Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും

പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും

എം മാധവദാസ്

തിരുവനന്തപുരം:1921ൽ മലബാറിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകൾ കേന്ദ്രീകരിച്ചു നടന്ന മാപ്പിള ലഹള, മലബാർകലാപം, ഖിലാഫത്ത് ലഹള എന്നൊക്കെ പേരിട്ട കലാപത്തെക്കുറിച്ച് വലിയ വിവാദങ്ങൾ നടക്കുന്ന കാലമാണിത്. കേരളത്തിൽ ഇഎംഎസ് അടക്കമുള്ള ഇടത് എഴുത്തുകാർ തൊട്ട് ലിബറൽ ബുദ്ധിജീവികൾ വരെ മലബാർ കലാപത്തെ വിലയിരുത്തിയത്, ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായ കലാപമായും സ്വാതന്ത്ര്യ സമരമായിട്ടുമായിരുന്നു. എന്നാൽ എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ ഡോ മനോജ് ബ്രൈറ്റ് എഴുതിയ ഫേസ്്ബുക്ക് പരമ്പരയായ 'മലബാർ കലാപം സീരീസ്' ആണ് ഇതുസംബന്ധിച്ച് കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചത്. മലബാർ കലാപത്തിന്റെ അടിത്തറ പൂർണ്ണമായും വർഗീയമായിരുന്നെന്നും മതപരിവർത്തനമാണ് ഇതിന്റെ അടിസ്ഥാന അജണ്ടയെന്നുമാണ് ഡോ ബ്രൈറ്റ് വിലയിരുത്തുന്നത്. ഡോ മനോജ് ബ്രൈറ്റിന്റെ ചോദ്യത്തിന് മറുപടിയായന്നോണം, കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലബാർ കലാപം സ്വാതന്ത്രസമരമാണെന്ന് പ്രഖ്യാപിക്കുന്ന ഒരു സെഷൻ തന്നെ ഉണ്ടായിരുന്നു.

ഇഎംഎസും, ഡോ കെ കെ എൻ കുറുപ്പും, ഡോ എം ഗംഗാധരനും അടക്കമുള്ള ചരിത്രകാരന്മാരുടെ വീക്ഷണത്തിന് നേർ വിപരീതമാണ് ഡോ ബ്രൈറ്റിന്റെ ലേഖന പരമ്പരയുടെ ഉള്ളടക്കം. ജന്മിത്വത്തിനെതിരായ പ്രതിഷേധവും ബ്രിട്ടീഷ് ഭരണത്തിനെതിരായ വികാരവുമാണ് ഖിലാഫത്ത് സമരത്തിന്റെ അടിസ്ഥാന ഘടകമെന്ന ഇവരുടെ വിലയിരുത്തലല്ല, ഡോ ബ്രൈറ്റിന്റെ തർജജമ വായിക്കുമ്പോൾ കിട്ടുക. കൃത്യമായ വർഗീയ അജണ്ടയും, ഇസ്ലാമിലേക്കുള്ള മത പരിവർത്തനവും തന്നെയാണ് മലബാർ കലാബത്തിന്റെ അന്തർധാരയായി പ്രവർത്തിച്ചത് എന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.ഇസ്ലാമിലേക്കുള്ള മതം മാറ്റം കലാപകാരികളുടെ പ്രധാന അജണ്ടയായത് എങ്ങനെയെന്ന കോടതിയുടെ നിരീക്ഷണവും ഉദ്ധരിക്കുന്നണ്ട്. സമാനതകളില്ലാത്ത ക്രൂരതയെ മറച്ചുവെച്ചുകൊണ്ട് ്ഉള്ളവനും ഇല്ലാത്താവനും തമ്മിലുള്ള കലാപമാക്കി ഇതിനെ മാറ്റിയത് ഇടതുപക്ഷത്തിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം തന്നെയാണെന്ന് സീരീസ് വായിക്കുമ്പോൾ വ്യക്തമാവും.

ഡോ ബ്രൈറ്റിന്റെ ലേഖന പരമ്പരയെ തുടർന്ന് ഫേസ്‌ബുക്കിൽ ഈ വിഷയത്തിൽ വലിയ സംവാദവും തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ മഹാത്മാഗാന്ധിയുടെ പങ്കും വിമർശന വിധേയമാകുന്നുണ്ട്. 'അന്നു കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച ആനിബസന്റ് റിപ്പോർട്ട് ചെയ്തത് ക്രൂരമായ ഹിന്ദു വംശഹത്യയാണ് മലബാർ കലാപം എന്നാണ്. പക്ഷെ ഗാന്ധി അതു സമ്മതിച്ചില്ല. അതുപോലെ കാലങ്ങളോളം ഉറങ്ങിക്കിടന്ന ഈ സമരത്തെ കർഷക കലാപമാക്കി മാറ്റിയതത് ഇഎംഎസ് ചെയ്ത വൻ ചതിയാണെന്നും വായനക്കാരിൽ പലരും പ്രതികരിക്കുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തോടനുബന്ധിച്ചുണ്ടായ ലഹളയുടെ ആരംഭത്തിനു കാരണമായത് തുർക്കിയിലെ അഭ്യന്തര പ്രശ്നങ്ങളായിരുന്നു. തുർക്കി ഭരിക്കുന്ന ഖലീഫയെ ബ്രിട്ടീഷുകാർ നിഷ്‌കാസനം ചെയ്തതിലും അദ്ദേഹത്തിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തതിലും പ്രതിഷേധിച്ച് മുസ്ലീങ്ങൾ രൂപം നൽകിയ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. പക്ഷേ ഈ ഖിലാഫത്ത് കേരളത്തിൽ ബലപ്രയോഗത്തിലൂടെ മതം മാറ്റം എന്ന നിലയിലേക്കാണ് മാറിയിത്. ഇക്കാര്യം ചരിത്രകാരന്മാർ ബോധപുർവം മറച്ചുവെക്കുകയായിരുന്നെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

മതഭ്രാന്തന്മാർ നടത്തിയ കലാപത്തെ കർഷക കലാപമാക്കി മാറ്റിയ കഥയും പുതിയ പോസ്റ്റിൽ ഡോ ബ്രൈറ്റ് എഴുതുന്നു. 'മാപ്പിള കലാപത്തെക്കുറിച്ച് ഏറ്റവും അധികാരികവും സമകാലികവും എന്നു പറയാവുന്നത് മലബാറിലെ പൊലീസ് സൂപ്രണ്ടായിരുന്ന ആർ.എച്ച്. ഹിച്ച്കോക്ക് ഔദ്യോഗിക രേഖകളെ അടിസ്ഥാനപ്പെടുത്തി എഴുതി മദ്രാസ് ഗവർമെന്റ് 1924 ൽ പ്രസിദ്ധീകരിച്ച അ History Of Malabar Rebellion,1921 എന്ന പുസ്തകമാണ്. മതഭ്രാന്തന്മാരുടെ തേർവാഴ്ചയായിരുന്നു അന്ന് നടന്നത് എന്ന് വ്യക്തമായും പറയുന്ന ഈ പുസ്തകം ഇപ്പോൾ Peasant Revolt In Malabar എന്ന പേരിലാണ് അറിയപ്പെടുന്നത്. പേര് കേൾപ്പിക്കുമ്പോൾ തന്നെ കാർഷിക വിപ്ലവമാണ് നടന്നത് എന്ന് ബ്രിട്ടീഷുകാർ പോലും പറയുന്നുണ്ടല്ലോ എന്ന് തോന്നില്ലേ. അതിലാണ് കാര്യം.- ഡോ ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.

മലബാർ കലാപം സീരീസ് എന്ന ഫേസ്‌ബുക്ക് പരമ്പരയുടെ പുതിയ ലക്കത്തിൽ ഡോ ബ്രൈറ്റ് തർജ്ജമ ചെയ്യുന്നത്, കേസിലെ പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള കോടതി വിധിയാണ്. ഇവിടെയും ഹിന്ദുക്കളെ നിരത്തി നിർത്തി അതിക്രൂരമായി കൊലപ്പെടുത്തകയായിരുന്നുന്നെന്നും, ഇങ്ങനെ ചെയ്യുന്നതിൽ മാപ്പിള കലാപകാരികൾക്കിടയിൽ ഒരു മത്സരം തന്നെ നിലനിന്നിരുന്നതുമായാണ് ചൂണ്ടിക്കാട്ടുന്നത്.

ഡോ മനോജ് ബ്രൈറ്റിന്റെ പുതിയ പോസ്റ്റ് ഇങ്ങനെയാണ്.

മാപ്പിള കലാപം സീരീസ് (ഭാഗം 23)

മലബാറിലെ സീനിയർ സ്പെഷ്യൽ ജഡ്ജിയുടെ കോടതിയുടെ മുൻപാകെ, കോഴക്കോട്

സന്നിഹിതൻ: ഇ. പക്കെൻഹാം വാൽഷ് അവർകൾ, ബി.എ., ഐ. സി.എസ്. സ്പെഷ്യൽ ജഡ്ജി.

1923 ജനുവരി 25, വ്യാഴാഴ്ച.

എസ്.ജെ.സി. നമ്പർ 182/1922.

പ്രതി- അച്ചുതൊടി കുഞ്ഞാപ്പി

കുറ്റം- രാജാവിനെതിരെ യുദ്ധം ചെയ്യുക, കൊലപാതകം സെക്ഷൻ 121, 302 ഇന്ത്യൻ പീനൽ കോഡ്.

നിഗമനം- കുറ്റം തെളിഞ്ഞിരിക്കുന്നു

വിധി- ഹൈക്കോടതിയുടെ കൂടി അനുമതിയോടെ തൂക്കിക്കൊല്ലാൻ വിധിച്ചിരിക്കുന്നു.

പ്രതിക്കു വേണ്ടി കോടതി നിയമിച്ച വക്കീൽ മിസ്റ്റർ പി.എം. കൃഷ്ണൻ നായർ ഹാജരായി.

വിധിപ്രസ്താവം-

പ്രതിയുടെ മേൽ രാജാവിനെതിരെ യുദ്ധം ചെയ്തതായും, കൊലപാതകം നടത്തിയതായും ആരോപിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിചാരണക്ക് ജി. ഒ. നമ്പർ 1047, തീയ്യതി 1922 സെപ്റ്റംബർ 13 പ്രകാരം അനുമതി കിട്ടിയിരിക്കുന്നു.

2. പ്രതി കലാപത്തിനു മുൻപുതന്നെ സജീവമായ ഖിലാഫത്ത് പ്രവർത്തകനാണെന്നും, അതിന്റെ പേരിൽ മുന്നറിയിപ്പുകൾ കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി കരുവാരകുണ്ടിലെ സബ് ഇൻസ്‌പെക്ടർ തെളിവു നൽകിയിട്ടുണ്ട്. 1921 ഓഗസ്റ്റ് ഇരുപത്തൊന്നാം തീയ്യതി കരുവാരകുണ്ട് പൊലീസ് സ്റ്റേഷൻ ആക്രമിച്ച അഞ്ഞൂറോളം വരുന്ന ആളുകളുടെ കൂട്ടത്തിൽ പ്രതിയും ഉണ്ടായിരുന്നു എന്നും സബ് ഇൻസ്‌പെക്ടർ ബോധിപ്പിക്കുന്നു. വളപ്പിലെ കുറ്റിച്ചെടികൾക്കിടയിൽ മറഞ്ഞിരുന്ന് അദ്ദേഹം എൺപതോളം കലാപകാരികളെ തിരിച്ചറിഞ്ഞിരുന്നു. ഈ കാര്യത്തിൽ അദ്ദേഹത്തിന്റെ തെളിവ് ഉറപ്പിക്കാൻ വേറെ തെളിവുകൾ ഇപ്പോൾ ലഭ്യമല്ലാത്തതിനാലും, കൊലപാതകത്തിനുള്ള തെളിവുകൾ സുലഭമായി ഉള്ളതിനാലും പൊലീസ് സ്റ്റേഷൻ ആക്രമണം കുറ്റപത്രത്തിൽ പെടുത്തിയിട്ടില്ല.

3. മറ്റൊരു പ്രോസിക്യൂഷൻ തെളിവ് ഇപ്രകാരമാണ്. തുവ്വൂരിൽ ക്യാമ്പ് ചെയ്തിരുന്ന പട്ടാളം സെപ്റ്റംബർ ഇരുപത്തിനാലാം തീയ്യതി അവിടം വിട്ടതിന്റെ അടുത്ത ദിവസം പട്ടാളക്കാർക്കു സഹായം ചെയ്ത പ്രദേശത്തെ ഹിന്ദുക്കളുടെ നേർക്ക് മാപ്പിളമാർ അത്യധികം ക്രൂരമായ പ്രതികാരം നടത്തി. അവർ ഈ ഹിന്ദുക്കളിൽ ഏതാണ്ട് മുപ്പത്തിരണ്ടു പേരെ തുവ്വൂരിലെ പലർക്കുഴിപറമ്പ് എന്ന സ്ഥലത്തേക്കു കൊണ്ടുപോയി ഇരുപത്തൊൻപതോളം പേരെ പച്ചക്ക് വെട്ടിനുറുക്കി. ഈ കൂട്ടക്കൊലയുടെ നേതാക്കളും, സംഘാടകരും ചെമ്പ്രശ്ശേരി തങ്ങൾ, ഇമ്പിച്ചികോയ തങ്ങൾ, അമകുണ്ടൻ മമ്മത്, കുറ്റാരോപിതനായ പ്രതി എന്നിവരായിരുന്നു.

4. കൊലചെയ്യപ്പെട്ട ഒരു ഹിന്ദു ഹെഡ് കോൺസ്റ്റബിളായ കുമാര പണിക്കരുടെ വിധവയാണ് ഒന്നാം പ്രോസിക്യൂഷൻ സാക്ഷി. ഇരുപത്തഞ്ചാം തീയ്യതി കുറെ മാപ്പിളമാർ അദ്ദേഹത്തിന്റെ വീട്ടിൽ വന്ന്, അവരുടെ ഭർത്താവ് പട്ടാളക്കാരെ സഹായിച്ചതായി ആരോപിച്ച് ഇവരുടെ വസ്ത്രങ്ങൾ വലിച്ചു കീറുകയും, ഭർത്താവിനെയും, വീട്ടിൽ ഉറങ്ങുകയായിരുന്ന ഒരു ഗോവിന്ദൻ നമ്പ്യാരെയും ബന്ധിച്ച ശേഷം വീടിനു തീ കൊടുക്കുകയും ചെയ്തു. അടുത്തുള്ള വീടുകളും അഗ്നിക്കിരയാക്കിയ ശേഷം കലാപകാരികൾ തടവുകാരെയും കൊണ്ട് സ്ഥലം വിട്ടു. അതേ ദിവസം രാത്രി അപ്പു എന്നൊരു തീയ്യൻ അവരുടെ ഭർത്താവിനെയും, വേറെ ചില ആളുകളെയും കലാപകാരികൾ കൊന്നു കളഞ്ഞതായി അറിയിച്ചു. ഇവർ മൂന്നാം ദിവസം അവരുടെ വീടു വിട്ട് പാണ്ടിക്കാട്ടേക്കു പോയി, അവിടെ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി സബ് ഇൻസ്‌പെക്ടറെ കണ്ട് വിവരം അറിയിച്ചു. പ്രതിയും, അമകുണ്ടൻ മമ്മതുമാണ് അവരുടെ വീട്ടിലേക്കു വന്ന രണ്ടു അക്രമികൾ. ഇവരിൽ രണ്ടാമത്തെ ആളാണ് അവരുടെ ഭർത്താവിന്റെ കൈകൾ കെട്ടിയത്. അവർ വേറേയും ആളുകളുടെ പേരുകൾ പറഞ്ഞു. പ്രതിയെ അവർക്ക് നേരത്തേ പരിചയമുണ്ട്. കലാപത്തിന്റെ തുടക്ക കാലത്ത് ഇയാൾ ഒരു തോക്ക് ആവശ്യപ്പെട്ട് അവരുടെ ഭർത്താവിന്റെ അടുത്തു വന്ന് ചെന്നിരുന്നു. ഭർത്താവിനെ പിടിച്ചുകൊണ്ടു പോകുമ്പോൾ അയാളുടെ കയ്യിൽ ഒരു തോക്കുണ്ടായിരുന്നു.

5. രണ്ടും, മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികൾ അന്നു കാലത്ത് പിടികൂടി പലർകുഴിപറമ്പിലേക്കു കൊണ്ടുവന്ന ഹിന്ദുക്കളാണ്. പട്ടാളത്തെ സഹായിച്ചിരുന്ന അംശം മേനോന്റെ സഹോദരനാണ് രണ്ടാം പ്രോസിക്യൂഷൻ സാക്ഷി. ഏതാണ്ട് അമ്പതു പേരടങ്ങുന്ന ഒരു മാപ്പിള സംഘമാണ് അദ്ദേഹത്തെ പിടികൂടിയത്. അദ്ദേഹത്തിന്റെ സഹോദരൻ അപ്പോൾ വീട്ടിലുണ്ടായിരുന്നില്ല. അദ്ദേഹത്തിന് തന്നെ പിടിച്ച സംഘത്തെ തിരിച്ചറിയില്ല. പാടത്തായിരുന്ന മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയെ കലാപകാരികൾ ഓടിച്ചു പിടിച്ചാണ് അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുവന്നത്. അവിടെ അദ്ദേഹത്തിന്റെ അച്ഛനേയും, ഇളയ സഹോദരനേയും, വേലക്കാരനായ രാമനേയും കൂടാതെ രണ്ടു നായന്മാരെയും, അപ്പു എന്നൊരു തീയ്യനെയും, ഒരു ആശാരിയേയും പിടികൂടി. സാക്ഷിയുടെ വീട്ടിൽ വന്ന മാപ്പിളമാരുടെ കൂട്ടത്തിൽ പ്രതി ഉണ്ടായിരുന്നു. ഇതേപോലെതന്നെ നാലാം പ്രോസിക്യൂഷൻ സാക്ഷിയായ കേശവൻ നായരേയും അദ്ദേഹത്തിന്റെ അച്ഛൻ, ഇളയ സഹോദരൻ, വേലക്കാരൻ എന്നിവരെ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചു. തൊട്ടടുത്തു താമസിക്കുന്ന അദ്ദേഹത്തിന്റെ അമ്മാവനെയും പിടികൂടി.

6. എല്ലാവരെയും പലർകുഴിയിലേക്കു കൊണ്ടുപോയി. തുടർന്നുണ്ടായ ഭീകരമായ കൂട്ടക്കൊലയെക്കുറിച്ച് എല്ലാവരും ഒരുപോലെ സമ്മതിക്കുന്നുണ്ട്. പ്രതിയും, മറ്റു മൂന്നു നേതാക്കളും ഒരു പാറക്കല്ലിൽ ഇരുന്നു. ഹെഡ് കോൺസ്റ്റബിൾ കുമാരൻ പണിക്കരെയാണ് ആദ്യം ഹാജരാക്കിയത്. പട്ടാളത്തിനു സഹായംചെയ്ത കാര്യം അദ്ദേഹം നിഷേധിച്ചു. ഇമ്പിച്ചികോയ തങ്ങൾ അദ്ദേഹത്തെ വധിക്കാൻ ഉത്തരവിട്ടു. പ്രതിയും, അമകുണ്ടൻ മമ്മതും അദ്ദേഹത്തെ അടുത്തുള്ള ഒരു കിണറിനടുത്തേക്കു കൊണ്ടുപോയി. പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് അദ്ദേഹത്തിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി. അമകുണ്ടൻ ഒരു വാളു കൊണ്ട് കഴുത്തു വെട്ടി പണി അവസാനിപ്പിച്ച്, ശരീരം കിണറ്റിലെറിഞ്ഞു. അതിനു ശേഷം ഒരു ഹിന്ദു അമ്പലത്തിലെ പുരോഹിതനായ മൂർത്തി എമ്പ്രാന്തിരി എന്ന പൂണൂൽ ധാരിയായ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു. പട്ടാളത്തെ സഹായിച്ചതായി ആരോപിച്ച് ചെമ്പ്രശ്ശേരി തങ്ങൾ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു.

അതിനാൽ ആ മനുഷ്യനെ തങ്ങൾ ഒരു വാളു കൊണ്ട് വെട്ടിക്കൊന്നു. അതിനു ശേഷം മറ്റു ഹിന്ദുക്കളെ കൊണ്ടുവന്നു. മാപ്പിളമാർക്കിടയിൽ ആർക്കാണ് ഇവരെ കൊല്ലാനുള്ള അവസരം ലഭിക്കേണ്ടത് എന്നതിനെച്ചൊല്ലി ഭീകരമായ ഒരു മത്സരം തന്നെ നടന്നു. ഏതാണ്ട് ഇരുപത്തൊൻപതു പേരെ വധിച്ചു. രണ്ടാം പ്രോസിക്യൂഷൻ സാക്ഷി അദ്ദേഹത്തിന്റെ സഹോദരനെ പിടിക്കാൻ സഹായിക്കാമെന്നും, കൂടാതെ നൂറു രൂപയും നൽകാമെന്ന വാഗ്ദാനം നൽകി രക്ഷപ്പെട്ടു. മൂന്നാം പ്രോസിക്യൂഷൻ സാക്ഷി അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് കലാപകാരികൾക്ക് കുറെ ആഭരണങ്ങൾ അടിയറ വച്ചിരുന്നതു കൊണ്ട് രക്ഷപ്പെട്ടു. നാലാം പ്രോസിക്യൂഷൻ സാക്ഷി അടുത്ത ദിവസം സഹോദരൻ പട്ടാളവുമായി വരുമ്പോൾ അദ്ദേഹത്തെ കാണിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു രക്ഷപ്പെട്ടു. ഇവരോടൊപ്പം പിടിച്ച ഇവരുടെ ബന്ധുക്കളെയെല്ലാം കൊന്നുകളഞ്ഞു. ഈ സാക്ഷികളെല്ലാം സംഭവം നടന്ന് മൂന്നോ, നാലോ ദിവസങ്ങൾക്കുള്ളിൽ അഞ്ചാം പ്രോസിക്യൂഷൻ സാക്ഷിയായ സബ് ഇൻസ്പെക്ടർക്കു വിവരം നൽകിയിരുന്നു.

7. കുമാര പണിക്കരുടെ കാര്യത്തിൽ സെക്ഷൻ 302 പ്രകാരവും, കൊല്ലപ്പെട്ട മറ്റു ഹിന്ദുക്കളുടെ കാര്യത്തിൽ സെക്ഷൻ 302,110,121 ഇന്ത്യൻ പീനൽ കോഡ് പ്രകാരവും കുറ്റം ചാർത്തി പ്രതിയെ വായിച്ചു കേൾപ്പിച്ചു. അയാൾ കുറ്റമേൽക്കാൻ വിസമ്മതിക്കുകയും, താൻ അന്നേ ദിവസം വെട്ടത്തൂരിലായിരുന്നു എന്നവകാശപ്പടുകയും ചെയ്തു.

8. പ്രതി അഞ്ചു സാക്ഷികളെ ഹാജരാക്കി. മൂന്നാം പ്രതിഭാഗം സാക്ഷിയെ കൊണ്ട് അയാൾക്ക് പ്രയോജനമുണ്ടായില്ല. ഒന്നാം പ്രതിഭാഗം സാക്ഷി താൻ പ്രതിയെ ചിങ്ങ മാസത്തിൽ കപ്പൽദേശത്ത് അസുഖം ബാധിച്ച് കിടക്കുന്നതു കണ്ടിരുന്നു എന്നു പറഞ്ഞു. അയാൾ രണ്ടു മാസം കിടപ്പിലായിരുന്നു. സാക്ഷി ഒരു പിടിച്ചുപറി കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ്. പ്രതി രോഗിയായി കിടന്ന വീട്ടിലെ ഒരാളുടെ പോലും പേരു പറയാൻ സാക്ഷിക്കു കഴിഞ്ഞില്ല.

9. രണ്ടാം പ്രതിഭാഗം സാക്ഷി പ്രതിയുടെ അളിയനും, നാലാം പ്രതിഭാഗം സാക്ഷി ഭാര്യാ സഹോദരിയുമാണ്. ഇവരുടെ ഭർത്താവ് ഒരു കലാപകേസിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രതി ചികിത്സയിലായിരുന്നില്ല എന്നവർ സമ്മതിച്ചു. അഞ്ചാം പ്രതിഭാഗം സാക്ഷി പ്രതി കന്നി മാസത്തിൽ അളിയന്റെ വീട്ടിൽ കിടപ്പിലായിരുന്നു എന്നവകാശപ്പെട്ടു. ഈ വാദങ്ങളെല്ലാം നിഷ്പ്രയോജനങ്ങളാണ്.

10. ഈ കേസിൽ കൊലപാതകങ്ങൾക്ക് നമുക്ക് മൂന്നു ദൃക്‌സാക്ഷികളും, ഭർത്താവിനെ പിടിച്ചുകൊണ്ടുപോയവരിൽ പ്രതിയും ഉണ്ടായിരുന്നു എന്ന ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയുടെ മൊഴിയും ഉണ്ട്. ഇവർ കള്ളസാക്ഷി പറഞ്ഞിരിക്കാം എന്നു കരുതാനുള്ള ഒരു കാരണവും മുന്നോട്ടു വച്ചിട്ടില്ല.

11. ഇവരുടെ മൊഴികളിന്മേൽ ഉന്നയിക്കപ്പെട്ടിട്ടുള്ള വിമർശനങ്ങൾ വളരെ നിസ്സാരമാണ്. ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയെ ഭർത്താവിന്റെ കൊലപാതകത്തെക്കുറിച്ച് അറിയിച്ച തീയ്യൻ അപ്പുവിനെ പ്രോസിക്യൂഷൻ സാക്ഷിയാക്കിയെങ്കിലും വിസ്തരിച്ചില്ല. മൂന്നാം പ്രോസിക്യൂഷൻ സാക്ഷിയോടൊപ്പം പിടികൂടപ്പെട്ട തീയ്യൻ അപ്പുവും, ഇയാളും ഒരാളാണ് എന്ന് തെളിയിച്ചിട്ടില്ല. അങ്ങിനെയൊക്കെയാണെന്നു കരുതിയാലും, സ്വതന്ത്ര തെളിവുകൾ വേറെ ധാരാളമുണ്ട്. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി, താൻ ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയെ ചോദ്യം ചെയ്തപ്പോൾ അവർ നേതാക്കളുടെ പേരുകളല്ലാതെ ഭർത്താവിനെ കൊലപ്പെടുത്തിയവരുടെ പേര് പറഞ്ഞിട്ടില്ല എന്നു പറയുന്നു. അഞ്ചാം പ്രോസിക്യൂഷൻ സാക്ഷി ആ സമയം വളരെ തിരക്കിലായതുകൊണ്ട് വിശദമായ അന്വേഷണം നടത്താൻ സമയമുണ്ടായിരുന്നില്ല. കൊലപാതകത്തെക്കുറിച്ചുള്ള നേരിട്ടുള്ള തെളിവ് ഉള്ള സ്ഥിതിക്ക് ഒന്നാം പ്രോസിക്യൂഷൻ സാക്ഷിയുടെ വെറും കേട്ടുകേൾവി മാത്രമായ വിവരം ഉൾപ്പെടുത്താതിരുന്നതിൽ അസ്വാഭാവികതയില്ല. രണ്ടും, മൂന്നും, നാലും പ്രോസിക്യൂഷൻ സാക്ഷികൾ എല്ലാ വിശദാംശങ്ങളും നൽകിയതായി അദ്ദേഹം പറയുന്നു. സബ് ഇൻസ്‌പെക്ടർ ആദ്യം ചോദ്യം ചെയ്തപ്പോൾ മൂന്നാം പ്രോസിക്യൂഷൻ സാക്ഷി കുറ്റക്കാരുടെ പേരുകൾ പറഞ്ഞിരുന്നോ എന്നതിൽ അവ്യക്തതയുണ്ട്. പക്ഷെ അത് പേടികൊണ്ടാകാം. കൃത്യം എത്ര ഹിന്ദുക്കളെ പിടികൂടി വധിച്ചു എന്നതിന്റെ കണക്കിലുള്ള ചെറിയ വ്യത്യാസമൊന്നും പരിഗണിക്കേണ്ടതില്ല. അത് ഏതാണ്ട് മുപ്പത്തിനടുത്തതാണ് എന്നു വ്യക്തമാണ്.

12. പ്രതി ഈ കൊലപാതകങ്ങൾക്ക് നേതൃത്വം കൊടുക്കുകയും, ശരിക്കും കുമാരപ്പണിക്കരുടെ തലയോട്ടി അറുക്കുക എന്ന അത്യന്തം ക്രൂരമായ പ്രവർത്തി ചെയ്തു എന്നതിന്റെയും തെളിവുകൾ വളരെ വ്യക്തമാണ്. ഞാൻ ഇയാളുടെ കുറ്റം തെളിഞ്ഞതായി കരുതി ഇയാളെ മരണം വരെ തൂക്കിലിടാൻ വിധിക്കുന്നു. ഈ വിധി ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കും. അപ്പീൽ നൽകാനായി ഏഴു ദിവസത്തെ സമയം അനുവദിച്ചതായും അറിയിക്കുന്നു.

താഴെപ്പറയുന്ന സാക്ഷികളെ വിസ്തരിച്ചു.

പ്രോസിക്യൂഷനു വേണ്ടി

1.അമ്മു പെരുംമ്പ്രാസി
2.പി. നാരായണ പണിക്കർ
3.വി. നാരായണ നായർ
4.എൻ. കേശവൻ നായർ
5.വി. കൃഷ്ണൻ പൊലീസ്, സബ് ഇൻസ്‌പെക്ടർ
6.യു. ഗോപാലൻ നായർ, ഹെഡ് ക്ലാർക്ക്

പ്രതിഭാഗത്തിനു വേണ്ടി

1.സി. മൊയ്തീൻ കുട്ടി
2.കെ. അഹമ്മദ് മുസലിയാർ
3.വി.കെ. മൊയ്തുപ്പ ഹാജി
4.ഉമ്മച്ചുട്ടി ഉമ്മ
5.പി. കയ്യുമ്മ

ഇ. പക്കെൻഹാം വാൽഷ് സ്പെഷ്യൽ ജഡ്ജി. (ഒപ്പ്)

പ്രതിയെ വെല്ലൂർ സെൻട്രൽ ജയിലിലേക്കയക്കുന്നു.

-----------------------------------------
കലാപകാരികൾ ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ കുറെ ആളുകളെ കൊന്ന് തുവ്വൂരിലെ കിണറ്റിലിട്ട കാര്യവും, കൂട്ടത്തിൽ കുമാരപണിക്കരുടെ തല അറക്കവാൾ കൊണ്ട് ഈർന്നു മുറിച്ച കാര്യവും മാപ്പിള കലാപം സീരീസ് ഭാഗം 18 ൽ സൂചിപ്പിച്ചിരുന്നു.

#മാപ്പിളകലാപം സീരീസ്

വാരിയൻ കുന്നത്ത് സ്വതന്ത്രസമര സേനാനിയായിരുന്നോ?

പൗരത്വഭേദഗതി നിയമത്തെ എതിർത്തുകൊണ്ട് കേരള നിയമസഭയിൽ നടന്ന ചർച്ചയിൽ സിപിഎം എംഎൽഎ എം സ്വരാജ്, മലബാർ കലാപത്തിൽ ബ്രിട്ടീഷുകാരോട് പട പൊരുതിയ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഘോരഘോരം ഉദ്ഘോഷിച്ചത് നവമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഈ കഥയെല്ലാം വ്യാജമാണെന്നും നേരത്തെതന്നെ പൊലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്ന ക്രിമിനലായിരുന്നു വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയെന്ന്, അന്നത്തെ രേഖകൾ ഉദ്ധരിച്ച് ഡോ മനോജ് ബ്രൈറ്റ് വ്യക്തമാക്കുന്നു.ആർ.എച്ച്. ഹിച്ച് കോക്ക് 1924 ൽ പ്രസിദ്ധീകരിച്ച എ ഹിസ്റ്ററി ഓഫ് മലബാർ റെബല്യൻ എന്ന പുസ്തകവും, വാരിയൻകുന്നത് കോടതിയിൽ നൽകിയ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന നിരീക്ഷണം അദ്ദേഹം മുന്നോട്ടുവെക്കുന്നത്.

'ക്രിമനൽ പശ്ചാത്തലമുള്ള വാരിയകുന്നത് കുഞ്ഞഹമ്മദ് ഹാജിക്ക് സ്വാതന്ത്ര്യ സമരത്തെക്കുറിച്ചോ ഖിലാഫത്തിനെക്കുറിച്ചോ കാര്യമായ യാതൊരു അറിവും ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യ സമരത്തിലൊന്നും ഒരു താൽപര്യവും ഇല്ലായിരുന്ന ഇയാളെ മഞ്ചേരി ചന്തയിൽ വച്ച് യാദൃശ്ചികമായി ഇയാളുടെ പൂർവ്വ ചരിത്രമൊന്നും അറിയാതെയാണ് കോൺഗ്രസ് നേതാവ് മാധവൻ നായരും കൂട്ടരും സമീപിക്കുന്നത്.

ഇതറിഞ്ഞ പൊലീസ് കർശനമായ താക്കീതു കൊടുക്കുകയും ഇയാൾ അതിൽനിന്നു പിന്മാറി നല്ലനടപ്പ് തുടരുകയും ചെയ്തു. പിന്നീട് തിരൂരങ്ങാടിയിൽ വച്ച് പൊലീസ് സൂപ്രണ്ടും, മജിസ്‌ട്രേറ്റും കൊല്ലപ്പെട്ടു എന്ന് കേട്ടപ്പോൾ ഇനി ആരെയും പേടിക്കാനില്ല എന്നു തോന്നി അവസരവാദിയായ ഏതൊരു ക്രിമിനലിനേയും പോലെ മതിമറന്ന് ഇതിലേക്ക് ചാടുകയായിരുന്നു. അവരൊന്നും മരിച്ചിട്ടില്ല എന്ന സത്യം മനസ്സിലായപ്പോൾ തിരിച്ചു കയറാൻ പറ്റിയുമില്ല. കൊള്ളമുതലും കൊണ്ട് ഓടിയാലൊന്നും എവിടെയും എത്തില്ല എന്നറിയാമായിരുന്ന ഇയാൾ ആളുകളെ സംഘടിപ്പിച്ചാൽ രക്ഷകിട്ടുമായിരിക്കും എന്നു കരുതി. അങ്ങനെ എല്ലായിടത്തും ഓടി നടന്ന് ആളുകളെ ഇളക്കിവിടുന്നതല്ലാതെ ഇയാൾ ഒരിക്കൽ പോലും പട്ടാളവുമായി ഏറ്റു മുട്ടിയിട്ടില്ല. കലാപകാരികൾ രണ്ടു തവണയാണ് പട്ടാളവുമായി കാര്യമായി ഏറ്റുമുട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 26 ലെ പൂക്കോട്ടൂർ യുദ്ധവും, നവംബർ 15 ലെ പാണ്ടിക്കാട് പട്ടാള ക്യാമ്പ് ആക്രമണവും. സ്ഥലത്തുണ്ടായിരുന്നിട്ടു പോലും ഇയാൾ ഇതിൽ രണ്ടിലും പങ്കെടുത്തിട്ടില്ല. നേരെ എതിർ ദിശയിലേക്കു ഓടുകയായിരുന്നു.'- ഡോ ബ്രൈറ്റ് എഴുയുന്നു.

ഇയാൾ ബ്രിട്ടീഷ് സൈന്യവുമായി ഏറ്റുമുട്ടിയിട്ടുമില്ല. സാഹചര്യം മുതലെടുത്ത് അത്യാവശ്യം കൊള്ളയും കൊള്ളിവെപ്പുമാണ് വാരിയൻ കുന്നത്ത് നടത്തിയത്. ഇയാളെ ഹീറോയാക്കിയത് 1921 സിനിമയാണ്. പച്ച നുണകളാണ് അതിൽ മുഴുവനുവനുമെന്നും ഡോ മനോജ് ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു. എം സ്വരാജ് തള്ളുന്നതുപോലെ നെഞ്ചിൽ വെടിവെക്കാൻ വാരിയൻ കുന്നത് ആവശ്യപ്പെട്ടുവെന്നതിനൊന്നും തെളിവില്ല. നനഞ്ഞ പൂച്ചയെപ്പോലെ പൊലീസിനു മുന്നിൽ മൊഴി കൊടുക്കുന്ന ഇയാൾ നെഞ്ചിൽ തന്നെ വെടിവയ്ക്കാൻ ആവശ്യപ്പെട്ടു എന്നതൊക്കെ വെറും തള്ളാണ്. വിക്കിപീഡിയിൽ വന്ന ചരിത്രം നോക്കി ആവേശം കൊള്ളുകയാണ് സ്വരാജ് ചെയ്തതെന്നും ഡോ ബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP