Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മാറാട് വീണ്ടും കലാപത്തിന് ആസൂത്രണം നടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; സി പി എം പ്രവർത്തകന്റെ വീട്ടിൽ മുളക് പൊടി വിതറിയതും റീത്ത് വെച്ചതും ഇത്തരം ശ്രമങ്ങളുടെ ഭാഗം: സി പി എം പ്രവർത്തകനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പിടിയിലായ ബിജെപി പ്രവർത്തകന്റെ മൊഴി; 2003 ലെ മാറാട് കൂട്ടക്കൊലയ്ക്ക് ശേഷം തീരം വീണ്ടും അശാന്തിയിലേക്കോ?

മാറാട് വീണ്ടും കലാപത്തിന് ആസൂത്രണം നടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; സി പി എം പ്രവർത്തകന്റെ വീട്ടിൽ മുളക് പൊടി വിതറിയതും റീത്ത് വെച്ചതും ഇത്തരം ശ്രമങ്ങളുടെ ഭാഗം: സി പി എം പ്രവർത്തകനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായി പിടിയിലായ ബിജെപി പ്രവർത്തകന്റെ മൊഴി; 2003 ലെ മാറാട് കൂട്ടക്കൊലയ്ക്ക് ശേഷം തീരം വീണ്ടും അശാന്തിയിലേക്കോ?

കെ വി നിരഞ്ജൻ

കോഴിക്കോട്: 2003 ൽ എട്ടുപേരുടെ കൊലപാതകത്തിന് കാരണമായ മാറാട് കലാപത്തിന് ശേഷം തീരം വീണ്ടും അശാന്തിയിലേക്ക് നീങ്ങുന്നു. കുറച്ച ദിവസങ്ങൾക്ക് മുമ്പ് സംഘപരിവാർ നേതൃത്വത്തിൽ നടന്ന ഹർത്താലിന്റെ മറവിൽ മാറാട് വീണ്ടും കലാപത്തിന് ആസൂത്രണം നടന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ സി പി എം പ്രവർത്തകന്റെ വീട്ടിൽ മുളക് പൊടി വിതറിയതും റീത്ത് വെച്ചും സി പി എം കൊടിമരം തകർത്തതുമെല്ലാം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്ന് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ റസാക്കിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.

ഹർത്താലിന്റെ മറവിൽ മാറാട് കലാപത്തിന് ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറാട് എസ് ഐ എ എക്സ് തോമസിന്റെ നേതൃത്വത്തിൽ സംഘം അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. മാറാട്ടെ വികസനത്തിന് എന്ന പേരിൽ സർക്കാർ ഖജനാവിൽ നിന്നും കോടിക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും ഇതൊന്നും കൂട്ടക്കൊലക്കിരയായ സമുദായത്തിന് ലഭിച്ചിട്ടില്ലെന്നും പകരം കൂട്ടക്കൊല ആസൂത്രണം ചെയ്തവർക്ക് വാരിക്കോരി കൊടുക്കുകയായിരുന്നുവെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്.

സ്പർശം എന്ന പേരിൽ സർക്കാർ നടത്തിയ പരിപാടിയും ഹിന്ദുക്കൾക്ക് ആശ്വാസം പകരുന്നതായിരുന്നില്ലെന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു ഉന്മൂലനത്തിന്റെ പുതിയ രൂപം മാത്രമാണ് മാറാട് കൂട്ടക്കൊലയെന്നും ബിജെപിയും ജന്മഭൂമി പത്രവും പലപ്പോഴായി പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ പ്രദേശത്തെ ഹിന്ദുക്കളിൽ വർഗ്ഗീയ ചിന്ത വളർത്തുന്ന പ്രവർത്തനങ്ങളാണ് പലരും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടർച്ചയാണ് പുതിയ സംഭവങ്ങളുമെന്നാണ് വ്യക്തമാകുന്നത്.

സി പി എം പ്രവർത്തകൻ ഷിബുവിന്റെ വീട്ടിൽ അർധരാത്രി കൊണ്ടുവെച്ച റീത്തുമായി ബന്ധപ്പെട്ടാണ് അന്വേഷണം ആരംഭിച്ചത്. പാളയത്തുള്ള പൂക്കടയിൽ നിന്നാണ് റീത്ത് നിർമ്മിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കടയുടമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാത്രി 11 മണിക്ക് റീത്ത് വാങ്ങിയ വ്യക്തിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പൂക്കടയിലെ സി സി ടി വിയിൽ നിന്നും ഇയാളെ തിരിച്ചറിയാൻ സാധിച്ചില്ല. തുടർന്ന് സമീപത്തെ കടയിലെ സി സി ടി വിയിൽ നിന്നും ഇയാളുടെ ദൃശ്യം ലഭിക്കുകയായിരുന്നു. ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ പട്ടികയിൽ പ്രതിയെ ഉൾപ്പെടുത്തി പൊലീസ് നോട്ടീസ് ഇറക്കുകയും ഇയാളെ കണ്ടെത്തുകയുമായിരുന്നു.

ബിജെപിയുടെ സജീവ പ്രവർത്തകനായ കൈയടിതോട് ടി അനൂപ് സംഭവത്തിൽ അറസ്റ്റിലായി. വനിതാ മതിലിന് പ്രദേശത്തെ യുവതികളെ കൊണ്ടുപോകാൻ സി പി എം പ്രവർത്തകനായ ഷിബു നേതൃത്വം നൽകിയതിലുള്ള വിരോധമാണ് റീത്ത് വെക്കാൻ കാരണമായതെന്നും ഷിബുവിനെ വധിക്കാൻ പദ്ധതിയിട്ടിരുന്നതായും അനൂപ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അനൂപ് ഉൾപ്പെടെ അഞ്ച് ബിജെപി പ്രവർത്തകരായിരുന്നു സംഭവത്തിന് നേതൃത്വം നൽകിയത്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ മൂന്നു പ്രതികൾ ഒളിവിൽ പോയി. വെസ്റ്റ് മാഹി സ്വദേശിയായ പി കെ രാഗേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇവരിൽ നിന്നാണ് കലാപത്തിനുള്ള നീക്കങ്ങളെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. അക്രമത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്ന സംശയത്തിൽ അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം.

ഇനിയൊരു കലാപം ഉണ്ടായാലും അത് മറ്റൊരു തരത്തിലായിരിക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രദേശത്ത് ഹിന്ദുക്കൾ ഭൂരിഭാഗവും ബിജെപിയിലേക്ക് ചേക്കേറിക്കഴിഞ്ഞു. മുസ്ലീങ്ങൾ ഭൂരിഭാഗവും സി പി എമ്മിനൊപ്പവുമാണ്. അതുകൊണ്ട് തന്നെ ഇനിയുണ്ടാകുന്ന പ്രശ്നങ്ങളെല്ലാം നാദാപുരം മോഡലിലാവാനാണ് സാധ്യതയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇക്കാര്യത്തിൽ വലിയ ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്.

2003 മെയ് 2നാണ് മാറാട് കൂട്ടക്കൊല നടന്നത്. ആയുധധാരികളായ അക്രമികൾ മാറാട് കടപ്പുറത്ത് മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന എട്ടുപേരെ കൊലപ്പെടുത്തി. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു.2002 ജനുവരിയിൽ ഉണ്ടായ വർഗീയ കലാപത്തിന്റെ തുടർച്ചയായാണ് ഈ സംഭവം ഉണ്ടായതെന്നാണ് വിലയിരുത്തുന്നത്. അന്നുണ്ടായ കലാപത്തിലും മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടമായിരുന്നു. ജസ്റ്റിസ് തോമസ് പി ജോസഫ് കമ്മീഷൻ അന്വേഷണത്തിൽ മുസ്ലിം ലീഗ് നേതാക്കൾക്ക് ഉൾപ്പെടെ പങ്കുണ്ടെന്നും കൂട്ടക്കൊലയ്ക്ക് വിദേശ ഫണ്ട് ലഭിച്ചുവെന്നും വ്യക്തമാക്കി റിപ്പോർട്ട് നൽകിയിരുന്നു.

ടിപ്പുവിന്റെ കാലത്ത് മലബാർ ഭാഗത്ത് നടപ്പാക്കിയ ഹിന്ദു വംശഹത്യക്കാരൂടെ രക്തമാണ് മാറാട് ആസൂത്രകരുടെ സിരകളിലും. ടിപ്പുവിന്റെ പടയോട്ടത്തിന്റെ തുടർച്ചയായിരുന്നു 1921 ലെ മാപ്പിള ലഹള. ലഹള ബാധിത പ്രദേശത്തുണ്ടായിരുന്ന 163324 ഹിന്ദുക്കൾ മാപ്പിള ലഹളകൾക്കുശേഷം പകുതിയായി കുറഞ്ഞുവെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഏകപക്ഷീയമായ മാറാട് കൂട്ടക്കൊലയെ പോലും ഇടതുപക്ഷം വിശേഷിപ്പിക്കുന്നത് മാറാട് കലാപം എന്നാണ്. എന്നാൽ മാറാട് ഒരു കലാപവും നടന്നിട്ടില്ല എന്ന വസ്തുത മൂടി വെച്ച് ഏകപക്ഷീയമായി കൂട്ടക്കൊലക്കിരയായ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്താനുള്ള തന്ത്രമാണ് ഇവിടെ നടന്നത്.

പൊന്നാനി മുതൽ കാസർക്കോട് വരെയുള്ള കടപ്പുറങ്ങളിൽ കൂടുതലും മുസ്ലിം ഭൂരിപക്ഷത്തിന്റെ കൈകകളിലാണ്. അതിന് അപവാദമായി നിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ് മാറാട്. ഇതും മുസ്ലീങ്ങളുടെ കയ്യിലൊതുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കൂട്ടക്കൊല നടന്നതെന്നും ബിജെപി പ്രചരണമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP