Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ട് ടവറുകളിലായി 3598 ദ്വാരങ്ങളിൽ 500 കിലോ സ്ഫോടക വസ്തുക്കൾ ആൽഫാ സെറിനിൽ; 12ന് തകർക്കപ്പെടുന്ന ജെയിൻ കോറൽ കോവിൽ 90 ശതമാനം പണികൾ പൂർത്തിയായി; വലിയ കോൺക്രീറ്റ് കഷണങ്ങൾ ദൂരേക്ക് തെറിക്കാതിരിക്കാൻ അഞ്ച് അടുക്കുകളിൽ കമ്പി വലകളും; മരട് ഫ്ളാറ്റുകൾക്ക് ഇനി ആയുസ് 4 ദിവസം മാത്രം; സ്‌ഫോടന പരിസരങ്ങൾ ഇനി കർശന നിയന്ത്രണത്തിൽ; സുരക്ഷാ ക്രമീകരണങ്ങൾ ഇങ്ങനെ

പി.എസ്.സുവർണ

കൊച്ചി : മരടിലെ ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിന് വിധേയമാവാൻ നാല് ദിവസങ്ങൾ മാത്രം. 11 ന് എച്ച്2ഒ ഹോളിഫെയ്ത്തും, ആൽഫാ സെറീനും. 12ന് ഗോൾഡൻ കായലോരവും, ജെയിൻ കോറൽ കോവുമാണ് തകർക്കപ്പെടുന്നത്. ഇവയിൽ ആദ്യം സ്ഫോടനത്തിന് വിധേയമാക്കപ്പെടുന്ന ഫ്ളാറ്റുകളിൽ ഒന്നായ എച്ച്2ഒ നിയന്ത്രിത സ്ഫോടനത്തിന് സജ്ജമായിക്കഴിഞ്ഞു. ആൽഫാ സെറീനിൽ സ്ഫോടക വസ്തുക്കൾ നിറച്ച് തുടങ്ങി. 12ന് തകർക്കപ്പെടുന്ന ജെയിൻ കോറൽ കോവിൽ 90 ശതമാനം പണികൾ പൂർത്തിയായി. നിയന്ത്രിത സ്ഫോടനത്തിൻ ഒരുങ്ങുന്ന നാല് ഫ്ളാറ്റുകളിൽ ഏറ്റവും ചെറിയ ഫ്ളാറ്റായ ഗോൾഡൻ കായലോരത്ത് ഇന്ന് മുതൽ സ്ഫോക വസ്തുക്കൾ നിറച്ച് തുടങ്ങും.

രണ്ട് ടവറുകളിലായി 3598 ദ്വാരങ്ങളിൽ 500 കിലോ സ്ഫോടക വസ്തുക്കളാണ് ആൽഫാ സെറീനിൽ ആവശ്യമായി വരിക. എന്നാൽ ഏറ്റവും അവസാനം സ്ഫോടനം നടക്കുന്ന ഗോൾഡൻ കായലോരത്താണ് ഏറ്റവും കുറവ് സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നത്. 960 ദ്വാരങ്ങളിലായി 15 കിലോ സ്ഫോടക വസ്തുക്കൾ മാത്രമാണ് ഇവിടെ ഉപയോഗിക്കുക. അതേസമയം ഫ്ളാറ്റുകളിൽ സ്ഫോടക വസ്തുക്കൾ സ്ഥാപിച്ചിട്ടുള്ള തൂണുകളെ 5 അടുക്കുകളിലുള്ള കമ്പിവലകൾ ഉപയോഗിച്ച് പൊതിഞ്ഞിട്ടുണ്ട്. സ്ഫോടനത്തിൽ ഈ തൂണുകൾ പൊട്ടിത്തെറിക്കുമ്പോൾ വലിയ കോൺക്രീറ്റ് കഷണങ്ങൾ ദൂരേക്ക് തെറിക്കാതെയിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. കൂടാതെ ഇതിന് പുറമേ സ്ഫോടനം നടക്കുന്ന നിലകളിൽ 2.13 മീറ്റർ ഉയരത്തിൽ കമ്പിവലകൾ ഉപയോഗിച്ച് മതിലും തീർത്തിട്ടുണ്ട്. ദൂരേക്ക് തെറിക്കുന്ന വലിയ കഷണങ്ങൾ ഈ കമ്പിവലയിൽ കുടുങ്ങും.

സ്ഫോടക വസ്തുക്കൾ സ്ഥാപിച്ച തൂണുകളിൽ 5 അടുക്ക് കമ്പിവലയ്ക്ക് പുറത്തായി 4 അടുക്ക് ജിയോ ടെക്സ്റ്റൈൽ ഉപയോഗിച്ച് പൊതിയുന്നതും. ഇതിന് പുറമേ സ്ഫോടനം നടക്കുന്ന നിലകളിൽ 3 അടുക്കുകളായി ജിയോ ടെക്സ്റ്റൈൽ കർട്ടനുകളും ഇടുന്നത് സ്ഫോടനം നടക്കുമ്പോൾ കമ്പിവലകളിൽ കുടുങ്ങാതെ പുറത്തേക്ക് തെറിക്കുന്ന ചെറിയ കഷണങ്ങൾ ജിയോ ടെക്സ്റ്റൈൽ കർട്ടനുകളിൽ കുടുങ്ങുമെന്നതിനാലാണ്. 100 ശതമാനം പുനരുപയോഗിക്കാവുന്ന പോളിസ്റ്റർ ഉൽപന്നമാണ് ജിയോ ടെക്സ്റ്റൈൽ. ഉപയോഗ ശേഷമുള്ള കൂൾഡ്രിങ്ക്്സ് ബോട്ടിലുകളിൽ നിന്നാണ് ഇതുണ്ടാക്കുന്നത്.

മരടിലെ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ നിരവധി സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതരുടെ നിർദ്ദേശപ്രകാരം നടത്തുന്നത്. സ്ഫോടക വസ്തുക്കൾ നിറച്ച തൂണുകൾക്ക് ചുറ്റും കമ്പിവലകൾ സ്ഥാപിക്കുന്നതും ജിയോ ടെക്സ്റ്റൈലുകൾ സ്ഥപിക്കുന്നതും ഫ്ളാറ്റിലെ ജോയിന്റുകൾ മുറിക്കുന്നതും കിടങ്ങുകൾ ഇടുന്നതുമെല്ലാം സുരക്ഷയുടെ ഭാഗമായിട്ടാണ്.

ഫ്ളാറ്റ് കെട്ടിടത്തെ പരസ്പരം ബന്ധിപ്പിക്കുന്ന സ്റ്റെയർ കേസുകൾ ഇതിനകം മുറിച്ചിട്ടുണ്ട്. സ്ഫോടനം നടക്കുമ്പോൾ കെട്ടിടം പെട്ടെന്ന് താഴേക്ക് പോകാൻ അത് സഹായിക്കും. അതുപോലെ തന്നെ ഗോൾഡൻ കായലോരം രണ്ടായി പിളർത്തി പൊളിക്കാനായി മധ്യത്തിലായി ഇതിനകം ഭാഗികമായി മുറിച്ചിട്ടുണ്ട്. നിശ്ചയിച്ച സ്ഥലത്ത് തന്നെ കെട്ടിട അവശിഷ്ടങ്ങൾ വീഴാൻ ഇത് സഹായിക്കും.

അതേസമയം ആൾതാമസം കൂടുതലുള്ള ആൽഫ സെറീൻ ഫ്ളാറ്റിനു ചുറ്റും മാത്രമാണ് കിടങ്ങുകൾ കുഴിച്ചിട്ടുള്ളത്. കെട്ടിട അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുമ്പോൾ അത് ഉണ്ടാക്കുന്ന ആഘാതം ഭൂമിയിൽ പ്രകമ്പനങ്ങൾ സൃഷ്ടിക്കും. ഇത് ഭൂമിയിലൂടെ അതിവേഗത്തിൽ സഞ്ചരിക്കാം. കിടങ്ങുകൾ കുഴിക്കുന്നതിലൂടെ ഈ പ്രകമ്പനങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താനാവും.

ഫ്ളാറ്റുകൾ പൊളിച്ചു നീക്കാൻ നാല് ദിവസം മാത്രം ശേഷിക്കേ അവശേഷിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് അധികൃതരും, പൊളിക്കലിന്റെ ചുമതലയുള്ള കമ്പനിക്കാരും. എന്നാൽ സമീപവാസികളുടെ ആശങ്കയ്ക്ക് മാത്രം ഒരു കുറവും ഇല്ല. ബാങ്കുകളിൽ നിന്ന് വലിയ തുക വായ്‌പ്പയെടുത്ത് വീടുകൾ പണിതവരാണ് ഒട്ടുമിക്കയാളുകളും , അവരെ സംബന്ധിച്ച് ഫ്ളാറ്റ് പൊളിക്കുമ്പോൾ തങ്ങളുടെ വീടുകൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്ക കൂടുതലാണ്. അതുകൊണ്ട് തന്നെ ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കൽ നോട്ടീസ് നൽകാനെത്തിയ ഉദ്യോഗസ്ഥർക്കെതിരേ നാട്ടുകാർ പ്രതിഷേധിച്ചു.

'നിങ്ങളെപ്പോലെയുള്ളവർ കൈക്കൂലി വാങ്ങി കാണിച്ചുകൂട്ടിയ കൊള്ളരുതായ്മകൾക്ക് ദുരിതമനുഭവിക്കേണ്ടി വന്നത് നിരപരാധികളായ ഞങ്ങളാണെന്ന്' വിളിച്ചുപറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. വീടുകളുടെ അവസ്ഥ ഓർത്ത് ആശങ്കപ്പെടുന്നവർക്കൊപ്പം തന്നെ ഉണ്ടായിരുന്ന ജീവിത മാർഗം നഷ്ടപ്പെട്ടവരും ഉണ്ട്. ആൽഫാ സെറീൻ ഫ്ളാറ്റുകളിൽ ജോലിക്ക പോയിരുന്നവരും, അല്ലാതെ ഫ്ളാറ്റുകളിൽ ജോലി ചെയിതിരുന്നവരുടെയുമെല്ലാം ജോലി നഷ്ടമായതോടെ ഇനി എന്ത് ചെയ്യുമെന്ന ചിന്തയിലാണ് അവർ മുന്നോട്ട് പോവുന്നത്. മാത്രമല്ല ഇവർക്കാർക്കും ഇതുവരെയും മറ്റ് ജോലികൾ ഒന്നും ആയിട്ടുമില്ല.

എന്തായാലും മരടിലെ നാല് ഫ്ളാറ്റുകൾ പൊളിക്കപ്പെടാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ സുരക്ഷയൊരുക്കാൻ 2000 പൊലീസുകാരാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. സ്ഫോടനത്തിന് മുമ്പും ശേഷവുമുള്ള ക്രമീകരണങ്ങൾ എല്ലാം എങ്ങനെയാവണമെന്ന ധാരണയും തയ്യാറായി. മാത്രമല്ല ഫ്ളാറ്റ് പൊളിക്കുന്നത് കാണുന്നതിനായി എത്തുന്നവർക്ക് പൊലീസ് നിർദ്ദേശിക്കുന്ന സ്ഥലത്ത് നിന്ന് മാത്രം സ്ഫോടനം കാണാമെന്നും അധികാരികൾ അറിയിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP