Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദണ്ഡകാരണ്യ ദളത്തിലെ പ്രധാനിയായ ദീപക് ഉൾപ്പെടെ കൊന്നുതള്ളിയത് രാജ്യസേവനത്തിനിറങ്ങിയ 76 സിആർപിഎഫ് ജവാന്മാരെ; 2010ൽ ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ ആക്രമണം നടത്തിയവരിൽ ആനക്കട്ടിയിൽ നിന്നും തമിഴ്‌നാട് പൊലീസ് പിടികൂടിയ മാവോയിസ്റ്റും; കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇടത് തീവ്രവാദിയെ തിരിച്ചറിഞ്ഞത് സുക്മ ഡിഎസ്‌പി മനോജ്കുമാറും ഇൻസ്‌പെക്ടർ സഞ്ജയ് സിങും

ദണ്ഡകാരണ്യ ദളത്തിലെ പ്രധാനിയായ ദീപക് ഉൾപ്പെടെ കൊന്നുതള്ളിയത് രാജ്യസേവനത്തിനിറങ്ങിയ 76 സിആർപിഎഫ് ജവാന്മാരെ; 2010ൽ ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ ആക്രമണം നടത്തിയവരിൽ ആനക്കട്ടിയിൽ നിന്നും തമിഴ്‌നാട് പൊലീസ് പിടികൂടിയ മാവോയിസ്റ്റും; കോയമ്പത്തൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ഇടത് തീവ്രവാദിയെ തിരിച്ചറിഞ്ഞത് സുക്മ ഡിഎസ്‌പി മനോജ്കുമാറും ഇൻസ്‌പെക്ടർ സഞ്ജയ് സിങും

മറുനാടൻ മലയാളി ബ്യൂറോ

കോയമ്പത്തൂർ: അട്ടപ്പാടി ആനക്കട്ടിയിൽ നിന്നു തമിഴ്‌നാട് പൊലീസിന്റെ പിടിയിലായ മാവോയിസ്റ്റ് നേതാവ് ദീപക് കൊന്നു തള്ളാൻ കൂട്ടുനിന്നത് ഛത്തീസ്‌ഗഡിലെ 76 സിആർപിഎഫുകാരെ. ഒൻപതു വർഷം മുൻപ് ഛത്തീസ്‌ഗഡിൽ 76 സിആർപിഎഫുകാരെ കൂട്ടക്കൊല ചെയ്തവരിൽ ദീപക്കും ഉണ്ടായിരുന്നു എന്ന് ഛത്തീസ്‌ഗഡ് പൊലീസ് വ്യക്തമാക്കി. കോയമ്പത്തൂരിലെത്തിയാണ് ചത്തീസ്ഗഡ് പൊലീസ് സംഘം ദീപക്കിനെ തിരിച്ചറിഞ്ഞത്.

ഛത്തീസ്‌ഗഡ് സുക്മ ഡിഎസ്‌പി മനോജ്കുമാർ, ഇൻസ്‌പെക്ടർ സഞ്ജയ് സിങ് എന്നിവർ കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി ചികിത്സയിലുള്ള ദീപക്കിനെ തിരിച്ചറിഞ്ഞു. രാജ്യത്തെ നടുക്കിയ മാവോയിസ്റ്റ് ആക്രമണങ്ങളിലൊന്നാണ് 2010 ഏപ്രിൽ ആറിന് ഛത്തീസ്‌ഗഡിലെ ദന്തേവാഡ മുക്‌റാന വനത്തിൽ 76 സിആർപിഎഫുകാരെ കൊലപ്പെടുത്തിയ സംഭവം. ഇതിൽ പങ്കുണ്ടായിരുന്ന മാവോയിസ്റ്റ് നേതാവാണ് കഴിഞ്ഞദിവസം അട്ടപ്പാടി ആനക്കട്ടിയിൽ പിടിയിലായ ദീപക്.

ട്രാൻസിറ്റ് വാറണ്ട് മുഖേന ദീപക്കിനെ ഛത്തീസ്‌ഗഡ് പൊലീസ് കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ 9 ന് ആനക്കട്ടി വനത്തിൽ നിന്നാണ് തമിഴ്‌നാട് സ്‌പെഷൽ ടാക്‌സ് ഫോഴ്‌സ് ദീപക്കിനെ പിടികൂടിയത്. തോക്കിന് പുറമേ ബാറ്ററികളും നാല് ഡിറ്റനേറ്ററുകളും 125 ഗ്രാം സ്‌ഫോടകമിശ്രിതവും വയറുകളും ദീപക്കിൽ നിന്നു കണ്ടെടുത്തിരുന്നു.

സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കാനും എകെ 47 തോക്കുകൾ ഉൾപ്പെടെ കൈകാര്യം ചെയ്യാനും വിദഗ്ധനാണ് ദീപക്. കേരളത്തിൽ ആയുധപരിശീലനത്തിന് എത്തിയ ദീപക് ആന്ധ്ര പ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് ആക്രമണങ്ങളിലും പങ്കാളിയാണ്. കഴിഞ്ഞ മാസം 29ന് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ ഏറ്റുമുട്ടലിലും ദീപക്കിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഛത്തീസ്‌ഗഡിലെ സുക്മ ജില്ലയിലെ ദണ്ഡകാരണ്യ മാവോയിസ്റ്റ് ദളത്തിലെ അംഗമാണ് ദീപക്.

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിലെ വെടിവയ്‌പ്പിനിടെ രക്ഷപ്പെട്ട ഛത്തീസ്‌ഗഡ് സ്വദേശിയായ ദീപക് മറ്റു മാവോയിസ്റ്റുകൾക്ക് പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സ്ഥലത്തെ ടെന്റിൽ നിന്നു കണ്ടെത്തിയ പെൻഡ്രൈവിലെ ദൃശ്യങ്ങളാണു പുറത്തുവിട്ടത്. ദൃശ്യങ്ങൾ പകർത്തി പെൻഡ്രൈവിൽ സൂക്ഷിച്ചത് മാവോയിസ്റ്റു സംഘമായിരുന്നു.

തോക്കുപയോഗിച്ച് ശത്രുവിനെ നേരിടാനുള്ള പ്രത്യേക പരിശീലനമാണ് ഛത്തീസ്‌ഗഡിലെ ദണ്ഡകാരണ്യ ദളത്തിൽ നിന്നെത്തിയ ദീപക് നൽകിയിരുന്നത്. വെടിവയ്‌പ്പിനിടെ മഞ്ചിക്കണ്ടിയിൽ നിന്ന് വലിയ ചെറുത്തുനിൽപ്പില്ലാതെയാണ് ദീപക് രക്ഷപ്പെട്ടത്. ദീപക്കിനും ഒപ്പമുണ്ടായിരുന്ന മറ്റൊരാൾക്കും വേണ്ടി വനത്തിൽ രണ്ടു ദിവസം കൂടി തിരച്ചിൽ നടത്തിയിരുന്നു. ഇരുവർക്കും വെടിയേറ്റതായും സംശയമുണ്ടായിരുന്നു.

നിലമ്പൂർ പടുക്ക വനമേഖലയിൽ കുപ്പു ദേവരാവരാജും അജിതയും കൊല്ലപ്പെട്ടപ്പോൾ മാവോയിസ്റ്റ് ക്യാംപിന്റെ ചുമതലയുണ്ടായിരുന്ന കർണാടകക്കാരൻ വിക്രം ഗൗഡയും സംഘവും ചെറുത്തു നിൽപ്പു നടത്താനാവാതെ രക്ഷപ്പെട്ടതിനു ശേഷമാണ് കേരളം, കർണാടക, തമിഴ്‌നാട് വനമേഖലകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മാവോയിസ്റ്റു സംഘങ്ങൾക്കു കൂടുതൽ സായുധ പരിശീലനം നൽകാൻ തീരുമാനമെടുത്തത്. ഉത്തരേന്ത്യയിൽ നിന്നുള്ള മാവോയിസ്റ്റുകൾ സായുധ പരിശീലനത്തിന് എത്തുന്നതായി നേരത്തെ വിവരം ലഭിച്ചതായും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP