Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശബരിമല സ്ത്രീപ്രവേശന വിധി പാഠമായി; മാരാമൺ കൺവൻഷന്റെ രാത്രി യോഗം സായാഹ്ന യോഗമാക്കി ഡോ ജോസഫ് മാർത്തോമ്മയുടെ സർക്കുലർ; വൈകിട്ട് അഞ്ചിനാരംഭിക്കുന്ന യോഗങ്ങളിൽ സ്ത്രീകൾക്ക് പങ്കെടുക്കാം: വരുന്നവർ മണൽപ്പുറത്തിരുന്ന സൊറ പറയാതെ പന്തലിൽ പ്രവേശിക്കണമെന്നും സഭാധ്യക്ഷൻ; മാർത്തോമാ സഭയുടെ തീരുമാനം കാലത്തിനൊത്ത് കോലം മാറണമെന്ന വിമർശനത്തെ തുടർന്ന്

ശബരിമല സ്ത്രീപ്രവേശന വിധി പാഠമായി; മാരാമൺ കൺവൻഷന്റെ രാത്രി യോഗം സായാഹ്ന യോഗമാക്കി ഡോ ജോസഫ് മാർത്തോമ്മയുടെ സർക്കുലർ; വൈകിട്ട് അഞ്ചിനാരംഭിക്കുന്ന യോഗങ്ങളിൽ സ്ത്രീകൾക്ക് പങ്കെടുക്കാം: വരുന്നവർ മണൽപ്പുറത്തിരുന്ന സൊറ പറയാതെ പന്തലിൽ പ്രവേശിക്കണമെന്നും സഭാധ്യക്ഷൻ; മാർത്തോമാ സഭയുടെ തീരുമാനം കാലത്തിനൊത്ത് കോലം മാറണമെന്ന വിമർശനത്തെ തുടർന്ന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിയും തുടർന്നുണ്ടായ കോലാഹലങ്ങളുടെയും പേരിൽ മാർത്തോമ്മ സഭയ്ക്ക് പുനർവിചിന്തനം. മാരാമൺ കൺവൻഷന്റെ രാത്രികാല യോഗങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന പരാതിക്ക് അന്ത്യമായി. രാത്രി യോഗം സായാഹ്ന യോഗമാക്കി മാറ്റിയാണ് ഇതിന് പരിഹാരം കണ്ടിരിക്കുന്നത്. നേരത്തേ രാത്രി യോഗം വൈകിട്ട് ആറിന് ആരംഭിച്ച് രാത്രി എട്ടരയ്ക്കാണ് സമാപിച്ചിരുന്നത്. ഇതിൽ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. രാത്രി യോഗങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ കോടതിയെ സമീപിച്ചിരുന്നു.

സ്ത്രീ പ്രവേശത്തെ അനുകൂലിക്കുന്നവർ കഴിഞ്ഞ വർഷം നടത്തിയ പ്രകടനത്തിന് നേരെ വിശ്വാസികൾ കൈയേറ്റം നടത്തുകയും ചെയ്തു. അടുത്ത മാസം 10 ന് മാരാമൺ കൺവൻഷൻ ആരംഭിക്കാനിരിക്കേ, വീണ്ടും പ്രശ്നം വഷളാകാതിരിക്കാനാണ് ഇപ്പോൾ ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. മാത്രവുമല്ല മലങ്കര മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന് 100 വയസ് തികയുന്ന വേളയിൽ മാരാമൺ മണപ്പുറത്ത്ഒരു ലക്ഷം സ്ത്രീകളുടെ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്.

സ്ത്രീകൾക്ക് വേണ്ടി ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്ന സഭ എന്തു കൊണ്ട് രാത്രിയോഗത്തിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലെന്ന് വിമർശനമുയർന്നു. പണ്ടു കാലങ്ങളിൽ രാത്രി യോഗങ്ങളിൽ സ്ത്രീകളെ വിലക്കാൻ കാരണമായിരുന്നത് അവരുടെ സുരക്ഷിത്വം നോക്കിയായിരുന്നു. യാത്രാസൗകര്യങ്ങളും വാഹന ഗതാഗതവും കുറവായിരുന്ന കാലത്ത് തുടങ്ങി വച്ച ഈ പതിവ് ലംഘിക്കാൻ പിന്നീട് സഭ തയാറായില്ല. മാത്രവുമല്ല, അത് ആചാരവുമായി. ലോകം പുരോഗതി കൈവരിച്ച സാഹചര്യത്തിൽ സ്ത്രീകൾക്ക് രാത്രികാലയോഗത്തിൽ പ്രവേശനം നൽകണമെന്ന് ആവശ്യമുയർന്നു. ഇതിന് നേതൃത്വം നൽകിയവർ കോടതിയെയും സമീപിച്ചു.

ഇതിന്റെ പേരിലാണ് കഴിഞ്ഞ വർഷം സഭാമക്കൾ തെരുവിൽ ഏറ്റുമുട്ടിയത്. സഭയുടെ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഞായറാഴ്ച പള്ളികളിൽ വായിക്കാനയച്ച സർക്കുലറിലാണ് സമയമാറ്റം അറിയിച്ചിട്ടുള്ളത്. കേരളത്തിലെ രാഷ്ട്രീയ - സാമുദായിക മേഖലകളിലെ അസ്വസ്ഥതകളുടെ പശ്ചാത്തലത്തിൽ കൺവൻഷൻ ആഴ്ചയിലെ പ്രോഗ്രാം എപ്പിസ്‌കോപ്പൽ സിനഡിലെ അംഗങ്ങളുടെ ആലോചനയോടു കൂടി പുനഃക്രമീകരണം ചെയ്തിരിക്കുന്നതായി മെത്രാപ്പൊലീത്ത സർക്കുലറിൽ അറിയിച്ചിട്ടുണ്ട്.

എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം ഉച്ചയ്ക്ക് 12 മണിയോടു കൂടി അവസാനിക്കും. ഉച്ചകഴിഞ്ഞുള്ള പൊതുയോഗം രണ്ടിന് ആരംഭിച്ച് 3.30ന് അവസാനിപ്പിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പന്തലിൽ നടന്നുവന്നിരുന്ന യുവവേദി യോഗങ്ങളും തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ കുടുംബവേദി യോഗങ്ങളും വൈകുന്നേരം നാലു മുതൽ അഞ്ചു വരെ കോഴഞ്ചേരി മാർത്തോമ്മ പള്ളിയിലേക്ക് മാറ്റിയിട്ടുണ്ട്.സായാഹ്ന യോഗങ്ങളിൽ പങ്കെടുക്കാൻ വരുന്നവർ പന്തലിനുള്ളിൽ പ്രവേശിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ചെറിയ കൂട്ടങ്ങളായി മണൽപ്പുറത്ത് കൂടിയിരിക്കാൻ അനുവദിക്കുന്നതല്ലെന്നും സർക്കുലറിൽ പറയുന്നു. മലങ്കര മാർത്തോമ്മാ സുവിശേഷ സേവികാ സംഘത്തിന്റെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് മാരാമൺ കൺവൻഷൻ തുടങ്ങുന്നതിന്റെ തലേന്ന്, ഒമ്പതിന് മണൽപ്പുറത്ത് ഒരു ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന ലോക മാർത്തോമ്മാ വനിതാ സംഗമം നടക്കും.

മാരാമൺ കൺവൻഷന്റെ പ്രാരംഭയോഗത്തിന് തലേദിവസമാണ് മഹാസംഗമം ഒരുക്കുന്നത്. രാവിലെ 10 ന് ആരംഭിക്കുന്ന മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായാണ് ഉദ്ഘാടനം ചെയ്യുന്നത്. ലോക സഭാ കൗൺസിൽ മോഡറേറ്റർ ഡോ. ആഗ്‌നസ് റെജിനാ മ്യൂറൽ ഓബം, ലോകപ്രശസ്ത സുവിശേഷ പ്രസംഗകനായിരുന്ന ഡോ. സ്റ്റാൻലി ജോൺസിന്റെ ചെറുമകളും അമേരിക്കയിലെ സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ആൻ മാത്യൂസ് യൂനസ് എന്നിവർ സംഗമത്തിൽ വിശിഷ്ടാതിഥികളായിരിക്കും.കെനിയക്കാരിയായ ഡോ. ആഗ്നസ് ലോകസഭാ കൗൺസിലിന്റെ അധ്യക്ഷ പദത്തിലെത്തുന്ന ആദ്യവനിതയും ആഫ്രിക്കക്കാരിയുമാണ്. സേവികാസംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പാ സംഗമത്തിൽ അധ്യക്ഷനായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP