Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202115Friday

സ്‌ഫോടക വസ്തു നിറയ്ക്കാൻ തുളയെടുക്കുമ്പോൾ തന്നെ തൊട്ടടുത്ത വീടുകളിൽ വിള്ളലുണ്ടാകുന്നു; പൊളിഞ്ഞു വീഴുമ്പോൾ അയൽ വാസികളുടെ അവസ്ഥ എന്താകുമെന്നതിൽ ആശങ്ക ശക്തം; വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ മരട് നഗര സഭയും സമീപവാസികളും; ആൽഫ സെറീനിലെ പൊളിക്കൽ തൽകാലത്തേക്ക് നിർത്തി; സർക്കാരിനെതിരെ ആഞ്ഞടിച്ച് നഗരസഭാ അധ്യക്ഷയും; മരടിൽ പൊടിശല്യവും രൂക്ഷം; ഫ്‌ളാറ്റ് പൊളിക്കൽ വെല്ലുവിളിയിലേക്ക്

സ്‌ഫോടക വസ്തു നിറയ്ക്കാൻ തുളയെടുക്കുമ്പോൾ തന്നെ തൊട്ടടുത്ത വീടുകളിൽ വിള്ളലുണ്ടാകുന്നു; പൊളിഞ്ഞു വീഴുമ്പോൾ അയൽ വാസികളുടെ അവസ്ഥ എന്താകുമെന്നതിൽ ആശങ്ക ശക്തം; വീണ്ടും സുപ്രീംകോടതിയെ സമീപിക്കാൻ മരട് നഗര സഭയും സമീപവാസികളും; ആൽഫ സെറീനിലെ പൊളിക്കൽ തൽകാലത്തേക്ക് നിർത്തി; സർക്കാരിനെതിരെ ആഞ്ഞടിച്ച് നഗരസഭാ അധ്യക്ഷയും; മരടിൽ പൊടിശല്യവും രൂക്ഷം; ഫ്‌ളാറ്റ് പൊളിക്കൽ വെല്ലുവിളിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരടിൽ ഫ്‌ളാറ്റ് പൊളിക്കൽ സജീവമാകുമ്പോൾ ആൽഫാ സെറിൻ ഫ്‌ളാറ്റ് സമുച്ചയത്തിനു സമീപത്തെ വീടുകൾക്ക് വ്യാപക നാശം. 32 വീടുകളാണ് ഇവിടെ അപകട മേഖലയിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ 5 വീടുകളിൽ കൂടി വിള്ളൽ കണ്ടെത്തിയതോടെ തകരാർ സംഭവിച്ച വീടുകളുടെ എണ്ണം 11 ആയി. പൊളിക്കുന്ന ഫ്‌ളാറ്റുകളിൽ ഏറ്റവുമധികം വീടുകൾ സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. സ്‌ഫോടനത്തിനു മുൻപേ ഇതാണു സ്ഥിതിയെങ്കിൽ സ്‌ഫോടന ശേഷം എന്തായിരിക്കും അവസ്ഥയെന്ന ആശങ്കയിലാണ് നാട്ടുകാർ. ഇത് പരിഹാരം നിർദ്ദേശിക്കാൻ സർക്കാർ സംവിധാനത്തനും കഴിയുന്നില്ല. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മരടിലെ ഫ്‌ളാറ്റ് പരിസര വാസികളോട് സർക്കാർ കാണിക്കുന്നതെന്ന് മരട് നഗരസഭാധ്യക്ഷ ടി.എച്ച്. നദീറയും പ്രതികരിച്ചു. ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട സമീപവാസികളുടെ പ്രശ്‌നങ്ങൾ സുപ്രീം കോടതിയെ ധരിപ്പിക്കാനൊരുങ്ങുകയാണ് മരട് നഗരസഭ. ബുധനാഴ്ച നടന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുത്താണ് യോഗം അവസാനിപ്പിച്ചത്. സമീപവാസികളുടെ ആക്ഷൻ കൗൺസിലും സുപ്രീം കോടതിയേയും സിവിൽ കോടതിയേയും സമീപിക്കും.

ഫ്‌ളാറ്റ് പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ സമീപവാസികളുടെ വീടുകളിൽ വീണതിനെത്തുടർന്ന് മരടിലെ 'ആൽഫ സെറീൻ' ഫ്‌ളാറ്റ് പൊളിക്കുന്നത് രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റ് തകർക്കുന്നതിനു മുമ്പുള്ള ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മരട് നഗരസഭാ കൗൺസിലർമാരുടെയും സമീപവാസികളുടെയും എതിർപ്പിനെ തുടർന്നാണ് പണി നിർത്തിയത്. 20-ന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ നടക്കുന്ന ചർച്ചകൾക്കു ശേഷമേ പണികൾ പുനരാരംഭിക്കൂ. ചെന്നൈയിലുള്ള 'വിജയ് സ്റ്റീൽസ്' ആണ് ആൽഫ പൊളിക്കുന്നത്. തുടക്കംമുതലേ സമീപവാസികൾ പ്രതിഷേധത്തിലാണ്. ഫ്‌ളാറ്റിലെ നീന്തൽക്കുളം പൊളിച്ചപ്പോൾ സമീപത്തെ വീടുകൾക്ക് വിള്ളൽ വീണിരുന്നു.

സ്‌ഫോടക വസ്തു നിറയ്ക്കുന്നതിനു മുൻപുള്ള ജോലികൾ അവസാന ഘട്ടത്തിലാണ്. തുളയ്ക്കുന്നതിനൊപ്പം കട്ടിങ് മെഷീൻ ഉപയോഗിച്ച് ഭിത്തി അറുത്ത് താഴേക്ക് തള്ളുന്ന പണിയാണ നടന്നിരുന്നത്. പരിസരവാസികൾ എതിർത്തിട്ടും പുലർച്ചെ 6 മുതൽ രാത്രി ഏഴര വരെ ഇതു തുടരുന്നു. ഭിത്തിയുടെ ഭാഗങ്ങൾ 2 മീറ്റർ വീതം മുറിച്ച് താഴേക്ക് ഇടുന്നത് വലിയ ശബ്ദവും കുലുക്കവും ഉണ്ടാക്കുന്നു. ഇതാണ് വീടുകൾക്ക് ബലക്ഷം ഉണ്ടാക്കുന്നത്. പൊടിശല്യവും രൂക്ഷമാണ്. ഇങ്ങനെ നാട്ടുകാർക്ക് ദുരിതമാണ് പൊളിക്കൽ നൽകുന്നത്. വീടുകളിൽ വ്യാപകമായി വിള്ളൽ വീണതോടെ കർമസമിതി കൺവീനർ ദിഷ പ്രതാപൻ, നഗരസഭാധ്യക്ഷ ടി.എച്. നദീറ എന്നിവരുടെ നേതൃത്വത്തിൽ സബ് കലക്ടർ സ്‌നേഹിൽകുമാർ സിങിനെ കണ്ടു. പരിസരവാസികൾ ദുരിതം വിവരിച്ചപ്പോൾ നഗരസഭാ സെക്രട്ടറി പ്രശ്‌നം നിസ്സാരവൽകരിച്ചത് വാക്കേറ്റത്തിന് ഇടയാക്കി.

നെടുംപിള്ളിൽ പ്രകാശൻ, പ്രസാദ്, ദിനേശൻ, കടേക്കുഴി സാരസാക്ഷി (സരയു), കെ.കെ. അബ്ദു എന്നിവരുടെ വീടുകളിലാണ് ഇന്നലെ വിള്ളൽ പ്രത്യക്ഷപ്പെട്ടത്. ഇതിൽ പ്രസാദ്, പ്രകാശൻ, ദിനേശൻ എന്നിവരുടെ വീടുകൾ ഒരേ വളപ്പിലാണ് സ്ഥിതിചെയ്യുന്നത്. പ്രകാശന്റെ വീടാണ് തറവാട്. 60 വർഷം പഴക്കമുണ്ടാകും. മറ്റു വീടുകൾ ആൽഫാ ഫ്‌ളാറ്റ് വന്നതിനു ശേഷം നിർമ്മിച്ചവയാണ്. സരയു, അബ്ദു എന്നിവരുടെ വീടുകളും ഫ്‌ളാറ്റ് വന്നതിനു ശേഷം പണിതതാണ്. പ്രസാദിന്റെ വീടിന്റെ ഒരു ഭാഗം താഴേക്ക് ഇടിഞ്ഞു. എല്ലാം വലിയ വിള്ളലാണ്. പ്രകാശന്റെ വീടിന്റെ പുറം ഭിത്തിയിലാണ് വിള്ളൽ. ദിനേശന്റെ വീടിനോടു ചേർന്ന ഭിത്തിയിലും വലിയ വിള്ളലുണ്ട്. സരയുവിന്റെ വീടിന്റെ അടുക്കള ഭാഗത്തെ ഭിത്തി താഴേക്ക് ഇരുന്നതോടെ മേൽക്കൂരയും ഭിത്തിയും ചേരുന്ന ഇടത്ത് വലിയ വിള്ളലാണ്. അബ്ദുവിന്റെ വീടിന്റെ പുറം ഭിത്തിയിൽ നിറയെ വിള്ളലുണ്ട്.

ഫ്‌ളാറ്റിനുസമീപം താമസിക്കുന്നവരുടെ വീടുകൾക്ക് വിള്ളൽ വീഴുന്നതിനാൽ ഇൻഷുറൻസ് പരിരക്ഷയുടെ കാര്യത്തിൽ വ്യക്തത വരുത്തുന്നതിനായിരുന്നു ബുധനാഴ്ച കൗൺസിൽ യോഗം വിളിച്ചിരുന്നത്. ഇത്തരം യോഗങ്ങളിൽ, പൊളിക്കൽ ജോലികൾക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനായ സബ് കളക്ടർ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് ഫ്‌ളാറ്റിനു മുന്നിൽ കൗൺസിലർമാർ കുത്തിയിരുന്നത്. ഇവർക്ക് പിന്തുണയുമായി പ്രദേശവാസികളും എത്തി. സബ് കളക്ടർ വരാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ കൗൺസിലർമാർ ഉറച്ചുനിന്നതോടെ ഫ്‌ളാറ്റ് പൊളിക്കൽ ജോലികളും നിന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച കുത്തിയിരിപ്പ് സമരം വൈകീട്ട് അഞ്ചുമണിയോടെ അവസാനിച്ചത്.

വെള്ളിയാഴ്ച രാവിലെ ഒൻപതിന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസിൽ ചർച്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലാ കളക്ടർ, സബ് കളക്ടർ, എംപി., എംഎ‍ൽഎ., നഗരസഭാ ചെയർപേഴ്‌സൺ, വൈസ് ചെയർമാൻ, കൗൺസിലർമാർ, സമീപവാസികൾ, പൊളിക്കൽ കമ്പനി പ്രതിനിധികൾ, ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. അതിനിടെ മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾക്കു സമീപമുള്ള വീടുകളുടെ പ്രാഥമിക സ്ട്രക്ചറൽ ഓഡിറ്റ് റിപ്പോർട്ട് സംസ്ഥാന സർക്കാരിനു കൈമാറി. അസോസിയേഷൻ ഓഫ് സ്ട്രക്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൽറ്റിങ് എൻജിനീയേഴ്‌സ് നടത്തിയ പ്രാഥമിക പഠന പ്രകാരമുള്ള റിപ്പോർട്ടാണു സമർപ്പിച്ചത്. ഈ റിപ്പോർട്ട് വിലയിരുത്തിയ ശേഷം മറ്റു വീടുകളുടെയും സ്ട്രക്ചറൽ ഓഡിറ്റ് ഈ രീതിയിൽ തന്നെ നടത്തിയാൽ മതിയോ എന്നു സർക്കാർ തീരുമാനിക്കും.

സ്‌ഫോടനത്തിനു മുൻപും, ശേഷവുമുള്ള വീടുകളുടെ സ്ട്രക്ചറൽ ഓഡിറ്റ് നടത്താനാണു നിർദ്ദേശിച്ചിട്ടുള്ളതെന്ന് അസോസിയേഷൻ പ്രസിഡന്റ് റെജി സക്കറിയ പറഞ്ഞു. നിലവിലുള്ള കേടുപാടുകൾ, അടിത്തറയുടെ ബലം, തറ വിസ്തീർണം, നിലവിലെ മാർക്കറ്റ് വില എന്നിവ കണ്ടെത്താനാണ് ഓഡിറ്റ് നടത്തുന്നത്. 5 വീടുകളുടെ സ്ട്രക്ചറൽ ഓഡിറ്റാണു പ്രാഥമികമായി നടത്തിയിട്ടുള്ളത്. ഫ്‌ളാറ്റുകൾക്കു സമീപമുള്ള നൂറോളം വീടുകളുടെ ഓഡിറ്റാണു നടത്താനുള്ളത്.

ഫ്‌ളാറ്റുകൾ പൊളിക്കാനായി നിയന്ത്രിത സ്‌ഫോടനം നടത്തുമ്പോൾ സമീപ വീടുകൾക്ക് ഒരുക്കേണ്ട സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്ട്രക്ചറൽ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണു തീരുമാനിക്കുക. സ്‌ഫോടനത്തിനു ശേഷം വീടുകൾക്ക് ഏതെങ്കിലും തരത്തിലുള്ള കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നും സ്ട്രക്ചറൽ ഓഡിറ്റിലൂടെയാണു കണ്ടെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP