Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ തോക്കെടുത്ത് തുടക്കം; കാശ്മീരിനെ കുഴപ്പത്തിലാക്കാൻ ലാദൻ കണ്ടെത്തിയ വജ്രായുധം; അൽഖൈയ്ദാ തലവനെ പാക് മണ്ണിലെത്തിച്ച തന്ത്രശാലി; കാശ്മീരിൽ ചാവേർ ആക്രമണത്തിന് തുടക്കമിട്ട ഭീകരൻ; തടവിലായിരിക്കെ തുരങ്കം ഉണ്ടാക്കി രക്ഷപ്പെടാനാകാത്തത് അമിത വണ്ണവും കുടവയറും കാരണം; വിമാനറാഞ്ചലോടെ ജിഹാദികളുടെ ആഗോള നേതാവായി; ജെയ്‌ഷെ മുഹമ്മദ് തലവനെ പാക്കിസ്ഥാൻ കൈവിടുന്നത് സമ്മർദ്ദം കാരണം; ഇനി മസൂദ് അസ്ഹറിന്റെ വിധി ഇന്ത്യ നിശ്ചയിക്കും

അഫ്ഗാനിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ തോക്കെടുത്ത് തുടക്കം; കാശ്മീരിനെ കുഴപ്പത്തിലാക്കാൻ ലാദൻ കണ്ടെത്തിയ വജ്രായുധം; അൽഖൈയ്ദാ തലവനെ പാക് മണ്ണിലെത്തിച്ച തന്ത്രശാലി; കാശ്മീരിൽ ചാവേർ ആക്രമണത്തിന് തുടക്കമിട്ട ഭീകരൻ; തടവിലായിരിക്കെ തുരങ്കം ഉണ്ടാക്കി രക്ഷപ്പെടാനാകാത്തത് അമിത വണ്ണവും കുടവയറും കാരണം; വിമാനറാഞ്ചലോടെ ജിഹാദികളുടെ ആഗോള നേതാവായി; ജെയ്‌ഷെ മുഹമ്മദ് തലവനെ പാക്കിസ്ഥാൻ കൈവിടുന്നത് സമ്മർദ്ദം കാരണം; ഇനി മസൂദ് അസ്ഹറിന്റെ വിധി ഇന്ത്യ നിശ്ചയിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പുൽവാമ ആക്രമണത്തിനുപിന്നിൽ പ്രവർത്തിച്ച ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ മരിച്ചെന്നത് തെറ്റായ വാർത്തയെന്ന് സമ്മതിച്ച് പാക് മാധ്യമങ്ങളും. നേരത്തെ അസ്ഹർ മരിച്ചുവെന്ന വാർത്ത ആദ്യം നൽകിയത് പാക് മാധ്യമങ്ങളാണ്. ഇതോടെ ഇന്ത്യൻ മാധ്യമങ്ങളും അഭ്യൂഹങ്ങളുമായെത്തി. അസ്ഹർ ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എ്ന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചില്ല. ഇതിനിടെയാണ് അസ്ഹർ ജീവിച്ചിരിപ്പുണ്ടെന്ന് പാക് മാധ്യമങ്ങൾ വിശദീകരിക്കുന്നത്. മസൂദ് അസ്ഹറിന്റെ കുടുംബത്തെ ഉദ്ധരിച്ചാണ് പാക് മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ അമ്പത് വയസ്സുമാത്രമുള്ള അസ്ഹറിന് എന്താണ് രോഗമെന്ന് ഇനിയും ആരും പുറത്തു പറയുന്നില്ല. അതിനിടെ അന്താരാഷ്ട്ര സമ്മർദ്ദത്തെ തുടർന്ന് മസൂദ് അസ്ഹറിനെ പാക്കിസ്ഥാനും തള്ളി പറയുകയാണ്. ഐക്യരാഷ്ട്ര സഭയിൽ മസൂദ് അസ്ഹറിനെതിരായ പ്രമേയത്തെ പാക്കിസ്ഥാനും പിന്തുണയക്കും. ഈ പ്രമേയം പാസാക്കിയാൽ പിന്നെ മസൂദ് അസ്ഹറിനെ പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ കഴിയില്ല. ഇതോടെ ഇന്ത്യ നിശ്ചയിക്കുന്നിടത്ത് കാര്യങ്ങളെത്തും.

ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയിൽ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് ശനിയാഴ്ച മരിച്ചമരിച്ചതായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് കൊണ്ടാണ് ഉർദു ദിനപത്രമായ ജിയോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.നിലവിലെ ആരോഗ്യ സ്ഥിതിയെ സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്നും രോഗം മൂർച്ഛിച്ച് വീടുവിട്ട് പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും കഴിഞ്ഞദിവസം പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി ഒരു ചാനൽ അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷമാണ് അഭ്യൂഹമെത്തിയത്. അസ്ഹർ വൃക്കരോഗബാധിതനാണെന്നും റാവൽപിണ്ടിയിലെ പാക് കരസേനാ ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. 1994-ൽ ഇന്ത്യയുടെ പിടിയിലായ മസൂദിനെ, 1999-ൽ കാണ്ഡഹാർ വിമാനറാഞ്ചലിലൂടെ മോചിപ്പിക്കുകയായിരുന്നു. പിന്നീട് പാക്കിസ്ഥാനിൽ എത്തിയശേഷമാണ് ജെയ്‌ഷെ മുഹമ്മദ് സംഘടന സ്ഥാപിക്കുന്നത്.

കാശ്മീരിനെ പാക്കിസ്ഥാനോടു ചേർക്കുക എന്ന മുഖ്യ ലക്ഷ്യവുമായി മസൂദ് അസ്ഹർ 1998ൽ ഹർക്കത്തുൽ മുജാഹിദീൻ സ്ഥാപിച്ചു. ആദ്യ പേര് ഹർക്കത്തുൽ അൻസാർ എന്നായിരുന്നു. സംഘടനയുടെ രൂപീകരണത്തിനു താലിബാൻ നേതൃത്വവും ഉസാമ ബിൻ ലാദനും സഹായിച്ചു. എൺപതുകളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാൻ രൂപീകരിച്ച ഹർക്കത്തുൽ ജിഹാദുൽ ഇസ്ലാമിയിൽ നിന്നാണു ഹർക്കത്തുൽ മുജാഹിദീൻ രൂപമെടുത്തത്. 1999ലാണ് ജെയ്‌ഷെ മുഹമ്മദ് ഉണ്ടാക്കിയത്. കാശ്മീരിൽ ചാവേർ ആക്രമണരീതി കശ്മീരിൽ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരർ. ഇതിനെല്ലാം നിരവധി തെളിവുകളുണ്ട്. എന്നാൽ പാക്കിസ്ഥാനിലെ സർക്കാരുകൾ മസൂദിനെ പിന്തുണച്ചു. തീവ്രവാദത്തെ വളർത്താൻ എല്ലാ സഹായവും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് എല്ലാ അർത്ഥത്തിലും കാശ്മീരിനെ കലാപഭൂമിയാക്കി.

കാശ്മീരി യുവാക്കളെയും സംഘടനയിൽ ചേർത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജെയ്‌ഷെ നടത്തിയത്. മുമ്പ് ഇന്ത്യൻ ജയിലിൽനിന്ന് മസൂദ് മോചിതനായ ദിവസം ഉസാമ ബിൻ ലാദൻ വിരുന്നു നടത്തിയാണ് ആഘോഷിച്ചത്. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ലാദനെ സഹായിച്ചതു ജയ്‌ഷെ മുഹമ്മദാണ്. തുടർന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തിൽ 10 വർഷത്തോളം കഴിഞ്ഞ ലാദനെ യുഎസ് കമാൻഡോകൾ 2011 മെയ്‌ 2നാണു വധിച്ചത്. ഇതോടെ പാക്കിസ്ഥാനും അമേരിക്കയും തമ്മിലെ ബന്ധത്തിന് വിള്ളലുണ്ടായി. പല അന്തരാഷ്ട്ര സഹായവും പാക്കിസ്ഥാന് നഷ്ടമായി. ഉപരോധങ്ങളും വന്നു. ഇത് മൂലമാണ് പുൽവാമയിൽ പാക്കിസ്ഥാന് വലിയ പ്രതിസന്ധിയുണ്ടായത്. മസൂദ് അസ്ഹറിനെ തള്ളി പറഞ്ഞില്ലെങ്കിൽ ഒറ്റപ്പെടുമെന്ന സ്ഥിതിയും വന്നു. ഇത് കാരണമാണ് ഐക്യരാഷ്ട്രസഭയിൽ മസൂദിനെ തള്ളിപ്പറയുന്നത്.

2001-ലെ പാർലമെന്റ് ആക്രമണത്തിന്റെയും 2016-ലെ പത്താൻകോട്ട് ആക്രമണത്തിന്റെയും പിന്നിൽപ്രവർത്തിച്ച ജെയ്ഷെ മുഹമ്മദിന് തണലൊരുക്കുന്നത് പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ആരോപണം. മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എൻ. രക്ഷാസമിതിയിൽ ഇന്ത്യ രണ്ടുതവണ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈനയുടെ എതിർപ്പിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു. വീണ്ടും പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയിലാണ്. ഇതിനെ പാക്കിസ്ഥാൻ പോലും പിന്തുണയ്ക്കുമെന്നാണ് സൂചന. ചൈനയും വീറ്റോ അധികാരം ഉപയോഗിക്കില്ല. പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇത്. അതിനിടെ പ്രമേയത്തെ പിന്തുണച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പാക്കിസ്ഥാൻ ഭീകരതയ്ക്ക് എതിരാണെന്ന് വരുത്താനാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം. ഇത്തരമൊരു പ്രമേയം ഐക്യരാഷ്ട്ര സഭയിൽ പാസായാൽ അസ്ഹറിന് താവളമൊരുക്കാൻ പാക് സൈന്യത്തിനും കഴിയില്ല,

കാശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാനോട് ചേർക്കുമെന്ന് പ്ര്ഖ്യാപിച്ച ഭീകരവാദിയാണ് മസൂദ് അസ്ഹർ. പാക് രാഷ്ട്രീയക്കാരുമായി നല്ല അടുപ്പമുണ്ട്. ഇതില്ലെല്ലാം ഉപരി ഐഎസ്‌ഐയുടെ വിശ്വസ്തനം. കാശ്മീരിൽ പ്രശ്‌നമുണ്ടാക്കി ഇന്ത്യയെ സങ്കീർണ്ണതയിലേക്ക് തള്ളി വിടുന്നതിൽ അസ്ഹറിനും നിർണ്ണായക പങ്കുണ്ട്. അതുകൊണ്ടാണ് അസ്ഹറിന് പാക് സൈന്യം സംരക്ഷണം നൽകുന്നത്. മാറിയ സാഹചര്യത്തിൽ അസ്ഹറിനെ ഇമ്രാൻ തള്ളി പറയുമ്പോൾ അത് പാക്കിസ്ഥാനിൽ ആഭ്യന്തര കലാപത്തിനും സാഹചര്യമൊരുക്കും. വലിയ അണികളുള്ള വ്യക്തിയാണ് മസൂദ് അസ്ഹർ. ഇവർ തെരുവിലിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന ഭയം പാക് സർക്കാരിനുമുണ്ട്.

നേരത്തെ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയിൽ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞ ഭീകരനാണ് മസൂദ് അസർ. പോർച്ചുഗീസ് പാസ്‌പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹർ 1994 ഫെബ്രുവരിയിൽ ദക്ഷിണകശ്മീരിലെ അനന്ത്‌നാഗിലാണ് അറസ്റ്റിലായത്. 1999 ൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം തട്ടിയെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയപ്പോൾ അന്നത്തെ ബിജെപി സർക്കാർ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യൻ കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അസ്ഹർ ജയ്‌ഷെ മുഹമ്മദ് രൂപീകരിച്ചത്. അന്ന് മനസിൽ കുറിച്ച പ്രതികാരമാണ് പിന്നീട് പലരൂപത്തിൽ ഇന്ത്യ അനുഭവിക്കേണ്ടി വന്നത്. ഇതിന് വലം കൈയായി നിന്നത് ഭാര്യാ സഹോദരനായ യൂസഫും. ബാലാകോട്ടെ ആക്രമണത്തിൽ യൂസഫും കൊല്ലപ്പെട്ടതോടെ ജെയ്‌ഷെയുടെ തലവന്മാരിൽ ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മസൂദ് അസ്ഹറും മരിച്ചെന്ന അഭ്യൂഹമെത്തിയത്.

1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായ മസൂദ് അസ്ഹറിനെ അഞ്ചുവർഷം ജമ്മുവിലെ കോട്ബൽവാൽ ജയിലിലായിരുന്നു പാർപ്പിച്ചത്. ജയിലിൽ 10 മാസം പിന്നിട്ടപ്പോൾ, മസൂദിന്റെ അനുയായി ഒമർ ഷെയ്ഖ് ഡൽഹിയിൽ നിന്ന് ഏതാനും വിദേശികളെ തട്ടിക്കൊണ്ടുപോയി. അസ്ഹറിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബന്ദികളെ രക്ഷിച്ച പൊലീസ് ഷെയ്ഖിനെ പിടികൂടി ജയിലിൽ അടച്ചു. 1999 ൽ ജയിലിൽനിന്ന് ഒരു തുരങ്കം നിർമ്മിച്ച് രക്ഷപ്പെടാൻ നോക്കി. മസൂദിന് അമിതവണ്ണവും കുടവയറുമായതുമായതിൽ തുരങ്കത്തിലൂടെ കടക്കാൻ കഴിഞ്ഞില്ല. മസൂദിനെ തടവിൽനിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ. 1999ൽ കാഠ്മണ്ഡുഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരർ നൂറ്റിയൻപതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഉമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്‌പേയ് സർക്കാർ വഴങ്ങി. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് 3 ഭീകരെയും കൊണ്ട് കാണ്ഡഹാറിലേക്കു പ്രത്യേക വിമാനത്തിൽ പറന്നു. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു.

അതിന് ശേഷം നിരന്തരം ഇന്ത്യയെ ആക്രമിച്ചു ജെയ്‌ഷെ മുഹമ്മദ്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ ജെയ്ഷ് ഭീകരർ ഇന്ത്യയിൽ രണ്ടു വൻ ആക്രമണങ്ങൾ നടത്തിയത്. ജയ്ഷ് ഇന്ത്യയിൽ രണ്ടു പ്രധാന ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. ആദ്യത്തേത് 9/11 ആക്രമണത്തിനു മൂന്നാഴ്ചയ്ക്കുശേഷം 2001 ഒക്ടോബർ ഒന്നിനു ശ്രീനഗറിലെ പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ചാവേർ സ്‌ഫോടനം. മരണം 38. രണ്ടു മാസത്തിനുശേഷം ഡിസംബർ 13നു പാർലമെന്റിൽ ജെയ്ഷ്, ലഷ്‌കർ ഭീകരർ നടത്തിയ സംയുക്ത ആക്രമണം. 9 പേർ കൊല്ലപ്പെട്ടു. ഇത് ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ആക്രമണമായി വലിയിരുത്തി. പിന്നേയും ചെറുതും വലുതുമായ നിരവധി ആക്രമണങ്ങൾ നടത്തി. 2016 ജനുവരിയിൽ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ എകെ 47, ഗ്രനേഡ്, ഐഇഡികൾ എന്നിവ ഉപയോഗിച്ച് ഭീകരരുടെ ആക്രമണം നടത്തി. 2016 സെപ്റ്റംബർ 18ന് ജമ്മു കശ്മീരിലെ ഉറി കരസേനാ ക്യാംപ് 4 ഭീകരർ ആക്രമിച്ചു. 19 സൈനികരാണ് മരിച്ചത്. ഇതോടെ ഇന്ത്യ നടപടി ശ്ക്തമാക്കി. സർജിക്കൽ സ്‌ട്രൈക്കിലൂടെ കരസേന ജെയ്ഷിന്റെ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള താവളം തകർത്തു. പിന്നെയാണ് പുൽവാമയിലെ ഭീകരത. ഇതിനെ ബാലാകോട്ടിലെ പ്രധാന താവളം വ്യോമസേന തകർത്തു.

മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസംഘടനയുടെ ഭീകരപട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന മൂന്നു പ്രമേയങ്ങളും (2009, 2016, 2017) തടഞ്ഞതു ചൈനയാണ്. എന്നാൽ പുൽവാമയോടെ യുഎസ്, യുകെ, ഫ്രാൻസ് എന്നീ വൻശക്തികൾ സംയുക്തമായി കഴിഞ്ഞ ബുധനാഴ്ച നാലാം പ്രമേയം കൊണ്ടുവന്നു. ഇതിനെ ചൈനയും പിന്തുണയക്കുമെന്നാണ് സൂചന. ഇന്ത്യയുടെ തന്ത്രപരമായ നീക്കമായിരുന്നു ഈ പ്രമേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP