Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

നിർത്തിക്കൂടെ കല്യാണത്തിന്റെ പേരിലുള്ള ഈ ആഭാസങ്ങൾ; ധൂർത്തും ആത്യാഢംബരവും റാഗിംഗുമായി കേരളത്തിലെ വിവാഹങ്ങൾ; റാഗിങ് അതിരു കടക്കുമ്പോൾ വിവാഹങ്ങൾ അവസാനിക്കുന്നത് കേസുകളിൽ; കല്യാണ റാഗിംഗിന്റെ പേരിലെ കോപ്രായങ്ങൾ മൂലം വരനും വധുവും വരെ പൊലീസ് സ്‌റ്റേഷൻ കയറിയിറങ്ങേണ്ട അവസ്ഥ; സഹികെട്ടു ഫേസ്‌ബുക്ക് പോസ്റ്റുമായി കേരളാ പൊലീസും; വിവാഹച്ചടങ്ങിന്റെ പേരിൽ പലപ്പോഴും നടക്കുന്നത് പേക്കൂത്തുകൾ എന്ന് എം.ജി.ശശിഭൂഷൺ; കേരളം മാറി ചിന്തിക്കേണ്ട സമയമായെന്ന് പ്രൊഫ.സിഐ.ഐസക്കും

നിർത്തിക്കൂടെ കല്യാണത്തിന്റെ പേരിലുള്ള ഈ ആഭാസങ്ങൾ; ധൂർത്തും ആത്യാഢംബരവും റാഗിംഗുമായി കേരളത്തിലെ വിവാഹങ്ങൾ; റാഗിങ് അതിരു കടക്കുമ്പോൾ വിവാഹങ്ങൾ അവസാനിക്കുന്നത് കേസുകളിൽ; കല്യാണ റാഗിംഗിന്റെ പേരിലെ കോപ്രായങ്ങൾ മൂലം വരനും വധുവും വരെ പൊലീസ് സ്‌റ്റേഷൻ കയറിയിറങ്ങേണ്ട അവസ്ഥ; സഹികെട്ടു ഫേസ്‌ബുക്ക് പോസ്റ്റുമായി കേരളാ പൊലീസും; വിവാഹച്ചടങ്ങിന്റെ പേരിൽ പലപ്പോഴും നടക്കുന്നത് പേക്കൂത്തുകൾ എന്ന് എം.ജി.ശശിഭൂഷൺ; കേരളം മാറി ചിന്തിക്കേണ്ട സമയമായെന്ന് പ്രൊഫ.സിഐ.ഐസക്കും

എം മനോജ് കുമാർ

തിരുവനന്തപുരം: വിവാഹ ചടങ്ങുകൾ പലപ്പോഴും സാമൂഹിക കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴുന്നുണ്ടോ? വിവാഹത്തിന്റെ പാവനതയെ ഹനിക്കുന്ന കാര്യങ്ങൾ ആണോ വിവാഹ ചടങ്ങുകളിൽ നടക്കുന്നത്? ആഡംബര വിവാഹങ്ങളെക്കുറിച്ചും വിവാഹ ചടങ്ങിലെ റാഗിംഗി'നെക്കുറിച്ചും കേരളത്തിൽ വ്യാപകമായ പരാതികൾ ഉയർന്നിരിക്കെ തന്നെയാണ് ഇപ്പോൾ കേരളാ പൊലീസും കേരളത്തിലെ വിവാഹച്ചടങ്ങുകളെക്കുറിച്ചുള്ള വിമർശനവുമായി രംഗത്തു വന്നിരിക്കുന്നത്. കല്യാണ ദിവസം വരന്റെയും വധുവിന്റെയും സ്വീകരണങ്ങളും ''ആഘോഷങ്ങളും'' 'റാഗിംഗു'മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്‌നമാകുന്നു എന്നാണ് സ്വന്തം ഫെയ്സ് ബുക്ക് പേജിൽ പൊലീസ് പറയുന്നത്. വിവാഹ'റാഗിങ്' അതിരു കടക്കുന്നതായും പൊലീസ് പറയുന്നു.

ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ആഘോഷങ്ങൾ വഴിമാറുന്നത്. മലപ്പുറം കിളിനക്കോട് നടന്ന വിവാഹ ചടങ്ങിലെ റാഗിങ് ഒടുവിൽ പൊലീസ് കേസുകളിലേക്ക് വഴിവെച്ച അനുഭവം മുന്നിൽ നിൽക്കെ തന്നെയാണ് വിവാഹ ചടങ്ങുകൾ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് വഴിവെക്കുന്നതായി പൊലീസും വെളിപ്പെടുത്തുന്നത്. നിലവിലെ വിവാഹ ചടങ്ങുകളിലെ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കുന്നു. വിവാഹ ആഘോഷത്തിന്റെയും വിരുന്നു സൽക്കാരത്തിന്റെയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്‌നമായി മാറുകയും ചെയ്യുന്നു.ഒട്ടനവധി കാര്യങ്ങളും പരാതികളും ചൂണ്ടിക്കാട്ടിയാണ് വിവാഹ ചടങ്ങുകളുടെ അധഃപതനവും പ്രശ്നങ്ങളൂം പൊലീസ് എടുത്തുകാട്ടുന്നത്.

കല്യാണ ദിവസം വരനെയും വധുവിനെയും അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇത് പലപ്പോഴും കോളെജ് റാഗിങ് അവസ്ഥയിലേക്ക് പരിണമിക്കുന്നു. വരനും വധുവും വന്ന വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക. നടക്കു,മ്പോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടി ഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്‌സ് വണ്ടിയിലും, ജെസിബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്‌ളക്‌സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കൽ. എന്നിങ്ങനെ പലതും.

ഇതെല്ലാം ചെയ്യാൻ വരനും വധുവും ബാധ്യസ്ഥരാകേണ്ടിയും വരുന്നു. വരനെ കൂട്ടുകാർ ശവപ്പെട്ടിയിൽ കൊണ്ടു പോവുന്ന കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യ തട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു-പൊലീസ് ഓർമ്മിപ്പിക്കുന്നു. സന്തോഷത്തിന്റെ അന്തരീക്ഷത്തെ ഇത്തരം പ്രശ്‌നങ്ങൾ കണ്ണീരിൽ മുക്കുന്നു. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തപ്പെടുകയും ചെയ്യുന്നു. ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, ഒരുതരം സാഡിസമായി മാറുന്നു. ഇവ സാമൂഹിക വിപത്തായി മാറുന്നു. ഇത് പലപ്പോഴും പകവീട്ടിൽ രൂപത്തിലാണ് എത്തുന്നത്. വരൻ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്.

ചിലപ്പോഴെങ്കിലും തിരിച്ചു കിട്ടുന്നത്. റാഗിങ് കാരണം കല്യാണം കൂട്ടത്തല്ലിൽ അവസാനിക്കുന്നത് മുതൽ കല്യാണം മുടങ്ങിപ്പോയ സംഭവങ്ങൾ വരെയായി മാറുന്നു. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. ഈ സമയത്ത് രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദന പേക്കൂത്തുകൾക്ക് ശ്രമിക്കുന്നവർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നു.

ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്‌ത്തരുത്-മുന്നറിയിപ്പ് ആയി കേരളാ പൊലീസ് പറയുന്നു. വിവാഹച്ചടങ്ങുകൾ പലപ്പോഴും പൊലിസ് സ്റ്റേഷൻ കയറുന്ന അനുഭവങ്ങൾ പതിവായതോടെയാണ് വിവാഹച്ചടങ്ങുകൾ പലപ്പോഴും സാമൂഹിക വിപത്തായി മാറുന്ന കാര്യം ചൂണ്ടിക്കാട്ടി പൊലീസ് മുന്നോട്ട് വന്നത്. മാറുന്ന കാലമാണ് ഇപ്പോൾ കേരളത്തിനു മുന്നിലുള്ളത്. എല്ലാ രീതിയിലും മാറ്റം പ്രകടമാണ്. പക്ഷെ സാമൂഹിക അന്തരീക്ഷത്തിൽ വരുന്ന മാറ്റങ്ങൾ പ്രത്യേകിച്ചും വിവാഹ ചടങ്ങുകളിൽ നടക്കുന്ന കാര്യങ്ങൾ അത് സാമൂഹിക അന്തരീക്ഷത്തെ തന്നെ ദുഷിപ്പിക്കും. പലപ്പോഴും തുടങ്ങിയ രീതിയിലല്ല ഈ പ്രശ്‌നങ്ങൾ അവസാനിക്കുകയും ചെയ്യുക.

വിവാഹ സദ്യ നടക്കുമ്പോൾ കാട്ടിക്കൂട്ടുന്ന വിക്രിയ കാരണം കല്യാണ സദ്യയിൽ വരൻ ഇല വലിച്ചെറിയുന്ന, സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയ ദൃശ്യങ്ങൾ പൊലിസ് തന്നെ ഉദാഹരിക്കുകയും ചെയ്യുന്നു. എല്ലായിടത്തും കടന്നുവരുന്ന ന്യൂജെൻ രീതികളാണ് വിവാഹത്തെ വൃത്തികെട്ട തമാശയായി മാറ്റുന്നത്. അരുതാത്തതാണ് പലപ്പോഴും വിവാഹച്ചടങ്ങുകളിൽ നടക്കുന്നത്. ഇത്തരം കാര്യങ്ങൾ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടെണ്ടതല്ല. ഇത് സാമൂഹിക മാറ്റമല്ല. പല കാര്യങ്ങളിലും ദൃശ്യമാകുന്നത് പണത്തിന്റെ അഹങ്കാരം തന്നെയാണ്- പ്രമുഖ ചരിത്രകാരനും ചിന്തകനുമായ പ്രൊഫ.എം.ജി.ശശിഭൂഷൺ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. വിവാഹം എന്ന പാവനമായി ചടങ്ങിന്റെ തിളക്കം കെടുത്തുന്ന രീതികൾ ആണ് വിവാഹവുമായി ബന്ധപ്പെട്ടു ഉയരുന്നത്.

സാമൂഹിക മാറ്റത്തിന്റെ ലക്ഷണങ്ങൾ ഒന്നുമില്ലാത്ത കാര്യങ്ങൾ ആണ് ചടങ്ങുകളിൽ നടക്കുന്നത്. . പലപ്പോഴും അത് സാമൂഹിക വിരുദ്ധതയിലേക്ക് വഴുതി വീഴുകയും ചെയ്യുന്നുണ്ട്. വിവാഹ ചടങ്ങുകളുമായ് ഹിതകരമല്ലാത്ത പല സംഭവങ്ങളും കാണുമ്പോൾ പണത്തിന്റെ ഒരഹങ്കാരം തന്നെയായാണ് ഇത്തരം കാര്യങ്ങൾ എന്നാണ് എനിക്ക് തോന്നുന്നത്. പലപ്പോഴും നടക്കുന്നത് വിവാഹത്തിന്റെ പേരിലുള്ള പേക്കൂത്തുകളാണ്. വിവാഹ ചടങ്ങുകളിൽ ഉള്ള ആചാരത്തിനോടുള്ള പ്രതിബദ്ധതയല്ല ദൃശ്യമാകുന്നത്. 2001 ലെ ക്‌നാനായ കൃസ്ത്യൻ വിവാഹത്തിനാണ് ഇത്തരമൊരു സംഭവം ആദ്യമായി ശ്രദ്ധയിൽപ്പെടുന്നത്. തങ്ങളുടെ പാരമ്പര്യം വളരെ ഭദ്രമായി കാത്തുസൂക്ഷിക്കുന്ന ഒരു വിഭാഗമാണ് ക്‌നാനായ കൃസ്ത്യൻ സമൂഹം. ഈ വിവാഹത്തിൽ വരൻ വന്നത് പല്ലക്കിലാണ്.

അത് ആ കാലത്ത് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇതിന്റെ കാര്യം ഞാൻ വെറുതെ തിരക്കി. ഭൂതകാല സംസ്‌കാരത്തിനെ ഒന്ന് ഓർമ്മിപ്പിക്കുക, ഒപ്പം ഒരു തമാശ. ഈ രണ്ടുകാര്യങ്ങൾ. അത്ര മാത്രമേ ഉണ്ടായിരുന്നു എന്നാണ് എന്നാണ് അവർ പറഞ്ഞത്. ഒരു തമാശ അത് മാത്രമാണ് ഉദ്ദേശിച്ചത് എന്നാണ് പറഞ്ഞത്. പക്ഷെ ആ ഘട്ടം മുതൽ തന്നെ വിവാഹരീതികളിൽ മാറ്റം വരുന്നു എന്ന തോന്നൽ എനിക്ക് ഉണ്ടായി. ഇപ്പോൾ വിവാഹം ഇവന്റ് മാനേജ്മെന്റുകളെ ഏൽപ്പിക്കുകയാണ്. അവർ അവരുടേതായ എന്തെങ്കിലും കൂടിച്ചേർക്കും. അത് പലപ്പോഴും അരോചകവുമായി മാറുന്നു. വിവാഹ ചടങ്ങുകളുടെ അന്തസ്സ് എല്ലാം നഷ്ടമായ അവസ്ഥയിലാണ്. മദ്യപാന പാർട്ടികൾ വിവാഹത്തിന് ഒഴിച്ചുകൂടാനാകാത്ത രീതിയിലായിട്ടുണ്ട്. സിനിമകളുടെ സ്വാധീനവും വിവാഹത്തിൽ കടന്നുവരുന്നുണ്ട്, ഇതെല്ലാം പവിത്രമായ വിവാഹ ചടങ്ങുകളുടെ ശുദ്ധി നശിപ്പിക്കുകയാണ്.

പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഒന്നും തന്നെ ഈ വിവാഹ ചടങ്ങുകളിൽ നിന്നും ഉയരുന്നില്ല-ശശിഭൂഷൺ പറയുന്നു. സ്വകാര്യതയെ ഹനിക്കുന്ന കാര്യങ്ങളാണ് വിവാഹ ചടങ്ങുകളിൽ നടക്കുന്നത്- ഇന്ത്യൻ ഹിസ്റ്റോറിക്കൽ കൗൺസിൽ അംഗമായ പ്രൊഫ.സിഐ.ഐസക്ക് പറയുന്നു .മതപരമായുള്ള ചടങ്ങുകളുടെ ദൈർഘ്യം ഇപ്പോൾ മത അധ്യക്ഷന്മാർ തന്നെ കുറച്ചു കഴിഞ്ഞിട്ടുണ്ട്. പക്ഷെ ഇവന്റ് മാനേജ്മെന്റുകൾ ആണ് വിവാഹം പലപ്പോഴും നിയന്ത്രിക്കുന്നത്. വിവാഹത്തിന്നെത്തിയ അതിഥികളെ ഇവർ ചുറ്റിക്കുന്നു.. ഇത് തന്നെയാണ് റാഗിങ് രൂപത്തിൽ വധുവിനും വരനുമൊക്കെ നേരിടേണ്ടി വരുന്നത്- മെയ്ക്കപ്പിന്റെ പേരിൽ പലപ്പോഴും വധു പീഡിപ്പിക്കപ്പെടുന്നുണ്ട്. വിവാഹ ഘോഷയാത്ര പലപ്പോഴും ഇവന്റ് മാനേജ്മെന്റുകാരുടെ വകയാകും. ഈ ഘോഷയാത്രകൾ ആണ് പലപ്പോഴും വരനും വധുവിനും കുരുക്കാകുന്നത്.

ഇതെല്ലാം അടക്കി നിർത്തേണ്ടവർ മാതാപിതാക്കളാണ്. ഇവരാണ് പക്ഷെ ഇവന്റ് മാനേജ്മെന്റുകളുടെ പിറകെ പോകുന്നത്. ഇവന്റ് മാനേജ്മെന്റുകാർ പലപ്പോഴും തോന്നുന്നത് ചെയ്യും. പുതിയ രീതികൾ ഓരോ വിവാഹത്തിലും ഏർപ്പെടുത്താൻ ഇവർ തിടുക്കം കൂട്ടും. അത് തന്നെയാണ് വിവാഹത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. ഈയിടെ ഞാൻ പങ്കെടുത്ത വിവാഹത്തിൽ സ്റ്റേജിൽ വെച്ച് പൂക്കുറ്റി കത്തിക്കുന്നത് കണ്ടു. വരനും വധുവും കത്തിപ്പോകുന്ന കാര്യമാണ്. തീപ്പിടുത്തം വന്നാൽ. എന്ത് സംഭവിക്കും. ഇതൊന്നും ആലോചിക്കുന്നില്ല. വിവാഹ ചടങ്ങുകളിൽ പങ്കെടുത്താൽ പലപ്പോഴും സദ്യ ഉണ്ണാൻ നിൽക്കാറില്ല. വരനെയും വധുവിനെയും കണ്ടു അടുത്ത ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചു മടങ്ങുകയാണ് പതിവ്. ക്രിസ്ത്യൻ കുടുംബങ്ങൾ ശ്രദ്ധിച്ചാൽ, വലിയ പാരമ്പര്യമൊന്നും ഇല്ലാത്ത ചില കൃസ്ത്യൻ കുടുംബങ്ങൾ വിവഹാം കെങ്കേമമാക്കുന്നത് കാണാം.

മുൻപ് അവർക്ക് പണമില്ലായിരുന്നു. ഇപ്പോൾ പണമുണ്ട്. അപ്പോൾ അവർ ഇല്ലാത്ത മഹിമ സൃഷ്ടിക്കാൻ കഴിയുമോ എന്ന് നോക്കും. അതിനായി അവർ വിവാഹം പലപ്പോഴും ഇവന്റ് മാനേജ്മെന്റിന് വിട്ടു നൽകും. കാര്യങ്ങൾ കുളമാവുകയും ചെയ്യും. വിവാഹ ചടങ്ങുകളിൽ ദൂർത്തും ആഡംബരവും ഒഴിവാക്കി നിർത്തണം. റാഗിങ് പോലുള്ള കാര്യങ്ങൾ ഒരിക്കലും അനുവദിക്കാൻ ഇടം കൊടുക്കുകയും അരുത്. കേരളം മാറി ചിന്തിക്കേണ്ടതുണ്ട്- സിഐ.ഐസക് പറയുന്നു. കേരളം മാറി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. വിവാഹ ചടങ്ങുകളിൽ എങ്കിലും ഇത്തരം ദൂർത്തും അത്യാഡംബരവും ഒഴിവാക്കേണ്ടതുണ്ട്. പക്ഷെ ഇവിടെ ശ്രദ്ധേയമായ കാര്യം സാമൂഹിക ചിന്തകന്മാർ വരെ വിവാഹ ദൂർത്തും പ്രശ്‌നങ്ങളും അവഗണിക്കുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് എല്ലാവര്ക്കും ഷോക്ക് ട്രീറ്റ്മെന്റ് നൽകി കേരളാ പൊലീസ് ഫെയ്സ് ബുക്ക് പോസ്റ്റ് വഴി മുന്നോട്ടു വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP