Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഒരുമിച്ചു നിന്നു; മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങിയ റാബിയയുടെ കൈപിടിച്ച് ഷാഫി; മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ജില്ലാ കലക്ടറുമെത്തി; ഇങ്ങനെയാണ് നമ്മൾ അതിജീവിക്കുന്നതെന്നും ഏതൊരു ദുരന്തത്തിനും തകർക്കാൻ കഴിയാത്ത ശക്തിയാണിതെന്നും ജില്ലാ ഭരണകൂടം

പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഒരുമിച്ചു നിന്നു; മൊഞ്ചത്തിയായി അണിഞ്ഞൊരുങ്ങിയ റാബിയയുടെ കൈപിടിച്ച് ഷാഫി; മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ വിവാഹച്ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ജില്ലാ കലക്ടറുമെത്തി; ഇങ്ങനെയാണ് നമ്മൾ അതിജീവിക്കുന്നതെന്നും ഏതൊരു ദുരന്തത്തിനും തകർക്കാൻ കഴിയാത്ത ശക്തിയാണിതെന്നും ജില്ലാ ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: നിരവധി ജീവിതങ്ങൾ കവർന്ന ദുരിതമായിരുന്നു ഇക്കുറി വയനാട്ടുകാർക്ക് മഴയും മണ്ണിടിച്ചിലും സമ്മാനിച്ചത്. എന്നാൽ, ഈ ദുരിതത്തിന് ഇടയിലും നന്മനിറഞ്ഞ നിരവധി കാഴ്‌ച്ചകൾ നാം കണ്ടു. സഹകരണത്തിന്റെയും അതിജീവനത്തിന്റെയും വാക്കുകളായിരുന്നു ഇത്. ദുരിതത്തിൽ കഴിഞ്ഞ ഒരു നാടു മുഴുവൻ കൈതാങ്ങായപ്പേൾ മേപ്പാടി ചൂരൽമല സ്വദേശി റാബിയക്ക് ലഭിച്ചത് പുതുജീവിതമായിരുന്നു. ദുരിതാശ്വാസ ക്യാമ്പിനിടെ നടന്ന വിവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

പേരാമ്പ്ര സ്വദേശി മുഹമ്മദ് ഷാഫിയാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന യുവതിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. അപൂർവ്വമായ ഈ വിവാഹത്തിന് സാക്ഷിയാകാൻ ആശംസകളുമായി ജില്ലാ കളക്ടറും മുതിർന്ന ഉദ്യോഗസ്ഥരും എത്തിയപ്പോൾ ഇരട്ടി സന്തോഷകരവുമായി. ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയ്ക്ക് സമീപത്തെ ചൂരൽമല സ്വദേശി ജുമൈലത്തിന്റെ മകളാണ് റാബിയ. ഒരു നാടിനെ ഒന്നാകെ ഇല്ലാതാക്കിയ ഉരുൾപൊട്ടലിലും പ്രളയത്തിലും ജുമൈലത്തിന്റെ വീടിനും നാശനഷ്ടമുണ്ടായി. പേമാരിയിലും വെള്ളപ്പൊക്കത്തിലും മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിവച്ച പുതുവസ്ത്രങ്ങളും പണവുമെല്ലാം നശിച്ചു.

വെറുംകൈയോടെ വീട് വിട്ടിറങ്ങി മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയപ്പോൾ മകൾ റാബിയയുടെ വിവാഹം എങ്ങനെ നടത്തുമെന്നായിരുന്നു ജുമൈലത്തിന്റെ ആശങ്ക. ഓഗസ്റ്റ് 18-നാണ് വിവാഹച്ചടങ്ങുകൾ തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹത്തിനായി സ്വരുക്കൂട്ടി വച്ചതെല്ലാം പ്രളയം കവർന്നതോടെ എന്തുചെയ്യണമെന്നറിയാതെ ജുമൈലത്തും മകളും നിരാശയിലായി. വർഷങ്ങൾക്ക് മുൻപ് ഭർത്താവ് മരണപ്പെട്ടതോടെ കൂലിപ്പണിയെടുത്താണ് ജുമൈലത്ത് കുടുംബം പുലർത്തിയിരുന്നത്. ഇതിനിടെയാണ് മകളുടെ വിവാഹം തീരുമാനിക്കുന്നത്. എന്നാൽ എന്തുവന്നാലും ഓഗസ്റ്റ് 18-ന് തന്നെ വിവാഹം നടക്കുമെന്ന് വരൻ മുഹമ്മദ് ഷാഫി ഇവർക്ക് ഉറപ്പുനൽകി. തൊട്ടുപിന്നാലെ നിരവധിപേരുടെ സഹായഹസ്തങ്ങളും ഇവരെ തേടിയെത്തി.

ഓഗസ്റ്റ് 18-ന് രാവിലെ മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു വിവാഹച്ചടങ്ങുകൾ. ക്യാമ്പിലെ അന്തേവാസികൾക്കും അതിഥികളായെത്തിയവർക്കും വിവാഹസദ്യയും ഒരുക്കിയിരുന്നു. വയനാട് ജില്ലാ കളക്ടറും ക്യാമ്പിലെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നു. ക്യാമ്പിലുള്ളവരുടെ മനസുകളിൽ ഇന്ന് നിറയെ സന്തോഷമാണെന്നും ഇങ്ങനെയാണ് നമ്മൾ അതിജീവിക്കുന്നതെന്നും ഏതൊരു ദുരന്തത്തിനും തകർക്കാൻ കഴിയാത്ത ശക്തിയാണിതെന്നും നവദമ്പതികളുടെ ചിത്രം പങ്കുവെച്ച് വയനാട് ജില്ലാ ഭരണകൂടം ഫേസ്‌ബുക്കിൽ കുറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP