Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛനമ്മമാരില്ലാത്ത ഈ പെൺമക്കൾ വിവാഹിതരായത് നിരവധി അച്ഛനമ്മമാരുടെ അനുഗ്രഹാശിസുകളോടെ; കാരണവരുടെ സ്ഥാനത്തു നിന്നും താലി കൊടുത്തത് മന്ത്രി കെ ടി ജലീൽ: വരണമാല്യം കൈമാറി സ്പീക്കർ ശ്രീരാമകൃഷ്ണൻ: തവനൂർ അനാഥാലയത്തിലെ പെൺകുട്ടികളുടെ വിവാഹത്തിന് സാക്ഷിയായത് നിരവധി പേർ

അച്ഛനമ്മമാരില്ലാത്ത ഈ പെൺമക്കൾ വിവാഹിതരായത് നിരവധി അച്ഛനമ്മമാരുടെ അനുഗ്രഹാശിസുകളോടെ; കാരണവരുടെ സ്ഥാനത്തു നിന്നും താലി കൊടുത്തത് മന്ത്രി കെ ടി ജലീൽ: വരണമാല്യം കൈമാറി സ്പീക്കർ ശ്രീരാമകൃഷ്ണൻ: തവനൂർ അനാഥാലയത്തിലെ പെൺകുട്ടികളുടെ വിവാഹത്തിന് സാക്ഷിയായത് നിരവധി പേർ

ജാസിം മൊയ്തിൻ

തവനൂർ: തവനൂരിലെ വയോധികമന്ദിരം ഇന്ന് ഒരു കല്യാണവീടിന്റെ ആഘോഷത്തിലായിരുന്നു. അച്ഛനമ്മമാരില്ലാതെ അനാഥരായി കഴിഞ്ഞിരുന്ന രണ്ട് പെൺകുട്ടികളുടെ കല്ല്യാണത്തിന്റെ ആഘോഷം. ചെറുപ്പത്തിലെ തന്നെ അനാഥരായ കല്ല്യാണിയും സുഗന്ധിയുമാണ് തവനൂർവയോധിക മന്ദരിത്തിൽ വെച്ച് നിരവധി അച്ഛനമ്മമാരുടെ അനുഗ്രഹാശ്ശിസുകളോടെ വിവാഹ പന്തലിലേക്ക് കാലെടുത്ത് വെച്ചത്.

വയോധിക മന്ദിരത്തിന് തൊട്ടടുത്ത മഹിളാമന്ദിരത്തിൽ കഴിഞ്ഞിരുന്ന പെൺകുട്ടികളുടെ വിവാഹമാണ് വയോധികമന്ദിരത്തിൽ വെച്ച് നടത്തിയത്. വയോധികമന്ദിരത്തിലെ അനേകം അച്ഛനമ്മമാരുടെ അനുഗ്രഹാശ്ശിസ്സുകളോടെ അവർ ഇ്‌ന് ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുകയും ചെയ്തു. തങ്ങളുടെ സ്വന്തം മക്കളല്ലെങ്കിലും വയോധിക മന്ദിരത്തിൽ ഉപേക്ഷിച്ചു പോയ സ്വന്തം മക്കളെ പോലെ കണ്ട് തന്നെയാണ് ഈ വയോധികർ, അച്ഛനമ്മമാർ ഉപേക്ഷിച്ച ഈ പെൺകുട്ടികളുടെ വിവാഹത്തിന് സാക്ഷിയായത്.

വരണമാല്യം ചാർത്തുന്നത് കാണാൻ വയോധികമന്ദിരത്തിലുള്ളവർ രാവിലെ തന്നെ ഉടുത്തൊരുങ്ങി കാരണവന്മാരെ പോലെ കാത്തുനിന്നു. നടുമുറ്റത്ത് രാവിലെ ഒമ്പത് മണിക്ക് തന്നെ കതിർമണ്ഡപമൊരുങ്ങിയിരുന്നു. കസേരകളിൽ അതിഥികളായി വരന്മാരുടെ വീട്ടുകാരും അയൽവാസികളും സാമൂഹ്യനീതിവകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 10നും 10.30നും ഇടയിലുള്ള മുഹൂർത്തത്തിൽ പെൺകുട്ടികൾ കതിർമണ്ഡപത്തിലേക്ക് എത്തി.

അവിടെ താലി എടുത്തു കൊടുക്കാൻ കാരണവരെ പോലെ മന്ത്രി കെ ടി ജലീൽ ഉണ്ടായിരുന്നു. വരണമാല്യം എടുത്ത് നൽകി വധൂവരന്മാരെ അനുഗ്രഹിക്കാൻ സ്പീക്കർ ശ്രീരാമകൃഷ്ണനും എത്തി. കെ ടി ജലീൽ നൽകിയ താലി പ്രഭേഷ് സുഗന്ധിയുടെയും മനോജ് കല്യാണിയുടെയും കഴുത്തിലണിഞ്ഞു. പിന്നീട് പരസ്പരം മോതിരവും കൈമാറി. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവർക്ക് വയോധികമന്ദരിതത്തിൽ തന്നെ സദ്യയും ഒരുക്കിയിരുന്നു.

വണ്ടൂർ എളങ്കൂർ എടക്കാട്ടിൽ വീട്ടിൽ ശിവദാസന്റെ മകൻ പ്രഭേഷാണ് സുഗന്ധിക്ക് താലി ചാർത്തിയത്. വട്ടംകുളം തെക്കുവീട്ടിൽ ശാന്തിയുടെ മകൻ മനോജാണ് കല്യാണിയെ വിവാഹം ചെയ്തത്. സാമീഹ്യനീതിവകുപ്പാണ് കല്ല്യാണിക്കും സുഗന്ധിക്കും വരന്മാരെ കണ്ടുപിടിച്ചതും വിവാഹം നടത്തിയതും.

മന്ത്രിക്കു പുറമെ നിരവധി ജനപ്രതിനിധികളും, നാട്ടുകാരുമടക്കം ആയിരത്തിലധികം ആളുകൾ വിവാഹത്തിന് സാക്ഷികളായെത്തി. സാമൂഹിക നീതി വകുപ്പ് സമ്മാനമായി നൽകിയ രണ്ട ലക്ഷം രൂപയും നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും ശ്രമഫലമായി കണ്ടെത്തിയ തുകയുമുപോയോഗിച്ചായിരുന്നു കല്യണത്തിന്റെ ചെലവ് വഹിച്ചത്.

തവനൂരിലെ വ്യപാരികളും, അങ്കണവാടി പ്രവർത്തകരുമെല്ലാം ഇരുവരുടെയും വിവാഹത്തിന് പൂർണ്ണ പിന്തുണയും സഹായങ്ങളുമായെത്തിയപ്പോൾ വിവാഹത്തിനാവശ്യമായ വിഭസമൃദ്ധമായ സദ്യ കൽപകഞ്ചേരി പുറ്റേക്കാട്ടിൽ ബ്രദേഴ്സ് സ്പോൺസർ ചെയ്തു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെടി ജലീൽ നേരിട്ടിടപെട്ടാണ് ഇരുവർക്കുംവേണ്ട അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളും കല്യാണത്തിന് വേണ്ട മറ്റുസഹായങ്ങളും സംഘടിപ്പിച്ചത്.

അനാഥരാണെന്ന പേരിൽ ഒരാളുടെയും വിവാഹസ്വപ്നങ്ങൾക്ക് മങ്ങലേൽക്കാൻ പാടില്ലെന്ന തവനൂർ മഹിളാമന്ദിരത്തിലെ പ്രവർത്തകരുടെ തീരുമാനത്തിന്റെ ഫലമായാണ് സുഗന്ധിക്കും, കല്യാണിക്കും ഇന്ന് എല്ലാവരെയും പോലെ വിവാഹിതരാകനായത്. ഇരുവരുടെയും കാര്യങ്ങൾ തവനൂർ മഹിളാമന്ദിരത്തിലെ ജീവനക്കാർ സാമൂഹിക നീതി വകുപ്പിനെയും, മന്ത്രിയെയും അറിയക്കുകയായിരുന്നു. പിന്നീട് തവനൂർ എം എൽ എ കൂടിയായ മന്ത്രി കെ ടി ജലീലിന്റെ നിർദ്ദേശപ്രകാരം നാട്ടിലെ സന്നദ്ധപ്രവർത്തകരും സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരും ചേർന്നാണ് വരന്മാരെ കണ്ടത്തിയതും വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ലക്ഷ്മി, വൈസ് പ്രസിഡണ്ട് അഡ്വ. പി പി മോഹൻദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസർ കെ വി സുഭാഷ് കുമാർ, ജ്യോതി പടിക്കൽ, മുല്ലപ്പള്ളി ബാലചന്ദ്രൻ, വയോധികമന്ദിരം സൂപ്രണ്ട് പി ഗോപാലകൃഷ്ണൻ നായർ, മഹിളാമന്ദിരം സൂപ്രണ്ട് സൈനബ എൻ ടി എന്നിവർ വിവാഹ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP