Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കോതമംഗലത്തെ യാക്കോബായക്കാരുടെ അവസാന പ്രതീക്ഷയും നഷ്ടമായി; 99 ശതമാനം വിശ്വാസികളും ഒരുമിച്ച് നിന്നിട്ടും മാർത്തോമ ചെറിയ പള്ളി ഓർത്തഡോക്‌സുകാർക്ക് കൊടുക്കാതിരിക്കാൻ നിർവ്വാഹമില്ലാതെയായി; അവസാന അപ്പീലും തള്ളിയതോടെ പിടിച്ചെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ നിർബന്ധിതരായി സർക്കാർ; ഒരു ജനതയുടെ ഹൃദയം പൊട്ടി നുറുങ്ങിയിട്ടും കണ്ടില്ലെന്ന് നടിച്ച് നിയമ സംവിധാനങ്ങൾ

കോതമംഗലത്തെ യാക്കോബായക്കാരുടെ അവസാന പ്രതീക്ഷയും നഷ്ടമായി; 99 ശതമാനം വിശ്വാസികളും ഒരുമിച്ച് നിന്നിട്ടും മാർത്തോമ ചെറിയ പള്ളി ഓർത്തഡോക്‌സുകാർക്ക് കൊടുക്കാതിരിക്കാൻ നിർവ്വാഹമില്ലാതെയായി; അവസാന അപ്പീലും തള്ളിയതോടെ പിടിച്ചെടുത്ത് ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ നിർബന്ധിതരായി സർക്കാർ; ഒരു ജനതയുടെ ഹൃദയം പൊട്ടി നുറുങ്ങിയിട്ടും കണ്ടില്ലെന്ന് നടിച്ച് നിയമ സംവിധാനങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:കോതമംഗലത്തെ യാക്കോബായക്കാരുടെ അവസാന പ്രതീക്ഷയും നഷ്ടമാകുകയാണ്. 99 ശതമാനം വിശ്വാസികളും ഒരുമിച്ച് നിന്നിട്ടും മാർത്തോമ ചെറിയ പള്ളി ഓർത്തഡോക്‌സുകാർക്ക് കൊടുക്കേണ്ടി വരുമെന്നതാണ് യാഥാർത്ഥ്യം. യാക്കോബായക്കാരുടെ അവസാന അപ്പീലും കോടതി തള്ളിയതോടെ പള്ളി പിടിച്ചെടുത്തു ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറാൻ നിർബന്ധിതരായി സർക്കാരും രംഗത്ത് എത്തും. സ്വന്തം പള്ളിയെ കുറിച്ചോർത്ത് ഒരു ജനതയുടെ ഹൃദയം പൊട്ടി നുറുങ്ങിയിട്ടും കണ്ടില്ലെന്ന് നടിച്ച് നിയമ സംവിധാനങ്ങൾ കണ്ണടയ്ക്കുകയാണ്.

കോതമംഗലം മാർ തോമ ചെറിയപള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് സഭാ വികാരിക്കു നിയന്ത്രണം കൈമാറണമെന്ന സിംഗിൾ ജഡ്ജിയുടെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചതോടെയാണ് ഇത്. സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയതുൾപ്പെടെ അപ്പീലുകൾ തള്ളിയതും യാക്കോബയക്കാർക്ക് തിരിച്ചടിയായി. ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പാക്കി കോടതി വിധി നടപ്പാക്കാൻ കലക്ടർക്കും പൊലീസിനും സിംഗിൾ ജഡ്ജി നിർദ്ദേശം നൽകിയതിൽ തെറ്റില്ലെന്നു കോടതി വ്യക്തമാക്കി.

മലങ്കര സഭയിലെ പള്ളികൾ 1934ലെ ഭരണഘടനയനുസരിച്ചു ഭരിക്കപ്പെടണമെന്ന് സുപ്രീംകോടതി 'കെ. എസ്. വർഗീസ് കേസി'ൽ ഉത്തരവായിരുന്നു. അതിന് അനുസൃതമായ ഉത്തരവാണു മുൻസിഫ് കോടതിയിൽ നിന്നുണ്ടായത്. ബലപ്രയോഗത്തിലൂടെ അതിനെ എതിർക്കാൻ ശ്രമിച്ചാൽ കോടതി ഉത്തരവു നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനും പൊലീസിനും ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിനും വിഷയത്തിൽ ഇടപെടേണ്ടി വരും. ഇതോടെയാണ് പള്ളി യാക്കോബയക്കാർക്ക് നഷ്ടമാകുമെന്ന അവസ്ഥ വരുന്നത്.

കലക്ടർക്കും പൊലീസിനും ഇതിനു വേണ്ട നിർദ്ദേശം നൽകാൻ റിട്ടധികാരത്തിൽ ഹൈക്കോടതിക്കു സാധ്യമാണെന്ന് ജസ്റ്റിസ് എ. എം. ഷഫീഖ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഭദ്രാസന മെത്രാപ്പൊലീത്ത നിയമിച്ച വികാരിയെ തടസ്സപ്പെടുത്തുന്നതു സുപ്രീംകോടതി വിധിയുടെ അന്തഃസത്തയ്ക്കു നിരക്കുന്നതല്ല. കേസിൽ പരാജയപ്പെടുന്നവർ അനാവശ്യ വാദം ഉന്നയിച്ചു നിയമം കയ്യിലെടുക്കുന്നത് അനുവദിക്കാനാവില്ലെന്നും ഉത്തരവിലുണ്ട്.

വികാരിക്കു പൊലീസ് സംരക്ഷണം നൽകണമെന്നു സിവിൽ കോടതി പറഞ്ഞിട്ടും, അതു നടപ്പാക്കുന്നത് പരാജയപ്പെടുമ്പോൾ ഉചിതമായ നിർദ്ദേശം നൽകാൻ ഈ കോടതിക്ക് സാധ്യമാണ്. കലക്ടറും പൊലീസും എങ്ങനെ പ്രവർത്തിക്കണമെന്നും നിർദേശിക്കാനാവും. ഭദ്രാസന മെത്രാപ്പൊലീത്ത നിയമിച്ച വികാരിയുടെ യോഗ്യത സംശയിക്കേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.

934ലെ സഭാ ഭരണഘടന ആരും കണ്ടിട്ടില്ലെന്നും അച്ചടിച്ച പകർപ്പാണു കോടതിയിൽ ഹാജരാക്കിയതെന്നും യാക്കോബായ സഭാംഗത്തിന്റെ അപ്പീലിൽ ഉന്നയിച്ച വാദം കോടതി അംഗീകരിച്ചില്ല. സഭാ ഭരണഘടന അംഗീകരിച്ച സുപ്രീംകോടതിയിലെ കേസുകളിൽ ഈ വാദം ഉന്നയിച്ചിട്ടില്ലെന്നു കോടതി വ്യക്തമാക്കി. ഭരണഘടനയിൽ മാറ്റം വരുത്തണമെങ്കിൽ സുപ്രീംകോടതി പറഞ്ഞതു പോലെ കക്ഷികൾ പരസ്പര ചർച്ചയിലൂടെ തീരുമാനിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. എന്നാൽ ചർച്ചയ്ക്ക് ഓർത്തഡോക്‌സുകാർ തയ്യാറല്ല. ഇതോടെയാണ് കേസിൽ കോടതികൾക്ക് തീർപ്പ് കൽപ്പിക്കേണ്ടി വരുന്നത്.

2017 ജൂലൈ 3ന് സുപ്രീം കോടതിയിൽ നിന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവ് പുറത്ത് വന്നതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ വ്യാപകമായത്. ന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആത്മീയ അധികാരത്തിലുള്ള യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് 1912ൽ ഒരു വിഭാഗം വിഘടിച്ച് പുറത്ത് പോകുകയും സമാന്തരമായി മലങ്കര ഓർത്തഡോക്സ് എന്ന പേരിൽ പുതിയ സഭ സ്ഥാപിക്കുകയും മാർതോമാശ്ലീഹായുടെ നാമത്തിൽ കോട്ടയത്ത് സ്വതന്ത്ര കാതോലിക്കേറ്റ് സ്ഥാപിക്കുകയുമായിരുന്നു. തുടർന്ന് 1934ൽ മലങ്കര ഓർത്തഡോക്സ് സഭ ഭരണഘടന നിർമ്മിച്ച് യാക്കോബായ സഭക്കെതിരെ കേസുകൾ ആരംഭിക്കുകയും ചെയ്തു. തുടർന്ന് 1958ൽ അന്ത്യോഖ്യാ പാത്രിയർക്കീസായിരുന്ന ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ ബാവ ഇരു സഭയിലും സമാധാനം സൃഷ്ടിക്കുവാൻ യോജിപ്പിന് നിർദ്ദേശിച്ചു. പക്ഷേ വീണ്ടും വിശ്വാസപരമായ കാര്യത്തിൽ ഇരു വിഭാഗവും വിത്യസ്ഥ നിലപാടുകൾ സ്വീകരിച്ചതോടെ 1975ൽ ഇരുവിഭാഗമായി. തുടർന്ന് 1995ലും 2002ലും വിവിധ തലത്തിൽ സഭാ തർക്കം അവസാനിപ്പിക്കുവാൻ നടപടികൾ ആരംഭിച്ചെങ്കിലും ഇരു പക്ഷത്തിന്റെയും വിട്ട് വീഴ്ചയില്ലാത്ത നിലപാടുകൾ കാരണം പൂർണ്ണതയിലെത്തിയില്ല.

കോലഞ്ചേരിയടക്കം മൂന്ന് പള്ളികളുടെ ഭരണ ക്രമീകരണം സംബന്ധിച്ചുള്ള ഉത്തരവിലാണ് യാക്കോബായ സുറിയാനി സഭയുടെ പൂർണ്ണ കൈവശത്തിലിരിക്കുന്ന പള്ളികളും മലങ്കര ഓർത്തഡോക്സ് സഭയുടെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന ഉത്തരവ് ഉണ്ടായത്. ഇതോടെ കോതമംഗലം, പിറവം, മണർകാട് തുടങ്ങി യാക്കോബായ സഭയുടെ പ്രധാന പള്ളികളടക്കം കൈവശപ്പെടുത്തുവാൻ മലങ്കര ഓർത്തഡോക്സ് സഭ മുന്നിട്ടിറങ്ങി. ഇതിനെ തുടർന്ന് കോതമംഗലത്തും പിറവത്തുമടക്കം പല പള്ളികളും കോടതി ഉത്തരവിന്റെ പിൻബലത്തിൽ പിടിച്ചെടുക്കാൻ പൊലീസ് സംരക്ഷണത്തിൽ ഓർത്തഡോക്സ് വൈദീകർ എത്തിയെങ്കിലും വിശ്വാസികളുടെ ശക്തമായ പ്രതിഷേധം മൂലം ഇത് നടപ്പിലായില്ല. ഇതിനിടയിൽ നിരവധി ചെറിയ യാക്കോബായ പള്ളികൾ ഓർത്തഡോക്സ് സഭ കോടതി വഴി കൈവശപ്പെടുത്തി. പിടിച്ചെടുത്ത പള്ളികളിലെല്ലാം യാക്കോബായ സുറിയാനി സഭയുടെ വിശ്വാസികൾ ഭൂരിപക്ഷമുള്ള പള്ളികളായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം.

മലങ്കര ഓർത്തഡോക്സ് സഭ യാക്കോബായക്കാരുടെ കൈവശത്തിൽ നിന്ന് പിടിച്ചെടുത്ത പള്ളികളുടെ സെമിത്തേരിയിൽ യാക്കോബായ സഭാ വിശ്വാസികളുടെ മൃതദേഹം അടക്കുന്നതിന് പോലും മലങ്കര ഓർത്തഡോക്സ് സഭ സമ്മതിക്കാത്തതും സമീപകാലത്ത് വലിയ രീതിയിലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഇതോടെ സർക്കാരും പ്രതിസന്ധിയിലായി. യാക്കോബായക്കാരുടെ ശവം കത്തിക്കുകയോ ഒഴുക്കിക്കളയുകയോ ചെയ്യട്ടെ എന്ന ഓർത്തഡോക്സ് വിഭാഗം കാതോലിക്കയുടെ നിലപാട് സഭയിൽ വലിയ ഒച്ചപ്പാടുകൾ ഉണ്ടാക്കിയിരുന്നു. ഈ പ്രസ്താവനക്കെതിരെ യാക്കോബായ വിശ്വാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. പലയിടത്തും ശവസംസ്‌ക്കാരത്തിന് സാഹചര്യമൊരുക്കാൻ ദേശിയ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് വരെ വേണ്ടി വന്നു.

മലങ്കര ഓർത്തഡോക്‌സ് സഭാ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ലോക ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ ചർച്ച തുടങ്ങിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ല. ലബനോണിലെ പാത്രിയാർക്കാ സെന്ററിൽ നടന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്‌സ് സഭാ തലവന്മാരുടെ 12-ാം സമ്മേളനത്തിലാണ് ഇന്ത്യയിലെ മലങ്കരസഭാ തർക്കം ചർച്ചയ്‌ക്കെടുത്തത്. ഓർത്തഡോക്‌സ് സഭയുമായുള്ള തർക്കത്തിൽ ഉപാധികളില്ലാത്ത ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാണെന്ന് യാക്കോബായ സഭ നേരത്തെ അറിയിച്ചിരുന്നു. കോടതി വിധിയുടെ മറവിൽ പള്ളികൾ ബലം പ്രയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല.

1934-ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികൾ ഭരിക്കണമെന്ന നിർണായക സൂപ്രീംകോടതി വിധിക്ക് ശേഷം ഭൂരിപക്ഷമുള്ള പള്ളികളിൽ നിന്നടക്കം യാക്കോബായ വിശ്വാസികൾക്ക് ഇറങ്ങിക്കൊടുക്കേണ്ട സ്ഥിതിവിശേഷം സംജാതമായിരുന്നു. എന്നാൽ വിട്ടുവീഴ്ചകൾക്ക് ഓർത്തഡോക്‌സുകാർ തയ്യാറായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP