Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതിക്കും നഗരസഭയ്ക്കും എതിരെ കാഹളം മുഴക്കുന്നവർ എന്തുകൊണ്ട് നിയമവിരുദ്ധമായി കായൽ തീരത്ത് കെട്ടിടം തീർത്തു ഫ്‌ളാറ്റ് കമ്പനികളുടെ പേര് പോലും പറയുന്നില്ല? എന്തുകൊണ്ട് ഈ കമ്പനികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനെക്കുറിച്ചു ചർച്ചകൾ ഇല്ല? കെപി വർക്കി ആൻഡ് വി എസ് ബിൽഡെഴ്‌സും ജെയിൻ ഹൗസിംഗും അൽഫാ വെഞ്ചേഴ്സും ഹോളിഫെയ്ത്തും അടക്കമുള്ള കമ്പനികൾ പ്രതിസ്ഥാനത്ത് വരാതിരിക്കാൻ ബോധപൂർവം ശ്രമിക്കുന്നത് ആര്?

സുപ്രീംകോടതിക്കും നഗരസഭയ്ക്കും എതിരെ കാഹളം മുഴക്കുന്നവർ എന്തുകൊണ്ട് നിയമവിരുദ്ധമായി കായൽ തീരത്ത് കെട്ടിടം തീർത്തു ഫ്‌ളാറ്റ് കമ്പനികളുടെ പേര് പോലും പറയുന്നില്ല? എന്തുകൊണ്ട് ഈ കമ്പനികളിൽ നിന്നും നഷ്ടം ഈടാക്കുന്നതിനെക്കുറിച്ചു ചർച്ചകൾ ഇല്ല? കെപി വർക്കി ആൻഡ് വി എസ് ബിൽഡെഴ്‌സും ജെയിൻ ഹൗസിംഗും അൽഫാ വെഞ്ചേഴ്സും ഹോളിഫെയ്ത്തും അടക്കമുള്ള കമ്പനികൾ പ്രതിസ്ഥാനത്ത് വരാതിരിക്കാൻ ബോധപൂർവം ശ്രമിക്കുന്നത് ആര്?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പരിസ്ഥിതി നിയമങ്ങളും കെട്ടിട നിർമ്മാണ ചട്ടങ്ങളും കാറ്റിൽപ്പറത്തി ഫ്‌ളാറ്റ് നിർമ്മാതാക്കൾ മരടിൽ ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയതാണ് മരടിലെ ഫ്‌ളാറ്റുടമകൾ വഴിയാധാരമാകുന്ന അവസ്ഥ വന്നത്. തീരപരിപാലന ചട്ടങ്ങൾ പൂർണമായി ലംഘിക്കപ്പെട്ടതായി സുപ്രീംകോടതി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് ഫ്‌ളാറ്റുകളും പൊളിച്ചു മാറ്റാൻ സുപ്രീംകോടതിയുടെ അന്തിമ ഉത്തരവ് വന്നത്. ഉത്തരവ് വന്നപ്പോൾ വലിയൊരു ജനവികാരം ഫ്‌ളാറ്റ് ഉടമകൾക്ക് അനുകൂലമായി വന്നു. 

ഇരയുടെ സ്ഥാനത്ത് ഫ്‌ളാറ്റ് ഉടമകൾ അവരോധിക്കപ്പെടുകയായിരുന്നു. ഇര ഫ്‌ളാറ്റ് ഉടമകൾ ആയി മാറിയതോടെ വില്ലൻ ആരെന്ന ചോദ്യവും ഒപ്പം മുഴങ്ങി. മരടിലെ യഥാർത്ഥ വില്ലന്മാർ ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജെയിൻ ഹൗസിങ്, കായലോരം അപ്പാർട്ട്മെന്റ്, അൽഫാ വെഞ്ചേഴ്സ് ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയ ബിൽഡർമാർ തന്നെയാണ്. എന്നാൽ ബിൽഡർമാർക്ക് പകരം സുപ്രീംകോടതിയേയും മരട് നഗരസഭയേയും തീരപരിപാലന അഥോറിറ്റിയേയും പ്രതിസ്ഥാനത്ത് നിർത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനു ഫ്‌ളാറ്റ് ഉടമകൾ തന്നെ കൂട്ട് നിൽക്കുന്നത് സംശയാസ്പദമായ കാര്യമായി തുടരുകയാണ്.

ബിൽഡേഴ്‌സിനെതിരെ പരാതിയില്ലാതെ ഫ്‌ളാറ്റ് ഉടമകൾ

ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് എതിരെ പരാതി നൽകാൻ ഫ്‌ളാറ്റ് ഉടമകൾ തയ്യാറല്ല. വിചിത്രമായ ന്യായമാണ് ഈ കാര്യത്തിൽ ഇവർ പിന്തുടരുന്നത്. മാധ്യമങ്ങളോടു ഇവർ പ്രതികരിച്ചതും വിചിത്രമായ രീതിയിലാണ്. ഫ്‌ളാറ്റിനു ഒരു കുഴപ്പവുമില്ല. ഫ്‌ളാറ്റിനു കുഴപ്പമുണ്ടെങ്കിലേ ഇവർക്കെതിരെ പരാതി നൽകേണ്ട ആവശ്യമുള്ളു. എല്ലാ അനുമതി പത്രങ്ങളും ഇവർ നൽകിയപ്പോൾ പരിശോധിച്ചതാണ്. ഫ്‌ളാറ്റ് നിർമ്മാതാക്കൾ കുറ്റക്കാരല്ല. അതേസമയം തീരപരിപാലന ചട്ടങ്ങളുടെ നഗ്‌നമായ ലംഘനം ദൃശ്യമായതിനാലാണ് സുപ്രീംകോടതി ഫ്‌ളാറ്റുകൾ പൊളിച്ചു മാറ്റാൻ ഉത്തരവിട്ടത്. അതുകൊണ്ട് കെട്ടിട നിർമ്മാതാക്കൾ കുഴപ്പക്കാരല്ല എന്ന് ഫ്‌ളാറ്റ് ഉടമകളുടെ നിലപാടിൽ സംശയം ഉയരുകയാണ്. ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ കള്ളക്കച്ചവടത്തിനും ഗൂഡനീക്കങ്ങൾക്കും ഫ്‌ളാറ്റ് ഉടമകൾ കൂട്ട് നിൽക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഉയരുകയാണ്. വൻകിട ബിൽഡർമാർ തന്നെയാണ് ഈ ഫ്‌ളാറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. പ്രമുഖ കെട്ടിട നിർമ്മാതാക്കളായ കെ.പി.വർക്കി ആൻഡ് വി എസ് ബിൽഡെഴ്‌സ് ആണ് കായലോരം നിർമ്മിച്ചത്. ജെയിൻ ഹൗസിങ് എന്ന പ്രശസ്ത ബിൽഡേഴ്‌സിന്റെതാണ് ഒരു ഫ്‌ളാറ്റ്. അൽഫാ വെഞ്ചേഴ്സാണ് മറ്റൊരു ഫ്‌ളാറ്റ് നിർമ്മിച്ചിട്ടുള്ളത്.

ഹോളിഫെയ്ത്തും ബിൽഡേഴ്‌സ് തന്നെയാണ്. ഈ ബിൽഡേഴ്‌സ് ഒന്നും തന്നെ പ്രതിസ്ഥാനത്ത് നിലവിലില്ല എന്നാണ് സുപ്രീംകോടതി വിധി വന്നപ്പോൾ ദൃശ്യമായ കാര്യം. 73 ഫ്‌ളാറ്റുകൾ ആണ് ആൽഫാ വെഞ്ചേഴ്സ് കൈമാറിയിരിക്കുന്നത്. ഹോളി ഫെയ്ത്ത് 90 ഫ്‌ളാറ്റുകളാണ് കൈമാറിയിരിക്കുന്നത്. കെട്ടിട നിർമ്മാതാക്കളെ ഈ വിവാദങ്ങളിൽ നിന്നും പ്രതിസ്ഥാനത്തു നിന്നും അകറ്റി നിർത്താൻ ബോധപൂർവമായ ശ്രമങ്ങൾ നടന്നു. ഇപ്പോഴും നടക്കുന്നുണ്ട്. ഫ്‌ളാറ്റുകൾ ഒന്നൊഴിയാതെ പൊളിച്ച് നീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടത് ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ നഗ്‌നമായ നിയമലംഘനങ്ങൾ പ്രത്യക്ഷത്തിൽ തന്നെ ദൃശ്യമായത് കാരണമാണ്. അനുമതിയില്ലാതെ സിആർസെഡ് സോണിൽ വരുന്ന പ്രദേശത്ത് ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയതിന് തീരപരിപാലന അഥോറിറ്റി ബിൽഡർമാർക്ക് നോട്ടീസ് നൽകിയതാണ്. ബിൽഡർമാർ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി സമ്പാദിച്ച് നിർമ്മാണം പൂർത്തീകരിച്ചു. ഈ ഹൈക്കോടതി വിധിക്കെതിരെ അഥോറിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് ഫ്‌ളാറ്റുകൾ ഒരുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീംകോടതി വിധിച്ചത്. ഇതിനെതിരായി നൽകിയ റിവ്യൂ ഹർജികളും സുപ്രീംകോടതി തള്ളിക്കളഞ്ഞു. ബിൽഡർമാരുടെ വളയമില്ലാ ചാട്ടത്തിലാണ് ബിൽഡർമാരിൽ നിന്നും ഫ്‌ളാറ്റുകൾ വാങ്ങിയ 400 ഓളം കുടുംബങ്ങൾ വഴിയാധാരമാകാൻ കാരണം. എന്നിട്ടും ബിൽഡർമാരെ കാണാമറയത്ത് നിർത്താൻ ഫ്‌ളാറ്റ് ഉടമകളുടെ ഭാഗത്ത് നിന്നും ശ്രമം വരുകയും ചെയ്തു.

കേസുകളിൽ കക്ഷിചേരാതിരുന്നതിനാൽ ഫ്‌ളാറ്റ് ഉടമകളുടെ വാദങ്ങൾ കോടതിയിൽ എത്തിയില്ല

ബിൽഡർമാരിൽ നിന്നും നിയമാനുസൃതം പാലിക്കേണ്ട കാര്യങ്ങൾ പാലിച്ച് ഉത്തമ വിശ്വാസത്തിൽ ഫ്‌ളാറ്റ് വാങ്ങിയവരാണ് ഫ്കാറ്റ് ഉടമകൾ. എന്നിട്ടും ഇവരാരും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടന്ന കേസുകളിൽ, അന്തിമ വിധി തന്നെ വന്ന കേസുകളിൽ ഇതുവരെ കക്ഷി ചേർന്നില്ല. കേസിൽ കക്ഷി ചേരാത്തതുകൊണ്ട് ഫ്‌ളാറ്റ് ഉടമകളുടെ വാദമുഖങ്ങൾ സുപ്രീംകോടതിയിൽ മുഴങ്ങുകയും ചെയ്തിട്ടില്ല. ഇവർ പറയുന്ന മറ്റൊരു വിചിത്രമായ കാര്യം സുപ്രീംകോടതി രൂപീകരിച്ച എറണാകുളം ജില്ലാ കളക്ടർ, മരട് മുനിസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറി എന്നിവർ അടങ്ങുന്ന കമ്മറ്റി തങ്ങളുമായി സംസാരിച്ചില്ലെന്നും, ബിൽഡർമാരോട് മാത്രമേ സംസാരിച്ചുള്ളൂ എന്നുമാണ്. ബിൽഡർമാർക്ക് ഈ കാര്യത്തിൽ ഇടപടാൻ മൗനാനുമതി ഫ്‌ളാറ്റ് ഉടമകളുടെ ഭാഗത്ത് നിന്നും വന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

നിർമ്മാണം പൂർത്തിയാക്കി ഫ്‌ളാറ്റുകൾ ഒഴിഞ്ഞുപോയ ബിൽഡർമാർ ആണ് കേസുകൾ നോക്കിയത്. ഫ്‌ളാറ്റ് ഉടമകളെ വഞ്ചിച്ചത് ബിൽഡർമാരാണ്. ഈ ബിൽഡർമാരുടെ ശബ്ദം മാത്രമാണ് സുപ്രീംകോടതിയിലും മുഴങ്ങിയത്. ഇതേ ബിൽഡർമാരെയാണ് ഫ്‌ളാറ്റ് ഉടമകൾ സുരക്ഷിതമായി നിർത്താൻ നോക്കുന്നത്. ഫ്‌ളാറ്റുകൾ പൊളിക്കേണ്ടി വന്നാൽ, ഇവരൊക്കെ എവിടേക്ക് പോകും? നഷ്ടം ആര് നൽകും? എന്ന ചോദ്യമാണ് മുന്നിലുള്ളത്. മുനിസിപ്പാലിറ്റിയോ, സർക്കാരോ, കോടതിയോ? നഷ്ടം നൽകുമോ എന്ന് ചോദിക്കുമ്പോൾ ഫ്‌ളാറ്റ് ഉടമകൾ കെട്ടിട നിർമ്മാതാക്കളെ സുരക്ഷിതരാക്കി നിർത്തുകയാണ്.

അനുമതിയില്ലാതെ സിആർസെഡ് സോണിൽ വരുന്ന പ്രദേശത്ത് ഫ്‌ളാറ്റുകൾ കെട്ടിപ്പൊക്കിയ കെട്ടിട ഉടമകളുടെ നടപടികളാണ് ഫ്‌ളാറ്റ് പൊളിക്കുക എന്ന സുപ്രീംകോടതി വിധിയിൽ കലാശിച്ചത്. അപ്പോൾ കുറ്റക്കാർ വൻകിട കെട്ടിട നിർമ്മാതാക്കളായ കെ.പി.വർക്കി ആൻഡ് വി എസ് ബിൽഡെഴ്‌സ്, ജെയിൻ ഹൗസിങ്, അൽഫാ വെഞ്ചേഴ്സ്, ഹോളിഫെയ്ത്ത് കെട്ടിട നിർമ്മാണ ഗ്രൂപ്പുകളിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നത്. 400 ഓളം കുടുംബങ്ങൾ ഫ്‌ളാറ്റ് പൊളിക്കണം എന്ന സുപ്രീംകോടതി വിധിയോടെ വഴിയാധാരമാവുകയാണെങ്കിൽ അർഹമായ നഷ്ടം നൽകേണ്ടത് കെട്ടിട നിർമ്മാതാക്കൾ തന്നെയാണ്. അല്ലാതെ മുനിസിപ്പാലിറ്റിയോ, സർക്കാരോ, കോടതിയോ അല്ല ഇവിടെ ഇവർക്ക് നഷ്ടം നൽകേണ്ടത്. പക്ഷെ കെട്ടിട നിർമ്മാതാക്കൾ നഷ്ടം നൽകണമെന്ന ആവശ്യം ഇതുവരെ ഫ്‌ളാറ്റ് ഉടമകൾ മുന്നോട്ടു വച്ചിട്ടില്ല.

ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പെഴ്‌സ്

വൻകിട കെട്ടിട നിർമ്മാതാക്കളാണ് ഹോളിഫെയ്ത്ത് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പെഴ്‌സ്. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇവർ നിരവധി പ്രോജക്ടുകൾ നേരിട്ട് നടത്തിയിട്ടുണ്ട്. പതിനഞ്ച് വർഷത്തെ പ്രവർത്തന പാരമ്പര്യം തങ്ങൾക്കുണ്ട് എന്ന് ഇവർ അവകാശപ്പെടുന്നു. ആറോളം ഹൗസിങ് പ്രോജക്ടുകൾ ഇവർ കൊച്ചിയുടെ വിവിഥ ഭാഗങ്ങളിൽ ഇവർ പൂർത്തീകരിച്ചിട്ടുണ്ട്. വിശ്വാസ്യതയുള്ള കെട്ടിട നിർമ്മാതാക്കൾ എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്. സാന്റാ ഫൈഡ് ബിൽഡേഴ്‌സ്, ഹോളി ഫെയ്ത്ത് പ്ലാന്റെഷൻസ്, ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ്, ഹോളി ഫെയ്ത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങൾ ഇവർക്കുണ്ട്. പെരുമ്പാവൂരും, കാക്കനാടും പുതിയ പ്രോജക്ടുകൾ ഗ്രൂപ്പിനുണ്ട്.

കെ.പി.വർക്കി ആൻഡ് വി എസ് ബിൽഡെഴ്‌സ്

കായലോരം അപ്പാർട്ട്മെന്റ് കെട്ടിപ്പോക്കിയ പി.വർക്കി ആൻഡ് വി എസ് ബിൽഡെഴ്‌സ് 2003 മുതൽ കെട്ടിട നിർമ്മാണ രംഗത്തുള്ള കമ്പനിയാണ്. നാല് ഹൗസിങ് പ്രോജക്ടുകൾ ഇവർ കൊച്ചിയിലും ഒരു പ്രോജക്റ്റ് കോട്ടയത്തും ഇവർ പൂർത്തീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ നാല് പ്രോജക്ടുകളുടെ പണിപ്പുരയിലാണ് നിലവിൽ ഇവർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒൻപത് ഗോൾഡ് ഹൈപ്പർ മാർക്കറ്റുകൾ സ്വന്തമായുള്ള ഗ്രൂപ്പ് കൂടിയാണിത്. ഹോട്ടൽ മൂന്നാർ ഇൻ എന്ന പേരിൽ ഒരു ലക്ഷ്വറി ഹോട്ടലും ഇവർക്കുണ്ട്.

ആൽഫാ വെഞ്ച്വെഴ്‌സ്

ഐഎസ്ഒ സർട്ടിഫൈഡ് കമ്പനിയാണ് ആൽഫാ വെഞ്ച്വെഴ്‌സ്. അപാർട്ട്‌മേന്റുകളും ഹൗസിങ് പ്രോജക്ടുകളും ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണിത്. നാല് ഹൗസിങ് പ്രോജക്ടുകൾ ഇവർ കേരളത്തിൽ പൂർത്തീകരിച്ചിട്ടുണ്ട്. നാല് പ്രോജക്ടുകളും കൊച്ചിയിലാണ്. വല്ലാർപാടവും മരടും രണ്ടു പ്രോജക്ടുകളുടെ പണിപ്പുരയിലാണ് ഈ കമ്പനി.

ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ്

1987ൽ പ്രവർത്തനം തുടങ്ങിയ ചെന്നൈ ആസ്ഥാനമാക്കിയ കൺസ്ട്രക്ഷൻ കമ്പനിയാണ് ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ്. കെട്ടിട നിർമ്മാണ രംഗത്തെ ഭീമനാണ് ജെയിൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ്. നിരവധി പ്രോജക്ടുകൾ ഇവർ പൂർത്തീകരിച്ചിട്ടുണ്ട്. ജയ്ൻ ഹൗസിങ് ആൻഡ് കൺസ്ട്രക്ഷന്റെ നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ് ഫ്‌ളാറ്റ് ആണ് ഇപ്പോൾ പൊളിക്കൽ പരിധിയിലുള്ളത്.

സുപ്രീംകോടതി വിധി കാരണം ഫ്‌ളാറ്റ് നഷ്ടമായവർക്ക് നഷ്ടം നൽകാൻ കഴിയുന്ന കമ്പനികൾ തന്നെയാണ് ഈ ഫ്‌ളാറ്റുകൾ പൂർത്തീകരിച്ചത്. അതുകൊണ്ട് തന്നെ ഫ്‌ളാറ്റ് നഷ്ടമായാൽ നഷ്ടം നൽകാൻ ബാധ്യതയും അതിനുള്ള അടിസ്ഥാന സൗകര്യങ്ങളും ഉള്ളവ തന്നെയാണ് ഈ നാല് കമ്പനികളും. പക്ഷെ കെട്ടിട നിർമ്മാതാക്കൾ തന്നെ നഷ്ടം നൽകണം എന്ന ആവശ്യം ഫ്‌ളാറ്റ് ഉടമകൾ ഇതേ വരെ ഉയർത്തിയിട്ടില്ല. ഫ്‌ളാറ്റ് നിർമ്മാതാക്കൾ ചട്ടങ്ങൾ ലംഘിച്ചതിനാൽ തന്നെയാണ് ഫ്‌ളാറ്റുകൾ പൊളിച്ചു നീക്കേണ്ട അവസ്ഥ വന്നത്. അതുകൊണ്ട് തന്നെ സുപ്രീംകോടതിയെയോ, തീരപരിപാലന അഥോറിറ്റിയോ, മരട് മുനിസിപ്പാലിറ്റിയെയോ പ്രതിസ്ഥാനത്ത് നിർത്താതെ ഫ്‌ളാറ്റ് നിർമ്മാതാക്കൾ തന്നെ ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടം നൽകണം എന്ന ആവശ്യമാണ് കേരളത്തിൽ നിന്നും ഉയർന്നു വരേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP