Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

പഠനകാലത്ത് അറബിസാഹിത്യത്തിനോട് തോന്നിയ നിലയ്ക്കാത്ത ഭ്രമം മാപ്പിള സാഹിത്യത്തിനെ കൂടുതൽ അടുപ്പിച്ചു; പഠനവഴിയിൽ പ്രോത്സാഹനം നൽകിയത് സി.എച്ച് മുഹമ്മദ് കോയ; മാപ്പിള സാഹിത്യത്തെക്കുറിച്ച് ഒട്ടേറേ പുസ്തകങ്ങളെഴുതി മാപ്പിളമാരുടെ കണ്ണിലുണ്ണിയായി; അറബിക്ക് അദ്ധ്യാപനജീവിതത്തിലും അറബിസാഹിത്യം നെഞ്ചോട് ചേർത്തു; ജന്മം കൊണ്ടല്ലെങ്കിലും കർമംകൊണ്ട് മാപ്പിളയായ പി.ബി വള്ളിക്കുന്നിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: അന്തരിച്ച ബാലകൃഷ്ണൻ വള്ളിക്കുന്നിന് ഇഷ്ടക്കാർക്കിടയിൽ 'മാപ്പിള'യെന്ന സ്നേഹപ്പേരുണ്ടായതിന് പിന്നിൽ ഒരു വഴിമാറിനടക്കലിന്റെ കഥയുണ്ട്.മാപ്പിള സാഹിത്യത്തിന്റേയും സംസ്‌കാരത്തിന്റേയും സങ്കീർണമായ കാടുംപടലവും നീക്കി നടന്നുപോകാൻ പലരും മടിച്ച കാലത്ത് ആ വഴി തിരഞ്ഞെടുത്തയാളാണ് വി.ബി. വള്ളിക്കുന്ന് എന്ന ബാലകൃഷ്ണൻ വള്ളിക്കുന്ന്. അങ്ങനെ ജന്മം കൊണ്ടല്ലെങ്കിലും കർമംകൊണ്ട് ബാലകൃഷ്ണൻ മാപ്പിളയാവുകയായിരുന്നു. കേരളത്തിലെ മുസ്ലിങ്ങളെക്കുറിച്ചും അവരുടെ സംസ്‌കാരം, സാഹിത്യം, കല, ജീവിതം എന്നിവയെക്കുറിച്ചെല്ലാം ആധികാരികമായി പറയാൻ കഴിയുന്ന അപൂർവ വ്യക്തിയായി അദ്ദേഹം. അതിനൊരു നിമിത്തമുണ്ടായിരുന്നു.

1960-കളിൽ ബി.എ. മലയാളത്തിന് പഠിക്കുന്നകാലത്ത് മോയിൻകുട്ടി വൈദ്യരുടെ 'ബദറുൽമുനീർ ഹുസ്നുൽ ജമാൽ' പഠിക്കാനുണ്ടായിരുന്നു. ഒട്ടും പരിചയമില്ലാത്ത അറബി മലയാള പദഘടനയാണ് അതിന്. സഹായത്തിന് ഗൈഡുകൾ അന്വേഷിച്ചപ്പോഴാണ് കാര്യമായൊന്നുമില്ലെന്ന് ബോധ്യമായത്. തത്കാലം ബദറുൽ മുനീറിനെ ഒഴിവാക്കി പരീക്ഷയെഴുതിയെങ്കിലും ഈ മേഖലയിൽ ആഴത്തിൽ അറിവുനേടണമെന്ന വാശി ബാലകൃഷ്ണനിൽ വളർന്നു. അങ്ങനെ പഠിക്കാൻ തുടർന്നു. സി.എച്ച്. മുഹമ്മദ് കോയ നന്നായി പ്രോത്സാഹിപ്പിച്ചു. കിട്ടാവുന്ന പുസ്തകങ്ങളെല്ലാം വാങ്ങി വായിച്ചു.

മാപ്പിള സാഹിത്യത്തെക്കുറിച്ച് ഒട്ടേറേ പുസ്തകങ്ങളെഴുതി. യുവജനോത്സവ വേദികളിൽ മാപ്പിള കലകളുടെ വിധിനിർണയിച്ചു. അവാർഡുകൾ പലവഴിയിലൂടെ ബാലകൃഷ്ണനെ തേടിയെത്തി. തുടക്കത്തിൽ മുസ്ലിം സംഘടനകൾക്ക് ബാലകൃഷ്ണനെ പരിപാടികൾക്ക് ക്ഷണിക്കാൻ വലിയ ആത്മവിശ്വാസമുണ്ടായിരുന്നില്ല. എന്നാൽ പിൽക്കാലത്ത് മാപ്പിള സംസ്‌കാരത്തെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളിൽ ബാലകൃഷ്ണൻ അവിഭാജ്യഘടകമായി. ഇതിനിടയിൽ അദ്ധ്യാപകനായി ജോലികിട്ടുകയും ചെയ്തു. 1991-ലാണ് വിരമിക്കുന്നത്.

ഒരിക്കൽ ടെക്സാസ് സർവകലാശാലയിലെ കീലി സൂട്ടൻ എന്ന ഗവേഷക മലപ്പുറത്തുവന്നപ്പോൾ അദ്ദേഹം കണ്ടിരുന്നു. ബാലകൃഷ്ണൻ വള്ളിക്കുന്ന് എന്ന് പേരുപറഞ്ഞപ്പോൾത്തന്നെ അവർ പറഞ്ഞു, 'നിങ്ങളെക്കുറിച്ച് ഞാൻ കേട്ടിട്ടുണ്ട്. നിങ്ങളുടെ ചില പുസ്തകങ്ങൾ ടെക്സാസ് യൂണിവേഴ്സിറ്റിയിൽനിന്ന് വായിച്ചിട്ടുമുണ്ട്'. ഇതൊക്കെയാണ് ഏറ്റവും വലിയ അവാർഡെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. തന്റെ ഗവേഷണമേഖലയിലെന്ന പോലെ രൂപത്തിലും പെരുമാറ്റത്തിലുമെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു വി.ബി. വള്ളിക്കുന്ന്.

അയഞ്ഞുതൂങ്ങിയ ഖദർഷർട്ടിന്റെ മുകളിലെ രണ്ട് ബട്ടണുകൾ തുറന്നിട്ട്, ഒറ്റമുണ്ടുടുത്ത് അലസമായ നടത്തം. മുടിചീകാറില്ല. ചെരിപ്പിടില്ല, വാച്ചോ മൊബൈൽഫോണോ ഉപയോഗിക്കാറില്ല. ഒരിക്കൽ ഒരു ചാനൽചർച്ചക്ക് പങ്കെടുക്കുമ്പോൾ അവർ മേക്കപ്പിടാൻ നിർബന്ധിച്ചു. ഈ മുഖത്ത് മേക്കപ്പിട്ടാൽ ശരിയാവില്ലെന്നുപറഞ്ഞ് അദ്ദേഹം സ്നേഹത്തോടെ വിസമ്മതിക്കുകയായിരുന്നു.ജീവിതത്തിലും ചിന്തകളിലും കെട്ടുകാഴ്ചകളില്ലാത്ത ഒരു മനുഷ്യനെക്കൂടിയാണ് അദ്ദേഹത്തിന്റെ വിയോഗത്തോടെ നഷ്ടമാവുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP