Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആകാശ ഗോപുരങ്ങൾ കെട്ടിപ്പടുക്കാൻ വേണ്ടി വന്നത് മാസങ്ങളോളം; എല്ലാം തവിടുപൊടി വേണ്ടത് സെക്കൻഡുകൾ മാത്രവും; മരടിലെ ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ തകർക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് മോക്ഡ്രിൽ; ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചും ഇന്ധനപൈപ്പുകൾ കാലിയാക്കി മുകളിൽ മണൽച്ചാക്ക് നിരത്തിയും എല്ലാം സജ്ജം; നാലു ഫ്‌ളാറ്റുകളിലായി നിറച്ചത് 1600 കിലോ സ്‌ഫോടക വസ്തുക്കൾ; സ്ഫോടനം തുടങ്ങിയാൽ 12 സെക്കൻഡുകൾക്കകം കെട്ടിടം നിലംപതിക്കും; 30,000 ടൺ കോൺക്രീറ്റ് മാലിന്യം ബാധ്യതയാകും

ആകാശ ഗോപുരങ്ങൾ കെട്ടിപ്പടുക്കാൻ വേണ്ടി വന്നത് മാസങ്ങളോളം; എല്ലാം തവിടുപൊടി വേണ്ടത് സെക്കൻഡുകൾ മാത്രവും; മരടിലെ ഫ്‌ളാറ്റുകൾ സ്‌ഫോടനത്തിലൂടെ തകർക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ഇന്ന് മോക്ഡ്രിൽ; ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചും ഇന്ധനപൈപ്പുകൾ കാലിയാക്കി മുകളിൽ മണൽച്ചാക്ക് നിരത്തിയും എല്ലാം സജ്ജം; നാലു ഫ്‌ളാറ്റുകളിലായി നിറച്ചത് 1600 കിലോ സ്‌ഫോടക വസ്തുക്കൾ; സ്ഫോടനം തുടങ്ങിയാൽ 12 സെക്കൻഡുകൾക്കകം കെട്ടിടം നിലംപതിക്കും; 30,000 ടൺ കോൺക്രീറ്റ് മാലിന്യം ബാധ്യതയാകും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശനിയാഴ്ച രാവിലെ സമയം 11-ന് ആദ്യ വെടിപൊട്ടും. ഇതോടെ ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. എന്ന അംബര ചുംബിയായ ഫ്‌ളാറ്റ് സമുച്ചയം തവിടുപൊടി. അടുത്തത്ത ഊഴം ആൽഫ സെറീന്റെത്. ഇതും ഞെടി ഇടയിൽ നിലം പതിക്കുന്നതോടെ ആയുസ്സാ ഒരു ദിവസത്തേക്ക് മാത്രമായി മറ്റ് രണ്ട് ഫ്‌ളാറ്റുകളും. ഞായറാഴ്ച രാവിലെ 11-ന് ജെയിൻ കോറൽകോവും രണ്ടുമണിക്ക് ഗോൾഡൻ കായലോരവും തകർന്നുവീഴും. ഇതോടെ മാസങ്ങളോളം കോടതി കയറുകയും നിരവധി പേരുടെ കണ്ണീർ വീഴുകയും ചെയ്ത ഫ്‌ളാറ്റ് സമുച്ചയം ഓർമ്മയായി മാറും.

മരടിൽ തീരദേശ നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച നാല് പാർപ്പിട സമുച്ചയങ്ങൾ പൊളിക്കാനുള്ള സ്ഫോടനത്തിന് ഇനി മണിക്കൂറുകൾ മാത്രമായിരുന്നു. നിയമം ലംഘിച്ചുള്ള നിർമ്മാണത്തിന്റെ പേരിൽ സുപ്രീംകോടതി ഉത്തരവുപ്രകാരം ഇത്രയും വലിയ നിർമ്മാണങ്ങൾ ഒറ്റയടിക്ക് ഇല്ലാതാക്കുന്നത് രാജ്യത്ത് ആദ്യം. നിയന്ത്രിത സ്ഫോടനത്തിലൂടെ വൻകിട നിർമ്മാണങ്ങൾ ഒന്നിച്ച് വീഴ്‌ത്തുന്നതും ആദ്യം. വിദഗ്ധരുടെ നേതൃത്വത്തിൽ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കിയാണ് രാജ്യമാകെ ഉറ്റുനോക്കുന്ന സ്ഫോടനത്തിന് നിമിഷങ്ങൾ എണ്ണുന്നത്. ഇരൂനൂറോളം കെട്ടിടങ്ങൾ പൊളിക്കുന്നതിന് നേതൃത്വം നൽകി ഗിന്നസ് റെക്കോഡിട്ട ശരത് ബി സർവാതെ തയ്യറാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നു.

ഫ്‌ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിൽ നിരോധനാജ്ഞയാണ്. ജനവാസകേന്ദ്രങ്ങൾ ഒഴിപ്പിച്ചു. സമീപത്തെ ഇന്ധനപൈപ്പുകൾ കാലിയാക്കി മുകളിൽ മണൽച്ചാക്ക് നിരത്തി. സ്ഫോടനദിവസം കുണ്ടന്നുർ ബൈപാസിലും ഇടറോഡുകളിലും നിയന്ത്രണമുണ്ടാകും. മുംബൈയിലെ എഡിഫസ് എൻജിനിയറിങ്, ചെന്നൈയിലെ വിജയ് സ്റ്റീൽസ് കമ്പനികളാണ് സ്ഫോടനം നടത്തുക. കെട്ടിടഭാഗങ്ങൾ പൊട്ടിത്തെറിക്കാതെ അൽപ്പം ചരിഞ്ഞ് തകർന്നുവീഴുന്ന തരത്തിലാണ് സ്ഫോടനം. 1600 കിലോ സ്ഫോടകവസ്തുക്കളാണ് നാല് ഫ്‌ളാറ്റുകളിലായി നിറച്ചിട്ടുള്ളത്. സ്ഫോടനം തുടങ്ങിയാൽ 12 സെക്കൻഡുകൾക്കകം കെട്ടിടം നിലംപതിക്കും. 30,000 ടൺ കോൺക്രീറ്റ് മാലിന്യമാണ് കൂനയാകുക.

പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ (പെസൊ) അധികൃതരും ചെന്നൈ ഐഐടി സംഘവും വ്യാഴാഴ്ച ഫ്‌ളാറ്റുകളിൽ അവസാനവട്ട പരിശോധന നടത്തി. ചീഫ് സെക്രട്ടറി ടോം ജോസും വ്യാഴാഴ്ച സ്ഥലം സന്ദർശിച്ചു. വെള്ളിയാഴ്ച മോക്ഡ്രിൽ നടത്തും. ഫ്‌ളാറ്റിന്റെ മുൻ ഉടമകളിൽ ഭൂരിപക്ഷം പേർക്കും പഴയ ഫ്‌ളാറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ കാണാൻപോലും ധൈര്യമില്ല. ഒരു ദിവസം കൂടി കഴിഞ്ഞാൽ ഇവ ഫ്‌ളാറ്റുകൾ ഇല്ലെന്നത് അവർക്ക് വൈകാരികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ആൽഫ സെറീൻ ഒഴികെയുള്ള എല്ലായിടത്തും സ്‌ഫോടകവസ്തുക്കൾ നിറച്ചുകഴിഞ്ഞു. വെള്ളിയാഴ്ച അവസാന കണക്ഷനുകൾ നൽകും.

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ., ആൽഫ സെറീൻ ഫ്‌ളാറ്റുകളുടെ 200 മീറ്റർ ചുറ്റളവിലുള്ളവരെ ശനിയാഴ്ച രാവിലെ ഒമ്പതുമണിക്കു മുമ്പ് ഒഴിപ്പിക്കും. എട്ടു മുതൽ നാലു വരെ ഇത്രയും ഭാഗത്ത് നിരോധനാജ്ഞയുണ്ട്. 200 മീ. അകലെ നിന്ന് സ്‌ഫോടനങ്ങൾ കാണാൻ കഴിയും. പറക്കൽരഹിത മേഖല (നോ ഫ്‌ളൈ സോൺ) യാണിത്. ഒഴിപ്പിക്കുന്ന പ്രദേശത്ത് വ്യാഴാഴ്ച അടയാളമായി കൊടി വെച്ചുതുടങ്ങി. ഫ്രാറ്റുകൾ വീഴുമ്പോഴുള്ള പ്രകമ്പനം പഠിക്കാൻ ചെന്നൈ ഐ.ഐ.ടി. സംഘം എത്തി. ഇവർ ഇതിനുള്ള ഉപകരണങ്ങൾ സ്ഥാപിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് വ്യാഴാഴ്ച വൈകീട്ട് ഫ്‌ളാറ്റുകൾ സന്ദർശിച്ചു.

ആൽഫ സെറീനിൽ സ്‌ഫോടകവസ്തു നിറയ്ക്കുന്നത് വ്യാഴാഴ്ചയും പൂർത്തിയായില്ല. രണ്ട് ടവറുകളിൽ ഒരെണ്ണത്തിലേ പണി തീർന്നിട്ടുള്ളൂ. രണ്ടാം ടവറിൽ കുറച്ചുകൂടി ജോലി ബാക്കിയുണ്ടെന്ന് ഉന്നതോദ്യോഗസ്ഥർ അറിയിച്ചു. വി.ഐ.പി.കൾ പതിവായി സന്ദർശിക്കുന്നതിനാൽ പണി നിർത്തിവെക്കേണ്ടി വന്നെന്നും അതിനാലാണ് തീരാഞ്ഞതെന്നുമാണ് പറയുന്നത്. സ്‌ഫോടകവസ്തുവിന്റെ അളവ് ഇവർ ആദ്യം ഉദ്ദേശിച്ച 500 കിലോയിൽനിന്ന് 343 കിലോയായി കുറച്ചിട്ടുണ്ട്. ഇതിനു പകരമായി ഡിറ്റണേറ്റിങ് ഫ്യൂസ് 1500 മീറ്ററിൽനിന്ന് മൂവായിരമാക്കി.

60 കോടിയുടെ ഇൻഷുറൻസ് എടുത്തിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ വീടുകൾ അടക്കം സമീപ കെട്ടിടങ്ങൾക്കുണ്ടാവുന്ന നാശനഷ്ടങ്ങൾ നേരിടാൻ 60 കോടിയുടെ ഇൻഷുറൻസെടുത്തതായി സർക്കാർ. ആൽഫ സെറീൻ എന്ന ഫ്‌ളാറ്റിന് സമീപത്തെ ബന്ധപ്പെടുത്തി 50 കോടിയുടെയും ഗോൾഡൻ കായലോരം ഫ്‌ളാറ്റുമായി ബന്ധപ്പെടുത്തി പത്ത് കോടിയുടെയും ഇൻഷുറൻസുകൾ ഉള്ളതായാണ് സ്‌റ്റേറ്റ് അറ്റോർണി കോടതിയെ അറിയിച്ചത്. ആൽഫയുടെ രണ്ട് ടവറുകൾക്കായി 25 കോടി വീതമാണ് എടുത്തത്.

തങ്ങളുടെ റെസിഡൻഷ്യൽ അപ്പാർട്ട്മന്റെിന് കേടുപാടുണ്ടായാൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ 125 കോടിയുടെ ഇൻഷുറൻസ് പോളിസി എടുക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹീര കൺസ്ട്രക്ഷൻസ് കമ്പനിയും വീടുകളടക്കം കെട്ടിടങ്ങളുടെ മൂല്യനിർണയം നടത്തണമെന്നാവശ്യപ്പെട്ട് 200 ചുറ്റളവിലെ താമസക്കാരായ നൂറോളം അയൽവാസികളും നൽകിയ ഹരജികളിലാണ് സർക്കാറിന്റെ വിശദീകരണം.

അതേസമയം, മൂല്യനിർണയം അടക്കം ആവശ്യം ഉന്നയിക്കുന്ന ഹരജി വൈകിയതെന്തെന്ന് കോടതി ചോദിച്ചു. നേരത്തേ പത്തു പേരാണ് ഇതേ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, വ്യാഴാഴ്ച മറ്റ് 83 പേർ കൂടി സമാന ഹരജിയുമായി എത്തി. വൈകിയ വേളയിൽ ഇത്തരമൊരു ആവശ്യം അനുവദിക്കാനാവില്ലെന്നും കോടതി വാക്കാൽ വ്യക്തമാക്കി. ഹരജികൾ ഫയലിൽ സ്വീകരിച്ച കോടതി, വിശദീകരണം നൽകാൻ സർക്കാറിനോട് നിർദ്ദേശിച്ച് പിന്നീട് വീണ്ടും പരിഗണിക്കാൻ മാറ്റി.

സ്‌ഫോടനത്തിന് ഉപയോഗിക്കുന്നത് നാല് തരം സ്‌ഫോടക വസ്തുക്കൾ

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാൻ ഉപയോഗിക്കുന്നതു 4 തരം സ്‌ഫോടക വസ്തുക്കളാണ്. എമൽഷൻ, ഷോക്ക് ട്യൂബ് ഡിറ്റണേറ്ററുകൾ, ഡിറ്റണേറ്റിങ് ഫ്യൂസ്, ഇലക്ട്രിക് ഡിറ്റണേറ്ററുകൾ എന്നിവയാണവ. 100 മീറ്റർ അകലെയുള്ള ബ്ലാസ്റ്റ് ഷെഡിലെ 'എക്‌സ്‌പ്ലോഡർ' പ്രവർത്തിപ്പിക്കുമ്പോഴാണ് ഡിറ്റണേറ്ററുകളിലേക്കു വൈദ്യുതി പ്രവഹിച്ച് സ്‌ഫോടനം നടക്കുന്നത്.

എമൽഷൻ

നാഗ്പുരിലെ സോളർ എക്‌സ്‌പ്ലോസിവ്സിന്റെ 'സൂപ്പർ പവർ 90' എമൽഷനാണു മരടിലെ ഫ്‌ളാറ്റുകളിൽ സ്‌ഫോടനം നടത്താൻ ഉപയോഗിക്കുന്നത്. അമോണിയം നൈട്രേറ്റാണു മുഖ്യ ഘടകം. നനഞ്ഞാലും പൊട്ടും.

ഷോക്ക് ട്യൂബ് ഡിറ്റണേറ്റർ

നോൺ ഇലക്ട്രിക് ഡിറ്റണേറ്ററുകളാണ് ഷോക്ക് ട്യൂബ് ഡിറ്റണേറ്റർ. കെട്ടിടങ്ങളിൽ സ്‌ഫോടനം നടത്തുന്നതിനാണു പ്രധാനമായി ഉപയോഗിക്കുന്നത്. ഇലക്ട്രിക് വയറുകൾക്കു പകരം പൊള്ളയായ പ്ലാസ്റ്റിക് ട്യൂബുകളാണ് ജ്വലനത്തിന് ഉപയോഗിക്കുന്നത്.

ഡിറ്റണേറ്റിങ് ഫ്യൂസ്

കട്ടി കുറഞ്ഞ, വളയ്ക്കാവുന്ന പ്ലാസ്റ്റിക് ട്യൂബുകളാണ് ഡിറ്റണേറ്റിങ് ഫ്യൂസ് (ഡിഎഫ്). ഈ ട്യൂബിനുള്ളിൽ പെന്റാഎറിത്രിറ്റോൾ ടെട്രാനൈട്രേറ്റ് (പെൻട്രൈറ്റ്) നിറച്ചിരിക്കും.


ഇലക്ട്രിക് ഡിറ്റണേറ്ററുകൾ

സ്‌ഫോടന സമയം ക്രമീകരിക്കാൻ കഴിയുന്ന ഡിലെ ഇലക്ട്രിക് ഡിറ്റണേറ്ററുകളാണ് ഇവ. മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ വിവിധ നിലകളിലെ സ്‌ഫോടന സമയം ക്രമീകരിക്കാൻ കഴിയും.

എക്‌സ്‌പ്ലോഡർ

ഡിറ്റണേറ്ററുകളിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാനുള്ള സ്വിച്ചാണ് ബ്ലാസ്റ്റിങ് എക്‌സ്‌പ്ലോഡർ. ഫ്‌ളാറ്റുകളിൽ നിന്നു 100 മീറ്റർ ദൂരെ തയാറാക്കിയ ഷെഡിലാണ് ഇതു സ്ഥാപിക്കുക.

സ്‌ഫോടനം ഒരുമിച്ചല്ല

ഓരോ നിലയിലും സ്‌ഫോടനം നടക്കുക മില്ലി സെക്കൻഡുകളുടെ വ്യത്യാസത്തിൽ. ശക്തിയേറിയ പ്രാഥമിക സ്‌ഫോടനങ്ങളും ശക്തി കുറഞ്ഞ രണ്ടാംഘട്ട സ്‌ഫോടനങ്ങളും ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന് ഹോളി ഫെയ്ത്ത് എച്ച്ടു ഒ ഫ്‌ളാറ്റിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ മാത്രമാണ് ആദ്യസ്‌ഫോടനം നടക്കുക. 17 മില്ലി സെക്കൻഡിനു ശേഷം ഒന്നാം നിലയിലും 25 മില്ലി സെക്കൻഡിനു ശേഷം അഞ്ചാം നിലയിലും എട്ടാം നിലയിലും സ്‌ഫോടനം നടക്കും. 11, 14 നിലകളിൽ 200 മില്ലി സെക്കൻഡിനു ശേഷമായിരുക്കും സ്‌ഫോടനം. 200 മില്ലി സെക്കൻഡിനുള്ളിൽ എല്ലാം പൂർത്തിയാകും. 45 സെക്കൻഡിനുള്ളിൽ കെട്ടിടം നിലം പതിക്കും. നെട്ടൂർ ആൽഫ സെറീൻ ഫ്‌ളാറ്റ് തകർക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിൽ വീഴുമെന്ന് ആശങ്കയുണ്ട്. മലിനീകരണം കണക്കാക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് പ്രത്യേക ഉപകരണങ്ങൾ സ്ഥാപിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP