Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാവോയിസ്റ്റ് അനുകൂല പോസ്റ്ററിന്റെ പേരിൽ സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയ്തതിൽ പാർട്ടിക്ക് മൗനം; യുഎപിഎ ചുമത്തിയതിലും രോഷം പുകയുന്നു; കേരളത്തിൽ നടക്കുന്നത് മനുഷ്യവേട്ടയെന്ന് പറഞ്ഞ് അപലപിച്ചു പ്രതിപക്ഷ നേതാവ്; മാവോയിസ്റ്റ് വേട്ടയെ സിപിഎം സെക്രട്ടറിയേറ്റിലും ന്യായീകരിച്ച പിണറായിക്ക് നേതാക്കളുടെ പിന്തുണയില്ല; പൊലീസ് ഭാഷ്യം അതേപടി വിശ്വസിക്കണോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു നേതാക്കൾ; അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ പാർട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് പിണറായി വിജയൻ

മാവോയിസ്റ്റ് അനുകൂല പോസ്റ്ററിന്റെ പേരിൽ സിപിഎം പ്രവർത്തകരെ അറസ്റ്റു ചെയ്തതിൽ പാർട്ടിക്ക് മൗനം; യുഎപിഎ ചുമത്തിയതിലും രോഷം പുകയുന്നു; കേരളത്തിൽ നടക്കുന്നത് മനുഷ്യവേട്ടയെന്ന് പറഞ്ഞ് അപലപിച്ചു പ്രതിപക്ഷ നേതാവ്; മാവോയിസ്റ്റ് വേട്ടയെ സിപിഎം സെക്രട്ടറിയേറ്റിലും ന്യായീകരിച്ച പിണറായിക്ക് നേതാക്കളുടെ പിന്തുണയില്ല; പൊലീസ് ഭാഷ്യം അതേപടി വിശ്വസിക്കണോ എന്ന് മുഖ്യമന്ത്രിയോട് ചോദിച്ചു നേതാക്കൾ; അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ പാർട്ടിയിലും മുന്നണിയിലും ഒറ്റപ്പെട്ട് പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവിൽ സിപിഎമ്മിന്റെ സജീവ പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവത്തോടെ ആഭ്യന്തര വകുപ്പിനെതിരെ പാർട്ടി അണികൾക്കിടയിലും നേതാക്കൾക്കിടയിലും പ്രതിഷേധം ശക്തമാകുന്നു. അട്ടപ്പാടിയിലെ ഏറ്റുമുട്ടൽ കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്ന ഘട്ടത്തിലാണ് ഈ അറസ്റ്റ് എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇവരിൽ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പൊലീസ് പറയുന്നത്. ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. യുഎപിഎ ചുമത്തുന്നതിനെതിരെ പാർട്ടി നടത്തിയ സമരങ്ങളെല്ലാം ഉണ്ടായിരിക്കേയാണ് അതേ പാർട്ടി ഭരണത്തിൽ ഇരിക്കുമ്പോൾ ഉരുക്കുമുഷ്ടിയോടെ കാര്യങ്ങളെ നേരിടുന്നത്.

അലൻ ഷുഹൈബ്, താഹ എന്നിവരുടെ നീക്കങ്ങൾ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. അതേസമയം സംഭവത്തിൽ സിപിഎം മൗനം പാലിക്കുമ്പോൾ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. കേരളത്തിൽ നടക്കുന്നത് മനുഷ്യവേട്ടയാണെന്നും ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട് രണ്ട് സിപിഎം അനുഭാവികളെയാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്ന ശേഷം ഏഴ് പേരെയാണ് മാവോയിസ്റ്റുകളാണെന്ന കാരണത്താൽ വെടിവെച്ചു കൊന്നത്. ഇതിൽ ഖേദം പ്രകടിപ്പിക്കാൻ പോലും മുഖ്യമന്ത്രി തയാറായിട്ടില്ല. ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ആശയപ്രവർത്തനം നടത്തുന്നവർക്ക് നേരെ യു.എ.പി.എ ചുമത്തുന്നത് തെറ്റായ നടപടിയാണ്. സിപിഐയുടെ അഭിപ്രായം പോലും സർക്കാർ പരിഗണിക്കുന്നില്ല. ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. അറസ്റ്റിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ ആവശ്യപ്പെട്ടു. കേസിന്റെ തുടക്കം തന്നെ യുഎപിഎ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടുമായി മുഖ്യമന്ത്രിയടക്കം മുന്നോട്ടു പോകുന്നതിനിടെയാണ് രണ്ട് സിപിഎം പ്രവർത്തകരുടെ അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. സിപിഐയും പ്രതിപക്ഷ സംഘടനകളും സർക്കാർ നിലപാടിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

അട്ടപ്പാടി സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖ ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇതു മാത്രമല്ല ഇവർ നാളുകളായി ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നും പൊലീസ് വിശദീകരിക്കുന്നുണ്ട്. അതേസമയം അട്ടപ്പാടിയിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് നടപടിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ന്യായീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഇന്നലെ രംഗത്തുവന്നത്. എന്നാൽ, സംഭവത്തെക്കുറിച്ച് പൊതുസമൂഹത്തിലും ഭരണമുന്നണിയിലും നിന്ന് ചോദ്യമുയർന്ന സാഹചര്യത്തിൽ പൊലീസ് ഭാഷ്യം അതേപടി വിശദീകരിക്കുന്നതിൽ ചില അംഗങ്ങളിൽനിന്ന് ഭിന്നാഭിപ്രായം ഉയർന്നെന്നാണ് സൂചന. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് കാര്യമായ പിന്തുണ പാർട്ടിക്കുള്ളിൽ ലഭിച്ചില്ല. ആഭ്യന്തര വകുപ്പനെതിരെ ഉയരുന്ന പരാതികൾ ഉയരുന്ന കാര്യമാണ് സെക്രട്ടറിയേറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്.

മജിസ്റ്റീരിയൽ, ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടുകൾ വന്നശേഷം വിഷത്തിൽ പാർട്ടി നിലപാട് സ്വീകരിക്കാൻ നേതൃയോഗത്തിൽ ധാരണയായി. തണ്ടർബോൾട്ട് സ്വയംരക്ഷക്കാണ് വെടിവെച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റിലും ആവർത്തിച്ചു. ഏതെങ്കിലും സംഘടന നിരോധിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം അതിലെ അംഗങ്ങളെ വെടിവെച്ച് കൊല്ലുക എന്ന സമീപനം സർക്കാറിനില്ല. വീഴ്ചകൾ വന്നോ എന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി വിധി പ്രകാരം മജിസ്റ്റീരിയൽ അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ചിനെയും അന്വേഷണം എൽപിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷന്റെ നിർദ്ദേശം ലംഘിച്ചോ എന്നും പരിശോധിക്കും. വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കും. വ്യാജ ഏറ്റുമുട്ടൽ സർക്കാറിന്റെയും ഇടതുപക്ഷത്തിന്റെയും നയമല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മാവോവാദികളിൽനിന്ന് എ.കെ 47 അടക്കം ആയുധങ്ങൾ കണ്ടെത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, തിരച്ചിൽ നടത്തിയ സേനക്കെതിരെ വെടിയുതിർത്ത സാഹചര്യത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും വ്യക്തമാക്കി. പൊതുസമൂഹത്തിൽനിന്ന് ചോദ്യങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഉണ്ടായ സംഭവമെന്തെന്ന് വിശദമായി സർക്കാർ പരിശോധിക്കണമെന്ന് അഭിപ്രായമുയർന്നു. തുടർന്നാണ് അന്വേഷണ റിപ്പോർട്ടുകൾ വന്നശേഷം കൂടുതൽ ചർച്ച ചെയ്യാമെന്ന ധാരണയിലെത്തിയത്.

അതേസമയം മഞ്ചക്കണ്ടിയിൽ മാവോയിസ്റ്റ് നേതാവ് മണിവാസകത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തശേഷം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് സിപിഐ ഇന്നും ആവർത്തിച്ചു. അത്യാധുനിക ആയുധങ്ങളുമായെത്തിയ തണ്ടർ ബോൾട്ടിനെ നേരിടാനുള്ള ശാരീരിക അവസ്ഥയിലായിരുന്നില്ല മണിവാസകം. പ്രദേശം സന്ദർശിച്ച തങ്ങൾക്ക് കിട്ടിയ വിവരം അനുസരിച്ച് മണിവാസകത്തെ കസ്റ്റഡിയിലെടുത്ത ശേഷം വെടിവെച്ചുകൊല്ലുകയായിരുന്നുവെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു.

ഏറ്റുമുട്ടൽ നടന്നതായി ആർക്കും വിശ്വസിക്കാനാകില്ല. ആഹാരം കഴിച്ചുകൊണ്ടിരുന്നവരെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. തങ്ങൾ പ്രദേശത്തുപോയപ്പോൾ മാവോയിസ്റ്റുകൾ ഭക്ഷണം പാകം ചെയ്ത് കഴിച്ചതിന്റെ അവശിഷ്ടങ്ങളാണ് കണ്ടത്. മാവോയിസ്റ്റ് വേട്ടയുടെ പേരിൽ തണ്ടർ ബോൾട്ട് ആദിവാസികളെ ദ്രോഹിക്കുകയാണ്. ആദിവാസി വനിതകളെ ദേഹപരിശോധന നടത്തുന്നു. ഭയപ്പാടോടെയാണ് ആദിവാസികൾ കഴിയുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.

മഞ്ചക്കണ്ടി ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട വീഡിയോ കൃത്രിമമാണെന്നും പ്രകാശ് ബാബു ആരോപിച്ചു. മാവോയിസ്റ്റുകൾ വെടിവെയ്ക്കുമ്പോൾ പൊലീസുകാർ ചരിഞ്ഞുകിടന്ന് വീഡിയോ പിടിക്കുകയായിരുന്നോയെന്ന് അദ്ദേഹം ചോദിച്ചു. അങ്ങനെയെങ്കിൽ മണിവാസകത്തിന്റെ ഏറ്റുമുട്ടൽ വീഡിയോയും പിടിക്കാമായിരുന്നില്ലേ. വീഡിയോയിൽ വെടിശബ്ദമാണുള്ളത്. ഇത് പൊലീസിന്റെ തോക്കിൽ നിന്നുള്ളതാണോ, മാവോയിസ്റ്റുകളുടെ തോക്കിൽ നിന്നുള്ളതാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഓഡിയോയിൽ കൃത്രിമം നടന്നതായാണ് വിശ്വസിക്കുന്നതെന്നും പ്രകാശ് ബാബു പറഞ്ഞു.

മാവോയിസ്റ്റ് വേട്ടയിൽ മജിസ്റ്റീരിയൽ അന്വേഷണം വേണം. അതുവഴി മാത്രമേ സത്യം പുറത്തുകൊണ്ടുവരാനാകൂ. തങ്ങൾ പ്രദേശത്തുപോയി തെളിവെടുപ്പ് നടത്തിയതിന്റെ റിപ്പോർട്ട് ഉടൻ തന്നെ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൈമാറുമെന്നും പ്രകാശ് ബാബു പറഞ്ഞു. മാവോയിസ്റ്റ് അനുകൂല ലഘുലേഖ വിതരണം ചെയ്തു എന്ന പേരിൽ രണ്ട് പേരെ കൊഴിക്കോട് അറസ്റ്റ് ചെയ്ത നടപടിയെയും അദ്ദേഹം വിമർശിച്ചു. ഭരണഘടന പ്രകാരം ആശയപ്രചാരണം ക്രിമിനൽ കുറ്റമല്ല. യുഎപിഎ എന്ന കരിനിയമത്തെ എതിർത്ത ഇടതുപക്ഷത്തിന്റെ സർക്കാരാണ്, ആശയപ്രചാരണം നടത്തി എന്ന പേരിൽ രണ്ടുപേർക്കെതിരെ ഈ നിയമം ചുമത്തിയിരിക്കുന്നത്. യുഎപിഎ നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും പ്രകാശ് ബാബു ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP