Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടേക്കർ നിറഞ്ഞ് ഒരുങ്ങുന്നത് ബോളിവുഡ് സെറ്റിനെ ഓർമിപ്പിക്കുന്ന കൂറ്റൻ പന്തൽ; കവാടം കണ്ടാൽ മൈസൂർ കൊട്ടാരത്തിൽ എത്തിയ പ്രതീതി; മണ്ഡപം അക്ഷർധാം ക്ഷേത്ര മാതൃകയിൽ; ജർമ്മൻ സംഘത്തിന്റെ സ്‌പെഷ്യൽ അടക്കം 100 വിഭവങ്ങളുടെ സദ്യ; പങ്കെടുക്കുന്നത് പനീർസെൽവം അടക്കമുള്ള പ്രമുഖർ; അടൂർ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകൾക്കും നാളെ മാംഗല്യം

എട്ടേക്കർ നിറഞ്ഞ് ഒരുങ്ങുന്നത് ബോളിവുഡ് സെറ്റിനെ ഓർമിപ്പിക്കുന്ന കൂറ്റൻ പന്തൽ; കവാടം കണ്ടാൽ മൈസൂർ കൊട്ടാരത്തിൽ എത്തിയ പ്രതീതി; മണ്ഡപം അക്ഷർധാം ക്ഷേത്ര മാതൃകയിൽ; ജർമ്മൻ സംഘത്തിന്റെ സ്‌പെഷ്യൽ അടക്കം 100 വിഭവങ്ങളുടെ സദ്യ; പങ്കെടുക്കുന്നത് പനീർസെൽവം അടക്കമുള്ള പ്രമുഖർ; അടൂർ പ്രകാശിന്റെ മകനും ബിജു രമേശിന്റെ മകൾക്കും നാളെ മാംഗല്യം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർ കോഴയിൽ ഉമ്മൻ ചാണ്ടി സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് ബിജു രമേശാണ്. കോൺഗ്രസിലെ ഐ വിഭാഗവുമായി നടത്തിയ ഒത്തുകളിയായിരുന്നു ഇതെന്ന ആരോപണവും സജീവമായി. അതിനിടെ ബിജു രമേശും അന്ന് റവന്യൂമന്ത്രിയുമായ അടൂർ പ്രകാശും തമ്മിലുള്ള ബന്ധുത്വ വാർത്ത മറുനാടൻ പുറത്തുവിട്ടു. ഇത് ഏറെ പൊട്ടിത്തെറികളും രാഷ്ട്രീയമായി ഉണ്ടാക്കി.

യുഡിഎഫ് സർക്കാർ തകർന്നെങ്കിലും ബന്ധുത്വവുമായി അടൂർ പ്രകാശും ബിജു രമേശും മുന്നോട്ട് പോയി. വിവാഹ നിശ്ചയ വേദിയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമെത്തിയതും രാഷ്ട്രീയ കൊടുങ്കാറ്റായി. യുഡിഎഫിൽ നിന്ന് കെ എം മാണി വിട്ടുപോയതും ഈ വിവാഹ നിശ്ചയം കാരണമായിരുന്നു. ഇപ്പോഴിതാ കല്ല്യാണമെത്തുന്നു. കേന്ദ സർക്കാർ 500, 1000 നോട്ടുകൾ നിരോധിക്കുകയും രാജ്യത്ത് കറൻസി വിനിമയത്തിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ വി.ഐ.പി വിവാഹം ഇപ്പോൾ ചർച്ചയാകുന്നത്.

അടൂർപ്രകാശിന്റെ മകൻ അജയകൃഷ്ണനും ബിജു രമേശിന്റെ മകൾ മേഘ ബി. രമേശും തമ്മിലുള്ള വിവാഹത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. രാഷ്ട്രീയ വിവാദത്തിന് അപ്പുറം ചർച്ചയാകുന്ന തരത്തിലാണ് ഒരുക്കങ്ങൾ. നോട്ട് അസാധുവാക്കൽ പ്രതിസന്ധിയൊന്നും ഈ വിവാഹത്തെ ബാധിക്കുന്നില്ല. ആനയറ കിംസ് ആശുപത്രിക്കു എതിർവശം എട്ടേക്കറിലുള്ള രാജധാനി ഗാർഡൻസിലാണ് ആഡംബര വിവാഹപ്പന്തൽ ഒരുക്കുന്നത്. നാളെ വൈകിട്ട് ആറിനും ആറരയ്ക്കും ഇടയിലാണ് അജയകൃഷ്ണനും മേഘ ബി. രമേശും തമ്മിലുള്ള വിവാഹ മുഹൂർത്തം. സംസ്ഥാനമന്ത്രിമാർ അടക്കം ആയിരത്തോളം വി.ഐ.പികൾ വിവാഹത്തിനെത്തും. കലാസംവിധായകരായ ശബരീഷ്, ഷാജി എന്നിവരാണ് പന്തലിന്റെ നിർമ്മാണത്തിനു മേൽനോട്ടം വഹിക്കുന്നത്.

മൈസൂർ പാലസിന്റെ മാതൃകയിലാണ് പന്തലിന്റെ കവാടം തയാറാക്കിയിരിക്കുന്നത്. വധൂവരന്മാർ ഇരിക്കുന്ന വേദി ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഡൽഹിയിലെ അക്ഷർത്ഥാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് പണി കഴിപ്പിക്കുന്നത്. 120 അടി നീളവും 50 അടി പൊക്കവുമാണ് വേദിക്കുള്ളത്. ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം അഞ്ഞൂറോളം തൊഴിലാളികളാണ് കഴിഞ്ഞ ഒരു മാസമായി പന്തലിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്നത്. തമിഴ്‌നാട് ധനമന്ത്രി ഒ. പനീർസെൽവം, തദ്ദേശമന്ത്രി എസ്‌പി വേലുമണി അടക്കം അമ്പതോളം തമിഴ്‌നാട് ജനപ്രതിനിധികൾ വിവാഹത്തിൽ പങ്കെടുക്കാനെത്തും. ഇവരുടെ സുരക്ഷ ഒരുക്കാനുള്ള കമാൻഡോ സംഘം ഇന്നു തലസ്ഥാനത്തെത്തും.

പ്രശസ്ത സംഗീതജ്ഞരായ ശ്വേതാ മോഹൻ, സുന്ദർ രാജ് എന്നിവരുടെ മ്യൂസിക് ഫ്യൂഷൻ, താണ്ഡവ് സംഘത്തിന്റെ നൃത്തപരിപാടി തുടങ്ങി നിരവധി കലാപ്രകടനങ്ങളും പന്തലിൽ അരങ്ങേറും.ഏകദേശം 20,000 പേർക്കു കല്യാണം കാണാൻ കഴിയുന്ന തരത്തിലാണ് പന്തൽ ഒരുക്കിയിരിക്കുന്നത്. ആറായിരം പേർക്കു ഒരേസമയം ഭക്ഷണം കഴിക്കാൻ കഴിയുന്ന തരത്തിലാണ് ഭക്ഷണശാല. നൂറിലധികം വിഭവങ്ങളും അതിഥികൾക്കായി ഒരുക്കിയിട്ടുണ്ട്. മുക്കാൽ മണിക്കൂറിൽ 600 കിലോ ചിക്കൻ ബിരിയാണി അടക്കം 15 വിഭവങ്ങൾ തൽസമയമായാണ് തയ്യാറാക്കുന്നത്. ഇതു തയ്യാറാക്കുന്നത് ജർമ്മനിയിൽ നിന്നെത്തുന്ന സംഘമാണ്.

ഹിന്ദുമത വിശ്വാസികളുടെ പ്രധാന ആരാധനാ കേന്ദ്രമാണ് സ്വാമിനാരായണ അക്ഷർധാം. കേരളത്തിൽതന്നെ ആദ്യമായി ഇത്തരമൊരു വിവാഹ മണ്ഡപം തയാറാക്കുന്നത്. എട്ട് ഏക്കറിലാണ് വിവാഹവേദി ഒരുങ്ങുന്നത്. 300 തൊഴിലാളികൾ ഒരുമാസം രാപകലില്ലാതെ ജോലി ചെയ്യുന്നുണ്ടിവിടെ. വിവാഹത്തിനെത്തുന്നവരെ വരവേൽക്കുന്നത് ഇരുവശവും പരമ്പാരഗത കൊത്തുപണികൾ തീർത്തൊരു കോട്ടയായിരിക്കും. അതിലൂടെ പ്രവേശിച്ചാൽ സദസ്യർക്കായുള്ള വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലെത്തും.

ആറടി വീതിയിൽ നടപ്പാത ഒരുക്കി ഇരുവശവും വിവാഹത്തിനെത്തുന്നവർക്കുള്ള ഇരിപ്പിടം സജ്ജമാക്കിയിട്ടുണ്ടാകും. ഒരേ സമയം 9000 പേർക്കിരിക്കാം. ഓപ്പൺ എയർ ഓഡിറ്റോറിയത്തിനു മുന്നിലായാണ് അക്ഷർധാം മാതൃകയിൽ കല്യാണ മണ്ഡപം. വിവാദ വേദിയിൽ നൂറുപേർക്ക് നിൽക്കാം. വിവാഹ മണ്ഡപത്തിന്റെ തൂണുകളിൽ ശിവനും പാർവതിയും കൃഷ്ണനും രാധയുമെല്ലാം കൊത്തിവച്ചിട്ടുണ്ട്. മണ്ഡപം ഒരുക്കാനായി കൊല്ലത്തു നിന്നും സ്വാഗത മണ്ഡപത്തിനായി കോഴിക്കോടു നിന്നുമാണ് ആളുകളെ കൊണ്ടുവന്നത്.

എറണാകുളത്തു നിന്നുള്ള സംഘമാണ് ഇരുവശത്തുമുള്ള സദ്യാലയം ഒരുക്കിയിരിക്കുന്നത്. ഒരേസമയം ആറായിരം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ഭക്ഷണത്തിന്റെയും മറ്റും പൂർണമായ ഉത്തരവാദിത്തം രാജധാനി ഹോട്ടൽ ശൃംഖലയ്ക്ക് തന്നെയാണ്. ലൈവ് ബിരിയാണി മേക്കിങ് 100ലധികം വിഭവങ്ങൾ ഉണ്ടാകും. വിവാഹ ഒരുക്കത്തിന്റെ പൂർണമായ ചുക്കാൻ പിടിക്കുന്നത് രാജധാനി ഇവന്റ് ആൻഡ് മാനേജ്‌മെന്റ് ആണ്. ആ ഗ്രൂപ്പിന്റെ ലോഞ്ചിങ് സംരംഭമാണ് ഈ വിവാഹം. വരനെയും വധുവിനെയും പാട്ടിന്റെ അകമ്പടിയോടെ വരവേൽക്കുന്നതുൾപ്പെടെ നിരവധി അത്ഭുതങ്ങളാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്.

ഗായിക ശ്വേതാ മോഹന്റെ ഗാനമേളയും ബെന്നറ്റ് ആൻഡ് ദ ബാൻഡിന്റെ മ്യൂസിക് ഫ്യൂഷനുമുൾപ്പെടെ വൻ കലാപരിപാടികളും അതിഥികളെ കാത്തിരിക്കുന്നുണ്ട്. വിവാഹം നടക്കുന്ന സ്ഥലത്ത് 200 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണുണ്ടാവുക. എന്നാൽ, തൊട്ടടുത്ത് കിംസിന്റെയും ശിവജി ഗ്രൂപ്പിന്റെയും പാർക്കിങ് ഏരിയകൾ വിവാഹ വാഹനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. 15000 പേരെയാണ് വിവാഹത്തിന് പ്രതീക്ഷിക്കുന്നത്. അതിനാൽ ദൂരെ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളിലേക്ക് പോകാനും കൊണ്ടുവരാനുമായി രാജധാനിയുടെ തന്നെ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കർണാടകത്തിലെ ബിജെപി നേതാവായ ജനാർദ്ദന റെഡ്ഡിയുടെ മകളുടെ ആഡംബര കല്യാണത്തിനെ തലങ്ങും വിലങ്ങും വിമർശിച്ച കോൺഗ്രസിന്റെ ദേശീയ നേതൃത്വം സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് അടൂർ പ്രകാശിന്റെ മകന്റെ വിവാഹത്തെക്കുറിച്ച് മൗനത്തിലാണ്. കെപിസിസി പ്രസിഡന്റ് വി എം. സുധീരനും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും ഈ വിവാഹത്തിൽ പങ്കെടുക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിവാഹ നിശ്ചയത്തെ വിവാദത്തിലാക്കിയത് സുധീരനാണെന്നതാണ് വസ്തുത.

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഈ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തതിനെ വി എം. സുധീരൻ പരസ്യമായി വിമർശിച്ചിരുന്നു. മാദ്ധ്യമങ്ങളുടെ കണ്ണിൽപ്പെടാതെയാണ് ഇരുകൂട്ടരും അന്ന് നിശ്ചയത്തിൽ പങ്കെടുത്തത്. അതിനാൽ ഈ വിവാഹം രാഷ്ട്രീയമായും ചർച്ചയാകുമെന്നും ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP