Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ധീരജവാന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തു; കേരള വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ ഷീനയ്ക്കു ജോലി ലഭിച്ചു; മക്കളായ അനാമികയെയും അമർദിപും കേന്ദ്രീയ വിദ്യാലയത്തിൽ പഠനം തുടങ്ങി; വിട പറഞ്ഞെങ്കിലും അദൃശ്യ ശക്തിയായി അദ്ദേഹം ഒപ്പമുണ്ടെന്ന് പുൽവാമയിൽ ജീവൻ പൊലിഞ്ഞ ജവാന്റെ ഭാര്യ ഷീന; സിആർപിഎഫ് ഹവിൽദാർ വി.വി.വസന്തകുമാറിന് പ്രണാമം അർപ്പിക്കാൻ തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയത് നൂറുകണക്കിന് ആളുകൾ

ധീരജവാന്റെ കുടുംബത്തെ സർക്കാർ ഏറ്റെടുത്തു; കേരള വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ ഷീനയ്ക്കു ജോലി ലഭിച്ചു; മക്കളായ അനാമികയെയും അമർദിപും കേന്ദ്രീയ വിദ്യാലയത്തിൽ പഠനം തുടങ്ങി; വിട പറഞ്ഞെങ്കിലും അദൃശ്യ ശക്തിയായി അദ്ദേഹം ഒപ്പമുണ്ടെന്ന് പുൽവാമയിൽ ജീവൻ പൊലിഞ്ഞ ജവാന്റെ ഭാര്യ ഷീന; സിആർപിഎഫ് ഹവിൽദാർ വി.വി.വസന്തകുമാറിന് പ്രണാമം അർപ്പിക്കാൻ തൃക്കൈപ്പറ്റയിലെ വീട്ടിലെത്തിയത് നൂറുകണക്കിന് ആളുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപറ്റ: പുൽവാമയിൽ ഒരു വർഷം മുമ്പ് നടന്ന സ്‌ഫോടനത്തിൽ വീരമൃത്യുവരിച്ച സിആർപിഎഫ് ഹവിൽദാർ വി.വി.വസന്തകുമാറിന്റെ ഓർമ്മ പുതുക്കുകയായിരുന്നു ഇന്നലെ രാജ്യം. സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ ഇന്നലെ നിരവധി പേർ പ്രണാമം അർപ്പിച്ചു. ഭർത്താവ് വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ഓർമ്മകളുടെ കരുത്തി മുന്നേറുകയാണ് ഭാര്യ ഷീനയും മക്കളും. അദ്ദേഹത്തിന്റെ അദൃശ്യമായ ശക്തി എപ്പോഴും കൂടെയുണ്ട്. അതുകൊണ്ടുതന്നെ എന്തു കാര്യത്തിനും ഇറങ്ങിത്തിരിക്കാൻ ധൈര്യമാണെന്ന് ഷീന പറയുന്നു.

ജീവിക്കാനുള്ള കരുത്ത് പകർന്നു നൽകിയിട്ടാണ് പോയത്. സർവീസിൽനിന്നു വിരമിക്കാൻ 2 വർഷം കൂടിയേ ഉണ്ടായിരുന്നുള്ളൂ. ഫോണിൽ വിളിക്കുമ്പോഴെല്ലാം മക്കളെ കുറിച്ചായിരുന്നു കൂടുതലും സംസാരിച്ചിരുന്നത്. വീടുപണി പൂർത്തിയാക്കിയ ശേഷം മക്കളോടൊപ്പം മുഴുവൻ സമയം കഴിയാനായിരുന്നു ആഗ്രഹം - വാക്കുകൾ മുഴുവിപ്പിക്കും മുമ്പ് ഷീനയ്ക്ക് കണ്ഠം ഇടറി. കണ്ണീർ തുടച്ച് ഷീന തുടർന്നു ഏട്ടന്റെ സ്വപ്നങ്ങൾ ഓരോന്നായി യാഥാർഥ്യമാക്കണം. ഇനിയുള്ള ജീവിതം അതിനായി മാറ്റിവച്ചിരിക്കുകയാണ്.

2019 ഫെബ്രുവരി 14ന് ആണു കശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ വസന്തകുമാർ ഉൾപ്പെടെ 44 ജവാന്മാർ കൊല്ലപ്പെട്ടത്. ഹവിൽദാറായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം ആദ്യമേറ്റെടുത്ത ചുമതലയ്ക്കിടെയായിരുന്നു ഭീകരാക്രമണം. പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, ഭീകരാക്രമണമുണ്ടാകുന്നതിനു 2 മണിക്കൂർ മുൻപും വസന്തകുമാർ വീട്ടിലേക്കു വിളിച്ചിരുന്നു.

ഒരുവർഷം കൊണ്ടുതന്നെ ജീവിതം ഒരുപാട് മാറിയെന്നു ഷീന പറയുന്നു. കുടുംബത്തെ സർക്കാർ ഏറ്റെടുത്തു. കേരള വെറ്ററിനറി. സർവകലാശാലയിൽ അസിസ്റ്റന്റ് തസ്തികയിൽ ഷീനയ്ക്കു ജോലി ലഭിച്ചു. മക്കളായ അനാമികയെയും അമർദിപിനെയും കൽപറ്റ കേന്ദ്രീയ വിദ്യാലയത്തിൽ ചേർത്തു. അവരുടെ പഠനസൗകര്യാർഥം കൽപറ്റ ബിഎസ്എൻഎൽ ക്വാർട്ടേഴ്‌സിലേക്ക് താമസം മാറ്റി. സർക്കാർ അനുവദിച്ച വീടിന്റെ പ്രാരംഭ പ്രവൃത്തികൾ പുത്തൂർവയലിൽ തുടങ്ങി. ധീരജവാന്റെ ഓർമകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കാൻ നൂറുകണക്കിനാളുകൾ വസന്തകുമാറിന്റെ തൃക്കൈപ്പറ്റയിലെ തറവാട്ട് വീട്ടിലേക്ക് ഒഴുകിയെത്തി.

അതേസമയം 40 സിആർപിഎഫ്. ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് ഒരു വർഷം പൂർത്തിയാകുമ്പോഴും ചാവേർ സ്ഫോടനം നടത്താൻ ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ പോലും ദേശീയ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ല. സൈനിക കേന്ദ്രങ്ങളിൽ സാധാരണയായി കണ്ട് വരുന്ന സ്ഫോടന വസ്തുക്കൾ പുറത്ത് നിന്ന് ലഭ്യമാകാനിടയില്ലെന്നാണ് വിലയിരുത്തൽ.

കുറ്റാരോപിതർ ആരും തന്നെ ജീവനോടെ ഇല്ലാത്തതിനാൽ എൻ.ഐ.എക്ക് കുറ്റപത്രം സമർപ്പിക്കാനും സാധിച്ചിട്ടില്ല. അന്വേഷണത്തിനും തടസ്സം നേരിട്ടു. പ്രധാന പ്രതികളായ മുദാസിർ അഹ്മദ് ഖാനും സജ്ജാദ് ഭട്ടും കഴിഞ്ഞ വർഷം മാർച്ചിലും ജൂണിലുമായി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 2019- ഫെബ്രുവരി 14-ന് ഉച്ചകഴിഞ്ഞ മൂന്നേകാലോടെ അവധി കഴിഞ്ഞു മടങ്ങുന്നവർ അടക്കം 2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിൽ ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോകുമ്പോൾ ദേശീയപാതയിൽ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്കു സമീപമായിരുന്നു ആക്രമണം ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദിൽ അഹമ്മദ് ദർ എന്ന ചാവേറാണ് സ്ഫോടന വസ്തുക്കൾ നിറച്ച വാഹനം ജവാന്മമാർ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റിയത്. ഇങ്ങനെ ജീവൻ പോയവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു ഈ വയനാട്ടുകാരൻ.

ധീരജവാന്റെ കണ്ണീരോർമകൾ പങ്കുവച്ച് വയനാട് - കൽപ്പറ്റ വാഴക്കണ്ടിയിൽഅനുസ്മരണ സമ്മേളനം ചേർന്നിരുന്നു. സഹപ്രവർത്തകർ 'ഡെയർ ഡെവിൾ' എന്ന് വസന്തകുമാറിനെ വിളിക്കുന്നത് വെറുതെയല്ല. 2018 ൽ നടന്ന ഒരുസംഭവം ഓർക്കുന്നു. മാവോയിസ്റ്റുകളുടെ സ്വാധീനമേഖലയായ ബിജാപൂരിലെ ഒരു ഓപ്പറേഷൻ. സിആർപിഎഫ് 85 ാം ബറ്റാലിയൻ അപ്പോൾ മാവോയിസ്റ്റുകളുമായി കടുത്ത പോരാട്ടത്തിൽ. വഴി സജ്ജമാക്കുന്ന സംഘത്തിൽ അംഗമായിരുന്നു വസന്ത. അങ്ങനെ യാത്ര ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായി കുഴിബോംബാക്രമണമുണ്ടായത്. സിആർപിഎഫ് ട്രൂപ്പറായ ലക്ഷ്മൺ റാവുവിന് ആക്രമണത്തിൽ ഗുരുതര പരിക്കേറ്റു. അദ്ദേഹത്തിന്റെ കാലുകൾ അറ്റുപോകുന്ന നിലയിലായിരുന്നു. സാധാരണഗതിയിൽ കുഴിബോംബാക്രമണമുണ്ടായാൽ ഉടൻ തന്നെ മാവോയിസ്റ്റുകൾ വെടിവയ്പ് തുടങ്ങും. ബാക്കിയുള്ള സംഘാംഗങ്ങൾ തിരിച്ചടിക്കാൻ വേണ്ടി ഒരുങ്ങുന്നതിനിടെ, വസന്ത വീണു കിടക്കുന്ന ആ ജവാന്റെ നേർക്ക് ഒറ്റയ്ക്ക് നീങ്ങി.

ലക്ഷ്മൺ റാവുവിന്റെ വാക്കുകൾ ഇങ്ങനെ: 'വസന്ത എന്റെ പിന്നിലാണ് നടന്നിരുന്നത്. കുഴിബോംബാക്രമണമുണ്ടായപ്പോൾ എനിക്ക് ഗുരുതര പരിക്കേറ്റു. രണ്ടുകാലുകളിൽ നിന്നും ചോര കുത്തിയൊലിക്കുകയായിരുന്നു. കടുത്ത വേദനയിൽ പുളഞ്ഞ എനിക്ക് വീണിടത്ത് നിന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല. ഇത്തരം സാഹചര്യങ്ങളിൽ ജവാന്മാർ അതീവശ്രദ്ധയോടെയാണ് മുന്നോട്ട് നീങ്ങുക.. കാരണം എവിടെയാണ് കൂടുതൽ കുഴിബോംബുകൾ സ്ഥാപിച്ചിരിക്കുന്നതെന്ന് അറിയില്ലല്ലോ. എന്നാൽ, വസന്തകുമാർ അതിധീരമായി മുന്നോട്ട് നീങ്ങി. ജീവൻ പോലും പണയം വച്ച് അവൻ എന്റെ അടുത്തേക്ക് ചാടി. എന്റെ മുറിവ് യൂണിഫോം ഉപയോഗിച്ച് കെട്ടി. അങ്ങനെ മുറിവ് കെട്ടിയതുകൊണ്ടാണ് ചോര വാർന്ന് ഞാൻ മരിക്കാതിരിക്കാൻ കാരണം. എന്റെ ജീവന് അവനോട് കടപ്പെട്ടിരിക്കുന്നു.'

അതൊരു സാഹസിക പ്രവൃത്തി തന്നെയായിരുന്നു, സിആർപിഎഫ് 85 ബറ്റാലിയൻ കമാൻഡന്റ് സുധീർ കുമാർ ഓർക്കുന്നു.' അത്തരം സംഘർഷം നിറഞ്ഞ സാഹചര്യത്തിൽ, വസന്ത കുമാർ റാവുവിന് ഫസ്റ്റ് എയ്ഡ് നൽകി. പൊക്കിയെടുത്ത് ആംബുലൻസ് കിടക്കുന്നിടത്ത് വരെ ഓടി. റാവുവിന്റെ കാലുകൾ മുറിച്ചുമാറ്റേണ്ടി വന്നു. എന്നിരുന്നാലും വസന്ത ആ ധീരത കാട്ടിയതുകൊണ്ടാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.'സിആർപിഎഫ് ഡയറക്ടർ ജനറലിനോട് പുരസ്‌കാരത്തിന് വേണ്ടി വസന്തയുടെ പേര് ശുപാർശ ചെയ്യുകയുണ്ടായി സുധീർ കുമാർ. ആ സംഭവത്തിന് ശേഷം ബറ്റാലിയനിലെ 'ഡെയർ ഡെവിൾ' എന്നാണ് വസന്തയെ എല്ലാവരും സ്നേഹപൂർവം വിളിച്ചിരുന്നത്.

ബിജാപൂരിലെ സേവനത്തിന് ശേഷം വസന്തയെ തെലങ്കാനയിലെ ഭദ്രാചലത്തിലേക്ക് മാറ്റി. പിന്നീട് ഹെഡ് കോൺസ്റ്റബിളായി പ്രമോഷനോടെ ശ്രീനഗറിലേക്കും. 'നമ്മൾ ആക്രമിക്കപ്പെടുമ്പോൾ നമ്മോടൊപ്പം ഉണ്ടാവാൻ ആഗ്രഹിക്കുന്ന ഒരാളാണ് വസന്ത. അവൻ സേനയ്ക്ക് ഒരു സ്വത്തായിരുന്നു', സുധീർ കുമാർ പറഞ്ഞു. അപ്പോൾ ലക്ഷ്മൺ റാവു ആവർത്തിക്കുന്നു..'ഞാൻ ജീവനോടെയിരിക്കുന്നത് അവൻ കാരണമാണ്.

2001ൽ സിആർപിഎഫിൽ ചേർന്ന വസന്തകുമാർ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറിൽ ചുമതലയേൽക്കാൻ പോകവേയാണ് ദാരുണാന്ത്യം സംഭവിച്ചത്. സിആർപിഎഫ് 82 ബറ്റാലിയനിലെ അംഗമായിരുന്ന വസന്തകുമാർ 18 വർഷമായി സേനാംഗമായിരുന്നു, വൈത്തിരി പൂക്കോട് സർവകലാശാലയ്ക്കു സമീപം വാസുദേവൻ ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP