Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്ക് നടുവിൽ റാണിയെപ്പോലെ ചില്ലാർ എത്തി; ഇന്ത്യ..ഇന്ത്യ വിളികളിൽ അഭിമാനംകൊണ്ട് സുന്ദരി; ലോകസുന്ദരിപ്പട്ടം അണിഞ്ഞശേഷം മടങ്ങിയെത്തിയ ഹരിയാണ പെൺകുട്ടിക്ക് മുംബൈയിൽ നിറഞ്ഞ സ്വീകരണം; ലോകത്തെ എല്ലാ രാജ്യങ്ങളിലും സുഹൃത്തുക്കൾ ഉണ്ടായ നിർവൃതിയിൽ മാനുഷി

ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്ക് നടുവിൽ റാണിയെപ്പോലെ ചില്ലാർ എത്തി; ഇന്ത്യ..ഇന്ത്യ വിളികളിൽ അഭിമാനംകൊണ്ട് സുന്ദരി; ലോകസുന്ദരിപ്പട്ടം അണിഞ്ഞശേഷം മടങ്ങിയെത്തിയ ഹരിയാണ പെൺകുട്ടിക്ക് മുംബൈയിൽ നിറഞ്ഞ സ്വീകരണം; ലോകത്തെ എല്ലാ രാജ്യങ്ങളിലും സുഹൃത്തുക്കൾ ഉണ്ടായ നിർവൃതിയിൽ മാനുഷി

മറുനാടൻ ഡെസ്‌ക്

മുംബൈ: മറ്റൊരു ലോകസുന്ദരിക്കുവേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് മധുരപ്പതിനേഴെത്തിയപ്പോഴാണ് മാനുഷി ചില്ലാർ ആ നേട്ടം സ്വന്തമാക്കിയത്. നവംബർ 18-ന് ചൈനയിലെ സാന്യ നിറ്റിയിൽ ലോകസുന്ദരി പട്ടം അണിഞ്ഞ മാനുഷി, ജന്മനാട്ടിൽ തിരിച്ചെത്തി. ഏറെ കാത്തിരിപ്പിനുശേഷം ഇന്ത്യക്ക് സൗന്ദര്യ കിരീടം നേടിക്കൊടുത്ത മെഡിക്കൽ വിദ്യാർത്ഥിനിയെ, മുംബൈ വിമാനത്താവളത്തിൽ ആരാധകർ ഹൃദയം തുറന്ന് സ്വീകരിച്ചു. ഇന്ത്യയ്ക്കും മാനുഷിക്കും ജയ് വിളികൾ. നിറഞ്ഞ സ്‌നേഹത്തിലേക്ക് സുന്ദരിയുടെ തിരിച്ചുവരവ്.

ജന്മനാട്ടിൽ തിരിച്ചെത്തിയ ആ പെൺകുട്ടിയെ ആകർഷിച്ചത് ഇതൊന്നുമായിരുന്നില്ല. 40 ദിവസത്തിനുശേഷം വീണ്ടും ഇന്ത്യൻ ഭക്ഷണം കഴിക്കാമല്ലോ എന്നതായിരുന്നു മാനുഷിയുടെ ഏറ്റവും വലിയ സന്തോഷം. സൗന്ദര്യ മത്്‌സരത്തിന് പോകുമ്പോൾത്തന്നെ മാനുഷിക്ക് അമ്മ ഒരു സ്യൂട്ട്‌കേസ് നിറയെ റെഡി ടു-കുക്ക് ഭക്ഷണം കൊടുത്തുവിട്ടിരുന്നു. പോഹയുടെയും ഉപ്പുമാവിന്റെയും രുചി ആസ്വദിക്കാനായെങ്കിലും അത് സ്വന്തം മണ്ണിൽനിന്ന് കഴിക്കാമല്ലോ എന്നതാണ് മാനുഷിയെ കൂടുതൽ സന്തോഷിപ്പിച്ചത്.

ഇന്ത്യ എന്ന പേരിനാണ് മാനുഷി എന്നതിനെക്കാൾ താൻ പ്രാധാന്യം കൽപിക്കുന്നതെന്ന് ഇവർ പറയുന്നു. ഹൃദ്രോഗവിദഗ്ധയാകാൻ കൊതിച്ച മാനുഷി, രാജ്യത്തിന്റെ മുഴുവൻ ഹൃദയം കവർന്നത് മാതൃരാജ്യത്തോടുള്ള കറതീർന്ന ഈ സ്‌നേഹത്തിലൂടെയാണ്. ഇന്ത്യയെന്ന പേരിൽ അറിയപ്പെടുമ്പോൾ കൂടുതൽ അഭിമാനം തോന്നുന്നു. വിമാനത്താവളത്തിൽ കാത്തുനിന്ന ആരാധകരുടെ ഇന്ത്യ വിളികൾക്കിടയിലേക്ക് ഇറങ്ങുമ്പോൾ അവർ പറഞ്ഞു.

സൗന്ദര്യ മത്സരത്തിന് പോയതിന്റെ ഏറ്റവും വലിയ ഗുണമായി മാനുഷി കരുതുന്നത് തനിക്ക് കിട്ടിയ സുഹൃദ്‌വലയത്തെക്കുറിച്ചുള്ള ചിന്തയാണ്. എല്ലാ രാജ്യത്തും സുഹൃത്തുക്കളെ കിട്ടിയതിന്റെ ആഹ്ലാദത്തിലാണ് മാനുഷി. താനടക്കം 120 മത്സരാർഥികളാണ് മിസ് വേൾഡിനായി രംഗത്തുണ്ടായിരുന്നത്. 119 രാജ്യങ്ങളിൽനിന്ന് സുഹൃത്തുക്കളെ കിട്ടിയതിൽ ആഹ്ലാദം തോന്നുന്നുവെന്ന് അവർ പറഞ്ഞു. പല പേരുകളും ഉച്ചരിക്കാൻ തന്നെ പ്രയാസമാണെങ്കിലും, അവരുടെയൊക്കെ സൗഹൃദം തന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നുവെന്നും മാനുഷി പറഞ്ഞു.

ഡോക്ടർ ദമ്പതിമാരായ മിത്ര ബസുവിന്റെയും നീലം ചില്ലറിന്റെയും മകളാണ് മാനുഷി. ഹരിയാണയിലെ ഭഗത് ഫൂൽ സിങ് മെഡിക്കൽ കോളേജിൽ പഠിക്കുന്ന മാനുഷി, പഠനത്തിന് ഒരുവർഷം അവധി കൊടുത്താണ് സൗന്ദര്യ മത്സരത്തിനിറങ്ങിയത്. പഠനം പൂർത്തിയാക്കി ഹൃദ്രോഗ വിദഗ്ധയാകണമെന്ന് ആഗ്രഹിക്കുന്ന അവർക്ക്, ഇനി വരുന്ന നാളുകൾ അവസരങ്ങളുടേതായിരിക്കും.

ഐശ്വര്യ റായിയും പ്രിയങ്ക ചോപ്രയുമൊക്കെ മിന്നിത്തിളങ്ങുന്ന ബോളിവുഡ് ബിഗ് സ്‌ക്രീനും മാനുഷിക്കായി കാത്തുനിൽക്കുന്നുണ്ട്. കുച്ചിപ്പുഡി നൃത്തം തുടർന്നും അഭ്യസിക്കണമെന്നും അവർ ആഗ്രഹിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP