Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവസാന നിമിഷം വരെ കൈയും കെട്ടിയിരുന്ന ശേഷം ഒടുവിൽ പൊളിച്ചു തുടങ്ങിയെന്ന് റിപ്പോർട്ട് കൊടുത്താലും കോടതി ക്ഷോഭിക്കുമെന്നറിഞ്ഞ് മാപ്പപേക്ഷ കൂടി ചേർത്തു; എന്നിട്ടും കോടതി തണുത്തില്ലെങ്കിൽ സർക്കാരിന്റെ വാക്കു പാഴ് വാക്കാക്കി പൊളിക്കാനുള്ള കരാർ കൊടുത്തേ മതിയാകൂ; സർക്കാറിൽ വിശ്വസിച്ചു ഫ്ളാറ്റ് ഉടമകൾ കഴിയുന്നത് വെറുതേയാകും; പൊളിഞ്ഞടുങ്ങാൻ പോകുന്നത് ബ്ലെസ്സി, സൗബിൻ, മേജർ രവി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ 350 ഫ്ളാറ്റ് സമുച്ചയങ്ങൾ

അവസാന നിമിഷം വരെ കൈയും കെട്ടിയിരുന്ന ശേഷം ഒടുവിൽ പൊളിച്ചു തുടങ്ങിയെന്ന് റിപ്പോർട്ട് കൊടുത്താലും കോടതി ക്ഷോഭിക്കുമെന്നറിഞ്ഞ് മാപ്പപേക്ഷ കൂടി ചേർത്തു; എന്നിട്ടും കോടതി തണുത്തില്ലെങ്കിൽ സർക്കാരിന്റെ വാക്കു പാഴ് വാക്കാക്കി പൊളിക്കാനുള്ള കരാർ കൊടുത്തേ മതിയാകൂ; സർക്കാറിൽ വിശ്വസിച്ചു ഫ്ളാറ്റ് ഉടമകൾ കഴിയുന്നത് വെറുതേയാകും; പൊളിഞ്ഞടുങ്ങാൻ പോകുന്നത് ബ്ലെസ്സി, സൗബിൻ, മേജർ രവി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയുള്ളവരുടെ 350 ഫ്ളാറ്റ് സമുച്ചയങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയമങ്ങളെല്ലാം ലംഘിച്ചു മരടിൽ കെട്ടിപ്പൊക്കിയ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കണമെന്ന സുപ്രീംകോടതി വിധിയുടെ കാലാവധി അവസാനിച്ചതോടെ ആറ് പേജ് ദൈർഘ്യമുള്ള സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ച് ചീഫ് സെക്രട്ടറി. കോടതി വിധി നടപ്പിലാക്കാൻ സാധിക്കാത്തതിൽ നിരുപാധികം മാപ്പു പറഞ്ഞു കൊണ്ടാണ് ടോം ജോസ് സത്യവാങ്മൂലം ഫയൽ ചെയ്തിരിക്കുന്നത്. സത്യവാങ്മൂലം സുപ്രീം കോടതിയിൽ ഫയൽ ചെയ്യുന്നതിന് തൊട്ടുമുമ്പാണ് മാപ്പ് പറച്ചിൽ ചീഫ് സെക്രട്ടറിയുടെ സത്യവാങ് മൂലത്തിൽ സ്ഥാനം പിടിച്ചത്. കോടതി ക്ഷോഭിക്കാതിരിക്കാൻ എന്തു ചെയ്യാം എന്ന ആലോചനയിലാണ് ഈ നിരുപാധിക മാപ്പപേക്ഷ പിറന്നത്. കോടതി വിധി നടപ്പിലാക്കുമെന്നും പൊളിക്കാനായി ടെണ്ടർ നൽകിയെന്നുമാണ് ചീഫ് സെക്രട്ടറി അറിയിച്ചരിക്കുന്നത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ്, സൗബിൻ സാഹിർ, മേജർ രവി തുടങ്ങിയ നിരവധി പ്രമുഖരാണ് മരടിലെ ഫ്‌ളാറ്റ് സമുച്ചയത്തിൽ കഴിയുന്നത്.

തീരദേശ നിയമം ലംഘിച്ച് മരട് മുൻസിപ്പാലിയിൽ നിർമ്മിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ്, കായലോരം അപാർട്ട്മെന്റ്, ആൽഫ വെഞ്ച്വേഴ്സ് എന്നീ അപ്പാർട്‌മെന്റുകൾ പൊളിച്ചു നീക്കാൻ മെയ് എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഉത്തരവ് നടപ്പിലാക്കി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. മെയ് എട്ടിലെ ഉത്തരവ് നടപ്പിലാക്കാൻ കൂടുതൽ സമയം വേണം എന്ന ആവശ്യം മെയ് 21 ന് സുപ്രീം കോടതി തള്ളിയിരുന്നു. പൊളിക്കൽ ഉത്തരവിന് എതിരെ നൽകിയ പുനഃപരിശോധന ഹർജികൾ ജൂലൈ 11 ന് കോടതി തള്ളുകയും ചെയ്തിരുന്നു.

ഓഗസ്റ്റ് 29 ന് സുപ്രീം കോടതി അസിസ്റ്റന്റ് രജിസ്ട്രാർ തയ്യാറാക്കിയ റിപ്പോർട്ടിൽ ഇക്കാര്യം വിശദീകരിച്ചിരുന്നു. മദ്രാസ് ഐ.ഐ.ടിയെ പരിസ്ഥിതി ആഘാതം പഠിക്കാൻ ചുമതലപ്പെടുത്തിയത് മാത്രമാണ് സെപ്റ്റംബർ ആറിനു മുമ്പ് കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ ചെയ്ത ഏക നടപടി. അത് കോടതിയുടെ രൂക്ഷ വിമർശത്തിന് ഇടയാക്കിയേക്കും എന്ന് ചീഫ് സെക്രട്ടറിയോട് മുതിർന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് ആണ് അവസാന നിമിഷം മാപ്പ് അപേക്ഷ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ കടന്നുകൂടിയത്.

സീനിയർ അഭിഭാഷകർ നൽകിയ നിയമോപദേശത്തെ തുടർന്നാണ് 23 ന് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് ചീഫ് സെക്രട്ടറി സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചത്. വിധി നടപ്പിലാക്കുന്നതിന് മേൽനോട്ടം വഹിക്കാം എന്ന ഉറപ്പും നിരുപാധികം മാപ്പ് പറച്ചിലും കോടതിയെ തൃപ്തിപെടുത്തും എന്നാണ് സർക്കാർ വൃത്തങ്ങളുടെ പ്രതീക്ഷ. എന്നാൽ ചീഫ് സെക്രട്ടറി ഹാജരായേ മതിയാകൂ എന്ന കടുത്ത നിലപാട് തിങ്കളാഴ്ച കോടതി സ്വീകരിച്ചാൽ ഫ്ളാറ്റുകൾ പൊളിക്കാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കും. ചീഫ് സെക്രട്ടറി സുപ്രീം കോടതിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരടിലെ ഫ്ളാറ്റുകളിലേക്ക് സർക്കാർ നിർദ്ദേശ പ്രകാരം പൊളിക്കൽ യന്ത്രങ്ങൾ കയറിയിറങ്ങും.

സുപ്രീംകോടതിയുടെ വിധികൾ ലംഘിക്കാൻ ഉദ്ദേശ്യമില്ലെന്നും കോടതിയുടെ നിലപാടുകൾക്ക് അനുസൃതമായല്ലാത്ത വിധം പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും ടോം ജോസ് സത്യാവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി വിധി പ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാവുക വൻ പാരിസ്ഥിതിക ആഘാതം.
ഇത്ര ബൃഹത്തായ പൊളിച്ചുനീക്കൽ പ്രക്രിയ നടപ്പാക്കുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് വൈദഗ്ധ്യക്കുറവുണ്ട്. കോടതിയിൽ നേരിട്ടു ഹാജരാകുന്ന സാഹചര്യത്തിൽ നിന്നും ഒഴിവാക്കണെന്നും സത്യാവാങ്മൂലത്തിൽ പയുന്നു

സത്യവാങ്മൂലത്തിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ:

1. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ സെപ്റ്റംബർ ആറിലെ വിധിക്കനുസൃതമായിട്ടാണ് ഈ സത്യവാങ്മൂലം സമർപ്പിക്കുന്നത്.

2. ഈ കോടതിയുടെ വിധികളോടുള്ളത് തികഞ്ഞ ആദരവ്. കോടതിവിധികൾ ലംഘിക്കാൻ ഉദ്ദേശ്യമില്ല. കോടതിയുടെ നിലപാടുകൾക്ക് അനുസൃതമായല്ലെന്ന് തോന്നത്തക്കവിധം ഏതെങ്കിലും സാഹചര്യത്തിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

3. സെപ്റ്റംബർ ആറിലെ വിധി പറയുന്നത്, 'സെപ്റ്റംബർ 20 നോ അതിനു മുൻപായോ വിധി നടപ്പാക്കാനും അത് കോടതിയിൽ റിപ്പോർട്ട് ചെയ്യാനും കഴിയാതെ വന്നാൽ കേരള ചീഫ് സെക്രട്ടറി ഈ കോടതിയിൽ ഹാജരായി, വിധി നടപ്പാക്കാൻ എന്തുകൊണ്ട് കഴിയുന്നില്ല എന്ന് സെപ്റ്റംബർ 23ന് വിശദീകരിക്കേണ്ടിയിരിക്കുന്നു'.

4. ഇതനുസരിച്ച് കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റിയുടെ അപ്പീൽ പരിഗണിച്ച് കോടതിയുടെ 2019 മെയ് 8 ന് പുറപ്പെടുവിച്ച വിധി ('...നിരോധിതമേഖലയിൽ ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനം നടന്നുകൂടാത്തതായിരുന്നു. കമ്മിറ്റി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിർമ്മാണങ്ങൾ ഒരു മാസത്തിനുള്ളിൽ പൊളിച്ചു മാറ്റുകയും വിധി നടപ്പാക്കിയ കാര്യം കോടതിയെ ധരിപ്പിക്കുകയും വേണം...') ആണ് നടപ്പിലാക്കേണ്ടത്. [Anexure A: വിധിയുടെ പകർപ്പ്]

5. ഉത്തരവ്ആ റിവ്യൂ ചെയ്യുന്നതിന് ആൽഫ വെഞ്ചേഴ്സും താമസക്കാരും റിട്ട് പെറ്റിഷൻ ഫയൽ ചെയ്യുകയും കോടതി മെയ് 8 ലെ വിധി ആറ് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ജൂൺ 10 ന് ഉത്തരവിടുകയും, റിട്ട് പെറ്റിഷനുകൾ മെയ് 8 ലെ വിധി പുറപ്പെടുവിച്ച ബെഞ്ചിന് മുൻപാകെ ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. [Anexure B: വിധിയുടെയും റിട്ട് പെറ്റിഷനുകളുടെയും പകർപ്പ്]

6. കോടതി ജൂലൈ 5 ന് റിട്ട് പെറ്റിഷനുകൾ റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. [Anexure C: വിധിയുടെയും റിട്ട് പെറ്റിഷനുകളുടെയും പകർപ്പ്]

7. ജൂലൈ 10ന് ബഹുമാനപ്പെട്ട കോടതി റിവ്യൂ പെറ്റിഷനുകൾ എല്ലാം റദ്ദാക്കി. [Anexure D: വിധിയുടെയും കേസുകളുടെയും പകർപ്പ്]

8. 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 2010 ൽ മുനിസിപ്പാലിറ്റി ആയി ഉയർത്തപ്പെടുന്നത് വരെ, മരട്, കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമുള്ള ഗ്രാമപഞ്ചായത്ത് ആയിരുന്നു. 2 ആക്ടുകൾ പ്രകാരവും ബിൽഡിങ് പെർമിറ്റ് നൽകുന്നതിനും നിയമലംഘനം നടത്തുന്ന നിർമ്മിതികൾ പൊളിക്കുന്നതിനും ഉള്ള അധികാരം അതത് മുനിസിപ്പാലിറ്റിക്കോ പഞ്ചായത്തിനോ ആണ്. മുനിസിപ്പൽ ബിൽഡിങ് റൂൾ പ്രകാരം പൊളിച്ചുമാറ്റൽ നടപ്പാക്കേണ്ടത് സെക്രട്ടറി ആണ്.

9. കോടതിവിധി നടപ്പാക്കുന്നതിനായി നടപടികൾ സ്വീകരിച്ചു: ഉത്തരവ് ലഭിച്ചതിനെത്തുടർന്ന് അഡീഷണൽ ചീഫ് സെക്രട്ടറി (LSGD) മുൻസിപ്പൽ സെക്രട്ടറിയെ വിളിച്ചുവരുത്തി കോടതിവിധിയും അത് നടപ്പാക്കേണ്ട ആവശ്യകതയും വിശദീകരിച്ചു. എൻവയൺമെന്റ് പ്രിൻസിപ്പൽ സെക്രട്ടറി ഐഐടി മദ്രാസ് ഡയറക്ടറോട് വിശദമായ ഒരു പഠനം നടത്തി പൊളിക്കുമ്പോളുണ്ടാകുന്ന മാലിന്യം ഏതുവിധത്തിലുള്ളതാണ്, എത്ര അളവിലുണ്ടാകും, അത് നീക്കം ചെയ്യുന്നതിനുള്ള മാർഗങ്ങൾ, CRZ 3 മേഖലയിലെ അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക ആഘാതം; കെട്ടിടസമുച്ചയങ്ങൾ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതം (കാർബൺ ഫുട്പ്രിന്റ്, വായു-ശബ്ദ മലിനീകരണം, മാലിന്യ നിർമ്മാർജന പ്രദേശം, പ്രതലത്തിന്റെ സ്ഥിതിവിശേഷം എന്നിങ്ങനെ), പൊളിക്കാതെ നിലനിർത്തിയാൽ പാരിസ്ഥിതിക ആഘാതത്തിൽ ഉണ്ടാകാവുന്ന കുറവ് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. ഐഐടി മദ്രാസ് സംഘം സ്ഥലങ്ങൾ സന്ദർശിച്ച് സെപ്റ്റംബർ 17ന് പഠന റിപ്പോർട്ട് നൽകി. [Anexure E: റിപ്പോർട്ട്]

10. സെപ്റ്റംബർ ആറിലെ വിധിയുടെ പിറ്റേന്ന് തന്നെ മരട് മുൻസിപ്പൽ സെക്രട്ടറിക്ക് ഉത്തരവ് നടപ്പാക്കണമെന്നും സെപ്റ്റംബർ 18നകം കംപ്ലയൻസ് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ട് കത്ത് നൽകി. ഉത്തരവിൽ പറഞ്ഞിരിക്കുന്ന പാർപ്പിട സമുച്ചയങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കണമെന്നും പുനരധിവാസ പ്രവർത്തനങ്ങൾ ജില്ലാ കളക്ടറുമായി സഹകരിച്ച് നടപ്പാക്കണമെന്നും പൊളിച്ചുനീക്കൽ സുരക്ഷിതമായി നടപ്പാക്കാൻ പറ്റിയ ഏജൻസിയെ എത്രയും പെട്ടെന്ന് കണ്ടെത്താൻ ടെണ്ടർ നടത്തണമെന്നും കത്തിൽ നിർദ്ദേശം നൽകി. കോടതി ഉത്തരവ് നടപ്പാക്കാനായി കേരളം ഗവണ്മെന്റിന്റെ എല്ലാ സഹായങ്ങളും ഉറപ്പുവരുത്തി. സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ വരുന്ന വീഴ്ച ഗൗരവതരമായി കാണുമെന്നും അച്ചടക്ക നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും അറിയിച്ചു. [Anexure F: കത്ത് ]

11. പൊളിച്ചു നീക്കാൻ ഉത്തരവുള്ള ഹോളി ഫെയ്ത്ത് H2O, ആൽഫാ സെറീൻ, ഗോൾഡൻ കായലോരം, ജെയിൻ ഹൗസിങ് സമുച്ചയങ്ങളിലായി 68028.71 സ്‌ക്വയർ മീറ്ററിലായി 343 ഫ്ളാറ്റുകളുണ്ട്. മുൻസിപ്പൽ മേഖലയിലെ ജനസാന്ദ്രത ഉയർന്നതാണെന്നതിന് പുറമെ കടലിനോട് വളരെ അടുത്തും നിരവധി ജലാശയങ്ങളുടെ സാമീപ്യമുള്ളതുമാണ്. രണ്ട് നാഷണൽ ഹൈവേകൾ മേഖലയിലൂടെ കടന്നുപോകുന്നുണ്ട്..... മാർക്കറ്റ്, പൊതുവിദ്യാലയം, മസ്ജിദ് കൂടാതെ നൂറുകണക്കിന് പാർപ്പിടങ്ങളും ഉൾപ്പെടെ കെട്ടിടങ്ങൾ മേഖലയിലുണ്ട്. [Anexure G :കെട്ടിടങ്ങളുടെ വിവരങ്ങൾ, Anexure H: അപ്പാർട്ട്‌മെന്റുകളുടെ ഫോട്ടോ]

12. പൊളിച്ചുമാറ്റാൻ പ്രക്രിയ നടപ്പാക്കാൻ അനുയോജ്യമായ സാങ്കേതികവിദ്യയും യന്ത്രസംവിധാനങ്ങളും മാലിന്യം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങളും ആവശ്യമാണ്. ഫലപ്രദമായ മാലിന്യ നിർമ്മാർജനത്തിന് നിലവിൽ സ്ഥലപരിമിതിയുണ്ട്. വേണ്ടത്ര ആസൂത്രണമില്ലാതെ ഒറ്റയടിക്ക് പൊളിച്ചാൽ സമീപ പ്രദേശങ്ങളിലെയും പരിസ്ഥിതിയെയും താമസക്കാരെയും ഗുരുതരമായി ബാധിക്കും. ഈ വലിപ്പത്തിലും സ്വഭാവത്തിലുമുള്ള നിർമ്മിതികൾ പൊളിച്ചുമാറ്റുന്നത് ആദ്യമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്തരത്തിലുള്ള സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ബന്ധപ്പെട്ട വകുപ്പിനുള്ള പരിചയവും വൈദഗ്ധ്യവും കുറവാണെന്നതും വസ്തുതയാണ്.

13. കോടതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കാൻ പൂർണമായും പ്രതിജ്ഞാബദ്ധനാണ്. ഉത്തരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിച്ചിരിക്കുമ്പോൾ തന്നെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിന്റെ പ്രത്യാഘാതം മനുഷ്യജീവനെയും പരിസ്ഥിതിയേയും ഗുരുതരമായി ബാധിക്കുമോ എന്ന ഗൗരവമായ സന്ദേഹമുണ്ട്. ഇതിലേക്കായി മദ്രാസ് ഐഐടിയുടെ വിദഗ്ധ സംഘത്തിന്റെ നിർദ്ദേശങ്ങൾ സ്വീകരിച്ചിട്ടുണ്ട്.

14. ഉത്തരവ് നടപ്പാക്കാനുള്ള ക്രമീകരണങ്ങൾക്കായും താമസക്കാരെ കോടതിവിധി നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധിപ്പിക്കാനും സെപ്റ്റംബർ 9 നു ജില്ലാ കലക്ടർക്കൊപ്പം അപ്പാർട്‌മെന്റുകൾ സന്ദർശിച്ചു. തുടർന്ന് ഗവണ്മെന്റിന്റെ നിർദ്ദേശാനുസരണം 5 ദിവസത്തിനുള്ളിൽ ഒഴിഞ്ഞുപോകണമെന്ന് കാട്ടി ബിൽഡർമാർക്കും താമസക്കാർക്കും മുൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകി. [Anexure I: നോട്ടീസിന്റെ പകർപ്പ്]

15. താത്കാലിക പുനരധിവാസം ആവശ്യമുള്ള താമസക്കാർ 2 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 16ന് മുൻസിപ്പൽ സെക്രട്ടറി നോട്ടീസ് നൽകി. [Anexure J: നോട്ടീസിന്റെ പകർപ്പ്]

16. 4 പാർപ്പിട സമുച്ചയങ്ങൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള കമ്പനികളുടെ താത്പര്യപത്രം ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ സെപ്റ്റംബർ 9 നു മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. ടെണ്ടർ ക്ലോസിങ് തീയതി സെപ്റ്റംബർ 16ന് [Anexure K: ടെണ്ടർ പരസ്യത്തിന്റെ പകർപ്പ്]

17. 15 കമ്പനികൾ ടെണ്ടർ സമർപ്പിച്ചു. [Anexure L: ടെണ്ടർ സമർപ്പിച്ച കമ്പനികളുടെ ലിസ്റ്റ്]

18. മേൽപ്പറഞ്ഞ സാഹചര്യത്തിൽ ഫ്‌ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി വിധി നടപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ നേരിട്ടു കോടതിയിൽ ഹാജരാകുന്നതിൽനിന്നു ഒഴിവാക്കണമെന്ന് താഴ്മയായി അഭ്യർത്ഥിക്കുന്നു. കോടതിവിധി നടപ്പാക്കുന്ന കാര്യത്തിൽ മേൽനോട്ടം വഹിച്ചുകൊള്ളാമെന്ന് ഉറപ്പു നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP