Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ആരുമറക്കും ചരിത്രത്തിലേക്ക് പിറന്നുവീണ ആ രണ്ടുഗോളുകൾ; ബ്യൂണസ് ഐറിസിലെ തെരുവുകളിൽ നിന്ന് ലോകോത്തര മൈതാനങ്ങളിലേക്ക് പന്തുരുട്ടിയ ഫുട്‌ബോൾ ആവേശം; 'ദൈവത്തിന്റെ അദൃശ്യമായ കൈ' കൊണ്ടുള്ള ഗോൾ ഗോളായും താൻ മികച്ച കളിക്കാരനായും ചരിത്രത്തിൽ നിലനിൽക്കുമെന്ന നിറഞ്ഞ ആത്മവിശ്വാസം; മറഡോണ എന്ന പ്രതിഭ ഡ്രിബിൾ ചെയ്ത് കയറിയ ഫുട്‌ബോൾ ജീവിതം

ആരുമറക്കും ചരിത്രത്തിലേക്ക് പിറന്നുവീണ ആ രണ്ടുഗോളുകൾ; ബ്യൂണസ് ഐറിസിലെ തെരുവുകളിൽ നിന്ന് ലോകോത്തര മൈതാനങ്ങളിലേക്ക് പന്തുരുട്ടിയ ഫുട്‌ബോൾ ആവേശം; 'ദൈവത്തിന്റെ അദൃശ്യമായ കൈ' കൊണ്ടുള്ള ഗോൾ ഗോളായും താൻ മികച്ച കളിക്കാരനായും ചരിത്രത്തിൽ നിലനിൽക്കുമെന്ന നിറഞ്ഞ ആത്മവിശ്വാസം; മറഡോണ എന്ന പ്രതിഭ ഡ്രിബിൾ ചെയ്ത് കയറിയ ഫുട്‌ബോൾ ജീവിതം

മറുനാടൻ ഡെസ്‌ക്‌

ബ്യൂനസ് ഐറിസ്: ദൈവത്തിന്റെ കൈയൊപ്പു പതിഞ്ഞ ഗോളിന്റെ സ്രഷ്ടാവ്, അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും കൊണ്ട് പുൽമൈതാനങ്ങളിൽ ആവേശത്തിന്റെ തീപടർത്തിയ ഫുട്ബോളിലെ ഇതിഹാസ താരം. കാൽപന്തുകളിയെ പ്രണയിച്ചവർ ദൈവമായിക്കണ്ട് ആരാധിച്ച താരം. 1977 മുതൽ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. ഡീഗോ അർമാൻഡോ മാറഡോണ.

ബ്യൂണസ് ഐറിസിലെ തെരുവുകളിൽ നിന്നും കാൽപന്തുകളിയുടെ ലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവെന്ന സ്ഥാനത്തേക്കുള്ള മറഡോണയുടെ മുന്നേറ്റം ആരും മറക്കില്ല. ചരിത്രത്തിലേക്ക് പിറന്ന ആ രണ്ടു ഗോളുകളും

1986 ലോകകപ്പിലെ സൂപ്പർതാരമായിരുന്നു മാറഡോണ. ജൂൺ 22ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്റ്റേഡിയത്തിൽ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിലായിരുന്നു മാറഡോണയുടെ ഏറ്റവും 'കുപ്രസിദ്ധവും' 'സുപ്രസിദ്ധവു'മായ ഗോളുകൾ പിറന്നത്. രണ്ടം പകുതി തുടങ്ങി ആറു മിനിറ്റു പിന്നിട്ടപ്പോഴായിരുന്നു 'ദൈവത്തിന്റെ കൈ' എന്ന പേരിൽ വിഖ്യാതമായ വിവാദ ഗോൾ. പെനൽറ്റി ബോക്‌സിനു പുറത്ത് വച്ച് ഉയർന്നെത്തിയ പന്ത് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഹോഡ്ജിന് പിഴച്ചു. അടിച്ചകറ്റാൻ ശ്രമിച്ച പന്ത് ഇംഗ്ലണ്ടിന്റെ ഗോൾമുഖത്തേയ്ക്കാണ് ഉയർന്നെത്തിയത്. പന്തു തട്ടിയകറ്റാൻ ചാടിയുയർന്ന ഇംഗ്ലീഷ് ഗോളി പീറ്റർ ഷിൽട്ടനൊപ്പമെത്തിയ മാറഡോണയുടെ ഇടംകൈയിൽ തട്ടി ഗോൾ വീഴുകയായിരുന്നു. .ഇംഗ്ലണ്ടിന്റെ കളിക്കാർ ഹാൻബോൾ എന്നു പറഞ്ഞ് വളഞ്ഞെങ്കിലും ടുണീസിയക്കാരൻ റഫറി അലി ബെന്നസീർ ഗോൾ അനുവദിച്ചു.ഉപായത്തിൽ നേടിയതാണെങ്കിലും ആ ഗോളിലേക്കു വഴിയൊരുക്കിയത് മറഡോണയുടെ തന്നെ ഒറ്റയാൻ മുന്നേറ്റമായിരുന്നു.

ആദ്യ ഗോളിന്റെ നാണക്കേടു മുഴുവൻ കഴുകിക്കളഞ്ഞ അനശ്വര മുഹൂർത്തം നാലു മിനിറ്റുകൾക്കുശേഷം പിറന്നു. മാറഡോണ സ്വന്തം ഹാഫിൽനിന്നാരംഭിച്ച ഒറ്റയാൻ മുന്നേറ്റത്തിന്റെ പരിസമാപ്തി അതിമനോഹരമായ ഗോളിലാണ് അവസാനിച്ചത്. ആറ് ഇംഗ്ലിഷ് താരങ്ങളെ വെട്ടിച്ച് 60 മീറ്റർ ഓടിക്കയറി നേടിയ രണ്ടാം ഗോൾ 'നൂറ്റാണ്ടിന്റെ ഗോൾ' എന്നു പിന്നീടു വിശേഷിപ്പിക്കപ്പെട്ടു.

സെൻട്രൽ സർക്കിളിൽനിന്ന് ഒന്നിനു പിന്നാലെ ഒന്നായി നാലു ഡിഫൻഡർമാരെ ഡ്രിബിൾ ചെയ്ത് മുന്നിലെത്തുമ്പോൾ പ്രതിബന്ധം ഇംഗ്ലിഷ് ഗോളി പീറ്റർ ഷിൽട്ടൻ മാത്രം. ഗോൾകീപ്പറെ ഡിബിളിൽ മറികടന്ന് മുന്നിലെ ഗോൾ വലയത്തിലേക്ക് പന്തെത്തിക്കുമ്പോൾ മാറഡോണ കുറിച്ചത് ചരിത്രം. ഫുട്‌ബോൾ ആരാധകർക്ക് എത്ര കണ്ടാലും മതിവരാത്ത കാഴ്ചയായ ആ ഗോളിന്റെ ഓർമയ്ക്കായി പിറ്റേന്നു തന്നെ അസ്‌ടെക്ക് സ്റ്റേഡിയത്തിൽ സ്മരണിക ഫലകം സ്ഥാപിച്ചു. മറഡോണ നേടിയ ആ ഉജ്ജ്വലമായ ഗോളാണ് അർജന്റീനയെ സെമിയിലേക്കും തുടർന്ന് ഫൈനലിലേക്കും കിരീടത്തിലേക്കും നയിച്ചത്. മറഡോണയുടെ പ്രതിഭയിലേറി ശരാശരിക്കാരായ കളിക്കാരുടെ നിരയായ അർജന്റീന ലോകചാമ്പ്യന്മാരായി.

1960 ഒക്ടോബറിൽ അർജന്റീനയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസിൽ ജനനം. ഡോൺ ഡീഗോ ഡാൽമ സാൽവദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമനായിരുന്നു ഡീഗോ അർമാൻഡോ മാറഡോണ. റോമൻ കാത്തലിക് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മാറഡോണയുടെ പേരിലെ അർമാൻഡോ എന്ന ഭാഗത്തിന്റെ അർഥം സൈന്യത്തിലെ അംഗം എന്നായിരുന്നു.

ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു അദ്ദേഹത്തിന്റേത്. ആ ടൗണിലെ ഏറ്റവും ദരിദ്രരായ കുടുംബം. ഫാക്ടറി ജീവനക്കാരനായിരുന്ന അച്ഛൻ ഡോണിന് മൂന്ന് ആൺകുട്ടികളും അഞ്ചു പെൺകുട്ടികളും അടങ്ങുന്ന ആ കുടുംബം പുലർത്താൻ സാധിച്ചിരുന്നില്ല.

ഫുട്ബോളുമായുള്ള കുഞ്ഞു മാറഡോണയുടെ ബന്ധം ആരംഭിക്കുന്നത് അവന്റെ മൂന്നാം പിറന്നാളിന് കസിനായ ബെറ്റോ സരാറ്റെയിൽ നിന്ന് ഒരു പന്ത് സമ്മാനമായി ലഭിച്ചതോടെയാണ്. ആ പന്ത് മറ്റാരും എടുക്കാതിരിക്കാൻ കുഞ്ഞ് മാറഡോണ അത് ഉടുപ്പിന്റെ ഉള്ളിലാക്കിയാണ് കിടന്നുറങ്ങാറ്. എപ്പോഴും പന്തും കൊണ്ട് നടക്കുന്ന അവനെ പഠിത്തമടക്കമുള്ള മറ്റ് കാര്യങ്ങളിൽ ശ്രദ്ധിക്കാനായി അമ്മ ഡാൽമ ചീത്ത പറയുന്നതും പതിവായിരുന്നു. പലപ്പോഴും ആ പന്ത് അവരെടുത്ത് ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്യും. എന്നാൽ അതുകൊണ്ടൊന്നും കാര്യമുണ്ടായിരുന്നില്ല. ഒടുവിൽ അവർക്ക് മനസിലായി ഫുട്ബോളാണ് അവന്റെ ജീവിതമെന്ന്.

ഒമ്പതാം വയസിൽ തന്നെ ആ പ്രദേശത്തെ നല്ല ഫുട്ബോൾ കാളിക്കാരനെന്ന് മാറഡോണ പേരെടുത്തു. ആ പ്രദേശത്തെ ഫുട്ബോൾ ടീമായിരുന്ന 'ലിറ്റിൽ ഒനിയനി'ലേക്ക് അവൻ തിരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞൻ മാറഡോണ ടീമിലെത്തിയ ശേഷം തുടർച്ചയായ 140 മത്സരങ്ങളാണ് ലിറ്റിൽ ഒനിയനിയൻ ജയിച്ചുകയറിയത്. അവന്റെ അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും മികച്ച അസിസ്റ്റുകളും അളന്നുമുറിച്ച പാസുകളുമെല്ലാം തന്നെ കുഞ്ഞ് മാറഡോണയെ ഫുട്ബോൾ പ്രേമികളുടെ പ്രിയപ്പെട്ടവനാക്കി.

പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരത്തോടെ രാജ്യാന്തര അരങ്ങേറ്റം. കുറിയവനെങ്കിലും മിഡ്ഫീൽഡിലെ കരുത്തുറ്റ താരമായി മാറഡോണ മാറി. 1978ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോൾ മറഡോണയായിരുന്നു നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി. 1982 ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ൽ അർജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്ക്കാണ് അർജന്റീനയെ ലോകചാംപ്യൻ പട്ടത്തിലേക്ക് നയിച്ചത്. ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടി.

1981-ൽ 1.96 ദശലക്ഷം ഡോളറിന് അദ്ദേഹത്തെ ബൊക്ക ജൂനിയേഴ്സ് സ്വന്തമാക്കി. അതേ വർഷം തന്നെ ബൊക്ക ജൂനിയേഴ്സിനൊപ്പം അർജന്റീന ലീഗ് ക്ലബ്ബ് ഫുട്ബോൾ കിരീടവും മാറഡോണ സ്വന്തമാക്കി. 1982-ൽ അർജന്റീന ദേശീയ ടീമിനൊപ്പം ആദ്യ ലോകകപ്പ്. ഈ ലോകകപ്പിന്റെ രണ്ടാം ഘട്ടത്തിൽ ഇറ്റലിയോടും ബ്രസീലിനോടും തോറ്റ് അർജന്റീന പുറത്തായി. ബ്രസീലിന്റെ കളിക്കാരൻ ജോവോ ബാറ്റിസ്റ്റാ ഡസിൽവയെ ചവിട്ടിവീഴ്‌ത്തിയതിന് മാറഡോണ ചുവപ്പുകാർഡ് കണ്ട് പുറത്താകുകയും ചെയ്തു.

ലോകകപ്പിനു പിന്നാലെ മാറഡോണയെ അന്നത്തെ റെക്കോഡ് തുകയായ 9.81 ദശലക്ഷം ഡോളർ മുടക്കി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണ സ്വന്തമാക്കി. 1983-ൽ ബാഴ്സയ്ക്കൊപ്പം കോപ്പ ഡെൽ റേ കപ്പും സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. ബാഴ്സയിൽ മികച്ച രണ്ടു വർഷങ്ങളായിരുന്നു താരത്തിന്റേത്. 58 മത്സരങ്ങളിൽ നിന്നായി ബാഴ്സയ്ക്കായി 38 ഗോളുകളും സ്വന്തമാക്കി. പക്ഷേ പിന്നീട് പരിക്കും വിവാദങ്ങളും അദ്ദേഹത്തെ അലട്ടി. സഹതാരങ്ങളുമായും ക്ലബ്ബ് അധികൃതരുമായും പ്രശ്നങ്ങൾ ഉടലെടുത്തു. ഒടുവിൽ 1984-ൽ ബാഴ്സ വിട്ട് ഇറ്റാലിയൻ ക്ലബ്ബ് നാപ്പോളിയിലേക്ക്. അന്നത്തെ റെക്കോഡ് തുകയായിരുന്ന 13.54 ദശലക്ഷം ഡോളറായിരുന്നു കൈമാറ്റ തുക.

1984 മുതൽ 1991 വരെ നാപ്പോളിക്കായി കളിച്ച മാറഡോണ ക്ലബ്ബിനായി 188 മത്സരങ്ങളിൽ നിന്ന് 81 തവണ സ്‌കോർ ചെയ്തു. മാറഡോണയുടെ ഫുട്ബോൾ ജീവിതത്തിന്റെ സുവർണ കാലവും ക്ലബ്ബിന്റെ ചരിത്രത്തിലെ സുവർണ കാലവും ഇതായിരുന്നു. 1986-87, 1989-90 സീസണുകളിൽ ക്ലബ്ബ് സീരി എ കിരീടത്തിൽ മുത്തമിട്ടു. 1988-89 സീസണിൽ യുവേഫ സൂപ്പർ കപ്പിലും മാറഡോണ നാപ്പോളിയെ കിരീടത്തിലേക്ക് നയിച്ചു. 1987-88, 1988-89 സീസണുകളിൽ ഇറ്റാലിയൻലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ക്ലബ്ബിനായി. ഇതിനൊപ്പം 1986-87 സീസണിൽ കോപ്പാ ഇറ്റാലിയ കിരീടവും 1990-91 സീസണിൽ സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടവും നാപ്പോളി സ്വന്തമാക്കി.

അർജന്റീനയ്ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങൾ മാറഡോണ കളിച്ചു, ഇതിൽനിന്ന് 34 ഗോളുകളാണ് മറഡോണ നേടിയത്. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. മെക്സിക്കോയിലെ രണ്ടാം ഡിവിഷൻ ക്ലബ് ഡൊറാഡോസ് ഡി സിനാലോവയുടെയും പരിശീലക വേഷമണിഞ്ഞിരുന്നു.

2000ൽ ഫിഫയുടെ തിരഞ്ഞെടുപ്പിൽ നൂറ്റാണ്ടിന്റെ ഫുട്‌ബോൾ താരം പെലെയായിരുന്നെങ്കിലും ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകർ ഏറ്റവും കൂടുതൽ വോട്ട് നൽകിയത് മറഡോണയായ്ക്കായിരുന്നു. 78, 000 വോട്ടുകൾ മറഡോണ നേടിയപ്പോൾ പെലെയ്ക്ക് 26, 000 വോട്ടുകളേ കിട്ടിയിരുന്നുള്ളു

കാലത്തിന് മായ്ക്കാനാവില്ലെങ്കിലും 'ദൈവത്തിന്റെ' അദൃശ്യമായ കരങ്ങളെക്കുറിച്ച് മറഡോണ പിന്നീട് തുറന്നുപറഞ്ഞു. കാലത്തിനു പിന്നോട്ടു നടന്ന് ചരിത്രത്തെ മാറ്റിയെഴുതുകയും ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്യുമായിരുന്നു എന്നായിരുന്നു മറഡോണയുടെ വാക്കുകൾ. എന്നാൽ അതു സാധ്യമല്ലല്ലോ. ഗോൾ ഗോളായിത്തന്നെ നിലനിൽക്കും. അർജന്റീന ചാംപ്യന്മാരായും ഞാൻ മികച്ച കളിക്കാരനായും ചരിത്രത്തിൽ നിലനിൽക്കും.'' മാറഡോണ ഒരിക്കൽ തുറന്നു പറയുകയുണ്ടായി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP