Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐസക്കിന്റെ മസാലാ ബോണ്ട് വാങ്ങിയത് എസ് എൻ സി ലാവ്‌ലിന്റെ ഉടമസ്ഥർ! കിഫ്ബിക്കായി കടമെടുക്കുന്നത് കാനഡയിലെ കമ്പനിക്ക് മുതലും കൊള്ളപ്പലിശയും ഖജനാവിൽ നിന്ന് നൽകാൻ; കടപത്രത്തിന് ലാവ്‌ലിനുമായുള്ള ബന്ധം തുറന്നുകാട്ടി സന്ദീപ് വാര്യർ; മലബാർ കാൻസർ ഇൻസ്റ്റ്യൂട്ടിന് കൊടുക്കാനുള്ളത് നൽകാതെ വഞ്ചിച്ചവരെ പിൻവാതിലിലൂടെ വീണ്ടുമെത്തിച്ചതിന് പിന്നിൽ പിണറായിയോ? രണ്ടാം ലാവ്‌ലിൻ അഴിമതിയിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി പ്രചരണത്തിന് മൂർച്ച കൂട്ടി യുവമോർച്ച

ഐസക്കിന്റെ മസാലാ ബോണ്ട് വാങ്ങിയത് എസ് എൻ സി ലാവ്‌ലിന്റെ ഉടമസ്ഥർ! കിഫ്ബിക്കായി കടമെടുക്കുന്നത് കാനഡയിലെ കമ്പനിക്ക് മുതലും കൊള്ളപ്പലിശയും ഖജനാവിൽ നിന്ന് നൽകാൻ; കടപത്രത്തിന് ലാവ്‌ലിനുമായുള്ള ബന്ധം തുറന്നുകാട്ടി സന്ദീപ് വാര്യർ; മലബാർ കാൻസർ ഇൻസ്റ്റ്യൂട്ടിന് കൊടുക്കാനുള്ളത് നൽകാതെ വഞ്ചിച്ചവരെ പിൻവാതിലിലൂടെ വീണ്ടുമെത്തിച്ചതിന് പിന്നിൽ പിണറായിയോ? രണ്ടാം ലാവ്‌ലിൻ അഴിമതിയിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തി പ്രചരണത്തിന് മൂർച്ച കൂട്ടി യുവമോർച്ച

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വികസനാവശ്യത്തിന് കിഫ്ബിയുടെ പേരിൽ സർക്കാരിറക്കിയ മസാലാ ബോണ്ടിന് പിന്നിൽ എസ് എൻ സി ലാവ്‌ലിൻ കമ്പനിയുടെ ഉടമകളിൽ നിന്ന് കൊള്ള പലിശയ്ക്ക് പണം കടമെടുക്കാനുള്ള ഗൂഡ നീക്കമെന്ന് ആരോപണം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് പിണറായി സർക്കാരിനെ സംശയനിഴലിൽ നിർത്തുകയാണ് യുവമോർച്ച. യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ് ഗുരുതരമായ ആരോപണവുമായി രംഗത്ത് വരുന്നത്. കാനഡയിലെ ക്യൂബക് പ്രവിശ്യയിലെ പെൻഷൻ ഫണ്ട് നിക്ഷേപക സ്ഥാപനമാണ് കിഫ് ബി ഇഷ്യു ചെയ്ത മസാല ബോണ്ടുകൾ വാങ്ങിയതെന്ന വാർത്തകളെ അടിസ്ഥാനമാക്കിയാണ് ആരോപണം. ഈ വാർത്തകൾ ശരിയാണെങ്കിൽ എസ് എൻ സി ലാവ്‌ലിൻ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരായ സിഡിപിക്യുവാണ് മസാല ബോണ്ടുകൾ വാങ്ങിയെന്ന് സന്ദീപ് വാര്യർ വിശദീകരിക്കുന്നു. ഔദ്യോഗികമായി ആരാണ് മസാലാ ബോണ്ടുകൾ വാങ്ങിയതെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇതും ദുരൂഹമാണെന്ന് യുവമോർച്ച പറയുന്നു.

കിഫ്ബിയുടെ ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയർമാൻ ധനകാര്യ മന്ത്രി തോമസ് ഐസക്കുമാണ്. സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട മിക്ക പദ്ധതികൾക്കും കിഫ്ബി വഴി പണം കണ്ടെത്തും എന്നാണ് തോമസ് ഐസക്ക് അവകാശപ്പെട്ടിരുന്നത്. എന്നാൽ പ്രവാസി ചിട്ടി ഉൾപ്പെടെ കിഫ് ബി യുടെ ധനശേഖരണാർത്ഥം നടത്തിയ കാര്യങ്ങൾ പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതോടെയാണ് പുതിയ ഫണ്ട് ശേഖരണ രീതിയുമായി എത്തിയത്. തോമസ് ഐസക്ക് മസാല ബോണ്ടുമായി (കടപ്പത്രം) വരുന്നത്. ഇന്ത്യയിൽ സ്വകാര്യ സ്ഥാപനങ്ങളാണ് നേരത്തെ മസാല ബോണ്ടുകൾ വഴി ധനശേഖരണം നടത്തിയിട്ടുള്ളത് . ഇക്കഴിഞ്ഞ ദിവസം മസാല ബോണ്ട് വഴി 2150 കോടിയുടെ നിക്ഷേപം കിഫ് ബിക്ക് ലഭിച്ചതായി സർക്കാർ തന്നെ പ്രചരണം നടത്തിയിരുന്നു. മസാലാ ബോണ്ട് ക്ഷണിച്ചത് ലാവ്‌ലിൻ മുതലാളിക്ക് വേണ്ടിയാണെന്നാണ് ആരോപണം.

കാനഡയിലെ ക്യൂബക് പ്രവിശ്യയിലെ പെൻഷൻ ഫണ്ട് നിക്ഷേപക സ്ഥാപനമാണ് കിഫ് ബി ഇഷ്യു ചെയ്ത മസാല ബോണ്ടുകൾ വാങ്ങാൻ തയ്യാറായത് എന്നായിരുന്നു വാർത്തകൾ വന്നത്. ഇത് ദുരൂഹമാണെന്നാണഅ യുവമോർച്ചയുടെ ആരോപണം. മറ്റാരും വാങ്ങാൻ തയ്യാറില്ലാതിരുന്ന കിഫ് ബി മസാല ബോണ്ടിൽ കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ കാശെടുത്ത് നിക്ഷേപിക്കാൻ സിഡിപിക്യുവെന്ന പ്രേരിപ്പിച്ച ഘടകം എന്താണെന്നാണ് ഉയരുന്ന ചോദ്യം. എസ് എൻ സി ലാവ്‌ലിൻ കമ്പനിയുടെ യഥാർത്ഥ ഉടമസ്ഥരാണ് സിഡിപിക്യു എസ് എൻ സി ലാവ്‌ലിനിൽ 20% ഓഹരി പങ്കാളിത്തം സിഡിപിക്യുവിനാണെന്ന് യുവമോർച്ച ആരോപിക്കുന്നു. കമ്പനിയിലെ ഏറ്റവും കൂടുതൽ ഓഹരി ഉടമകൾ. അതുകൊണ്ട് എസ് എൻ സി ലാവ്‌ലിന്റെ ഉടമസ്ഥർ സിഡിപിക്യുവാണെന്ന് യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ പറയുന്നു. പിണറായി വിജയൻ മുമ്പ് വൈദ്യുത മന്ത്രിയായിരുന്നപ്പോഴാണ് വൈദ്യുത നിലയങ്ങളുടെ നീവീകരണത്തിന് ലാവ്‌ലിനുമായി കരാർ ഒപ്പിട്ടത്, ഇത് ഏറെ വിവാദമാകുകയും അഴിമതി കേസിലേക്ക് കാര്യങ്ങളെത്തുകയും ചെയ്തിരുന്നു.

ഇതേ കമ്പനിയെ കുറിച്ചാണ് പിണറായി മുഖ്യമന്ത്രിയായിരിക്കുമ്പോൾ വീണ്ടും വിവാദമുണ്ടാകുന്നത്. ലാവ്‌ലിൻ കമ്പനി ആഗോള തലത്തിൽ നടത്തിയ അഴിമതികളെ തുടർന്ന് അവരെ സഹായിക്കാൻ രഹസ്യമായി ശ്രമിച്ചു എന്നതിന്റെ പേരിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അഴിമതി ആരോപണം നേരിട്ടുകൊണ്ടിരിക്കുകയും കനേഡിയൻ സർക്കാർ വലിയ പ്രതിസന്ധിയിലുമാണ് ഇപ്പോൾ. കേരളത്തിലെ ജീവനക്കാരുടെ പെൻഷൻ ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നതിനെ എതിർക്കുന്ന സിപിഎം കാനഡയിലെ തൊഴിലാളികളുടെ പെൻഷൻ പണം ഓഹരി വിപണിയിലൂടെ സ്വരൂപിക്കുന്നതിൽ പ്രത്യയശാസ്ത്രപരമായി തന്നെ വൈരുദ്ധ്യമുണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു. എന്നാൽ ഇതിലെല്ലാം പ്രധാനം സിഡിപിക്യുവിനും ലാവ്‌ലിനുമായുള്ള ബന്ധത്തെ കുറിച്ചുള്ള ആരോപണമാണ്.

സിഡിപിക്യുവുമായി നടന്ന ചർച്ചകളെല്ലാം എല്ലാം രഹസ്യാത്മക സ്വഭാവം ഉള്ളവയാണ് . ലാവ്‌ലിൻ ഒരിക്കൽ കേരളത്തെ വഞ്ചിച്ച് കേരള സർക്കാർ ബ്‌ളാക്ക് ലിസ്റ്റിൽ പെടുത്താനുള്ള നടപടികൾ തുടങ്ങിയ കമ്പനി ആണ്. മലബാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് തരാമെന്ന് ഏറ്റ 98 കോടി തരാതെ കേവലം 8 കോടി മാത്രം നൽകി കേരള സർക്കാരിനെ ലാവ്‌ലിൻ വഞ്ചിക്കുകയായിരുന്നു എന്നാണ് സിപിഎം വാദം. ലാവ്‌ലിൻ അഴിമതി കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് സിബിഐയുടെ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇത്തരം സാഹചര്യങ്ങൾ ഒക്കെ ഇരിക്കെത്തന്നെ ലാവ്‌ലിന്റെ ഉടമസ്ഥർ കേരളത്തിന്റെ മസാല ബോണ്ടുകൾ എങ്ങനെ വാങ്ങിയെന്ന ചോദ്യമാണ് യുവമോർച്ച ഉയർത്തുന്നത്.

മസാല ബോണ്ടിന് 9.72 ശതമാനം പലിശയാണ് കിഫ്ബി നൽകേണ്ടത്. എസ് ബി ആ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകളിൽ നിന്ന് ഇതിലും കുറഞ്ഞ നിരക്കിൽ വായ്പ ലഭിക്കുമെന്നിരിക്കെ (എട്ടര ശതമാനം), ലാവ്‌ലിന്റെ മുതലാളിമാർക്ക് കൊള്ളപ്പലിശ കൊടുക്കാൻ എന്തിന് സർക്കാർ തീരുമാനിച്ചുവെന്നതാണ് ഉയരുന്ന ചോദ്യം. കൊച്ചി മെട്രോക്ക് ഫ്രഞ്ച് ഏജൻസി നൽകിയ വായ്പയുടെ പലിശ 1.35 % ആണെന്നും തിരിച്ചടവ് കാലാവധി 25 വർഷമാണ് എന്നും ഓർക്കണം. ബാങ്ക് വായ്പ ആണെങ്കിൽ പോലും നമ്മുടെ രാജ്യത്തെ കഴിഞ്ഞ പത്ത് പതിനഞ്ച് വർഷത്തെ രീതി അനുസരിച്ച് പലിശ ഓരോ വർഷവും കുറയുകയാണ്. അങ്ങനെയാണെങ്കിൽ തിരിച്ചടവ് സമയത്ത് എട്ടു ശതമാനത്തിൽ താഴെ പലിശ വരാനെ സാധ്യതയുള്ളൂ . അതായത് ഏറ്റവും ചുരുങ്ങിയത് 2% അധിക പലിശയാണ് കേരളം ലാവ്‌ലിൻ മുതലാളിമാർക്ക് നൽകാൻ ബാധ്യതപ്പെടുന്നത്. 2150 കോടിയുടെ 2% പ്രതിവർഷം നാൽപ്പത് കോടിയിൽ അധികം വരും. ഈ മസാല ബോണ്ട് നിക്ഷേപം തിരിച്ചു നൽകേണ്ടത് 2024 ൽ ആണ് . അതായത് ഏറ്റവും ചുരുങ്ങിയത് 200 കോടിയുടെ നഗ്‌നമായ അഴിമതി ആണ് മസാല ബോണ്ടെന്ന് സന്ദീപ് വാര്യർ പറയുന്നു.

ഇത് ഷേജി ഡീലാണ്. മുഖ്യമന്ത്രി നേരിട്ടാണ് ലാവ്‌ലിൻ ഉടമസ്ഥരുമായി രഹസ്യ ചർച്ച നടത്തി ഡീൽ ഉറപ്പിച്ചിരിക്കുന്നതെന്നും ആരോപിക്കുന്നു. മുഖ്യമന്ത്രി തന്നെ ഫേസ്‌ബുക്ക് പോസ്റ്റിട്ട് മസാല ബോണ്ടിൽ പണമിറക്കിയ വിദേശ നിക്ഷേപകർക്ക് നന്ദി പറയുന്നുതും ഇതിന് തെളിവായി യുവമോർച്ച ചൂണ്ടികാണിക്കുന്നു. എന്നാൽ ആ വിദേശ നിക്ഷേപകർ ആരെന്ന് വെളിപ്പെടുത്താൻ എന്തു കൊണ്ട് അദ്ദേഹം തയ്യാറായില്ലെന്ന ചോദ്യമാണ് ഉയർത്തുന്നത്. മുഖ്യമന്ത്രി നടത്തിയ സ്വകാര്യ വിദേശയാത്രകളിലാണോ ഈ സങ്കീർണമായ ഡീൽ നടത്തിയത് എന്ന് അന്വേഷിക്കേണ്ടതാണെന്നും യുവമോർച്ച പറയുന്നു. ഇത് രണ്ടാം ലാവ്‌ലിൻ അഴിമതിയാണെന്നും മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പ്രതികരിക്കണമെന്നും സന്ദീപ് വാര്യർ പറയുന്നു. അവരുടെ പ്രതികരണം വന്നതിന് ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും യുവമോർച്ചാ സംസ്ഥാന സെക്രട്ടറി വിശദീകരിച്ചു.

രാജ്യത്തിന്റെ സ്വന്തം കറൻസിയിൽത്തന്നെ വിദേശവിപണിയിൽ ബോണ്ട് ഇറക്കുന്നതിനെയാണ് മസാലാ ബോണ്ട് എന്ന് പറയുന്നത്. കിഫ്ബി ഇന്ത്യൻ രൂപയിൽത്തന്നെയാണ് ബോണ്ട് ഇറക്കിയത്. നിലവിലുള്ള സമ്പദ്ഘടനയെ ഒരുതരത്തിലും ബാധിക്കാത്ത തരത്തിൽ പണം തിരിച്ചടയ്ക്കുന്ന വിധമാണ് കൺട്രോൾഡ് ലിവറേജ് മാതൃക. മസാല ബോണ്ടിൽ ഈ മാതൃകയാണ് കേരളം അവലംബിച്ചിരിക്കുന്നത്. വാഹനനികുതിയിലെ ഒരു വിഹിതവും നിലവിലുള്ള ഇന്ധനസെസിലെ ഒരു വിഹിതവും ഓരോദിവസവും തിരിച്ചടവിലേക്ക് പോകുംവിധമാണിത്. കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിദേശനിക്ഷേപങ്ങളെ ആകർഷിക്കുന്നതിന് സ്ഥാപിച്ചതാണ് കിഫ്ബി. വികസനത്തിന് സാന്പത്തിക പ്രതിസന്ധി തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയത്. കടുത്തവെല്ലുവിളി നേരിട്ടാണ് കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാനായത്. രൂപയുടെ വിനിമയവില ഏറ്റവും അസ്ഥിരമായതുമുതൽ മുന്നിൽ മുൻ മാതൃകകൾ ഇല്ലാത്തതുവരെ തടസ്സമായി. സ്റ്റാൻഡേഡ് ആൻഡ് പുവേഴ്സ്, ഫിച്ച് എന്നിവയായിരുന്നു റേറ്റിങ് ഏജൻസികൾ. ഈ രംഗത്ത് പരിചയമുള്ള ആക്സിസ് ബാങ്ക് വഴിയാണ് റിസർവ് ബാങ്കിന് അപേക്ഷ നൽകിയത്.

ഹോങ്കോങ്ങും സിങ്കപ്പൂരും കേന്ദ്രീകരിച്ചായിരുന്നു റേറ്റിങ്ങിനുള്ള ചർച്ചകൾ. അന്താരാഷ്ട്ര ലീഗൽ കൺസൾട്ടന്റുമാരും കരാറുകൾ തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചു. തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിൽ ലണ്ടൻ, സിങ്കപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തു. അടുത്ത കടമ്പയായിരുന്നു ദുഷ്‌കരം. സമാരംഭ ഇഷ്യു എന്നതിലുപരി ഇന്ത്യയിൽനിന്ന് ആദ്യമായി ഇത്തരത്തിൽ പുറപ്പെടുവിക്കുന്ന കടപ്പത്രം എന്ന നിലയിൽ മൂലനിക്ഷേപകനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. കാനഡയിലെ ഏറ്റവും വലിയ പെൻഷൻ ഫണ്ടുകളിലൊന്നായ 'സി.ഡി.പി.ക്യു.'വാണ് മൂലനിക്ഷേപകർ.

അവരുടെ സംഘം കേരളത്തിലെത്തി കിഫ്ബിയുടെ പ്രവർത്തനം, സമാഹരിക്കുന്ന പണത്തിന്റെ ചെലവിടൽ, തിരിച്ചടവ്, പാരിസ്ഥിതികവും സാമൂഹികവുമായ ഭരണനിർവഹണം, അക്കൗണ്ടിങ് തുടങ്ങിയവ വിശദമായി പഠിച്ചു. കരാർ തയ്യാറാക്കാനുള്ള ചർച്ചകൾ ലണ്ടനിലാണ് നടന്നത്. മാർച്ച് 21-ന് കരാറിന് അംഗീകാരമായി. 25-ന് കടപ്പത്രം തുറന്നുകൊടുക്കുകയും ചെയ്തു. ഈ നീക്കമാണ് വിവാദമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP