Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജലവിഭവമന്ത്രിയുടെ സ്വന്തം നാട്ടിൽ നിന്നിതാ വാട്ടർ അഥോറിട്ടി വക നല്ലൊരു മാതൃക; കാടു പിടിച്ചു കിടന്ന ഓഫീസ് പരിസരത്ത് കരനെല്ല് വിളഞ്ഞു; മാത്യു ടി തോമസിന് കൈയടിക്കാം

ജലവിഭവമന്ത്രിയുടെ സ്വന്തം നാട്ടിൽ നിന്നിതാ വാട്ടർ അഥോറിട്ടി വക നല്ലൊരു മാതൃക; കാടു പിടിച്ചു കിടന്ന ഓഫീസ് പരിസരത്ത് കരനെല്ല് വിളഞ്ഞു; മാത്യു ടി തോമസിന് കൈയടിക്കാം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മാത്യു ടി. തോമസ് എന്ന മനുഷ്യൻ ഒരു നല്ല മാതൃകയാണ്. അത് മന്ത്രിക്കുപ്പായത്തിലായാലും അല്ലെങ്കിലും. ജീവിതത്തിൽ ചില ആദർശങ്ങളൊക്കെ കൈമുതലായുണ്ട് ഈ ആത്മീയപരിവേഷമുള്ള രാഷ്ട്രീയക്കാരന്.

അങ്ങനെ അദ്ദേഹം പറഞ്ഞ ഒരു വാക്ക് കാര്യമായെടുത്ത് അത് അക്ഷരംപ്രതി പാലിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ സ്വന്തം വകുപ്പിലെ ഒരു വിഭാഗം ജീവനക്കാർ. അത് നേരിട്ടു കാണണമെങ്കിൽ തിരുവല്ലാ വാട്ടർ അഥോറിട്ടി ഡിവിഷൻ ഓഫീസ് പരിസരത്തേക്ക് ചെന്നാൽ മതി. നേരത്തേ കാടും പടർപ്പും കയറി, ഉപേക്ഷിക്കപ്പെട്ട ഉപകരണങ്ങൾ കൊണ്ട് നിറഞ്ഞുകിടന്ന ഈ ഓഫീസ് പരിസരം ഇന്ന് പച്ചപ്പ് കൊണ്ട് നിറഞ്ഞിരിക്കുന്നു. കൊയ്യാൻ പാകത്തിൽ സ്വർണവർണമാർന്ന് കതിർക്കുലകൾ തലയാട്ടി നിൽക്കുന്നു. അവശേഷിച്ച ഭാഗത്ത് പച്ചക്കറികൾ വിളഞ്ഞു വരുന്നു.

സർക്കാർ സമുച്ചയങ്ങളും പരിസരങ്ങളും കാടു കയറിയും മാലിന്യം നിറഞ്ഞും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളൂടെ ശവപ്പറമ്പാക്കിയും കൊടുകാര്യസ്ഥതയുടെ പ്രതീകമാകുമ്പോഴാണ് തിരുവല്ലാ ജല അഥോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം വേറിട്ടു നിൽക്കുന്നത്. ഏറെയൊന്നും കൊട്ടിഘോഷിക്കാതെ ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ പരിശ്രമങ്ങൾ കതിരായതോടെ അടുത്ത ദിവസം കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം നടക്കും.

മാത്യു ടി. തോമസ് മന്ത്രിപദവി ഏറ്റെടുത്ത ശേഷം തിരുവല്ലയിലെ വാട്ടർ അഥോറിട്ടി സമുച്ചയങ്ങൾ സന്ദർശിക്കുന്നതിനിടെ പരിസരം വൃത്തിയാക്കി ഉപയോഗപ്പെടുത്തിക്കൂടേ എന്നു ചോദിക്കുകയുണ്ടായി. ഒരൊറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറി മറിയാൻ എന്ന സുരേഷ്‌ഗോപി ഡയലോഗ് പോലെയായി അത്. ജലവിഭവ വകുപ്പിന്റെ ഓഫീസ് ഉൾപ്പെടുന്ന നാലരയേക്കർ സ്ഥലത്ത് ജലസംഭരണികളും സംസ്‌കരണ സംഭരണികളും വിവിധ ഓഫീസുകളുമാണുള്ളത്. ഇതിനെല്ലാമിടയിൽ തരിശായി കാടും ഇഴജന്തുക്കളും മാലിന്യവുമായി ഉപയോഗശൂന്യമായ സ്ഥലത്താണ് കരനെൽ അടക്കമുള്ള കൃഷിയിറക്കാൻ ജീവനക്കാർ തീരുമാനിച്ചത്.

ജല അഥോറിട്ടി നേച്ചർ സൊസൈറ്റി എന്ന സംഘം രൂപീകരിച്ച് പരിസ്ഥിതി-ശുചിത്വ കാർഷിക സംരംഭം തുടങ്ങാൻ തീരുമാനിച്ചപ്പോൾ ആരംഭശൂരത്വമെന്നാണ് പലരും കരുതിയത്. എന്നാൽ ജീവനക്കാരുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വിമർശനമുനകളൊടിഞ്ഞു. നേച്ചർ സൊസൈറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയതോടെ തരിശായി കിടന്ന ഓഫീസ് പരിസരമാകെ ഹരിതാഭമായി. ജൂലൈ അഞ്ചിന് കൃഷിഓഫീസർ സുഗതയുടെ സാന്നിധ്യത്തിൽ ജ്യോതി ഇനത്തിൽപ്പെട്ട 16 കിലോ വിത്ത് വിതച്ചു. അതിപ്പോൾ കൊയ്യാൻ പാകമായി.

ഈ ആഴ്ച ഒടുവിൽ കതിരുകൾ കൊയ്യാൻ ജീവനക്കാർ തയ്യാറെടുക്കുകയാണ്. കരനെൽ കൃഷി മാത്രമല്ല നാടൻ ചേമ്പ്, ചീര, പയർ, പാവൽ തുടങ്ങിയ പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു.എക്‌സിക്യൂട്ടീവ് എൻജിനീയർ ജോച്ചൻ ജോസഫും, നേച്ചർ സൊസൈറ്റി സെക്രട്ടറി ബിന്ദുവുമാണ് പരിസ്ഥിതി-ശുചിത്വ കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP