Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202126Tuesday

ദളിത് ആക്റ്റിവിസത്തിന്റെ മറവിൽ കമൽ.സി.നജ്മൽ നടത്തുന്നത് വിവാഹ തട്ടിപ്പ്! സ്വന്തം മകളെ മതം മാറ്റുമെന്ന് പറഞ്ഞ് ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയെന്ന് ആദ്യ ഭാര്യ; കുട്ടിയെ കാണാൻ ചെന്നാൽ എസ്ഡിപിഐക്കാരെക്കൊണ്ട് കൈയും കാലും വെട്ടുമെന്നും ഭീഷണി; ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്ന് പറഞ്ഞ് ഇസ്ലാമിലേക്ക് മാറിയ എഴുത്തുകാരനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; മാധവിക്കുട്ടിക്ക് ശേഷം കേരളത്തിൽ വീണ്ടും പണം വാങ്ങിയുള്ള മതം മാറ്റ വിവാദം

ദളിത് ആക്റ്റിവിസത്തിന്റെ മറവിൽ കമൽ.സി.നജ്മൽ നടത്തുന്നത് വിവാഹ തട്ടിപ്പ്! സ്വന്തം മകളെ മതം മാറ്റുമെന്ന് പറഞ്ഞ് ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയെന്ന് ആദ്യ ഭാര്യ; കുട്ടിയെ കാണാൻ ചെന്നാൽ എസ്ഡിപിഐക്കാരെക്കൊണ്ട് കൈയും കാലും വെട്ടുമെന്നും ഭീഷണി;  ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്ന് പറഞ്ഞ് ഇസ്ലാമിലേക്ക് മാറിയ എഴുത്തുകാരനെതിരെ ഉയരുന്നത് ഗുരുതര ആരോപണം;  മാധവിക്കുട്ടിക്ക് ശേഷം കേരളത്തിൽ വീണ്ടും പണം വാങ്ങിയുള്ള മതം മാറ്റ വിവാദം

എം ബേബി

കോഴിക്കോട്: മതം മാറ്റം എന്നും വിവാദ വിഷയമാണ് ഇന്ത്യയിൽ. ഇതിനായി ചില ക്രിസ്ത്യൻ സംഘടനകളും ഇസ്ലാമിക മത മൗലിക വാദികളും കോടികളുടെ ഫണ്ട് ഒഴുക്കുന്നുണ്ടെന്നതും നേരത്തെ വിവാദമായതാണ്. എന്നാൽ പണം വാങ്ങിയുള്ള മതം മാറ്റവും, ബ്രയിൻ വാഷിങ്ങും കേരളത്തിൽ വലിയതോതിൽ ചർച്ചയായത് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ച് കമല സുരയ്യയായി മാറിയതോടെയാണ്. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന്റെ പ്രതിഫലമായി മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ് സമദാനി 10 ലക്ഷം ഡോളർ സൗദിയിൽ നിന്ന് കൈപ്പറ്റിയെന്ന ആരോപണം ഈയിടെ കേരളത്തിൽ വീണ്ടും കേരളത്തിൽ കത്തിപ്പടർന്നിരുന്നു. സിപിഐയുടെ സംസ്‌ക്കാരിക വിഭാഗമായ യുവകലാ സാഹിതിയുടെ സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ എ.പി അഹമ്മദ് ഒരു വർഷം മുൻപ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോയിലൂടെയാണ് ഇത് വെളിപ്പെട്ടത്.

സൗദി അറേബ്യയിലെ ഒരു സംഘടനയിൽ നിന്നും പത്തു ലക്ഷം ഡോളർ വാങ്ങിയാണ് മുസ്ലിംലീഗ് നേതാവ് സമദാനി മാധവിക്കുട്ടിയെ മതപരിവർത്തനം നടത്തിയതെന്നത് മാധവിക്കുട്ടിയുടെ സന്തത സഹചാരിയായിരുന്ന കനേഡിയൻ എഴുത്തുകാരി മെറിലി വെയ്സ് ബോർഡിന്റെ 'ദ ലവ് ക്യൂൻ ഓഫ് മലബാർ' എന്ന പുസ്തകത്തിൽ ഉണ്ടെന്നാണ് അഹമ്മദ് വ്യക്തമാക്കിയത്. ഇപ്പോഴിതാ മറ്റൊരു എഴുത്തകാരൻ കൂടി മതം മാറ്റ വിഷയത്തിൽ പെട്ടിരിക്കയാണ്. കഴിഞ്ഞ വർഷം ഇസ്ലാം മതത്തിലേക്ക് മതം മാറി കമൽ സി നജ്മൽ ആയ എഴുത്തുകാരൻ കമൽ സി.ചവറ ആദ്യ ബന്ധത്തിലെ പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ മുസ്ലിം ഇസ്ലാമിക മതമൗലിക വാദികളിൽനിന്ന് പണം വാങ്ങി മതം മാറ്റാൻ ശ്രമിക്കുന്നതായി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയരിക്കുന്നത് കുട്ടിയുടെ മാതാവാണ്. കുട്ടിയെ ബ്രെയിൻവാഷ് ചെയ്ത് അജ്ഞാത കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്നതായും ചൂണ്ടിക്കാട്ടി കമൽ സി നജ്മലിന്റെ ആദ്യ ഭാര്യയും സാമൂഹിക പ്രവർത്തകയുമായ ബിന്ദു തങ്കം കല്യാണിയാണ് മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകിയത്.

പാലക്കാട്, അട്ടപ്പാടി അഗളി ഹയർ സെക്കണ്ടറി സ്‌കൂളിൽ സീനിയർ ലക്ച്ചറായ ബിന്ദു കഴിഞ്ഞ ഏഴ് വർഷമായി കമലുമായി പിരിഞ്ഞ് കുട്ടിയോടൊപ്പം ജീവിക്കുകയായിരുന്നു. കമൽ സി നജ്മൽ കഴിഞ്ഞ ആറ് വർഷത്തിന് മേലെയായി മറ്റൊരു സ്ത്രീയോടൊപ്പമാണ് ജീവിക്കുന്നത്. അവർക്ക് വേറെ ഒരു കുട്ടിയുമുണ്ട്. ഈ ഭാര്യയും ഇയാൾക്കെതിരെ കഴിഞ്ഞമാസം പേരാമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് മൂന്ന് ലക്ഷം രൂപ നൽകി ഒതുക്കിത്തീർക്കുകയായിരുന്നു. ഒരു ജോലിക്കും പോകാത്ത ഇയാൾ ഈ തുക കണ്ടെത്താനായി തന്റെ മകളെ മതം മാറ്റാനായി പണം വാങ്ങിയതായി സംശയിക്കുന്നതായും ബിന്ദു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

ബിന്ദുവിന്റെ പരാതിയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്- ഇക്കഴിഞ്ഞ വേനൽ അവധിക്കാലത്ത് പത്ത് ദിവസത്തേക്ക് കൂടെ നിർത്താൻ എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ എന്റെ മകളെ കമൽ സി നജ്മൽ തിരിച്ച് വിട്ടില്ല. മെയ് പകുതിയോടെ അയാളുടെ മൊബൈലിൽ വിളിച്ചപ്പോൾ സ്‌കൂൾ തുറക്കും മുൻപ് തിരിച്ച് എത്തിക്കാമെന്നാണ് അറിയിച്ചത്. പഠിച്ചിരുന്ന സ്‌കൂളിൽ നിന്ന് ടിസി പോലും വാങ്ങാതെ ഇയാൾ കുട്ടിയെ മലപ്പുറം ജില്ലയിലെ മറ്റൊരു സ്‌കൂളിൽ ചേർത്തു എന്നാണ് അവകാശപ്പെടുന്നത്. എന്നാൽ അവിടെ അന്വേഷിച്ചപ്പോൾ ജൂൺ 17 ന് കുട്ടിയെ സ്‌കൂളിൽ ചേർത്തെന്നും ജൂൺ 27 വരെ 7 അധ്യയന ദിവസം കുട്ടി സ്‌കൂളിലെത്തിയിട്ടുണ്ടെന്നും പിന്നെ വിവരമൊന്നും ഇല്ലെന്നുമാണ് ജൂലായ് അവസാന ആഴ്ച വിളിച്ചപ്പോൾ ഹെഡ്‌മാസ്റ്റർ പറഞ്ഞത്.

രണ്ടാം ഭാര്യ നൽകിയ കേസിൽ അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് അയാൾ ഒളിവിൽ പോവുകയും കുട്ടിയുടെ പഠനം മുടങ്ങുകയുമാണ് ഉണ്ടായത്. നാലു മാസമായി കുഞ്ഞിനെ കാണാനോ സംസാരിക്കാനോ ഇയാൾ സമ്മതിക്കുന്നില്ല. ഇയാൾ ചേർത്തു എന്ന് പറയുന്ന സ്‌കൂളിൽ കാണാൻ ചെന്നാൽ എസ്ഡിപിഐക്കാരെക്കൊണ്ട് കൈയും കാലും വെട്ടുമെന്നും കൈകാര്യം ചെയ്യുമെന്നുമാണ് ഭീഷണിയുണ്ടായി.- ബിന്ദു പരാതിയിൽ പറയുന്നു.

ഫെമിനിസത്തിന്റെയും ദളിത് ആ്ക്റ്റീവിസത്തിന്റെയും മറവിൽ വിവാഹ തട്ടിപ്പ്

വിദ്യാഭ്യാസവും ജോലിയുമുള്ള ദളിത് സ്ത്രീകളെ ഫെമിനിസവും ദളിത് ആക്ടിവിസവും പറഞ്ഞു വലയിലാക്കി അവരുടെ ചെലവിൽ കഴിയുകയാണ് ഇയാളുടെ രീതിയെന്നും ബിന്ദു തങ്കം കല്യാണി ആരോപിക്കുന്നു. ഇതിന് മുൻപും ഇയാൾക്കെതിരെ യുഎപിഎ പ്രകാരം കേസുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരം പൊലീസ് കമ്മീഷണറോട് അപമര്യാദയായി പെരുമാറിയതിന് വേറൊരു കേസിൽ 8 ദിവസം തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാന്റിലായിട്ടുണ്ട്. ഇങ്ങനെ നിരന്തരമായി കേസുകളിൽ പെടുകയും കടുത്ത മനോരോഗത്തിന് ചികിത്സയിലുമായ ഇയാൾ കുഞ്ഞിനെ മതം മാറ്റി പണം തട്ടാൻ ഉപയോഗിക്കുകയാണ്. പല വേദികളിലും തട്ടവും പർദ്ദയുമിട്ട് കുഞ്ഞിനെ പലരും കണ്ടിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ഇത്തരം ചിത്രങ്ങൾ അയാൾ തന്നെ പ്രചരിപ്പിച്ചിട്ടുണ്ട്.

യാതൊരു ജോലിയും വരുമാനവുമില്ലാത്ത ഇയാൾ രണ്ടാംഭാര്യ കൊടുത്ത കേസ് പിൻവലിക്കാൻ 3 ലക്ഷംരൂപ കൊടുത്തിട്ടുണ്ട്. ഈ പണം എന്റെ മകളെ മതം മാറ്റാമെന്ന് പറഞ്ഞ് വാങ്ങിയതാണോ എന്ന് എനിക്ക് ബലമായ സംശയമുണ്ട്. ഹിന്ദു നായർ പിള്ള സമുദായക്കാരനായിരുന്ന കമൽ.സി ചവറ ഇതുപോലെ വിദ്യാഭ്യാസവും ജോലിയുമുള്ള ദളിത് സ്ത്രീകളെ മുൻപ് ഫെമിനിസവും ദളിത് ആക്ടിവിസവും പറഞ്ഞു വിവാഹ തട്ടിപ്പുനടത്തി അവരുടെ ചെലവിൽ കഴിയുകയായിരുന്നു എന്നും ഇപ്പോൾ അയാൾ വീണ്ടും ഇസ്ലാം മതക്കാരിയെ വിവാഹം കഴിക്കാൻ പോകുന്നതായാണ് അറിഞ്ഞതെന്നും ഇതിനിടയിൽ ആണ് ഇയാൾ തന്റെ കുട്ടിയുടെ ഭാവിയും ഇത്തരത്തിൽ അരാജകത്വത്തിൽ ആക്കിയിരിക്കുന്നതെന്നും ബിന്ദു പരാതിയിൽ പറയുന്നു.

കൂടാതെ തന്റെ മകളെ ഇയാളുടെ രണ്ടാം ഭാര്യ ലൈംഗിക അധിക്ഷേപം നടത്തി എന്ന തന്റെ പരാതിയിൽ കേസെടുക്കുന്നില്ല എന്നും കേസിലെ പ്രതികൾ എന്നും പറഞ്ഞ് ഭാര്യയുടെയും അമ്മയുടേയും ചിത്രങ്ങൾ ഇയാൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യാത്തതിന് പൊലീസ് സ്റ്റേഷന് മുൻപിൽ നിരാഹാര സമരം തുടങ്ങുന്നുവെന്നും ഇയാൾ പോസ്റ്റിട്ടിരുന്നു. കേരളാ പൊലീസിന്റെ ഓൺലൈൻ ഒഫീഷ്യൽ പേജിലും ഇയാൾ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പരാതി അയച്ചിരുന്നു. എന്നാൽ ഭാര്യ പണം കിട്ടി പരാതി പിൻവലിക്കാൻ തയ്യാറായതോടെ മകൾക്കെതിരെയുള്ള പോക്സോ ഇയാൾക്ക് പ്രശ്നമല്ലാതായിരിക്കുകയാണ്.

കുട്ടി ഉപദ്രവിക്കപ്പെട്ടു എന്നത് സത്യമാണെങ്കിൽ പ്രതികളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ അയാൾക്ക് മറ്റൊരു കേസിൽ നിന്ന് രക്ഷപെടാൻ എന്റെ കുഞ്ഞിനെക്കൊണ്ട് കള്ളമൊഴി കൊടുപ്പിച്ചതാണെങ്കിൽ കുട്ടികളുടെ സംരക്ഷണത്തിനായി നിലനിൽക്കുന്ന ഗുരുതരമായ ഒരു നിയമം ദുരുപയോഗം ചെയ്തതിനും ഒരു പോക്സോ വിക്റ്റിം എന്ന രീതിയിൽ സമൂഹമധ്യത്തിൽ എന്റെ മകളെ അപമാനിച്ചതിനും അവളുടെ അന്തസിനും സാമൂഹ്യ ജീവിതത്തിനും കളങ്കം വരുത്തിയതിനും ക്രിമിനൽ നടപടി പ്രകാരം ഇയാൾക്കെതിരെ കേസെടുക്കണം.- ബിന്ദു പരാതിയിൽ ചൂണ്ടിക്കാട്ടി.

ഇയാൾ രണ്ടാം ഭാര്യ കൊടുത്ത കേസിൽ ഒളിവിൽ പോയ സമയത്ത് അപരിചിതരായ പലരോടും കുട്ടിയെ രണ്ടു മൂന്ന് ദിവസം സംരക്ഷിക്കുമോ എന്ന് ചോദിച്ചതായി പലരും പറഞ്ഞു. എന്നാൽ മാനസികനില ശരിയല്ലാത്ത ഇയാളുമായി എന്തെങ്കിലും പ്രശ്നം ഭാവിയിൽ ഉണ്ടായാൽ കുട്ടിയെ വെച്ച് സ്വന്തം ഭാര്യക്കെതിരെ കൊടുത്തതുപോലെ പോക്സോ കേസ് കൊടുക്കുമോ എന്ന് പേടിച്ചിട്ടാണ് സഹായിക്കാതിരുന്നതെന്ന് അയാളുടെ സുഹൃത്തുക്കൾ പറഞ്ഞതിന് തെളിവുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന നിയമസംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് മറ്റുള്ളവരുടെ ജീവിതത്തിന് ഭീഷണി ഉയർത്തുന്ന ഇയാളെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ബിന്ദു പരാതിയിൽ ആവശ്യപ്പെട്ടു.

കമൽ സി എന്നും വിവാദ പുരുഷൻ

അത്രയൊന്നും അറിയപ്പെടാത്ത ശരാശരി എഴുത്തുകാരൻ മാത്രമായിരുന്നു കമൽ സി ചവറ ശ്രദ്ധേയനായത്, രണ്ടുവർഷം മുമ്പ് അദ്ദേഹത്തിന്റെ നോവലിൽ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് കാണിച്ച് പൊലീസ് കേസ് എടുത്തതോടെയാണ്. തന്റെ നോവലായ 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' ഫാസിസത്തിനെതിരായ പ്രതിഷേധമെന്ന നിലയിൽ കത്തിച്ചതൊക്കെ ഏറെ വിവാദമായിരുന്നു. കമൽ സി ചവറയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പുസ്തകം കത്തിക്കാനും ഒട്ടനവധി പേരാണ് എത്തിച്ചേർന്നത്.

പിന്നീട് ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിലൂടെയാണ് കമൽ വിവാദങ്ങളിൽ നിറഞ്ഞു നിന്നത്. സാമൂഹിക പ്രവർത്തകനും മുൻ നക്‌സൽ നേതാവുമായ നജ്മൽ ബാബുവിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവാണ് തന്നെ ഇതിന് പ്രേരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. ചേരമാൻ പള്ളിയിൽ ഖബറടക്കണമെന്ന നജ്മൽ ബാബുവിന്റെ ആഗ്രഹം ലംഘിച്ച് ബന്ധുക്കളുടെ സമ്മർദ്ദത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചിരുന്നു. നേരത്തെ ടി.എൻ ജോയി ആയിരുന്ന നജ്മൽ ബാബു അഞ്ചു വർഷം മുമ്പാണ് ഇസ്ലാം മതം സ്വീകരിച്ചത്. തന്റെ അന്ത്യാഭിലാഷം ചേരമാൻ പള്ളിയിലെ ഖബറിടമാണെന്ന് അദ്ദേഹം സ്വന്തം കൈപ്പടയിൽ എഴുതി പള്ളിക്കമ്മിറ്റിക്ക് കൈമാറിയിരുന്നു. നേരത്തെ സൈമൻ മാസ്റ്ററുടെ മയ്യിത്തിനോട് കാണിച്ച അനീതി തന്നോടും കാണിക്കുമോയെന്നും അദ്ദേഹം ജീവിതകാലത്ത് ആശങ്കപ്പെട്ടിരുന്നു. എന്നാൽ നജ്മൽ ബാബുവിന്റെ ആഗ്രഹത്തിന് ഒരു വിലയും നൽകാതെ പള്ളിയിൽ ഖബറടക്കാൻ വിട്ട് കൊടുക്കില്ലെന്നായിരുന്നു ബന്ധുക്കളുടെ നിലപാട്. നജ്മൽ ബാബുവിന്റെ ആഗ്രഹം സഫലമാക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളും മറ്റും രംഗത്തുവന്നെങ്കിലും ബന്ധുക്കൾ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.

ബന്ധുക്കൾ എതിർത്തതിനെ തുടർന്ന് ജില്ലാ ഭരണകൂടം താൽക്കാലികമായി സംസ്‌കാരം തടഞ്ഞുവെക്കുകയായിരുന്നു. ചേരമൻ പള്ളിക്കമ്മിറ്റിയുടെ അനുമതി പത്രവും അധികൃതർക്കു നൽകിയിരുന്നു. എന്നാൽ അധികൃതർ ബന്ധുക്കൾക്കൊപ്പം നിന്നതോടെ നജ്മൽ ബാബുവിന്റെ ആഗ്രഹം നിഷേധിക്കപ്പെടുകയായിരുന്നു.ഈ വിവാദത്തോടെയാണ് കമൽ സി ചവറ മതം മാറാൻ തീരുമാനിച്ചത്. ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണെന്നും, ജീവിക്കാനല്ല മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിം ആവുകയെന്നത് ഈ നിമിഷത്തിന്റെ ആവശ്യകതയാണെന്നും പറഞ്ഞാണ് കമൽ സി ചവറ ഇസ്ലാമിലേക്ക് മാറി കമൽ സി നജ്മൽ എന്ന പേര് സ്വീകരിച്ചത്.

എന്നാൽ ഈ മതംമാറ്റം ശുദ്ധ തട്ടിപ്പാണെന്നും സാമ്പത്തിക ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണെന്നും ചില തീവ്ര ഹൈന്ദവ സംഘടനകൾ അന്നുതന്നെ ആരോപിച്ചിരുന്നു. മതം മാറ്റത്തെ തുടർന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഗൾഫിലുമടക്കം നിരവധി പരിപാടികളിലാണ് കമൽ പങ്കെടുത്തത്. ഇതെല്ലാം മുസ്ലിം മതമൗലിക വാദ ഗ്രൂപ്പുകൾ ആസുത്രണം ചെയ്തായിരുന്നു. മതം മാറ്റ ലോബിയുടെ ചെലവിലാണ് ഇദ്ദേഹം ജീവിക്കുന്നത് എന്ന് ഇപ്പോൾ മുൻ ഭാര്യപോലും ആരോപിച്ചിരിക്കയാണ്. സ്വന്തം മകളെപ്പോലും മതം മാറ്റാനായി പണം പറ്റിയെന്ന ഗുരുതരമായ ആരോപണമാണ് കമലിന് നേരെ ഉയരുന്നത്. ഇതോടെ കേരളത്തിലെ മതംമാറ്റ ലോബിയെക്കുറിച്ചും നവ മാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആരോപണം ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP