Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മരടിലെ ഫ്ളാറ്റുകൾക്ക് ഇനി ആയുസ് കൃത്യം ഒരു മാസം; സ്ഫോടനം നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലെ ഭിത്തികൾ പൊളിച്ച് മാറ്റി; തലയുയർത്തി നിന്ന ഫ്ളാറ്റുകളുടെ സ്ഥാനത്ത് ഇപ്പോൾ അവയുടെ അസ്ഥിക്കൂടങ്ങൾ മാത്രം; ഫ്ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തകൃതിയായി നടക്കുമ്പോഴും നാശനഷ്ടങ്ങൾ സംഭവിക്കുന്നവർക്ക് ഇൻഷുറൻസ് നൽകുമെന്ന് പറഞ്ഞതിൽ വിശ്വാസമില്ലാതെ നാട്ടുകാർ..

മരടിലെ ഫ്ളാറ്റുകൾക്ക് ഇനി ആയുസ് കൃത്യം ഒരു മാസം; സ്ഫോടനം നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലെ ഭിത്തികൾ പൊളിച്ച് മാറ്റി; തലയുയർത്തി നിന്ന ഫ്ളാറ്റുകളുടെ സ്ഥാനത്ത് ഇപ്പോൾ അവയുടെ അസ്ഥിക്കൂടങ്ങൾ മാത്രം; ഫ്ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ തകൃതിയായി നടക്കുമ്പോഴും നാശനഷ്ടങ്ങൾ സംഭവിക്കുന്നവർക്ക് ഇൻഷുറൻസ് നൽകുമെന്ന് പറഞ്ഞതിൽ വിശ്വാസമില്ലാതെ നാട്ടുകാർ..

സുവർണ പി എസ്

കൊച്ചി: മരടിലെ വിവാദ ഫ്ളാറ്റുകൾ പൂർണ്ണമായും പൊളിച്ച് നീക്കാൻ ഇനി ഒരു മാസം കൂടി. തീരദേശ സംരക്ഷണ നിയമം അവഗണിച്ചും നിലം നികത്തിയും ഫ്ളാറ്റ് നിർമ്മിച്ചതിനെതിരെ കോടതി ശക്തമായ നടപടിയെടുത്തതോടെയാണ് ഫ്ളാറ്റുകൾ പൊളിക്കാൻ തീരുമാനമായത്. ഇതിന് പിന്നാലെ ഘട്ടം ഘട്ടമായി ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമായി ഫ്‌ളാറ്റിൽ സ്‌ഫോടനം നടത്താൻ ഉദ്ദേശിക്കുന്ന ഭാഗങ്ങളിലെ ഭിത്തികൾ പൊളിച്ച് മാറ്റി. തലയുയർത്തി നിന്ന ഫ്ളാറ്റുകളുടെ സ്ഥാനത്ത് ഇപ്പോൾ അവയുടെ അസ്ഥിക്കൂടങ്ങൾ സ്ഫോടനത്തിനായി കാത്തുകിടക്കുകയാണ്. ജനുവരി 11 ന് ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യും. ആൽഫ സെറീനും. 12 ന് ഗോൾഡൻ കായലോരവും ജെയിൻ കോറൽകോവും നിയന്ത്രിത സ്പോടനത്തിന് വിധേയമാക്കും.

ഫ്ളാറ്റുകളുടെ ഉൾഭിത്തികൾ പൊളിച്ച് മാറ്റി സ്ഫോടകവസ്തുക്കൾ നിറയ്ക്കുന്നതിനുള്ള സുഷിരങ്ങൾ ഉണ്ടാക്കി പൊതിഞ്ഞുവെച്ചിരിക്കുകയാണ് ഇപ്പോൾ. ഈ സുഷിരങ്ങളിൽ സ്ഫോടനത്തിന് തൊട്ടുമ്പുള്ള ദിവസങ്ങളിൽ മാത്രമേ സ്ഫോടകവസ്തുക്കൾ നിറയ്ക്കുകയുള്ളൂ. അതേസമയം സ്ഫോടനത്തിനുള്ള എതിർപ്പില്ലാ രേഖ ജില്ലാ കളക്ടർ ഒന്നോ രണ്ടോ ദിവസത്തിനകമാവും നൽകുക എന്നാണ് അറിയുന്നത്. പൊളിക്കാനുള്ള നടപടികൾ തകൃതിയായി നടക്കുകയാണ് എന്തായാലും. ജനുവരിയാവുന്നതോടെ ഫ്ളാറ്റുകൾ സന്ദർശിക്കാൻ ഉദ്യോഗസ്ഥർ എത്തും. അതായത് ജനുവരി ഒന്നു മുതൽ പെസോയുടെ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ) ഉദ്യോഗസ്ഥർ കൂടെകൂടെ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും. അതിനോടൊപ്പം തന്നെ പൊളിക്കാൻ പോവുന്ന നാല് ഫ്ളാറ്റുകളുടെയും ചുമതല ഓരോർത്തർക്കായി നൽകും. പെസോയാണ് കളക്ടറുടെ എൻ.ഒ.സി.യുമായി വരുന്ന ഏജൻസികൾക്ക് സ്ഫോടനത്തിനുള്ള പെർമിറ്റ് നൽകുന്നതെന്നാണ് ഡെപ്യൂട്ടി ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സ് ഡോ. ആർ.വേണുഗോപാൽ പറഞ്ഞത്. മാത്രമല്ല പെസോയും ഡയറക്ടർ ജനറൽ ഓഫ് മൈൻസ് സേഫ്ടിയും അംഗീകാരം നൽകിയിട്ടുള്ള ബ്ലാസ്റ്റർമാരാകും ഫ്ളാറ്റുകളിൽ സ്ഫോടനം നടത്തുക.

അതേസമയം ഹോളിഫെയ്ത്ത് എച്ച്.ടു.ഒ.യ്ക്ക് 12.6 മീറ്റർ മുന്നിലൂടെ തുറമുഖത്ത് നിന്ന് പോവുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പെപ്പ് ലൈനുകളിൽ സ്ഫോടനത്തിന്റെ തലേന്ന് കടൽവെള്ളം നിറച്ചിടാനാണ് പെസോ പറഞ്ഞിരിക്കുന്നത്. ഇതിനായി ഐ.ഒ.സി.ക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. കാരണം ഹോളിഫെയ്ത്തിന് മുന്നിലൂടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 24 ഇഞ്ചിന്റെ രണ്ട് പൈപ്പുകളാണ് പോവുന്നത്. ഒന്നിൽ പെട്രോളും, മറ്റേതിൽ ഡീസലുമാണ്. അതിനാൽ തന്നെ ഫ്ളാറ്റിൽ സ്ഫോടനം നടത്തുന്നതിന് മുന്നോടിയായി ഇതിലൂടെ പെട്രോളും, ഡീസലും കടത്തിവിടുന്നത് നിർത്തിവെയ്ക്കും. കൂടാതെ ഫ്ളാറ്റിന് മുന്നിൽ പതിനഞ്ച് മീറ്ററോളം രണ്ട് തട്ടിൽ മണൽച്ചാക്കുകൾ കൊണ്ട് മറയ്ക്കുകയും ചെയ്യും.

ഫ്ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ കൃത്യമായി തന്നെയാണ് നടത്തുന്നത്. എല്ലാ തരത്തിലുമുള്ള സുരക്ഷ ഉറപ്പാക്കിയതിന് ശേഷം തന്നെയാവും ഫ്ളാറ്റ് പൊളിക്കുക. അതിനാൽ തന്നെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. സുരക്ഷയ്ക്ക് മുൻഗണന നൽകിയാണ് നാശനഷ്ടങ്ങൾ സംഭവിക്കുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടാവുമെന്ന് ഉറപ്പ് നൽകിയത്. എന്നാൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായാൽ ഏർപ്പെടുത്തുന്ന ഇൻഷുറൻസ് പരിരക്ഷയുടെ വ്യവസ്ഥകളെക്കുറിച്ച് സംശയമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. അതുകൊണ്ട് തന്നെ ഫ്ളാറ്റ് പൊളിക്കുന്നതിന് മുമ്പ് സമീപത്തെ വീടുകളുടെ മൂല്യനിർണയം നടത്താനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞു.

ഫ്ളാറ്റുകളുടെ സമീപത്തുള്ള സ്ട്രക്ചറൽ വാല്യു നിർണയിക്കാനെത്തിയ ടെക്നിക്കൽ സംഘത്തിലുള്ള എൻജിനീയറിങ്ങ് ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞത്. ഉദ്യോഗസ്ഥരെ തടഞ്ഞതിനെ തുടർന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ സിങ് സംഭവസ്ഥലത്തെത്തി. എന്നാൽ സബ് കളക്ടർ എത്തിയതോടെ തർക്കം രൂക്ഷമായി. ഇതോടെ നാട്ടുകാർക്ക് ആവശ്യമില്ലെങ്കിൽ ഉദ്യോഗസ്ഥരോട് നഗരസഭയിലേക്ക് തിരികെ പോയ്ക്കൊള്ളാൻ കളക്ടർ പറഞ്ഞു. തുടർന്ന് സബ് കളക്ടറിനോട് സംസാരിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടപ്പോൾ നഗരസഭയിലേക്ക് വന്നാൽ ചർച്ചചെയ്യാമെന്ന് കളക്ടർ പറഞ്ഞു. പിന്നീട് നഗരസഭയിൽ നടന്ന ചർച്ചയിൽ മൂല്യനിർണയം പുനരാരംഭിക്കാൻ തീരുമാനമായി.

എന്തൊക്കെയായാലും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായാൽ കിട്ടുന്ന ഡിപ്രിസിയേഷൻ കഴിഞ്ഞുള്ള തുകയ്ക്ക് പുതിയ വീട് പണിയാൻ സാധിക്കില്ലെന്നും. ഇൻഷുറൻസ് വ്യവസ്ഥകളിൽ അവ്യക്തകളുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സ്ഫോടനത്തിന് മുമ്പ് വീടുകളുടെ മൂല്യനിർണയം നടത്തുന്നതും, വീഡിയോ എടുക്കുന്നതും, ആ വീഡിയോ സൂക്ഷിക്കുന്നതും. പിന്നീട് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ പെട്ടെന്ന് കണ്ടെത്തുന്നതിനാണ്. പക്ഷേ ആളുകൾക്ക് ഇൻഷുറൻസിന്റെ കാര്യത്തിൽ വിശ്വാസം ഇല്ലായെന്നതാണ് വസ്തുത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP