Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ചുളുവിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഫ്‌ളാറ്റിന് മുമ്പിൽ തടിച്ചുകൂടി ബ്രോക്കർമാർ; സാധനങ്ങൾ മാറ്റാനുള്ള തിരക്കിൽ പലതവണ പണിമുടക്കി ലിഫ്റ്റുകൾ; മൂന്നര ലക്ഷം രൂപയുടെ സെറ്റി പ്രവാസി വിറ്റത് വെറും 27000 രൂപയ്ക്ക്; ഓരോ ഫ്‌ളോറിലും കെട്ടിക്കിടക്കുന്നത് ലോഡു കണക്കിന് സാധനങ്ങൾ; തിരക്കിനിടെ സാധനങ്ങൾ പലതും മാറിപ്പോയി; ചിലത് കളവുപോയെന്നും ആരോപണം; ഇനിയും ഒഴിയാനുള്ളത് 82 ഫ്‌ളാറ്റുകൾ; മരടിലെ കുടിയൊഴിപ്പിക്കലിന്റെ കാഴ്‌ച്ചകൾ ഇങ്ങനെ

ചുളുവിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ ഫ്‌ളാറ്റിന് മുമ്പിൽ തടിച്ചുകൂടി ബ്രോക്കർമാർ; സാധനങ്ങൾ മാറ്റാനുള്ള തിരക്കിൽ പലതവണ പണിമുടക്കി ലിഫ്റ്റുകൾ; മൂന്നര ലക്ഷം രൂപയുടെ സെറ്റി പ്രവാസി വിറ്റത് വെറും 27000 രൂപയ്ക്ക്; ഓരോ ഫ്‌ളോറിലും കെട്ടിക്കിടക്കുന്നത് ലോഡു കണക്കിന് സാധനങ്ങൾ; തിരക്കിനിടെ സാധനങ്ങൾ പലതും മാറിപ്പോയി; ചിലത് കളവുപോയെന്നും ആരോപണം; ഇനിയും ഒഴിയാനുള്ളത് 82 ഫ്‌ളാറ്റുകൾ; മരടിലെ കുടിയൊഴിപ്പിക്കലിന്റെ കാഴ്‌ച്ചകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിൽ നിന്നും താമസക്കാർ ഒഴിഞ്ഞു പോകുന്നത് തുടരുകയാണ്. ഇന്നലെ ഭൂരിഭാഗം ഫ്‌ളാറ്റുടമകളും ഒഴിഞ്ഞു കൊടുത്തിട്ടുണ്ട്. ഇന്നലെ പുലർച്ചെ മുതൽ മരടിന് മുന്നിലെ താമസക്കാർ ഒഴിഞ്ഞുപോകുന്ന ഫ്‌ളാറ്റുകൾക്ക് മുന്നിൽ ഇന്നലെ വലിയ തിരക്കായിരുന്നു. മരട് ഹോളിഫെയ്ത്ത് ഫ്‌ളാറ്റിനു മുമ്പിൽ ബ്രോക്കർമാർ മുതൽ സാധനങ്ങൾ ചുളുവിലയ്ക്ക് വാങ്ങാൻ വരുന്നവർ വരെ രാവിലെയെത്തി. സർവീസ് ലിഫ്റ്റ് പൂർണമായും സാധനങ്ങൾ മാറ്റുന്ന പ്രൊഫഷണൽ ഏജൻസികൾ കൈയടക്കി. ഇതോടെ പാസഞ്ചർ ലിഫ്റ്റിൽ ആളും സാധനങ്ങളും കൂടി. ഇത് പലതവണ പണിമുടക്കിയതും ഇന്നലെ പല സാധനങ്ങളും കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ കാര്യങ്ങളെത്തിച്ചു.

ലിഫ്റ്റ് കിട്ടാതായതോടെ ചെറിയ സാധനങ്ങൾ മുകളിലെ നിലയിൽനിന്ന് കെട്ടിയിറക്കുകയും ചെയ്തു. വലിയ സാഹസമായിരുന്നു ഇത്. കെട്ടിയിറക്കിയ ഒരു കസേരയുടെ കൈ ഒടിഞ്ഞ് താഴെ പാർക്ക് ചെയ്തിരുന്ന വാനിനു മുകളിൽ വീണതോടെ ഈ പരിപാടി ഉപേക്ഷിക്കുകയും ചെയ്തു. വെകീട്ട് അഞ്ചിനു മുമ്പ് ഒഴിയണമെന്ന തരത്തിൽ ചാനലുകളിൽ വാർത്ത വന്നുകൊണ്ടിരുന്നതോടെ തിരക്കുകൂട്ടുകയായിരുന്നു താമസക്കാർ. ഇന്നലെ വരെ മികച്ച രീതിയിൽ ജീവിച്ചിരുന്നവർ കിട്ടിയ സാധനങ്ങളുമായി പുറത്തേക്കുപോകാൻ തിരക്കുകൂട്ടി.

സാധനങ്ങൾ മാറ്റുന്ന ഏജൻസികൾ തലങ്ങും വിലങ്ങും വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. ഇന്റീരിയർ വർക്ക് പൊളിച്ചുമാറ്റുന്നവരും സാധനങ്ങൾ താഴേക്കിറക്കുന്നവരും സഹിതം സർവത്ര ബഹളം. ഇതിനിടെയാണ് വീടും ഫ്‌ളാറ്റും വിൽപ്പനയ്ക്കും വാടകയ്ക്കും ഉണ്ടെന്നു പറഞ്ഞ് ചില ബ്രോക്കർമാർ അവതരിച്ചത്. വലിയ സാധനങ്ങൾ കൊണ്ടുപോകാൻ കഴിയാത്തവർ പലതും വിൽക്കാൻ തയ്യാറായി. മൂന്നര ലക്ഷം രൂപ ചെലവിൽ ഇറക്കുമതി ചെയ്ത ഒരു സെറ്റി ഒരു പ്രവാസി 27,000 രൂപയ്ക്ക് വിറ്റതായി അന്തേവാസികൾ പറഞ്ഞു. അഞ്ച് എ.സി.കൾ ആരോ 16,000 രൂപയ്ക്ക് വാങ്ങിയതായും കേട്ടു. ഉടമകൾ പറയുന്ന വിലയുടെ അഞ്ചിലൊന്നുപോലും കിട്ടുന്നുണ്ടായിരുന്നില്ല.

വിദേശത്തുള്ള പലർക്കും എത്താൻ കഴിയാത്തതിനാൽ സാധനങ്ങൾ നാട്ടിലുള്ളവരെ ഉപയോഗിച്ച് വിൽക്കുകയായിരുന്നു. തിരക്കിനിടെ സാധനങ്ങൾ പലതും മാറിപ്പോയി. ചിലത് കളവുപോയെന്നും ആരോപണമുണ്ട്. ഇതിനിടെ ആരോഗ്യപരമായ പ്രശന്ങ്ങളു ചിലരെ അലട്ടുന്നുണ്ടായിരുന്നു. 18-ാം നിലയിലെ സഹോദരന് ഇൻസുലിൻ ഉച്ചയ്ക്ക് എത്തിക്കാൻ കഴിയാതെ വിഷമിക്കുന്ന കണ്ണൂർ സ്വദേശി രാജേഷ് ഗോവിന്ദനെ കണ്ടു. കുവൈത്തിലായിരുന്ന ഇദ്ദേഹം വർഷങ്ങൾക്കു മുമ്പ് ഇവിടെ ഫ്‌ളാറ്റ് വാങ്ങിയതാണ്. ലിഫ്റ്റ് പണിമുടക്കിയതിനാൽ 18-ാം നിലയിൽനിന്ന് നടന്നുവന്നാണ് ഹോട്ടലിൽ കഴിക്കാൻ പോയത്. മുകളിലുള്ള സഹോദരൻ പ്രവീണിനുള്ള ഉച്ചഭക്ഷണം വാങ്ങി. തിരികെ 18 നിലകൾ കയറാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സഹോദരന് ഉച്ചയ്ക്ക് ഇൻസുലിൻ കുത്തിവെപ്പുള്ളതുമാണ്. ഇത്ര ചെറിയ സമയത്തിനുള്ളിൽ ഒഴിപ്പിക്കുന്നത് ക്രൂരമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീടെപ്പോഴോ ലിഫ്റ്റ് ശരിയായപ്പോഴാണ് മുകളിലേക്ക് പോകാനായത്.

മൂന്നാം തീയതിക്കു മുമ്പ് ഒഴിയണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്ന് ഫ്‌ളാറ്റിലെ അന്തേവാസിയായ ബിനോജ് ചേന്നാട്ട് പറഞ്ഞു. ചീഫ് സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകിയതാണ്. രണ്ടോ മൂന്നോ ദിവസം കൊണ്ട് 90-ഓളം കുടുംബങ്ങൾക്ക് പൂർണമായി ഒഴിയാൻ കഴിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അഞ്ചുമണിയോടെ പുറത്തിറങ്ങേണ്ടി വരുമെന്ന ധാരണ പരന്നത് ചില്ലറ പ്രതിഷേധങ്ങൾക്കിടയാക്കി. സമയം രാത്രി 12 വരെ നീട്ടിയെന്ന വിവരം ഇടയ്‌ക്കെത്തി. സാധനങ്ങൾ മാറ്റാൻ കൂടുതൽ സമയം നൽകുമെന്ന ഉറപ്പ് വൈകീട്ട് ലഭിച്ചതോടെയാണ് ഫ്‌ളാറ്റ് നിവാസികൾക്ക് ആശ്വാസമായത്. ഓരോ ഫ്‌ളോറിലും ലോറിക്കണക്കിന് സാധനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇവയെല്ലാം മാറ്റാൻ ദിവസങ്ങൾ വേണ്ടിവന്നേക്കും.

മരട് നെട്ടൂർ ആൽഫ വെഞ്ച്വേഴ്സ് ഫ്‌ളാറ്റിൽ രാത്രി 12 മണിക്കു മുന്നേ വൈദ്യുതി ബന്ധം വിച്ഛേദിച്ചതും പലരെയും വെട്ടിലാക്കി. ഫ്‌ളാറ്റിൽ പന്ത്രണ്ടാം നിലയിൽ പൈപ്പ് പൊട്ടി വെള്ളം ചോർന്ന് താഴത്തെ നിലയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെയാണ് അപകടം ഒഴിവാക്കാൻ വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിച്ചുവെങ്കിലും ഇതിന്റെ ഫ്യൂസും അടിച്ചുപോകുകയായിരുന്നു. വൈദ്യുതി ഇല്ലാതായത് ഫ്‌ളാറ്റിലെ സാധനങ്ങൾ താഴെ ഇറക്കുന്നതിനെ കാര്യമായി ബാധിച്ചു.

നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവിൽ ലിഫ്റ്റ്‌ െചരിഞ്ഞു. ഫ്‌ളാറ്റുകളിൽ നിന്നുള്ള സാധനങ്ങൾ ലിഫ്റ്റിലൂടെ താഴെ ഇറക്കവെയാണ് സംഭവം. ലിഫ്റ്റിൽ കയറ്റാവുന്നതിന്റെ പരിധിയിൽ കൂടുതൽ സാധനങ്ങൾ കയറ്റിയതാണ് ചെരിയാൻ കാരണം. എത്ര ദിവസമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫ്‌ളാറ്റുകൾ പൊളിച്ചുതുടങ്ങാൻ നിശ്ചയിച്ചിരിക്കുന്ന 11-ാം തീയതി വരെ സമയം നൽകിയേക്കും. ജില്ലാ കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്‌നേഹിൽകുമാർ സിങ്, സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെ, െഡപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലി എന്നിവർ വ്യാഴാഴ്ച രാത്രി ഫ്‌ളാറ്റുകളിലെത്തി അവിടെ യുള്ളവരുമായി ചർച്ച നടത്തി. ഓരോ ഫ്‌ളാറ്റിലേക്കും 20 സന്നദ്ധപ്രവർത്തകരെ നിയോഗിച്ചതായി കളക്ടർ അറിയിച്ചു.

മരടിൽ ഇനിയും ഒഴിയാനുള്ളത് 82 ഫ്‌ളാറ്റുകളാണ്. ഇവിടെയുള്ളവർ ഒഴിയുന്ന നടപടികളിലാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇതിൽ ചില ഫ്‌ളാറ്റുടമകൾ വിദേശത്താണ്. ഒഴിയില്ലെന്ന് ആരും പറഞ്ഞിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP