Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202028Wednesday

ഹേ.. അങ്ങനെ ഇറക്കി വിടാനാവുമോ എന്ന് സ്വയം ചോദിച്ച് അവസാനം വരെ പ്രതീക്ഷ കാത്തത് വെറുതെയായി; താമസക്കാരിൽ ഭൂരിപക്ഷവും ഒഴിഞ്ഞു; ക്ലോസറ്റുകളും വാഷ് ബെയ്‌സിനുകളും ഇന്റീരിയറും അടക്കം പറ്റുന്നതെല്ലാം ഇളക്കി മാറ്റി പോയവർക്ക് അതൊക്കെ എവിടെ സൂക്ഷിക്കണമെന്ന് അറിയില്ല; ആകെ ഇതുമാത്രം സമ്പാദ്യം ഉണ്ടായിരുന്നവർ അഭയാർത്ഥികളെ പോലെ കരയുന്നു; ഇറങ്ങേണ്ടി വന്നാൽ നിങ്ങൾ ഒറ്റയ്ക്കാവില്ല എന്ന് ഗീർവാണം അടിച്ച കോടിയേരിമാരെ മഷിയിട്ട് നോക്കിയാൽ കാണാനുമില്ല

ഹേ.. അങ്ങനെ ഇറക്കി വിടാനാവുമോ എന്ന് സ്വയം ചോദിച്ച് അവസാനം വരെ പ്രതീക്ഷ കാത്തത് വെറുതെയായി; താമസക്കാരിൽ ഭൂരിപക്ഷവും ഒഴിഞ്ഞു; ക്ലോസറ്റുകളും വാഷ് ബെയ്‌സിനുകളും ഇന്റീരിയറും അടക്കം പറ്റുന്നതെല്ലാം ഇളക്കി മാറ്റി പോയവർക്ക് അതൊക്കെ എവിടെ സൂക്ഷിക്കണമെന്ന് അറിയില്ല; ആകെ ഇതുമാത്രം സമ്പാദ്യം ഉണ്ടായിരുന്നവർ അഭയാർത്ഥികളെ പോലെ കരയുന്നു; ഇറങ്ങേണ്ടി വന്നാൽ നിങ്ങൾ ഒറ്റയ്ക്കാവില്ല എന്ന് ഗീർവാണം അടിച്ച കോടിയേരിമാരെ മഷിയിട്ട് നോക്കിയാൽ കാണാനുമില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നിങ്ങൾക്ക് ഒറ്റയ്ക്ക് തെരുവിലേക്ക് ഇറങ്ങേണ്ടിവരില്ല. ഞങ്ങളുണ്ട് കൂടെ..- സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മരടിലെ സുപ്രീംകോടതി വിധി വരുമ്പോൾ അവിടുത്തെ താമസക്കാരോട് പറഞ്ഞതാണ് ഇത്. സ്ഥലം എംഎൽഎയായ എം സ്വരാജ് സമരത്തിന് മുമ്പിൽ നിന്നു. എംപിയായ ഹൈബി ഈഡൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഈ നാടകമെല്ലാം വെറുതെയായി. ഫ്‌ളാറ്റിൽ നിന്ന് ഏവരും ഒഴിയുകയാണ്. ആവേശം പകർന്നവര്ഡ ആരേയും കാണാനില്ല. രണ്ട് ദിവസമായി ആളും ആരവവും മരടിൽ ഇല്ല. സാധനം മാറ്റുന്നവരുടെ കണ്ണീർ ചിത്രമാണ് നിറയുന്നത്. ആശ്വസിപ്പിക്കാൻ ആരുമില്ല. വാനുകൾ, ബ്രോക്കർമാർ, കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ കിട്ടുമോയെന്ന് അറിയാൻ വന്നവർ, പൊലീസുകാർ, മാധ്യമ പ്രവർത്തകർ ഇവരും ഇവിടെ എത്തി. അല്ലാത്ത നേതാക്കൾ ആരുമില്ല.

ഇതിനിടെയാണ് മരടിലെ ഫ്‌ളാറ്റുകളിൽനിന്ന് സാധനങ്ങൾ മാറ്റാൻ ഉടമകൾക്ക് സമയം നീട്ടി നൽകി. താമസിക്കാൻ അനുവദിക്കില്ല. എല്ലാവരും ഒഴിഞ്ഞതായി എഴുതി നൽകണം. വ്യാഴാഴ്ച വരെയാണ് ഫ്‌ളാറ്റൊഴിയാൻ സമയം അനുവദിച്ചിരുന്നത്. എന്നാൽ, സാധനങ്ങൾ മാറ്റാൻ ഇത്രയും സമയം പോരായിരുന്നു. ഹേ അങ്ങനെ ഇറക്കി വിടാനാവുമോ എന്ന് സ്വയം ചോദിച്ച് ആശ്വസിച്ച് അവസാനം വരെ പ്രതീക്ഷ കാത്തത് വെറുതെയായി എന്ന് എല്ലാവരും തിരിച്ചറിഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം വഴിയിൽ ഉപേക്ഷിച്ച് താമസക്കാരിൽ ഭൂരിപക്ഷവും ഒഴിഞ്ഞു. ക്ലോസറ്റുകളും വാഷ് ബെയ്‌സിനുകളും ഇന്റീരിയറും അടക്കം പറ്റുന്നതെല്ലാം ഇളക്കി മാറ്റി പോയവർക്ക് അതൊക്കെ ഇവിടെ സൂക്ഷിക്കണമെന്ന് ഇനിയും അറിയില്ല. ആകെ ഇതുമാത്രം സമ്പാദ്യം ഉണ്ടായിരുന്നവർ അഭയാർത്ഥികളെ പോലെ കരയുകയാണ്. ഇറങ്ങേണ്ടി വന്നാൽ നിങ്ങൾ ഒറ്റയ്ക്കാവില്ല എന്ന് ഗീർവാണം അടിച്ച കോടിയേരിമാരെ തിരിയുകയാണ് അവർ.

നഷ്ടം നിർമ്മാതാക്കളിൽ നിന്ന് വാങ്ങി നൽകണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മാത്രമാണ് ഏക പ്രതീക്ഷ. ചെലവാക്കിയ കാശു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഫ്‌ളാറ്റിലെ താമസക്കാരുടെ പടിയിറക്കം. എന്നാൽ രാഷ്ട്രീയക്കാർ നിർമ്മാതാക്കൾക്കൊപ്പമാകുമെന്ന് സംശയിക്കുന്നവരും ഉണ്ട്. സമരത്തിലേക്ക് ഫ്‌ളാറ്റിലെ താമസക്കാരെ തള്ളി വിട്ടതു പോലും നഷ്ടപരിഹാരം ഖജനാവിൽ നിന്ന് കൊടുക്കാനുള്ള ചിലരുടെ കുതതന്ത്രമായിരുന്നുവെന്ന് ഏവർക്കും അറിയാം. ഫ്‌ളാറ്റ് പൊളിക്കില്ലെന്നും ആർക്കും ഇറങ്ങേണ്ടി വരില്ലെന്നും ആത്മവിശ്വാസം നൽകിയ ജനപ്രതിനിധികളുമുണ്ട്. എന്നാൽ സുപ്രീംകോടതിയുടെ കാർകശ്യത്തോടെ ഇത്തരം വീര ശൂര പരാക്രമികളെല്ലാം പത്തി മടർത്തി. ഇതോടെ സാധനം മാറ്റണമെന്ന വസ്തുത താമസക്കാർക്കും മനസ്സിലായി. അവർ വേദനയോടെ സമ്പാദ്യം പൊളിക്കാൻ തുടങ്ങി.

ഹോളിഫെയ്ത്ത് എച്ച്.ടു.ഒ. ഫ്‌ളാറ്റിൽ മാത്രം 90 താമസക്കാരുണ്ടായിരുന്നു. ഇന്റീരിയർ പൊളിക്കുന്ന ജോലി കഴിഞ്ഞ ദിവസങ്ങളിൽത്തന്നെ തുടങ്ങി. എന്നാൽ 18 നിലയുള്ള ഫ്‌ളാറ്റിൽനിന്ന് എല്ലാം ഒറ്റയടിക്ക് താഴെയിറക്കാൻ കഴിയുമായിരുന്നില്ല. സാധനങ്ങൾ മാറ്റുന്ന ഏജൻസികൾ ലിഫ്റ്റ് കൈയടക്കി. താമസക്കാർക്കുള്ള ലിഫ്റ്റുകൾ അധിക ഭാരം കാരണം പലപ്പോഴും പണിമുടക്കി. രോഗികളും സ്ത്രീകളും മുകൾ നിലകളിൽ കുടുങ്ങി. വൈകീട്ട് അഞ്ചിനു മുമ്പ് എല്ലാവരും ഒഴിഞ്ഞില്ലെങ്കിൽ ഗേറ്റ് പൂട്ടുമെന്നും ഫ്‌ളാറ്റുടമകളുടെ സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കുമെന്നും ഇതിനിടെ അഭ്യൂഹമുണ്ടായി. അഞ്ചുമണിക്കു മുമ്പ് ഒഴിയുക മനുഷ്യസാധ്യമല്ലായിരുന്നു. ഒഴിയില്ലെന്ന് ആരും പറഞ്ഞിരുന്നുമില്ല. അതുകൊണ്ടുതന്നെ അത്തരം നീക്കങ്ങളൊന്നുമുണ്ടായില്ല. അഞ്ചു മണിയോടെ എറണാകുളം എ.സി.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എച്ച്. ടു.ഒ. ഫ്‌ളാറ്റിലെത്തി. സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയുടെ സന്ദേശവുമായാണ് അദ്ദേഹം വന്നത്. വ്യാഴാഴ്ച തന്നെ ഒഴിയാൻ സന്നദ്ധരാണെന്ന് എഴുതി നൽകിയാൽ സാധനങ്ങൾ മാറ്റാൻ വേണമെങ്കിൽ പൊലീസ് സഹായം നൽകാമെന്നായിരുന്നു വാഗ്ദാനം. ഒഴിയാൻ തയ്യാറാണെന്നും കൂടുതൽ സമയം നൽകണമെന്നും ഫ്‌ളാറ്റുടമകൾ ആവശ്യപ്പെട്ടു. മടങ്ങിപ്പോയ ലാൽജി ആറു മണിയോടെ തിരിച്ചെത്തി സമയം നീട്ടി നൽകിയ കാര്യം അറിയിച്ചു.

വിവിധ ഫ്‌ളാറ്റുകളിൽനിന്ന് കുടുംബങ്ങൾ ഒഴിഞ്ഞിട്ടുണ്ട്. അപ്പാർട്ട്‌മെന്റുകളുടെ ഉൾവശമെല്ലാം പൊളിച്ചിട്ടിരിക്കുന്നതിനാൽ ഇനി ഇവയിൽ താമസിക്കാൻ കഴിയില്ല. പൊളിക്കുന്ന നാല് ഫ്‌ളാറ്റുകളിലെ അഞ്ച് ടവറുകളിലായി മുഴുവൻ സമയ താമസക്കാർ 198 പേർ. ബാക്കിയുള്ളവർ വല്ലപ്പോഴും വരുന്നവരും വിദേശത്തുള്ളവരുമാണ്. വാടകക്കാർ നേരത്തെ ഒഴിഞ്ഞിരുന്നു. സാധനങ്ങൾ മാറ്റാനായി സാവകാശം നൽകണമെന്നു രേഖാമൂലം ആവശ്യപ്പെടുന്നവർക്കാണ് കൂടുതൽ സമയം അനുവദിക്കുക. വെള്ളവും വൈദ്യുതിയും തൽക്കാലം വിച്ഛേദിക്കില്ല. 190 പേർ ഇതിനകം ഫ്‌ളാറ്റ് ഒഴിഞ്ഞതായി കലക്ടർ എസ്. സുഹാസ് പറഞ്ഞു. സാധനങ്ങൾ നീക്കുന്നതിന് ഉടമകളെ സഹായിക്കാൻ വൊളന്റിയർമാരെ നിയോഗിച്ചിട്ടുണ്ട്. പുനരധിവാസത്തിനു 42 ഫ്‌ളാറ്റുകൾ തയാറാക്കിയെന്നും കലക്ടർ അറിയിച്ചു. ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കൽ, പുനരധിവാസം, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയ്ക്കായി ഒരു കോടി രൂപ മരട് നഗരസഭയ്ക്കു ധനവകുപ്പ് അനുവദിച്ചു. ഫ്‌ളാറ്റുകൾക്കു സുരക്ഷ നൽകാനായി സായുധ സേനാ ക്യാംപിൽ നിന്നു കൂടുതൽ പൊലീസിനെ മരടിൽ വിന്യസിച്ചു. റവന്യു ഉദ്യോഗസ്ഥരും പൊലീസ് സംഘവും ഫ്‌ളാറ്റുകളിലെത്തി ഒഴിഞ്ഞുപോയവരുടെയും പോകാത്തവരുടെയും വിവരങ്ങൾ ശേഖരിച്ചു.

നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളിലെയും ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞിട്ടുണ്ട്. ഇവർക്കു സാധനങ്ങൾ പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ല. മറ്റു താമസ സ്ഥലങ്ങൾ കണ്ടെത്താൻ കഴിയാത്തവർ സാധനങ്ങൾ ബന്ധുക്കളുടെയും മറ്റും വീടുകളിലേക്കാണു മാറ്റുന്നത്. ജീവിത കാലത്തെ മുഴുവൻ സമ്പാദ്യവും സ്വരുക്കൂട്ടി വാങ്ങിയ അപ്പാർട്‌മെന്റിൽ നിന്ന് കൈയിൽ കിട്ടുന്നതെല്ലാം എടുത്ത് താമസക്കാർ പടിയിറങ്ങുന്നു. അപ്പാർട്‌മെന്റുകൾ ഒഴിയേണ്ട അവസാന ദിവസമായ ഇന്നലെ സാധനങ്ങൾ മാറ്റുന്നതിന്റെ തിരക്കായിരുന്നു എല്ലായിടത്തും. അപ്പാർട്‌മെന്റുകളിലെ വാഷ് ബേസിനുകളും ക്ലോസറ്റുകളും ഉൾപ്പെടെയുള്ളവയാണു പലരും അഴിച്ചെടുത്തു നീക്കിയത്.

ഫ്‌ളാറ്റുകളുടെ ഉടമകളുടെ പ്രധാന സമര കേന്ദ്രമായിരുന്നു കുണ്ടന്നൂരിലെ എച്ച്2ഒ ഹോളിഫെയ്ത്. പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിച്ചതിനു ശേഷം കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നു ഫ്‌ളാറ്റ് ഉടമകൾ സാധനങ്ങൾ മാറ്റാൻ തുടങ്ങിയത്. ലക്ഷങ്ങൾ ചെലവഴിച്ച് സജ്ജീകരിച്ച ഇന്റീരിയർ ഉൾപ്പെടെ പൊളിച്ചെടുക്കുമ്പോൾ പലരും കണ്ണീർ വാർത്തു. അതിനിടെ മരട് ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ എല്ലാം മരട് നഗരസഭയിൽ നിന്നു ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. മരട് പഞ്ചായത്ത് ആയിരിക്കെ ഭരണസമിതി അംഗങ്ങളായിരുന്ന 2 പേരെ ചോദ്യം ചെയ്തു. ഫ്‌ളാറ്റ് ഉടമകളിൽ ചിലരുടെ മൊഴിയും രേഖപ്പെടുത്തി. ഇന്നലെ രാവിലെ, അന്വേഷണ പുരോഗതി ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിൽ നടന്ന യോഗം വിലയിരുത്തി. അന്വേഷണം ശരിയായ ദിശയിലാണെന്ന് യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു.

''കുറ്റകൃത്യം തെളിഞ്ഞതാണ്; കുറ്റവാളികളെ കണ്ടെത്തിയാൽ മതി. അവരിലേക്ക് ഉടൻ എത്തും. ഫ്‌ളാറ്റ് നിർമ്മാതാക്കൾ മാത്രമല്ല കുറ്റക്കാർ. ഉദ്യോഗസ്ഥരെ ഉൾപ്പെടെ ചോദ്യം ചെയ്യും. 3 മാസത്തിനകം കുറ്റപത്രം സമർപ്പിക്കും.'' അദ്ദേഹം പറഞ്ഞു. മരട് നഗരസഭാ ഓഫീസിൽനിന്ന് പിടിച്ചെടുത്ത രേഖകളുടെ പരിശോധന വെള്ളിയാഴ്ച പൂർത്തിയാകും. ഫ്ളാറ്റുകൾക്ക് നിർമ്മാണാനുമതി നൽകിയതുമായി ബന്ധപ്പെട്ട് 2005 മുതലുള്ള നൂറുകണക്കിന് രേഖകളാണ് മൂന്നുദിവസത്തെ പരിശോധനയിൽ പിടിച്ചെടുത്തത്. ക്രമക്കേട് വ്യക്തമാക്കുന്ന ചില രേഖകൾ കാണാതായതായി അന്വേഷണസംഘം സംശയിക്കുന്നു. വെള്ളിയാഴ്ച പരിശോധന പൂർത്തിയാകുന്നതോടെ ഇക്കാര്യത്തിൽ വ്യക്തതവരുമെന്ന് സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മരട് നഗരസഭയിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. മരട് പഞ്ചായത്തായിരുന്ന കാലഘട്ടത്തിലെ ക്രമക്കേടുൾപ്പെടെ അന്വേഷണപരിധിയിൽ വരുന്നതിനാൽ അക്കാലത്ത് ജോലി ചെയ്തിരുന്നവരുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. വിരമിച്ചവരുടേതുൾപ്പെടെ പട്ടിക തയ്യാറാക്കി ഇവരെ വിളിച്ചുവരുത്തി ചോദ്യംചെയ്യും.

നിയമലംഘനം മറച്ചുവച്ച് ഫ്ളാറ്റ് വിറ്റുവെന്നാരോപിച്ച് ഫ്ളാറ്റ് ഉടമകൾ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പരാതിക്കാർ ഫ്ളാറ്റൊഴിഞ്ഞ് പുതിയ താമസസ്ഥലങ്ങളിലേക്ക് മാറുന്നതിന്റെ തിരക്കിലായതിനാൽ ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇവരുടെ മൊഴിയെടുക്കും. എസ്‌പി വി എം മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ രണ്ട് ഡിവൈഎസ്‌പിമാരും ഏഴ് സിഐമാരുമുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ അന്വേഷണസംഘം കൊച്ചി സിറ്റി പൊലീസ് കമീഷണർ ഓഫീസിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP