ് എന്ന സിനിമയെ പോലും മാതൃഭൂമി ഇത്തരത്തിൽ വിമർശിച്ചിട്ടില്ല. എന്നാൽ ലാൽ ജോസും മോഹൻലാലും ഒരുമിച്ച വെളിപാടിന്റെ പുസ്തകത്തെ കൃത്യമായി തന്നെ വിലയിരുത്തി തിയേറ്ററിൽ സിനിമ കാണാൻ ആരും പോണ്ടെന്ന് മാതൃഭൂമി പറഞ്ഞു വച്ചു. 1971 ബിയോണ്ട് ദി ബോർഡേഴ്‌സിന് കിട്ടിയ കളക്ഷൻ പോലും പുതിയ ലാൽ ചിത്രത്തിന് കിട്ടില്ല. മോഹൻലാൽ-ലാൽ ജോസ് ചിത്രത്തെ ലോക ദുരന്തമെന്നാണ് മാതൃഭൂമി വിമർശിക്കുന്നത്. സംവിധാനവും തിരക്കഥയും സാങ്കേതികയുമെല്ലാം പിഴച്ചെന്നും എഴുതുന്നു. വർണ്ണ/വർഗ്ഗ വിവേചനം ആളിക്കത്തിക്കുന്നുവെന്ന രാഷ്ട്രീയ കുറ്റപ്പെടുത്തലും മാതൃഭൂമി നടത്തുന്നു. മോഹൻലാലിന് ആശ്വസിക്കാൻ ഒരു വരിപോലുമില്ല.

മമ്മൂട്ടി ചിത്രമായ പുള്ളിക്കാൻ സ്റ്റാറും പോരെന്ന് എഴുതുന്നു. പ്രണയവും ഉപദേശ പാഠങ്ങളും ഹീറോയിസവും പാട്ടും ഒക്കെ യാതൊരു ക്രമവുമില്ലാത കെുത്തി നിറഞ്ഞ് സിനിമ രണ്ടര മണിക്കൂർ വലിഞ്ഞു നീങ്ങുന്നു. എടുത്തു പറയാനോ ഓർക്കാനോ ഒരു ദൃശ്യമോ കാഴ്ചയോ ശേഷിക്കുന്നില്ല. കോമഡി പതിവ് ദ്വയാർത്ഥ പദങ്ങൾ നിറഞ്ഞതാകുന്നു. ക്ലീഷകളെ കൊണ്ട് മാറ്റി മാറ്റി കളിക്കുമ്പോൾ ആരാധകർക്ക് പോലും മടത്തു തുടങ്ങുമോ എന്ന് താരങ്ങളും സംവിധായകരും ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് പുള്ളിക്കാരൻ സ്റ്ററാ എന്ന ശ്യാംധർ ചിത്രത്തെ കുറിച്ച് മാതൃഭൂമി എഴുതുന്നു. സംഭാഷണത്തിലും ക്രാഫ്റ്റിലുമെല്ലാം ആവർത്തന വിരസത പ്രകടമാണെന്നും വിശദീകരിക്കുന്നു.

പൃഥ്വിരാജിനെ നായകനാക്കി ജിനു വി എബ്രഹാം ഒരുക്കിയ ആദം ജോണിനേയും കടന്നാക്രമിക്കുകയാണ് മാതൃഭൂമി. ആദ്യ പകുതിയിൽ തന്നെ കഥാഗതിയെ കുറിച്ച് സൂചന ലഭിക്കുന്നു. അതിമാനുഷികമായ നായക കഥാപാത്രങ്ങളെ പോലെ തന്നെ വില്ലന്മാരെ കീഴടക്കുന്ന നായകൻ തന്നെയാണ് ആദം ജോണും. സിനിമ യാഥാർഥ്യത്തോട് കൂടുതൽ അടുത്തു നിൽക്കുകയും പ്രേക്ഷകർ അത് സ്വീകരിക്കുകയും ചെയ്യുന്ന കാലത്താണ് മലയാളത്തിൽ നിന്ന് ഇത്തരം സിനിമകൾ ഉണ്ടാകുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ആദം ജോൺ പോലുള്ള സിനിമകൾ പ്രേക്ഷകരെ രസിപ്പിക്കുന്നതിനേക്കാൾ ആശങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് പറയേണ്ടിവരുമെന്നാണ് വിമർശനം.

കഥയ്ക്ക് അനുയോജ്യമായ കാസ്റ്റിങ് എന്നാണ് നിവിൻ പോളിയും ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെ കുറിപ്പ് പറയുന്നത്. അതിമാനുഷികനല്ലാത്ത ചാക്കോ കുര്യനെ നിവിൻ പോളി ഭംഗിയായി അവതരിപ്പിച്ചെന്നും മാതൃഭൂമി പറയുന്നു. നവാഗത സംവിധായകനായ അൽതാഫിന് കൈയടിക്കുകയാണ് മാതൃഭൂമി. അങ്ങനെ ഓണചിത്രങ്ങളിൽ കാണേണ്ടത് ഈ സിനിമ മാത്രമെന്ന് പത്രം പറഞ്ഞു വയ്ക്കുന്നു. ഇത് തിയേറ്ററുകളെ സ്വാധീനിക്കുമെന്ന് തിരിച്ചറിയുകയാണ് സിനിമാ ലോകം. അതുകൊണ്ട് തന്നെ ദിലീപിനെ പിന്തുണച്ച് മാതൃഭൂമിയെ കൈവിട്ടത് തെറ്റായി പോയി എന്ന് ലാലും മമ്മൂട്ടിയും പോലും മനസ്സിലാക്കുന്നു. ഭാവിയിൽ ഇത്തരം ശുദ്ധ മണ്ടത്തരങ്ങൾ കാണിക്കരുതെന്ന അഭിപ്രായത്തിലാണ് സിനിമയിലെ ഭൂരിഭാഗം പേരും. അതുകൊണ്ട് ഏത് സംഘടന പറഞ്ഞാലും ഇനി സിനിമാക്കാർ മാതൃഭൂമിക്ക് പരസ്യം നൽകും.

സിനിമയിലെ സംഘടനകൾ എല്ലാം ഇപ്പോഴും ദിലീപിന്റെ കൈയിലാണ്. ക്രിസ്മസ് കാലത്ത് ലിബർട്ടി ബഷീറിനുണ്ടായ വലിയ പിഴവ് മുതലെടുത്ത് തിയേറ്ററുടമകളുടെ പുതിയ സംഘടന ദിലീപ് രൂപീകരിച്ചിരുന്നു. നിർമ്മാതാക്കളുടെ സംഘടനയിലും ഫെഫ്കയിലുമെല്ലാം ദിലീപ് അനുകൂലനകൾ. വിതരണക്കാരുടെ സംഘടനയിലും കാര്യങ്ങൾ തീരുമാനിക്കുന്നത് ജനപ്രിയ നായകനാണ്. എല്ലാ സംഘടനയിലേയും പ്രധാനികൾ ഒത്തു കൂടി ചില തീരുമാനങ്ങൾ എടുത്തിരുന്നു. ഇതിൽ ഏഷ്യാനെറ്റിനേയും മാതൃഭൂമിയേയും ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാൽ സിനിമകൾ വമ്പൻ വിലയ്ക്ക് സാറ്റലൈറ്റ് റൈറ്റിലൂടെ ഏറ്റെടുക്കുന്ന ഏഷ്യാനെറ്റിനെ തൊടാൻ സിനിമാക്കാർക്ക് പേടിയാണ്. ഇതിനൊപ്പം ഏഷ്യാനെറ്റ് ന്യൂസാണ് ഏഷ്യാനെറ്റ് ചാനൽ അല്ല പ്രശ്നമെന്നും സിനിമാക്കാർ പറയുന്നു. അതിനാൽ ഏഷ്യാനെറ്റ് ന്യൂസിനേയും പ്രമുഖർ ബഹിഷ്‌കരിക്കാനായിരുന്നു തീരുമാനം. ആരും ഔദ്യോഗികമായി ഇത് പരസ്യപ്പെടുത്തിയുമില്ല.

ഇതിനിടെയാണ് ഓണചിത്രങ്ങൾ പ്രദർശനത്തിനെത്തിയത്. മോഹൻലാലിന്റെ വെളിപാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളക്കാരൻ സ്റ്റാറാ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, പൃഥ്വി രാജിന്റെ ആദം ജോൺ... ഈ സിനിമകളുടെ പരസ്യമൊന്നും മാതൃഭൂമി പത്രത്തിൽ ഇല്ല. മനോരമയിൽ ഉണ്ട് താനും. ദീപികയുടെ ആദ്യ പേജ് തന്നെ ആദം ജോണിന്റെ വലിയ പരസ്യമാണ്. അങ്ങനെ മാതൃഭൂമിക്കെതിരായ ബഹിഷ്‌കരണം സിനിമാക്കാർ തുറന്ന് സമ്മതിച്ചു. ഇന്നലത്തെ മാതൃഭൂമിയിൽ ചെറിയ സിനിമകളുടെ പരസ്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സൂപ്പർതാര ചിത്രങ്ങളുമായി ബന്ധപ്പെട്ട് ആദ്യമായി മാതൃഭൂമി സത്യം എഴുതിയത്. ദിലീപിനെ നടിയെ ആക്രമിച്ച കേസിൽ ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയത് മാതൃഭൂമിയിലെ വേണു ബാലകൃഷ്ണനാണെന്ന് ആരോപണം ഉണ്ടായിരുന്നു. മനോരമ ഓൺലൈന് അനുവദിച്ച അഭിമുഖത്തിൽ മാതൃഭൂമി ന്യൂസിലെ വാർത്താ അവതാരകൻ വേണുവിനെതിരെ അതിരൂക്ഷമായ പരാമർശങ്ങളാണ് ദിലീപ് നടത്തിയത്. കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട സംഭവം തന്നെ ചുമലിൽ കെട്ടിവെക്കാൻ ഏറ്റവും കൂടുതൽ ശ്രമിച്ചത് വേണുവാണെന്ന് ദിലീപ് ആരോപിച്ചിരുന്നു.

ഇതിന് പുതിയ തലം നൽകാനാണ് സിനിമാ സംഘടനകളെ കൊണ്ട് മാതൃഭൂമിക്ക് പരസ്യം നൽകാത്തതെന്നാണ് സൂചന. ഈ സാഹചര്യത്തിൽ മൊത്തം സിനിമാക്കാരുടെ പ്രെമോഷനും മാതൃഭൂമിയും വേണ്ടെന്ന് വയ്ക്കും. എന്നാൽ വായനക്കാർക്ക് വേണ്ടി വാർത്തകൾ നൽകുകയും ചെയ്യും. അതാണ് ഇന്നത്തെ റിവ്യൂവിൽ പ്രതിഫലിച്ചതും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP