Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോൾ രാജിന്റേയും സാനി ഫ്രാൻസിസിന്റേയും സന്ദീപ് മാലിക്കിന്റേയും കെ വി ജോസിന്റേയും സ്വത്തുക്കൾ കണ്ടു കെട്ടി സുപ്രീംകോടതി; മുഴുവൻ നഷ്ടവും നിർമ്മാതാക്കളിൽ നിന്നു തന്നെ ഈടാക്കും; ഫ്‌ളാറ്റ് പൊളിക്കാൻ സർക്കാർ പരിഗണിക്കുന്നത് നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം പൊളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട 'ബിൽഡിങ് ഇംപ്ലോഷൻ' രീതിയും; നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ കൂറ്റൻ കെട്ടിടങ്ങൾ തകർക്കുന്നത് കാലതാമസം ഒഴിവാക്കാൻ; മരടിൽ ഇന്ന് മുതൽ ഒഴുപ്പിക്കൽ; പ്രതിഷേധം തുടരാൻ താമസക്കാരും

പോൾ രാജിന്റേയും സാനി ഫ്രാൻസിസിന്റേയും സന്ദീപ് മാലിക്കിന്റേയും കെ വി ജോസിന്റേയും സ്വത്തുക്കൾ കണ്ടു കെട്ടി സുപ്രീംകോടതി; മുഴുവൻ നഷ്ടവും നിർമ്മാതാക്കളിൽ നിന്നു തന്നെ ഈടാക്കും; ഫ്‌ളാറ്റ് പൊളിക്കാൻ സർക്കാർ പരിഗണിക്കുന്നത് നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം പൊളിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട 'ബിൽഡിങ് ഇംപ്ലോഷൻ' രീതിയും; നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ കൂറ്റൻ കെട്ടിടങ്ങൾ തകർക്കുന്നത് കാലതാമസം ഒഴിവാക്കാൻ; മരടിൽ ഇന്ന് മുതൽ ഒഴുപ്പിക്കൽ; പ്രതിഷേധം തുടരാൻ താമസക്കാരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മരട് ഫ്‌ളാറ്റിൽ ഒടുവിൽ കുടുങ്ങിയത് ഫ്‌ളാറ്റ് നിർമ്മാതാക്കൾ മാത്രം. മരടിൽ പരിസ്ഥിതി നിയമം ലംഘിച്ച് നിർമ്മിച്ച നാലു ഫ്‌ളാറ്റുകളുടെയും നിർമ്മാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടിയതോടെയാണ് ഇത്. ഇവരുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടി ഇന്നലെയാണ് സുപ്രീംകോടതി ഉത്തരവിട്ടത്.പോൾ രാജ് (ഡയറക്ടർ, ആൽഫ വെഞ്ചേഴ്‌സ്) സാനി ഫ്രാൻസിസ് (എം.ഡി,ഹോളി ഫെയ്ത്ത്) സന്ദീപ് മാലിക്ക് (എം.ഡി, ജെയിൻ ഹൗസിങ്), കെ.വി.ജോസ് (എം.ഡി, കെ.പി.വർക്കി ബിൽഡേഴ്‌സ്) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സർക്കാരിൽ നിന്ന് ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം കൊടുക്കാനുള്ള നീക്കമാണ് പൊളിയുന്നത്. ഫ്‌ളാറ്റ് പൊളിക്കൽ സ്‌ഫോടനത്തിലൂടെനിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്‌ളാറ്റുകൾ പൊളിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ക്രെയിൻ ഉപയോഗിച്ച് പൊളിക്കാൻ ആദ്യം പദ്ധതിയിട്ടെങ്കിലും കാലതാമസം നേരിടുമെന്നതിനാലാണ് ഉപേക്ഷിച്ചത്.

മരടിലെ ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗമാണ് തീരുമാനിച്ചത്. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ ജനവാസമേഖലകളിലും സുരക്ഷ ഉറപ്പാക്കും. 'ബിൽഡിങ് ഇംപ്ലോഷൻ'.എന്ന സാങ്കേതിക വിദ്യയാകും ഉപയോഗിക്കുക. കൂറ്റൻ കെട്ടിടങ്ങൾ നിമിഷനേരം കൊണ്ട് ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് ഒരു പോറൽ പോലുമേൽക്കാതെ ഇടിച്ച് താഴെ വീഴ്‌ത്തുന്ന രീതിയാണ് ബിൽഡിങ് ഇംപ്ലോഷൻ. നിയന്ത്രിത സ്‌ഫോടനത്തിലൂടെ കെട്ടിടം തകർക്കുന്ന രീതി. പൊളിച്ചു മാറ്റേണ്ട കെട്ടിടത്തിന്റെ ബീമുകളിലും തൂണുകളിലും ചാർജ് എന്ന പേരിൽ സ്‌ഫോടക വസ്തുക്കൾ ഘടിപ്പിക്കും. നൈട്രോഗ്ലിസറിൻ മുഖ്യഘടകമായ ഡൈനമൈറ്റാണ് ഉപയോഗിക്കുക.

പൂർണമായും കംപ്യൂട്ടർ അധിഷ്ഠിതമായാണു 'ബിൽഡിങ് ഇംപ്ലോഷന്റെ' പ്രവർത്തനം. സ്‌ഫോടക വസ്തുക്കൾ എവിടെയൊക്കെ വയ്ക്കണം, അളവ്, സ്‌ഫോടനം നടത്തേണ്ട സമയം എന്നിവയെല്ലാം കംപ്യൂട്ടർ ഉപയോഗിച്ചാണു തീരുമാനിക്കുക. കെട്ടിടത്തിന്റെ ഓരോ നിലകളിലും അതിസൂക്ഷ്മ സെക്കൻഡുകളുടെ വ്യത്യാസത്തിലാകും സ്‌ഫോടനം. താഴത്തെ നിലകളിൽ ആദ്യം. പിന്നീട് മുകൾ നിലകളിൽ സ്‌ഫോടനം. ഇങ്ങനെ ചെയ്യുമ്പോൾ കെട്ടിട അവശിഷ്ടങ്ങൾ പുറത്തേക്കു തെറിക്കില്ല. ഉള്ളിലേക്കു മാത്രമേ വീഴൂ. ഇതു തന്നെയാണ് ഈ രീതിയുടെ ഏറ്റവും വലിയ പ്രത്യേകതയും. വിദേശങ്ങളിൽ വൻ കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടി വരുമ്പോൾ അവലംബിക്കുന്നത് ഇംപ്ലോഷൻ രീതിയാണ്. ചെന്നൈ മൗലിവാക്കത്തുൾപ്പെടെ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ 'ബിൽഡിങ് ഇംപ്ലോഷൻ' രീതി ഉപയോഗിച്ചു കെട്ടിടങ്ങൾ പൊളിച്ചിട്ടുണ്ട്. എന്നാൽ ഈ രീതി ഉപയോഗിച്ചു കോട്ടയം നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലം പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു.

മരട് ഫ്‌ളാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കും. മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ താമസക്കാരോടും ഒഴിയാൻ നഗരസഭ നിർദ്ദേശിച്ചിട്ടുണ്ട്. ഫ്‌ളാറ്റ് പൊളിക്കാൻ സർക്കാർ നിയോഗിച്ച നഗരസഭാ സെക്രട്ടറി സ്നേഹിൽ കുമാർ സിംഗിന്റെ മേൽനോട്ടത്തിലാണ് നടപടികൾ. പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും ബലപ്രയോഗം ഉണ്ടാവില്ല. ഒഴിയുന്നവർക്കായി അഞ്ഞൂറോളം ഫ്‌ളാറ്റുകൾ കണ്ടെത്തിയിട്ടുണ്ട്. താമസക്കാർ തന്നെ വാടകനൽകണം. ഒഴിഞ്ഞ് പോകാനുള്ള സഹായങ്ങളും നഗരസഭ വാഗ്ദാനം ചെയ്തു.എന്നാൽ തങ്ങളുടെ നിബന്ധനകൾ പാലിക്കാതെ ഒഴിയില്ലെന്ന് ആവർത്തിക്കുകയാണ് ഫ്‌ളാറ്റ് ഉടമകൾ. പുനരധിവാസം ഉറപ്പാക്കണം, നഷ്ടപരിഹാരം കൈയോടെ ലഭിക്കണം, വൈദ്യുതിയും കുടിവെള്ളവും പുനഃസ്ഥാപിക്കണം, സമാധാനപരമായി ഒഴിഞ്ഞ് പോകാനുള്ള സമയം അനുവദിക്കണം തുടങ്ങിയവയാണ് ആവശ്യങ്ങൾ.

ഫ്‌ളാറ്റുടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാൻ റിട്ട.ഹൈക്കോടതി ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതിയെയും സുപ്രീംകോടതി നേരത്തെ നിയോഗിച്ചിരുന്നു. ഫ്‌ളാറ്റുകളുടെ വില കണക്കാക്കി നാലാഴ്ചയ്ക്കകം ഓരോ ഫ്‌ളാറ്റ് ഉടമയ്ക്കും നൽകേണ്ട യഥാർത്ഥ നഷ്ടപരിഹാരം തീരുമാനിക്കണം.താത്കാലിക നഷ്ടപരിഹാരമായി സർക്കാർ 25 ലക്ഷം രൂപ നൽകാനും അത് കെട്ടിട നിർമ്മാതാക്കൾ, നിർമ്മാണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് ഈടാക്കാനും ജസ്റ്റിസുമാരായ അരുൺ മിശ്ര, എസ്. രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.നഷ്ടപരിഹാരം നിശ്ചയിക്കലാണ് റിട്ട. ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതിയുടെ ചുമതല.

കെട്ടിട നിർമ്മാതാക്കളുമായി യോഗം ചേർന്ന് വസ്തുതകൾ വിലയിരുത്തി സമിതി തീരുമാനമെടുക്കും. നാല് കെട്ടിട നിർമ്മാതാക്കൾക്കും നോട്ടീസ് അയയ്ക്കാനും ഉത്തരവിട്ടു. ഇവരെ കൂടാതെ കെട്ടിടനിർമ്മാണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് കൂടി നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇപ്പോഴും ഫ്‌ളാറ്റ് ഉടമകളിൽ ചിലർ പ്രതിഷേധത്തിലാണ്. ഇന്ന് മുതൽ അവർ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന് മുന്നിൽ നിരാഹാരം ആരംഭിക്കും. ഇന്നലെ വൈകിട്ട് റാന്തൽ തെളിയിച്ച് പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP